കുതിച്ചുയര്‍ന്ന് എണ്ണവില; കരുതല്‍ എണ്ണ ശേഖരം തകരുമെന്ന് വിദഗ്ധര്‍

കുതിച്ചുയര്‍ന്ന് എണ്ണവില; കരുതല്‍ എണ്ണ ശേഖരം തകരുമെന്ന് വിദഗ്ധര്‍

ഏഷ്യന്‍ വിപണിയില്‍ വെസ്റ്റ് ടെക്‌സാസ് ഇന്‍ര്‍മീഡിയേറ്റിന് പത്ത് ശതമാനം വിലവര്‍ധന ബ്രെന്റ് ക്രൂഡിന് 11 ശതമാനത്തിലധികം വിലവര്‍ധന

റിയാദ്: സൗദി അറേബ്യയിലെ നിര്‍ണായക എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം ലോകത്തിലെ കരുതല്‍ എണ്ണ ശേഖരം ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍. നിലവിലെ കരാറുകള്‍ പ്രകാരം 35-40 ദിവസം വരെ വിതരണം ചെയ്യാനുള്ള എണ്ണയേ രാജ്യത്തെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ കൈവശമുള്ളുവെന്നാണ് വിഷയവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ മൂന്നിലൊന്ന് ഉല്‍പ്പാദനം(20 ലക്ഷം ബാരല്‍) വീണ്ടെടുക്കാനുള്ള തയാറെടുപ്പിലാണ് അരാംകോ. എന്നാലിത് റിസ്‌ക് പ്രീമിയം വര്‍ധിപ്പിക്കുമെന്നും വിതരണ രംഗത്ത് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുമെന്നും എസ് ആന്‍ഡ് പി ഗ്ലോബല്‍ പ്ലാറ്റ്‌സിലെ വിപണി പ്രവചന വിഭാഗം ആഗോള മേധാവി സാറ കോട്ടില്‍ പറയുന്നു.

ശനിയാഴ്ച സൗദിയിലെ അബ്‌ഖൈക്, ഖുറൈസ് എന്നീ എണ്ണ സംസ്‌കരണ കേന്ദ്രങ്ങളിലെ എണ്ണപ്പാടങ്ങളിലുണ്ടായ ഡ്രോണ്‍ ആക്രമണം സൗദിയുടെ എണ്ണയുല്‍പ്പാദനത്തില്‍ 50 ശതമാനത്തിന്റെ(പ്രതിദിനം 57 ലക്ഷം ബാരലിന്റെ) നഷ്ടമാണ് ഉണ്ടാക്കിയത്. ആഗോള പ്രതിദിന എണ്ണ ഉല്‍പ്പാദനത്തിന്റെ അഞ്ച് ശതമാനത്തിലും അധികം വരുമിത്.

ഈ സംഭവം ആഗോളതലത്തിലുള്ള എണ്ണയുടെ കരുതല്‍ ശേഖരത്തെ വ്യാപകമായി ഇല്ലാതാക്കുമെന്നാണ് കോട്ടില്‍ അഭിപ്രായപ്പെടുന്നത്. അതേസമയം അടിയന്തരമായി ക്രൂഡ് സംഭരണം വെട്ടിക്കുറയ്‌ക്കേണ്ടതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് നേട്ടമുണ്ടാക്കുമെന്നും കോട്ടില്‍ പറയുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രെന്റ് ക്രൂഡിന് ഇന്നലെ 19 ശതമാനത്തോളം വില വര്‍ധിച്ച് ബാരലിന് 71.95 ഡോളര്‍ വരെ വിലയെത്തി. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റിന് 15 ശതമാനം വില വര്‍ധിച്ച് ബാരലിന് 63.34 ഡോളറിലെത്തി.

പ്രാദേശിക രാഷ്ട്രീയ വിഷയങ്ങള്‍ എണ്ണയ്ക്ക് വിലയിടുന്നു

ഊര്‍ജ കണ്‍സള്‍ട്ടന്‍സിയായ വുഡ് മക്കെന്‍സിക്കും കോട്ടിലിന്റെ അതേ അഭിപ്രായമാണുള്ളത്. എണ്ണവിപണിയില്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് ഈ ആക്രമണം വരുത്തിവെക്കുകയെന്നും സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണവിതരണത്തില്‍ സംഭവിച്ച 50 ലക്ഷം ബാരലിന്റെ നഷ്ടം നിലവിലെ എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ക്കോ ഒപെക് പ്ലസ് ഗ്രൂപ്പ് അംഗങ്ങളുടെ പരമിതമായ കരുതല്‍ എണ്ണ ശേഖരത്തിനോ നികത്താവുന്നതല്ലെന്നും വുഡ് മക്കെന്‍സിയിലെ ശുദ്ധീകരണ, രാസവസ്തു, എണ്ണ വിപണികളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് അലന്‍ ജെല്‍ഡര്‍ പറയുന്നു. പ്രാദേശിക രാഷ്ട്രീയ വിഷയങ്ങള്‍ എണ്ണവില തീരുമാനിക്കുന്ന സ്ഥിതിവിശേഷം തിരികെയെത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്.

ആക്രമണത്തിന് മുമ്പ് അധിക വിതരണത്തിലും അമേരിക്ക-ചൈന വ്യാപാര തര്‍ക്കത്തെ തുടര്‍ന്നുള്ള ആഗോള വളര്‍ച്ചാ ആശങ്കകളിലുമായിരുന്നു എണ്ണവിപണിയുടെ ശ്രദ്ധ. കഴിഞ്ഞ ആഴ്ചയാണ് എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെകും അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയും 2020ല്‍ വിപണിയില്‍ ആവശ്യത്തില്‍ കവിഞ്ഞ് എണ്ണയെത്തുമെന്ന് അഭിപ്രായപ്പെട്ടത്. ഒപെകും സഖ്യരാഷ്ട്രങ്ങളും വിതരണം പരിമിതപ്പെടുത്താന്‍ തീരുമാനമെടുത്തെങ്കിലും വരുംവര്‍ഷം അധിക വിതരണം ഉണ്ടാകുമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദിയില്‍ നിന്നുള്ള എണ്ണവിതരണത്തില്‍ ദീര്‍ഘകാലം ഇതേപടി ക്ഷാമം തുടരുകയാണെങ്കില്‍ എണ്ണവില വളരെവേഗം ബാരലിന് 80 ഡോളര്‍ കടക്കുമെന്ന് എസ് ആന്‍ഡ് പിയിലെ കോട്ടില്‍ പറയുന്നു. അബ്‌ഖൈക് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണശാലയും ക്രൂഡ് ഓയില്‍ സ്‌റ്റെബിലൈസേഷന്‍ പ്ലാന്റുമാണ്. പ്രതിദിനം 70 ലക്ഷം ബാരലിന്റെ എണ്ണ സംസ്‌കരണ ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. ആക്രമണത്തിന് ശേഷം സൗദിയില്‍ നിന്നുള്ള എണ്ണവിതരണത്തില്‍ സംഭവിച്ച കുറവ് ദീര്‍ഘകാലം തുടര്‍ന്നാലും പ്രത്യാക്രമണ സാധ്യതകളെ മുന്‍നിര്‍ത്തിയുള്ള ആശങ്കകള്‍ വിപണിയെ ബാധിച്ചാലും വില കുത്തനെ കൂടുമെന്ന് കോട്ടില്‍ പറയുന്നു.

എന്നാല്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയില്‍ എണ്ണവില ഉയര്‍ന്ന് തന്നെ തുടരാനുള്ള സാധ്യത കുറവാണെന്ന് എമിറേറ്റ്‌സ് എന്‍ബിഡിയിലെ ഉല്‍പ്പന്ന വിഭാഗം ഡയറക്ടര്‍ എഡ്വേര്‍ഡ് ബെല്‍ പറയുന്നു. കൃത്യമായി പറഞ്ഞാല്‍ ബാരലിന് 70 ഡോളറിലും അധികമായ എണ്ണവില ഇന്നത്തെ ആഗോള സമ്പദ് വ്യവസ്ഥ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 70-80 ഡോളര്‍ വിലനിലവാരത്തിലുള്ള എണ്ണവില താങ്ങാന്‍ ഇന്നത്തെ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ വരും ആഴ്ചകളില്‍ നിലവിലെ അവസ്ഥയില്‍ എണ്ണവില ഉയര്‍ന്ന് തന്നെ നില്‍ക്കുമെങ്കിലും ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം എണ്ണവില കുറയാന്‍ ഇടയാക്കുമെന്ന് ബെല്‍ പറഞ്ഞു.

അമേരിക്കയെ വിശ്വസിക്കേണ്ട

സൗദിയുടെ എണ്ണ സംവിധാനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയുടെ കുറ്റപ്പെടുത്തല്‍. ആക്രമണമുണ്ടായ ശനിയാഴ്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത് ആഗോള എണ്ണ വിതരണത്തിന് നേരെ ഇറാന്‍ അപ്രതീക്ഷിത ആക്രമണം നടത്തിയെന്നാണ്.

ആക്രമണമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് പ്രത്യാക്രമണത്തിന് അമേരിക്ക തയാറാണെന്നാണ്. പക്ഷേ, ട്രംപിന്റെ വാക്കുകളിലെ പിന്തുണ സൈനികമായി സൗദിക്ക് കിട്ടില്ലെന്നാണ് റിസ്‌ക് കണ്‍സള്‍ട്ടന്‍സിയായ യൂറേഷ്യ ഗ്രൂപ്പ് പറയുന്നത്. 2020ലെ തെരഞ്ഞെടുപ്പിന് മുമ്പായി വിദേശനയങ്ങളില്‍ വിജയം തേടുന്ന ട്രംപ് വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലില്‍ വളരെ ജാഗ്രതയോടെയേ മുമ്പോട്ട് നീങ്ങുകയുള്ളു. സൗദിയില്‍ ഇറാന്‍ പിന്തുണയോടെയുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിച്ച് വരുമ്പോഴും പശ്ചിമേഷ്യന്‍ മേഖലയിലെ സേനാവിന്യാസത്തില്‍ അമേരിക്ക മാറ്റം വരുത്താന്‍ ഇടയില്ലെന്നാണ് യൂറേഷ്യയിലെ അനലിസ്റ്റുകള്‍ പറയുന്നത്. അറബ് മേഖലയിലെ സഖ്യകക്ഷികള്‍ക്കുള്ള പിന്തുണ ഇതിനോടകം തന്നെ പുനര്‍നിര്‍വചിച്ച ട്രംപ് മേഖലയില്‍ ഉണ്ടാകാനിടയുള്ള യുദ്ധത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയേ ഉള്ളൂ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്നുള്ള ജോണ്‍ ബോള്‍ട്ടന്റെ പടിയിറക്കവും ഇറാനെതിരെ സൈനികാക്രമണത്തിന് മുതിരുന്നതില്‍ നിന്നും ട്രംപിനെ അകറ്റും.

Comments

comments

Categories: Arabia
Tags: Aramco, Gulfnews