ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ അനുമതി കാത്തിരിക്കുകയാണെന്ന് ഫ്‌ളൈദുബായ്

ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ അനുമതി കാത്തിരിക്കുകയാണെന്ന് ഫ്‌ളൈദുബായ്

വിശാഖപട്ടണത്തിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതിന് ഫ്‌ളൈദുബായ് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്

ദുബായ്: ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കാന്‍ ഗള്‍ഫ് വിമാനക്കമ്പനിയായ ഫ്‌ളൈദുബായിക്ക് പദ്ധതി. ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനായി അനുമതി കാത്തിരിക്കുകയാണെന്ന് ഫ്‌ളൈദുബായ് കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് സുധീര്‍ ശ്രീധരന്‍ പറഞ്ഞതായി അറേബ്യന്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്തു.

ആവശ്യമായ അനുമതികള്‍ ലഭിച്ചതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് സുധീര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലേക്ക് ഫ്‌ളൈദുബായ് പുതുതായി സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിടുന്നതായി ഇന്ത്യയിലെ വ്യോമയാന വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇക്കാര്യം ഫ്‌ളൈദുബായ് അധികൃതര്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവുമായി ചര്‍ച്ച നടത്തിയതായാണ് ഇവര്‍ പറഞ്ഞത്. അതേസമയം ഇക്കാര്യം ഫ്‌ളൈദുബായ് സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള അവസരങ്ങള്‍ കാത്തിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തിലാണ് നടക്കുന്നതെന്നും സുധീര്‍ പറഞ്ഞു. യുഎഇയിലേക്ക് നേരിട്ട് സര്‍വീസുകളില്ലാത്ത വിമാനത്താവളങ്ങളിലാണ് തങ്ങളുടെ ശ്രദ്ധയെന്നും സുധീര്‍ പറഞ്ഞു.

ദുബായ് വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ള ഫ്‌ളൈദുബായ് ന്യൂഡെല്‍ഹി, മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ, അഹമ്മദാബാദ് തുടങ്ങി ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിലേക്കാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനുള്ള അനുമതി ലഭിക്കാത്തത് മൂലം ഇന്ത്യയില്‍ ഫ്‌ളൈദുബായുടെ വിപണി പങ്കാളിത്തം 2018ലെ 4 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്.

Comments

comments

Categories: Arabia