റെറയെ നിയന്ത്രിക്കുന്ന പുതിയ നിയമ ഭേദഗതികളുമായി ദുബായ്

റെറയെ നിയന്ത്രിക്കുന്ന പുതിയ നിയമ ഭേദഗതികളുമായി ദുബായ്

ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുതിയ നിയമം പുറത്തിറക്കിയത്

ദുബായ്: റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയെ (റെറ) നിയന്ത്രിക്കുന്ന പുതിയ നിയമം പുറത്തിറക്കി ദുബായ്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് റെറയുടെ ചുമതലകളും അധികാരങ്ങളും പരിഷ്‌കരിച്ച് കൊണ്ടുള്ള പുതിയ നിയമം പുറത്തിറക്കിയത്.

പുതിയ നിയമം അനുസരിച്ച് നിയന്ത്രണങ്ങളുടെയും സാമ്പത്തിക നടപടികളുടെയും ഏകീകൃത സംവിധാനത്തിലൂടെ ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിന് സംഭാവനകള്‍ നല്‍കുകയെന്നതും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും ദുബായ് സമ്പദ് വ്യവസ്ഥയിലേക്കുള്ള സംഭാവന മെച്ചപ്പെടുത്തുകയെന്നതും ഇനിമുതല്‍ റെറയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. കൂടാതെ, നിര്‍മാതാക്കളുടെയും നിക്ഷേപകരുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടി റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് സുരക്ഷിതമായൊരു അന്തരീക്ഷം എമിറേറ്റില്‍ രൂപപ്പെടുത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുക, റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ വെട്ടിത്തുറക്കാന്‍ നിര്‍മാതാക്കളെ സഹായിക്കുന്ന പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുക, മേഖലയില്‍ പ്രൊഫഷണല്‍ നിലവാരവും ധാര്‍മ്മിക നിലവാരവും പ്രോത്സാഹിപ്പിക്കുക എന്നിവയും റെറയുടെ കര്‍ത്തവ്യങ്ങളാണ്.

പുതിയ നിയമപ്രകാരം, റിയല്‍ എസ്‌റ്റേറ്റ് വികസന എസ്‌ക്രോ എക്കൗണ്ടുകള്‍ക്ക്(റിയല്‍റ്റി നിക്ഷേപകരുടെ പണം ബില്‍ഡര്‍മാര്‍ വകമാറ്റി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തുടങ്ങുന്ന എക്കൗണ്ട്. കമ്പനി വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചെന്ന് ഉറപ്പാക്കുന്ന അവസ്ഥയില്‍ മാത്രമേ എസ്‌ക്രോ എക്കൗണ്ടിലെ പണം ചെലവഴിക്കാന്‍ സാധിക്കൂ.) മേല്‍നോട്ടം വഹിക്കാനും അവ നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്തം ഇനി മുതല്‍ റെറയുടേതാണ്. ഇത്തരം എക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ അടക്കം റിയല്‍ എസ്റ്റേറ്റ് രംഗത്തെ വികസനം, ബ്രോക്കറേജ്, മാനേജ്‌മെന്റ് എന്നിവ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ക്ക് അനുമതി നല്‍കുക എന്നിവയും റെറയുടെ ഉത്തരവാദിത്വങ്ങളാണ്.

എമിറേറ്റിലെ മാധ്യമസ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന റിയല്‍ എസ്റ്റേറ്റ് പരസ്യങ്ങള്‍ നിരീക്ഷിക്കാനും പുതിയ നിയമം റെറയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുബായ് റിയല്‍ എസ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് പൊതുജനങ്ങളെ അവരുടെ അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും ബോധവല്‍ക്കരിക്കുന്ന പരിപാടികള്‍ നടത്തുക, റിയല്‍ എസ്റ്റേറ്റ് രംഗത്തെ ആവശ്യകതയും വിതരണവും സന്തുലിതമാക്കുന്നതിന് വേണ്ട നയ പരിഷ്‌കാരങ്ങള്‍ രൂപീകരിക്കുക തുടങ്ങിയ ചുമതലകളും റെറയ്ക്കുണ്ട്.

ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനായിരിക്കും ഇനിമുതല്‍ റെറ സിഇഒയെ നിയമിക്കാനുള്ള അവകാശം. മാത്രമല്ല, 2007ലെ പതിനാറാം നമ്പര്‍ നിയമത്തിന് പകരമായുള്ള നിയമ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രമേയങ്ങളും നിയന്ത്രണ ചട്ടങ്ങളും പുറത്തിറക്കാനുള്ള അധികാരവും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനായിരിക്കും.റെറയ്ക്ക് പകരം ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് ആയിരിക്കും ഇനിമുതല്‍ റിയല്‍ എസ്റ്റേറ്റ് വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുക. പ്രോപ്പര്‍ട്ടി ഉടമകളും വാടകക്കാരും തമ്മിലുള്ള ബന്ധവും റിയല്‍ എസ്റ്റേറ്റ് വാടക കരാറുമായി ബന്ധപ്പെട്ട എത് വിഷയങ്ങളുടെയും നിയന്ത്രിണ അധികാരം ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റിനായിരിക്കും.

Comments

comments

Categories: Arabia
Tags: Dubai, RERA