വരവറിയിച്ച് എംജി ഇ-ഇസഡ്എസ്

വരവറിയിച്ച് എംജി ഇ-ഇസഡ്എസ്

2019 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് എംജി മോട്ടോര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയിലെ വരവറിയിച്ച് എംജി ഇ-ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയുടെ ടീസര്‍ പ്രത്യക്ഷപ്പെട്ടു. എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലാണ് ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണ്ണ വൈദ്യുത വാഹനമായ ഇ-ഇസഡ്എസ് 2019 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഡിസംബറില്‍ ലോഞ്ച് നടന്നേക്കും.

ഹെക്ടര്‍ എസ്‌യുവിയുടെ പിറകേ എംജി മോട്ടോറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ മോഡല്‍ എന്ന ഖ്യാതിയോടെയാണ് ഇസഡ്എസ് ഇവി വരുന്നത്. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റില്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യും. ഇന്ത്യയില്‍ ഹ്യുണ്ടായ് കോന ഇലക്ട്രിക് ആയിരിക്കും എതിരാളി. എംജി മോട്ടോറിന്റെ സ്വന്തം നാടായ യുകെയില്‍ ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവി ഇതിനകം പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ ഏകദേശം 18.36-20.07 ലക്ഷം രൂപ വരുന്ന വിലയിലാണ് ആ രാജ്യത്ത് ഇസഡ്എസ് ഇവി വില്‍ക്കുന്നത്.

ഇസഡ്എസ് ഇലക്ട്രിക് വാഹനത്തിന്റെ വിശദമായ സ്‌പെസിഫിക്കേഷനുകള്‍ എംജി മോട്ടോര്‍ ഇന്ത്യ വെളിപ്പെടുത്താന്‍ ഇരിക്കുന്നതേയുള്ളൂ. ഓവര്‍ ദ എയര്‍ (ഒടിഎ) സാങ്കേതികവിദ്യ സവിശേഷതയായിരിക്കും. എംജി ഹെക്ടര്‍ പോലെ, ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയിലും എംജിയുടെ ഐ-സ്മാര്‍ട്ട് നെക്‌സ്റ്റ്-ജെന്‍ കണക്റ്റഡ് ടെക്‌നോളജി നല്‍കും.

യുകെയില്‍ പുറത്തിറക്കിയ എംജി ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവിയിലെ ഒരേയൊരു ഇലക്ട്രിക് മോട്ടോര്‍ 141 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 44.5 കിലോവാട്ട്അവര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്നു. ബാറ്ററിക്ക് ഏഴ് വര്‍ഷ വാറന്റി ലഭിക്കും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 262 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് എംജി മോട്ടോര്‍ ഉറപ്പ് തരുന്നു. 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് 43 മിനിറ്റ് മതി.

Comments

comments

Categories: Auto
Tags: MG E-ZS