ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സെലിബ്രേറ്ററി എഡിഷന്‍ വിപണിയില്‍

ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സെലിബ്രേറ്ററി എഡിഷന്‍ വിപണിയില്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 33.85 ലക്ഷം രൂപ

ന്യൂഡെല്‍ഹി: ഉല്‍സവ സീസണ്‍ ലക്ഷ്യമാക്കി ടൊയോട്ട ഫോര്‍ച്യൂണര്‍ ടിആര്‍ഡി സെലിബ്രേറ്ററി എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 33.85 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫോര്‍ച്യൂണര്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ടിആര്‍ഡി സെലിബ്രേറ്ററി എഡിഷന്‍ പുറത്തിറക്കിയത്. 2009 ലാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. ടൊയോട്ട റേസിംഗ് ഡെവലപ്‌മെന്റ് (ടിആര്‍ഡി) വിഭാഗമാണ് ടിആര്‍ഡി പതിപ്പ് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ ടോപ് ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റ് അടിസ്ഥാനമാക്കിയാണ് ടിആര്‍ഡി സെലിബ്രേറ്ററി എഡിഷന്‍ വിപണിയില്‍ എത്തിക്കുന്നത്.

പേള്‍ വൈറ്റ്-ബ്ലാക്ക് ഡുവല്‍ ടോണിലാണ് പ്രത്യേക പതിപ്പ് വരുന്നത്. ഇരട്ട നിറങ്ങളുടെ ഭാഗമായി കറുത്ത റൂഫ് നല്‍കിയിരിക്കുന്നു. നവീകരിച്ച മുന്‍, പിന്‍ ബംപറുകള്‍, ഗ്രില്ലില്‍ ടിആര്‍ഡി അലങ്കാരം, 18 ഇഞ്ച് ചാര്‍ക്കോള്‍ ബ്ലാക്ക് അലോയ് വീലുകള്‍ എന്നിവ ടിആര്‍ഡി സെലിബ്രേറ്ററി എഡിഷനില്‍ കാണാം. പുതുതായി കറുപ്പ്, മറൂണ്‍ നിറങ്ങളിലുള്ള തുകല്‍ സീറ്റുകള്‍ നല്‍കി. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ചുവന്ന തുന്നല്‍ കാണാം. ’10 ഇയേഴ്‌സ്’ എംബ്ലം, ചുവന്ന ടിആര്‍ഡി എംബ്ലം എന്നിവയും സീറ്റുകളില്‍ നല്‍കി.

ടൊയോട്ട ഫോര്‍ച്യൂണറിലെ അതേ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ടിആര്‍ഡി സെലിബ്രേറ്ററി എഡിഷന്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 3,400 ആര്‍പിഎമ്മില്‍ 174.5 ബിഎച്ച്പി കരുത്തും 1,600-2,400 ആര്‍പിഎമ്മില്‍ 450 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സീക്വന്‍ഷ്യല്‍ ആന്‍ഡ് പാഡില്‍ ഷിഫ്റ്റ് സഹിതം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ഘടിപ്പിച്ചു. പിച്ച് ആന്‍ഡ് ബൗണ്‍സ് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ് സഹിതം വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ (വിഎസ്‌സി), ഏഴ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇബിഡി സഹിതം എബിഎസ്, സ്പീഡ് ഓട്ടോ ലോക്ക് തുടങ്ങിയവ എസ്‌യുവിയുടെ സുരക്ഷാ ഫീച്ചറുകളാണ്.

രാത്രിയാകുന്നതും നേരം പുലരുന്നതും മനസ്സിലാക്കാന്‍ കഴിയുന്ന ഇരട്ട (ലോ, ഹൈ) ബീം എല്‍ഇഡി പ്രൊജക്റ്റര്‍ ലെന്‍സ് ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, എല്‍ഇഡി ഫോഗ് ലാംപുകള്‍, പഡില്‍ ലാംപുകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന പുറം കണ്ണാടികള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂസ് കണ്‍ട്രോള്‍, ഡ്രൈവ് മോഡുകള്‍ (ഇക്കോ, പവര്‍), ഓട്ടോമാറ്റിക് ഐഡില്‍ സ്‌റ്റോപ്പ്/സ്റ്റാര്‍ട്ട് ഫംഗ്ഷന്‍, ടിഎഫ്ടി മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ് സഹിതം 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, വോയ്‌സ് റെക്കഗ്നിഷന്‍, നാവിഗേഷന്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് കാമറ തുടങ്ങിയവയാണ് ഫീച്ചറുകള്‍.

Comments

comments

Categories: Auto