.ടെലിവിഷന്‍ വിപണിയും പൊളിച്ചടുക്കും ബിബികെ

.ടെലിവിഷന്‍ വിപണിയും പൊളിച്ചടുക്കും ബിബികെ

ചൈനയിലെ വമ്പന്‍ കമ്പനിയായ ബിബികെ ഇലക്ട്രോണിക്‌സ് വണ്‍പ്ലസ് ടിവി പുറത്തിറക്കുന്നു. സ്മാര്‍ട്ട് ടിവി വിപണിയില്‍ ഷഓമിയുടെ ആധിപത്യം തകര്‍ക്കുകയാണ് ലക്ഷ്യം

  • ഒപ്പോ, വിവോ, വണ്‍പ്ലസ്, റിയല്‍മി തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ മാതൃകമ്പനിയാണ് ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ്
  • സ്മാര്‍ട്ട് ടിവി വിപണിയില്‍ നിലവില്‍ ആധിപത്യം ഷഓമിക്ക്
  • ഷഓമി കയറ്റി അയക്കുന്നത് രണ്ട് ദശലക്ഷം ടിവികള്‍
  • സ്മാര്‍ട്ട് ടിവി വിപണിയുടെ 39% വിഹിതവും ഷഓമിക്ക്
  • ഇത് കൈയടക്കുകയാണ് വണ്‍പ്ലസ് ടിവിയിലൂടെ ബിബികെയുടെ ലക്ഷ്യം

ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലുള്ള അപ്രമാദിത്വം പ്രശസ്തമാണ്. വിപണിയുടെ സിംഹഭാഗവും നിയന്ത്രിക്കുന്നത് അവര്‍ തന്നെ. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡെന്ന സ്വപ്‌നത്തിന് ഇപ്പോഴും ചിറക് മുളച്ചിട്ടില്ല. മൈക്രോമാക്‌സ് പണ്ട് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ചിത്രത്തില്‍ നിന്ന് മാറി. ബജറ്റ്, ഇടത്തരം സ്മാര്‍ട്ട് ഫോണ്‍ വിഭാഗങ്ങളിലും പ്രീമിയം വിഭാഗത്തിലുമെല്ലാം കാണുന്നത് ഇന്ന് ചൈനീസ് അപ്രമാദിത്വം തന്നെ.

ഒരുകാലത്ത് സാംസംഗിനെ പോലുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ക്കുള്ള ഇന്ത്യയുടെ മറുപടിയായി ആഘോഷിക്കപ്പെട്ടതായിരുന്നു മൈക്രോമാക്‌സ് എന്ന തദ്ദേശീയ ബ്രാന്‍ഡ്. എന്നാല്‍ 2000ത്തില്‍ തുടങ്ങിയ ഈ കമ്പനി വലിയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് നിരാശപ്പെടുത്തി. പല സ്രോതസ്സുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ അനുസരിച്ച് 2018 സാമ്പത്തിക വര്‍ഷത്തില്‍ 26 ശതമാനത്തോളം ഇടിവാണ് മൈക്രോമാക്‌സിന്റെ വരുമാനത്തിലുള്ളത്.

2019ലെ രണ്ടാം പാദ കണക്കുകള്‍ അനുസരിച്ച് ഷഓമിയുടെ വിപണി വിഹിതം ഏകദേശം 28 ശതമാനം വരും. പിന്നിലുള്ളത് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായാ സാംസംഗാണ്. 11 ശതമാനം വിപണി വിഹിതവുമായി വിവോയും ഒമ്പത് ശതമാനം വിഹിതവുമായി റിയല്‍മിയും എട്ട് ശതമാനം വിഹിതവുമായി ഒപ്പോയും അതിന് പിന്നിലുണ്ട്. പ്രീമിയം വിഭാഗത്തില്‍ 43 ശതമാനം വിപണി വിഹിതത്തോടെ മേധാവിത്വം പുലര്‍ത്തുന്നു വണ്‍പ്ലസ്.

ഒടുവില്‍ പറഞ്ഞ വിവോയും ഒപ്പോയും റിയല്‍മിയും വണ്‍പ്ലസുമെല്ലാം ഒരൊറ്റ കമ്പനിയുടെ ഭാഗം തന്നെയാണെന്നതാണ് രസകരം. അങ്ങനെ വെച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവുമധികം വിഹിതം മൊത്തത്തില്‍ കൈയാളുന്നത് ഈ കമ്പനി ആയിരിക്കും-ബിബികെ ഇലക്ട്രോണിക്‌സ്.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിപ്ലവം തീര്‍ത്തതിന് പിന്നാലെ സ്മാര്‍ട്ട് ടിവി വിപണിയിലേക്കും ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിബികെ ഇലക്ട്രോണിക്‌സ്. വണ്‍പ്ലസ് ടിവിയുമായിട്ടായിരിക്കും രംഗപ്രവേശം.

ഭീഷണി ഷഓമിക്ക്

ഇന്ത്യന്‍ ടിവി വിപണിയില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ മി ടിവിയിലൂടെ ഷഓമിക്ക് സാധിച്ചിട്ടുണ്ട്. ഈ വിപണി പിടിക്കുകയാണ് ബിബികെയുടെ ഉന്നം. ഏകദേശം 2 ദശലക്ഷത്തോളം ടിവികളാണ് ഷഓമി കയറ്റി അയച്ചത്.

വിപണി ഗവേഷക സ്ഥാപനമായ ഐഡിസിയുടെ കണക്കുകള്‍ പ്രകാരം രണ്ടാം പാദത്തില്‍ ഇന്ത്യയിലെ സ്മാര്‍ട്ട് ടിവി വിപണിയുടെ 39 ശതമാനവും കൈയടക്കിയിരിക്കുന്നത് ഷഓമിയാണ്. തുടര്‍ച്ചയായി അഞ്ച് പാദങ്ങളില്‍ ഈ മേഖലയില്‍ ഒന്നാമതായി നില്‍ക്കുന്നത് ഷഓമിയാണ്.

എന്നാല്‍ വണ്‍പ്ലസ് ടിവി വരുന്നതോടെ ഷഓമിയുടെ വിപണി വിഹതിത്തില്‍ കാര്യമായ ഇടിവുണ്ടായേക്കും. ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പേ തുടങ്ങിയ സംവിധാനങ്ങളോടെയായിരിക്കും ബിബികെയുടെ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട് ടിവി പുറത്തിറങ്ങുക.

വണ്‍പ്ലസ് ടിവി ലഭ്യമാകുന്ന ആദ്യ വിപണികളിലൊന്നായി ഇന്ത്യ മാറുമെന്ന് വണ്‍പ്ലസ് സിഇഒ പീറ്റര്‍ ലൗ പറഞ്ഞു. രാജ്യത്തെ കണ്ടന്റ് സേവനദാതാക്കളുമായി മികച്ച ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം.

പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വണ്‍പ്ലസ് ടിവി വാങ്ങാം. 55 ഇഞ്ച് സ്‌ക്രീനോടു കൂടിയാണ് വണ്‍പ്ലസിന്റെ 4കെ ടിവി എത്തുന്നത്. ക്യുഎല്‍ഇഡി പാനല്‍, ഡോള്‍ബി വിഷന്‍ ഫീച്ചറുകളുമുണ്ടാകും. വിപണിയെ പിടിച്ചുലയ്ക്കുന്ന തരത്തിലുള്ളതാകും ടിവിയുടെ വിലയെന്നാണ് നിഗമനം.

ആമസോണ്‍ അലക്‌സയില്‍ അധിഷ്ഠിതമായി വണ്‍പ്ലസ് ടിവിയെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു ആകര്‍ഷണം. അതായത്, നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് മാത്രം ഈ 55 ഇഞ്ച് ടിവിയെ നിയന്ത്രിക്കാമെന്നര്‍ത്ഥം. ടിവി ഓണ്‍ ആക്കുന്നതും ഓഫ് ആക്കുന്നതും മ്യൂട്ട് ആക്കുന്നതും ശബ്ദം കുറയ്ക്കുന്നതും കൂട്ടുന്നതും ചാനല്‍ മാറ്റുന്നതും എല്ലാം അലക്‌സയിലൂടെ സാധ്യമാകും. ഗൂഗിള്‍ അസിസ്റ്റന്റും അലക്‌സയും അടങ്ങുന്ന ഇരട്ട വോയ്‌സ് അസിസ്റ്റന്റ് സപ്പോര്‍ട്ടോടു കൂടിയാണ് വണ്‍പ്ലസ് എത്തുകയെന്നത് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുമെന്നുറപ്പ്. എട്ട് സ്പീക്കറുകളാണ് വണ്‍പ്ലസ് ടിവിയുടെ ശബ്ദ വിസ്മയത്തിന് കരുത്തേകുക. 50 വാട്‌സാണ് സൗണ്ട് ഔട്ട്പുട്. ആപ്പിള്‍ ടിവിയുടെ റിമോട്ടിന് സമാനമാണ് വണ്‍പ്ലസ് ടിവിയുടെയും റിമോട്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. പുറത്തുവന്ന ചിത്രത്തില്‍ നിന്നും മനസിലാകുന്നതനുസരിച്ച് ട്രാക്പാഡ്, ഹോം ബട്ടണ്‍, വണ്‍പ്ലസ് ലോഗോ, ഗൂഗിള്‍ അസിസ്റ്റന്റ് ലോഞ്ചര്‍, നാവിഗേഷന്‍ ബട്ടനുകള്‍, സെറ്റിംഗ്‌സ് ബട്ടണ്‍ എന്നിവയാണ് റിമോട്ടിലുള്ളത്.

സെപ്റ്റംബര്‍ അവസാനം ആരംഭിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന സീസണില്‍ വണ്‍പ്ലസ് ടിവിയും ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ 26ന് ഔദ്യോഗികമായി വണ്‍പ്ലസ് ടിവി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വണ്‍പ്ലസ് പോലൊരു ബ്രാന്‍ഡിന്റെ സ്വാഭാവിക വിപുലീകരണം മാത്രമാണിതെന്നാണ് ടിവി വിപണിയിലേക്കുള്ള പ്രവേശനത്തെ കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പതക് വിശേഷിപ്പിച്ചത്. ജനങ്ങളുടെ ടിവി കാണല്‍ സമയത്തിന്റെ പരമാവധി വിഹിതം നേടാനാകും വണ്‍പ്ലസ് ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിവി വിഭാഗത്തില്‍ ഉള്ളടക്കമായിരിക്കും പ്രധാന ഘടകമായി വര്‍ത്തിക്കുക. ഈ രംഗത്തെ പ്രധാന സംരംഭങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ ഇത് കമ്പനികളെ പ്രേരിപ്പിക്കും-പതക് പറഞ്ഞു. പ്രീമിയം ടിവി വിഭാഗത്തില്‍ വളരെ പരിമിതമായ ബ്രാന്‍ഡുകളേ നിലവിലുള്ളൂ. അതിനാല്‍ തന്നെ വണ്‍പ്ലസ് കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്-പതക് ചൂണ്ടിക്കാട്ടി.

അതിഗംഭീര വളര്‍ച്ച

2018ല്‍ ഇന്ത്യയില്‍ 27 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ വണ്‍പ്ലസിന്റെ മാതൃകമ്പനിയായ ബിബികെ ഇലക്ട്രോണിക്‌സിന് സാധിച്ചു. ഷഓമിക്കും സാംസംഗിനും ശേഷം വിപണിയിലെ പ്രധാന സാന്നിധ്യമായി മാറി ഇവര്‍. നാല് ബ്രാന്‍ഡുകളെ ഒരുമിച്ച് രംഗത്തിറക്കിയുള്ള ബിബികെ ഇലക്ട്രോണിക്‌സിന്റെ പരീക്ഷണം വിജയിച്ചു എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

പുറത്തിറക്കുന്ന ഫോണുകളുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയാണ് ബിബികെ ഇലക്ട്രോണിക്‌സ്. നാല് ബ്രാന്‍ഡുകളും കൂടി കൂട്ടിയാല്‍ വാവെയ്ക്കും മുന്നിലാണ് ഇവര്‍.

ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ 46 ശതമാനം വിപണിവിഹിതവുമായി ഷഓമിയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ളത് ബിബികെയുടെ റിയല്‍മിയാണ്. വിപണിവിഹിതം 17 ശതമാനത്തോളം വരും.

സാംസംഗ് ടിവി വിപണിയില്‍ സജീവമാണ്. ഇതിന് പുറമെ ലെനോവൊയുടെ ഉടമസ്ഥരായ മോട്ടോറോളയും സ്്മാര്‍ട്ട് ടിവി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. ഇന്ത്യന്‍ വിപണിയെ ലാക്കാക്കി തന്നെയാണ് ഇവരുടെയും നീക്കം. 30 വാട്ട് സ്പീക്കറോടെയുള്ള മോട്ടൊറോള ടിവി ഗെയ്മിംഗിനും പ്രാധാന്യം നല്‍കുമെന്നാണ് വിവരം.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിവിഹിതം ഇങ്ങനെ

ഷഓമി 28 ശതമാനം

വിവോ 11 ശതമാനം

റിയല്‍മി 9 ശതമാനം

ഒപ്പോ 8 ശതമാനം

വണ്‍പ്ലസ് 48 ശതമാനം (പ്രീമിയം വിഭാഗത്തില്‍)

Comments

comments

Categories: FK Special, Slider