സ്ട്രീമിംഗ് രംഗത്ത് പോരാട്ടം ശക്തമാക്കി ആപ്പിളും ഡിസ്‌നിയുമെത്തുന്നു

സ്ട്രീമിംഗ് രംഗത്ത് പോരാട്ടം ശക്തമാക്കി ആപ്പിളും ഡിസ്‌നിയുമെത്തുന്നു

സ്ട്രീമിംഗ് വീഡിയോ രംഗത്ത് വര്‍ഷങ്ങളായി നെറ്റ്ഫ്ലിക്സും ആമസോണ്‍ പ്രൈമും മത്സരിക്കുകയായിരുന്നു.നെറ്റ്ഫ്ലിക്സും, ആമസോണും മാത്രമുണ്ടായിരുന്ന കാലമൊക്കെ അവസാനിക്കുകയാണ്. മിക്കവാറും എല്ലാ പ്രധാന കണ്ടന്റ് കമ്പനികളും ഇപ്പോള്‍ സ്ട്രീമിംഗ് വീഡിയോ സേവനങ്ങളുമായി ഈ മേഖലയിലേക്കു ചുവടുവച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സും ആമസോണ്‍ പ്രൈമും മാത്രമല്ല, മത്സരം കടുപ്പിക്കാന്‍ ആപ്പിളും, ഡിസ്‌നിയുമൊക്കെ കളത്തിലിറങ്ങുകയാണ്.

സ്ട്രീമിംഗ് വീഡിയോ രംഗം ഈ വര്‍ഷം നവംബറോടെ കൂടുതല്‍ വാശിയേറിയ പോരാട്ടത്തിനു വേദിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. കാരണം, നവംബറിലാണ് രണ്ട് വലിയ ഭീമന്മാരായ ആപ്പിളും, ഡിസ്‌നിയും അവരുടെ സ്ട്രീമിംഗ് വീഡിയോ സേവനം ആരംഭിക്കുന്നത്. ആപ്പിള്‍ ടിവി പ്ലസ് (Apple TV+) എന്ന പേരിലുള്ള ആപ്പിളിന്റെ സ്ട്രീമിംഗ് വീഡിയോ സേവനം നവംബര്‍ ഒന്നിനും, ഡിസ്‌നി പ്ലസ് (Disney+) എന്ന പേരില്‍ ഡിസ്‌നി നവംബര്‍ 12നും സ്ട്രീമിംഗ് വീഡിയോ സേവനം ആരംഭിക്കുകയാണ്. മികച്ച ഒറിജിനല്‍ കണ്ടന്റും, നെറ്റ്ഫഌക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയുടെ വരിസംഖ്യയെക്കാള്‍ ആകര്‍ഷണീയതയും വാഗ്ദാനം ചെയ്യുന്നതാണ് ആപ്പിളിന്റെയും ഡിസ്‌നിയുടെയും സ്ട്രീമിംഗ് വീഡിയോ സേവനം. ഇതിനു പുറമേ ഈ വര്‍ഷം അവസാനത്തോടെ, ഫേസ്ബുക്കും സ്ട്രീമിംഗ് വീഡിയോ സേവനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി എന്നിവയുള്‍പ്പെടെയുള്ള സ്ട്രീമിംഗ് സേവനങ്ങളുമായി ഫേസ്ബുക്ക് ചര്‍ച്ച നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു.

ആപ്പിളിന്റെ സേവനം നവംബര്‍ ഒന്നിന് 100-ലേറെ രാജ്യങ്ങളില്‍ പ്രതിമാസം 4.99 ഡോളര്‍ (ഏകദേശം 356.79 രൂപ) വരിസംഖ്യ ഈടാക്കി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറിജിനല്‍ ഷോ, മൂവി, ഡോക്യുമെന്ററി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ആപ്പിളിന്റെ ടിവി പ്ലസ് സേവനം. ഐ ഫോണ്‍, ഐ പാഡ്, ആപ്പിള്‍ ടിവി, ഐ പോഡ് ടച്ച്, മാക് എന്നിവ സ്വന്തമാക്കുന്നവര്‍ക്ക് ആപ്പിള്‍ ടിവി പ്ലസ് സേവനം ഒരു വര്‍ഷത്തേയ്ക്കു സൗജന്യമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആപ്പിള്‍ ടിവി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ആപ്പിള്‍ ടിവി പ്ലസ് സേവനം ലഭ്യമാകും. മറുവശത്ത് ഡിസ്‌നിയുടെ സ്ട്രീമിംഗ് വീഡിയോ സേവനമായ ഡിസ്‌നി പ്ലസ് നവംബര്‍ 12ന് ലോഞ്ച് ചെയ്യുന്നത് യുഎസ്, കാനഡ, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലാണ്. പിന്നീട് നവംബര്‍ 19ന് ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും സേവനം ലോഞ്ച് ചെയ്യും. അതിനു ശേഷം മറ്റ് രാജ്യങ്ങളിലും ലോഞ്ച് ചെയ്യുമെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്. പ്രതിമാസം 6.99 ഡോളറായിരിക്കും (499.55 രൂപ) വരിസംഖ്യ. ഡിസ്‌നി പ്ലസ് സേവനം ആപ്പിളിന്റെ iOS ഡിവൈസുകളിലും, ആപ്പിള്‍ ടിവിയിലും ലഭ്യമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആപ്പിളിന്റെ ടിവി പ്ലസ് സേവനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ദ മോണിംഗ് ഷോ എന്ന ഒറിജിനല്‍ ഷോ, ജെന്നിഫര്‍ അനിസ്റ്റന്‍, റീസ് വിതര്‍സ്പൂണ്‍, സ്റ്റീവ് കാരല്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ളതാണ്. സീ, ഫോര്‍ ഓള്‍ ദ മാന്‍കൈന്‍ഡ്, ഗോസ്റ്റ് റൈറ്റര്‍, സ്‌നൂപി ഇന്‍ സ്‌പേസ്, ഡിക്കിന്‍സന്‍, ദ എലിഫന്റ് ക്വീന്‍ തുടങ്ങിയവയാണു മറ്റ് ഒറിജിനല്‍ ഷോ. കൂടാതെ ആ്പ്പിള്‍ ടിവി പ്ലസില്‍ ഓപ്ര വിന്‍ഫ്രേ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയുമുണ്ടായിരിക്കും.മറുവശത്ത് ഡിസ്‌നി പ്ലസിന് ക്ലാസിക് മൂവികളുടെയും ടിവി ഷോകളുടെയും ഒരു വലിയ ലൈബ്രറി തന്നെയുണ്ട്. ഡിസ്‌നി പ്ലസ് വരിക്കാരനാവുന്ന ഒരാള്‍ക്ക് മിക്കവാറും എല്ലാ സ്റ്റാര്‍ വാര്‍സ് സിനിമയും, ഭൂരിഭാഗം മാര്‍വല്‍ സ്റ്റുഡിയോ മൂവികളും, പ്രധാന ഡിസ്‌നി ലൈബ്രറിയില്‍നിന്നുള്ള ആയിരക്കണക്കിനു സിനിമകളും, ടിവി എപ്പിസോഡുകളും കാണുവാന്‍ സാധിക്കുമെന്നത് ഉറപ്പ്. ഇതിനു പുറമേ 20th സെഞ്ച്വറി ഫോക്‌സില്‍നിന്നും ഡിസ്‌നി സ്വന്തമാക്കിയ ധാരാളം കണ്ടന്റുകളുടെ കേന്ദ്രം കൂടിയായിരിക്കും ഡിസ്‌നി പ്ലസ്. ആപ്പിള്‍ ടിവി പ്ലസിന്റെയും ഡിസ്‌നി പ്ലസിന്റെയും സേവനങ്ങളില്‍ പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്ലസ് പോയ്ന്റ്. ഓഫ്‌ലൈനായി കാണുവാന്‍ കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള സൗകര്യവും ആപ്പിളിന്റെയും ഡിസ്‌നിയുടെയും സേവനങ്ങളിലും ലഭ്യമായിരിക്കും. 4K റെസല്യൂഷനില്‍ മൂവീസും, സ്ട്രീമിംഗ് ഷോകളും ഈ രണ്ട് കമ്പനികളുടെയും സേവനങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ആപ്പിള്‍ ടിവി പ്ലസ് കണ്ടന്റ് ചുരുങ്ങിയത് 40 ഭാഷകളിലെങ്കിലും ഡബ്ബ് ചെയ്തവയോ, സബ് ടൈറ്റിലുകള്‍ (ഉപ ശീര്‍ഷകം) ഉള്ളവയോ ആയിരിക്കും.

നെറ്റ്ഫ്ലിക്സിന് വെല്ലുവിളിയാകുമോ ആപ്പിള്‍ ടിവി പ്ലസും ഡിസ്‌നി പ്ലസും

സ്ട്രീമിംഗ് വീഡിയോ രംഗത്തെ ഒന്നാം നിരക്കാരനാണ് അമേരിക്കന്‍ കമ്പനിയായ നെറ്റ്ഫ്ലിക്സ്.
എന്നാല്‍ ഈ രംഗത്തേയ്ക്ക് ആപ്പിളും, ഡിസ്‌നിയും കൂടി പ്രവേശിക്കുന്നതോടെ സ്ട്രീമിംഗ് വീഡിയോ രംഗത്ത് നെറ്റ്ഫഌക്‌സിനു വലിയൊരു ഭീഷണിയാകുമെന്നു പറയപ്പെടുന്നുണ്ട്. എന്നാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ കണ്ടന്റ് ആപ്പിളിനും ഡിസ്‌നിക്കും ഉണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഡിസ്‌നിക്ക് ഉണ്ടെന്നത് വ്യക്തമാണ്. പക്ഷേ, ആപ്പിളിനോ ? ആകര്‍ഷിക്കാന്‍ പ്രാപ്തമായ കണ്ടന്റില്ലെങ്കില്‍ നെറ്റ്ഫഌക്‌സ് ഉപേക്ഷിച്ച് ആരും വരില്ലെന്നതും ഉറപ്പാണ്. സമീപ ഭാവിയില്‍ ആപ്പിള്‍ ടിവി പ്ലസില്‍നിന്നും നേരിട്ട് പണം സമ്പാദിക്കുവാനോ വരുമാനം കണ്ടെത്തുവാനോ ആപ്പിള്‍ ലക്ഷ്യമിടുന്നില്ലെന്നത് വ്യക്തമാണ്. കാരണം ആപ്പിള്‍ ടിവി പ്ലസിന്റെ സേവനം ഉപയോഗിക്കാന്‍ പോകുന്നവരുടെ ഒരു വലിയ ശതമാനം ഒരു വര്‍ഷത്തേയ്ക്കുള്ള സൗജന്യ സേവനത്തിനു യോഗ്യത നേടുന്നവരായിരിക്കും. അതിനാല്‍ കാര്യമായ രീതിയില്‍ വരുമാനം കണ്ടെത്താന്‍ ആപ്പിളിനു സാധിക്കില്ല. എങ്കിലും ഭാവിയില്‍ വരുമാനം കണ്ടെത്താനുള്ള ഒരു മാര്‍ഗമായി ആപ്പിള്‍ ടിവി പ്ലസ് മാറുമെന്ന കണക്കുകൂട്ടല്‍ ആപ്പിളിനുണ്ട്.

മാധ്യമ രംഗത്ത് ഭാവി കാണുന്ന ടിം കുക്ക്

ഈ വര്‍ഷം സെപ്റ്റംബര്‍ പത്താം തീയതി ചൊവ്വാഴ്ചയായിരുന്നു ആപ്പിളിന്റെ കാലിഫോര്‍ണിയയിലെ ക്യുപര്‍ട്ടിനോയിലുള്ള സ്റ്റീവ് ജോബ് തിയേറ്ററില്‍ വച്ച് പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും സിഇഒ ടിം കുക്ക് അവതരിപ്പിച്ചത്. ശരിക്കും ആ ചടങ്ങ് വളരെ പ്രത്യേകതയുള്ളതായിരുന്നു. ആധുനിക മാധ്യമ സാമ്രാജ്യം തീര്‍ക്കാനുള്ള വലിയ പദ്ധതികള്‍ ടെക് ഭീമനായ ആപ്പിള്‍ അനാവരണം ചെയ്തത് ഈ ചടങ്ങില്‍ വച്ചായിരുന്നു. 2011-ലായിരുന്നു സ്റ്റീവ് ജോബ്‌സില്‍നിന്നും ആപ്പിളിന്റെ സിഇഒയായി ടിം കുക്ക് സ്ഥാനമേറ്റത്. 2011 ഒക്ടോബറില്‍ ജോബ്‌സ് അന്തരിച്ചപ്പോള്‍ ആപ്പിള്‍ കമ്പനിയുടെ മൂല്യം 300 ബില്യന്‍ ഡോളറായിരുന്നു. ഇന്ന് ഇതിന്റെ മൂന്നിരട്ടി മൂല്യമുണ്ട് കമ്പനിക്ക്. ആപ്പിളിനെ ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാന്‍ഡാക്കി മാറ്റാന്‍ ടിം കുക്കിനു സാധിച്ചു. പക്ഷേ, ആപ്പിളിന്റെ ആ കിരീടം ഇളകി കൊണ്ടിരിക്കുകയാണ്. ഐ ഫോണ്‍ അതിന്റെ തലമുറയിലെ ഏറ്റവും വിജയകരമായ ഉല്‍പ്പന്നമാണ്. രണ്ട് ബില്യണിലധികം വിറ്റു. കമ്പനിക്കു 245 ബില്യന്‍ ഡോളര്‍ പണം ശേഖരിക്കാന്‍ സഹായിച്ച ഉല്‍പ്പന്നം കൂടിയാണ് ഐ ഫോണ്‍. പക്ഷേ, ഇന്നു ഐ ഫോണ്‍ വില്‍പ്പന മന്ദഗതിയിലാണ്. ഫോണ്‍ വില്‍പ്പന മന്ദഗതിയിലായതോടെ ഒരു ദശകത്തിനിടെ ആപ്പിളിന്റെ വരുമാനത്തിലും ലാഭത്തിലും ആദ്യത്തെ ഇടിവ് ഈ വര്‍ഷം ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ഈ സാഹചര്യത്തിലാണു മാധ്യമ രംഗത്തേയ്ക്ക് ടിം കുക്ക് ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഐ ട്യൂണ്‍സ്, ആപ്പിള്‍ മ്യൂസിക്, ആപ്പ് സ്റ്റോര്‍, ഐ ക്ലൗഡ്, ആപ്പിള്‍ പേ എന്നിവ ഉള്‍പ്പെടുന്ന സേവന മേഖലയില്‍ 360 ദശലക്ഷത്തിലധികം വരിക്കാരാണ് ആപ്പിളിനുള്ളത്. ആപ്പിള്‍ ടിവി പ്ലസ് ഉള്‍പ്പെടുന്ന മാധ്യമ സേവനങ്ങളുമായി ആപ്പിള്‍ രംഗത്തുവരുന്നത് കമ്പനിയുടെ ഉപഭോക്താക്കളെ അതിന്റെ മതില്‍ക്കെട്ടിനുള്ളില്‍ നിലനിര്‍ത്താനാണ്. ആപ്പിള്‍ ടിവി പ്ലസ് സ്ട്രീമിംഗ് വീഡിയോ സര്‍വീസുകള്‍ ആപ്പിള്‍ പേ ഉപയോഗിച്ച് സബ്‌സ്‌ക്രൈബ് ചെയ്യുകയും, ഇതെല്ലാം ഐ ഫോണ്‍, ആപ്പിള്‍ വാച്ച്, മാക്ബുക്ക് എന്നിവയില്‍ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ഒരിക്കലും ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളും, സേവനങ്ങളും ഉപേക്ഷിച്ചു മറ്റൊരു സേവനം/ ഉപകരണം തേടി പോകില്ലെന്നാണു ടിം കുക്ക് കരുതുന്നത്.

Comments

comments

Categories: Top Stories