ടിവിഎസ് റേഡിയോണ്‍ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

ടിവിഎസ് റേഡിയോണ്‍ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

ഡ്രം ബ്രേക്ക് വകഭേദത്തിന് 52,720 രൂപയും ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് 54,820 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളായ റേഡിയോണ്‍ ഇന്ത്യയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. 2018 ഓഗസ്റ്റില്‍ വിപണിയില്‍ അവതരിപ്പിച്ചശേഷം രണ്ട് ലക്ഷത്തിലധികം യൂണിറ്റ് റേഡിയോണ്‍ വില്‍ക്കാന്‍ ടിവിഎസ്സിന് കഴിഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ അവാര്‍ഡ് ലഭിച്ച ഈ വര്‍ഷത്തെ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആഘോഷ പരിപാടികളുടെ ഭാഗമായി റേഡിയോണ്‍ മോട്ടോര്‍സൈക്കിളിന്റെ ‘കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍’ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി. ഡ്രം ബ്രേക്ക് വകഭേദത്തിന് 52,720 രൂപയും ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് 54,820 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്രത്യേക പതിപ്പിന് സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ ഏകദേശം 2,000 രൂപ അധികം വില വരും. ഉല്‍സവ കാലത്തേക്കായി ക്രോം ബ്ലാക്ക്, ക്രോം ബ്രൗണ്‍ എന്നീ രണ്ട് പുതിയ കളര്‍ സ്‌കീമുകള്‍ നല്‍കിയിരിക്കുന്നു.

പുതിയ പെയിന്റ് ഓപ്ഷനുകള്‍ കൂടാതെ, ക്രോം സാന്നിധ്യം, കറുപ്പ് നിറം നല്‍കിയ എന്‍ജിന്‍, സ്വര്‍ണ്ണ വര്‍ണ്ണത്തോടെയുള്ള എന്‍ജിന്‍ കേസ് കവര്‍ എന്നിവ ടിവിഎസ് റേഡിയോണ്‍ സ്‌പെഷല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളില്‍ കാണാം. ഇന്ധന ടാങ്കില്‍ തൈ (തുട) പാഡ്, ‘ആര്‍’ എംബ്ലത്തോടെ ഫ്യൂവല്‍ ടാങ്ക് കുഷ്യന്‍, ക്രോം നല്‍കിയ റിയര്‍ വ്യൂ മിററുകള്‍, കാര്‍ബുറേറ്റര്‍ കവര്‍ എന്നിവ തുടര്‍ന്നും നല്‍കി. തവിട്ടു നിറത്തിലുള്ള റിബ്ഡ് ലെതര്‍ സീറ്റുകള്‍ ബൈക്കിന് റെട്രോ ടച്ച് നല്‍കുന്നു.

109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഡ്യൂറാലൈഫ് എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് തുടര്‍ന്നും കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഒരു ലിറ്റര്‍ ഇന്ധനം നിറച്ചാല്‍ 69.3 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു. പത്ത് ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

Comments

comments

Categories: Auto
Tags: TVS Radeon