പുതിയ ഹ്യുണ്ടായ് ഇലാന്‍ട്ര വരുന്നത് പെട്രോള്‍ എന്‍ജിനില്‍ മാത്രം

പുതിയ ഹ്യുണ്ടായ് ഇലാന്‍ട്ര വരുന്നത് പെട്രോള്‍ എന്‍ജിനില്‍ മാത്രം

ഫേസ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് ഇലാന്‍ട്ര ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി: ഫേസ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് ഇലാന്‍ട്ര ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2018 ഓഗസ്റ്റില്‍ ആഗോളതലത്തില്‍ അനാവരണം ചെയ്ത പരിഷ്‌കരിച്ച ഇലാന്‍ട്ര നിലവില്‍ പല അന്താരാഷ്ട്ര വിപണികളിലും വിറ്റുവരുന്നു. എന്നാല്‍ പുതിയ ഹ്യുണ്ടായ് ഇലാന്‍ട്ര ഇന്ത്യയില്‍ വരുന്നത് പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും. ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കില്ല. ഈ വിവരമാണ് ഇപ്പോള്‍ പങ്കുവെയ്ക്കാനുള്ളത്. പുതിയ ഇലാന്‍ട്രയുടെ ഇന്ത്യ എക്‌സ് ഷോറൂം വില 14-19 ലക്ഷം രൂപ പ്രതീക്ഷിക്കാം.

152 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന നിലവിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ ബിഎസ് 6 വേര്‍ഷനായിരിക്കും പുതിയ ഇലാന്‍ട്രയില്‍ നല്‍കുന്നത്. 6 സ്പീഡ് മാന്വല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 128 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നിലവില്‍ ഹ്യുണ്ടായ് ഇലാന്‍ട്ര ഉപയോഗിക്കുന്നത്. ഈ എന്‍ജിനാണ് ഇന്ത്യയില്‍ ഒഴിവാക്കുന്നത്.

താരതമ്യേന വില്‍പ്പന കുറവായ എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റില്‍ പെട്രോള്‍ വേരിയന്റുകളാണ് ആളുകള്‍ കൂടുതലായി താല്‍പ്പര്യപ്പെടുന്നത്. ഹ്യുണ്ടായുടെ തീരുമാനത്തിന് പിന്നിലെ ഒരു കാരണം ഇതാണ്. 2019 ഏപ്രില്‍-ജൂലൈ കാലയളവില്‍ ഹ്യുണ്ടായ് 214 പെട്രോള്‍ ഇലാന്‍ട്ര വിറ്റപ്പോള്‍ ഡീസല്‍ ഇലാന്‍ട്ര വിറ്റുപോയത് 90 യൂണിറ്റ് മാത്രമാണ്. ഇതേ കാലയളവിലെ ഹോണ്ട സിവിക്, സ്‌കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള ഓള്‍ട്ടിസ് മോഡലുകളുടെ പെട്രോള്‍-ഡീസല്‍ വില്‍പ്പന അനുപാതം ലഭ്യമാണ്. ഹോണ്ട സിവിക് 1058-110, സ്‌കോഡ ഒക്ടാവിയ 580-253, ടൊയോട്ട കൊറോള ഓള്‍ട്ടിസ് 402-80 എന്നിങ്ങനെയായിരുന്നു പെട്രോള്‍-ഡീസല്‍ മോഡലുകളുടെ വില്‍പ്പന.

ഭാവിയില്‍ ഇലാന്‍ട്രയുടെ ഡീസല്‍ വേര്‍ഷന്‍ വീണ്ടും കൊണ്ടുവരാന്‍ ദക്ഷിണ കൊറിയന്‍ കമ്പനിക്ക് കഴിയും. എന്നാല്‍ അടുത്ത കാലത്ത് വരുമെന്ന് പ്രതീക്ഷിക്കേണ്ട. ഡീസല്‍ എന്‍ജിനുകളുടെ കാര്യത്തില്‍ ഹ്യുണ്ടായ് തികഞ്ഞ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇന്ത്യയില്‍ എല്ലായിടത്തും ബിഎസ് 6 ഗ്രേഡ് ഇന്ധനം ലഭിക്കുന്ന കാലത്തു മാത്രമേ ബിഎസ് 6 പാലിക്കുന്ന ഡീസല്‍ എന്‍ജിനുകള്‍ അവതരിപ്പിക്കൂ എന്ന് ഹ്യുണ്ടായ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.

Comments

comments

Categories: Auto