തുടങ്ങാം കുറവ് മൂലധനത്തില്‍ ചെറു സംരംഭങ്ങള്‍

തുടങ്ങാം കുറവ് മൂലധനത്തില്‍ ചെറു സംരംഭങ്ങള്‍

ബിസിനസ് തുടങ്ങുന്നതിനുള്ള ആശയം ഉറപ്പാക്കിയാല്‍ മൂലധനത്തിനാണ് ഏറ്റവുമധികം പ്രാധാന്യം. എല്ലാ ബിസിനസിനും വലിയ നിക്ഷേപം കണ്ടെത്തേണ്ട ആവശ്യമില്ല. കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച ലാഭം നേടിത്തരുന്ന ഏതാനും ചെറു സംരംഭങ്ങളെ പരിചയപ്പെടാം

സ്റ്റാര്‍ട്ടപ്പുകള്‍ ട്രെന്‍ഡ് ആയി മാറിയതോടെ സ്വന്തമായി ബിസിനസ് ചെയ്യുകയെന്നത് ഇന്ന് ഏതൊരാളുടേയും സ്വപ്‌നമായി മാറി. വേറിട്ട ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് ഒരു സംരംഭം ജനിക്കുന്നത്. കുടുംബ ബിസിനസ് പാരമ്പര്യമോ പരിചയസമ്പത്തോ ഒന്നുമില്ലെങ്കിലും ഒന്നു മനസ് വെച്ചാല്‍ ആര്‍ക്കും ഏറ്റെടുക്കാവുന്ന ഒന്നായിരിക്കുകയാണ് ഇപ്പോള്‍ ഈ മേഖല. ശരിയായ തീരുമാനം എടുക്കാനുള്ള കഴിവും മാര്‍ഗ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുക്കാനുള്ള പ്രാപ്തിയും സംരംഭകര്‍ക്ക് വളരെ അത്യാവശ്യമാണ്. പ്രതീക്ഷിച്ച പോലെയുള്ള വരുമാനം തുടക്കകാലത്ത് ലഭ്യമായില്ലെങ്കില്‍ പാതിവഴിയില്‍ ഉപേക്ഷിക്കാതിരിക്കാനുള്ള ആത്മവിശ്വാസവും കൂടി ആര്‍ജ്ജിച്ചുവേണം ഈ മേഖയിലേക്ക് പ്രവേശിക്കേണ്ടത്.

ബിസിനസിന് ആദ്യം വേണ്ടത് ആശയമാണ് പിന്നീട് അത് നടപ്പാക്കാനുള്ള മൂലധനവും. ആശയം ഉറപ്പാക്കിയാല്‍ പിന്നീട് മൂലധനം കണ്ടെത്താനുള്ള വഴികളാണ് മിക്കവരെയും ആശങ്കയിലാക്കാറുള്ളത്. പണം എറിഞ്ഞ് പണം വാരുന്ന മേഖലയാണ് ബിസിനസ് എന്നാല്‍ എല്ലാ ബിസിനസിനും വലിയ അളവിലുള്ള മൂലധനം ആവശ്യമില്ല താനും. 20,000 രൂപയ്ക്കും അതിനു മുകളിലുള്ള തുകയിലും ചെറിയ രീതിയിലുള്ള ബിസിനസുകള്‍ക്ക് തുടക്കമിടാനാകും. അത്തരത്തിലുള്ള 20 ബിസിനസ് ആശയങ്ങളെ പരിചയപ്പെടാം.

മെഴുകുതിരി

അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരുല്‍പ്പന്നമാണ് മെഴുകുതിരികള്‍ എങ്കിലും ഇന്നും അതിന്റെ ഡിമാന്‍ഡിനും പ്രശസ്തിക്കും വലിയ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. പരമ്പരാഗതമായി മതപരമായ ചടങ്ങുകള്‍ക്കും അലങ്കാരങ്ങള്‍ക്കും മറ്റുമായി മെഴുകുതിരി ഉപയോഗിച്ചു വരുന്നു. ഉല്‍സവ സീസണുകളില്‍ ഇവയുടെ ഡിമാന്‍ഡ് ഇരട്ടിക്കുകയും ചെയ്യും. എന്തിനേറെ സുഗന്ധം നിറഞ്ഞ മെഴുകുതിരി വെട്ടത്തിലെ അത്താഴവും ജന്മദിനാഘോഷം മനോഹരമാക്കുന്നത്തിനും മറ്റും ഇവ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. വിപണിയില്‍ ഡിമാന്‍ഡ് ഉള്ളതുകൊണ്ടുതന്നെ മെഴുകുതിരി നിര്‍മാണം ബിസിനസ് ആക്കുന്നതില്‍ അപകാതയില്ല. ചെറിയ നിക്ഷേപത്തില്‍ തുടക്കമിടാവുന്ന ഒന്നാണ് ഈ ബിസിനസ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന മെഴുകുതിരി നിര്‍മാണത്തിന് ഏകദേശം 20,000 മുതല്‍ 30000 രൂപ വരെ മൂലധനം മതിയാകും. മെഴുകിനൊപ്പം അവയ്ക്ക് കൃത്യമായി ആകൃതി നല്‍കുന്ന മോള്‍ഡറുകളും തിരികളും സുഗന്ധം കലര്‍ന്ന എണ്ണയും ഉണ്ടെങ്കില്‍ സംരംഭത്തിന് തുടക്കമിടാം.

അച്ചാര്‍

ഇന്ത്യയിലെ പരമ്പരാഗത ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് അച്ചാര്‍. ഏതൊരു വീട് പരിശോധിച്ചാലും ഏതെങ്കിലുമൊരു തരത്തിലുള്ള അച്ചാര്‍ കാണാതിരിക്കില്ല എന്ന അവസ്ഥ ആയതിനാല്‍ വിപണിയിലെ ഈ ഡിമാന്‍ഡ് നല്ലൊരു ബിസിനസാക്കി മാറ്റാവുന്നതാണ്. ഇന്ത്യണ്‍ വിപണിയില്‍ മാത്രമല്ല, വിദേശ വിപണിയിലും അച്ചാറിന് ഡിമാന്‍ഡുണ്ട്. 20,000 രൂപയ്ക്ക് വീട്ടില്‍ തന്നെ അച്ചാര്‍ നിര്‍മാണം തുടങ്ങുകയും ചെയ്യാം.

അഗര്‍ബത്തി

ഇന്ത്യയിലെ അഗര്‍ബത്തി ലോക പ്രശസ്തമാണ്. രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ഡിമാന്‍ഡുള്ളതിനാല്‍ വളരെ ലളിതമായി വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ഒന്നാണ് ഈ ബിസിനസ്. അഗര്‍ബത്തിയിലെ വളരെ നേര്‍ത്ത രീതിയിലുള്ള പിടികള്‍ തയാറാക്കുന്നതിനിയി മുളയുടെ തണ്ടുകളും സുഗന്ധ എണ്ണകള്‍ക്കും മറ്റും മാത്രമായാണ് ഈ ബിസിനസില്‍ അല്‍പ്പം ചെലവുള്ളത്. കൈ കൊണ്ടു തന്നെ നിര്‍മിക്കാനായതിനാല്‍ നിക്ഷേപം 20,000 രൂപയിലും കുറവ് മതി. ഓട്ടോമാറ്റിക്, സെമി- ഓട്ടോമാറ്റിക് മെഷീനുകള്‍ ഉപയോഗിച്ചുള്ള വന്‍ തോതിലുള്ള നിര്‍മാണത്തിന് 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപം വേണ്ടി വരും.

ബട്ടണ്‍

വസ്ത്ര നിര്‍മാണ മേഖലയില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ബട്ടണുകള്‍. പ്ലാസ്റ്റിക് മുതല്‍ ഫാബ്രിക്, സ്റ്റീല്‍ ബട്ടണുകള്‍ക്കു വരെ എക്കാലത്തും വിപണിയില്‍ ആവശ്യക്കാരുണ്ട്. ഏറ്റവും കുറഞ്ഞ നിക്ഷേപത്തില്‍ വീട്ടില്‍ തന്നെ തുടക്കമിടാവുന്ന ബിസിനസാണിത്.

ഡിസൈനര്‍ ലേസ്

വസ്ത്രങ്ങളുടെ ഭംഗി വര്‍ധിപ്പിക്കാന്‍ ലേസുകള്‍ ഘടിപ്പിക്കുന്ന രീതി ഇന്നും പ്രചാരത്തിലുണ്ട്. വിവാഹ വസ്ത്രങ്ങള്‍ മുതല്‍ ദൈനദിന ഉപയോഗത്തിനുള്ള വസ്ത്രങ്ങളില്‍ വരെ മാറിവരുന്ന ട്രെന്‍ഡുകള്‍ക്കനുസരിച്ച് ഡിസൈനര്‍ ലേസുകള്‍ ഘടിപ്പിക്കുന്ന രീതി വര്‍ധിച്ചു വരുന്നു. വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയുന്ന ഈ ബിസിനസ് ചെറിയ മുതല്‍മുടക്കില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു തെരഞ്ഞെടുപ്പ് ആയിരിക്കും.

ഷൂ ലേസുകള്‍

ചൈന കഴിഞ്ഞാല്‍ ചെരിപ്പ് നിര്‍മാണത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. രാജ്യത്തെ ഷൂ നിര്‍മാണം സ്‌പോര്‍ട്‌സ്, ഫോര്‍മല്‍, കാഷ്വല്‍, മറ്റുള്ളവ എന്നിങ്ങനെയാണുള്ളത്. ചെറുകിട ബിസിനസിന് ഏറ്റവും യോജിച്ച ആശയമാണ് ഷൂ ലേസ് നിര്‍മാണം. 20,000 മുതല്‍ 25,000 രൂപയില്‍ ഈ ബിസിനസിന് തുടക്കമിടാം.

ഐസ്‌ക്രീം കോണുകള്‍

20,000 രൂപയ്ക്കുള്ളിലുള്ള മൂലധനത്തില്‍ തുടങ്ങാവുന്ന മറ്റൊരു ബിസിനസാണ് ഐസ്‌ക്രീം കോണ്‍ നിര്‍മാണം. കോണ്‍ ഐസ്‌ക്രീമിനും മറ്റും ന്യൂജന്‍ കുട്ടികളില്‍ പോലും ഡിമാന്‍ഡുള്ളതിനാല്‍ വിപണി കൈവിടുമെന്ന ആശങ്കയും വേണ്ടിവരില്ല.

ഹാന്‍ഡ്‌മെയ്ഡ് ചോക്‌ളേറ്റ്

ചോക്‌ളേറ്റ് ഉപഭോഗത്തില്‍ ഇന്ത്യ ടോപ്പ് ചാര്‍ട്ടിലായതുകൊണ്ടുതന്നെ വിപണി പിടിച്ചടക്കാവുന്ന മറ്റൊരു ചെറുകിട ബിസിനസ് ആശയമാണ് ഹാന്‍ഡ്‌മെയ്ഡ് ചോക്‌ളേറ്റുകളുടെ നിര്‍മാണം. വിപണി ഗവേഷക കമ്പനിയായ മിന്റെലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ ചോക്‌ളേറ്റിന്റെ റീട്ടെയ്ല്‍ വിപണിയില്‍മ ുന്‍ വര്‍ഷത്തേക്കാളും 13 ശതമാനത്തിന്റ വളര്‍ച്ചയുണ്ട്.

കോട്ടണ്‍ ബഡ്‌സ്

ശുചിത്വത്തെ കുറിച്ച് അവബോധം പ്രചരിക്കുമ്പോള്‍ ബഡ്‌സുകളുടെ ഉപയോഗം വര്‍ധിച്ച് വിപണിയില്‍ ഡിമാന്‍ഡും ഏറിവരുന്നുണ്ട്. ബഡ്‌സിലുള്ള കോട്ടണുകള്‍ക്കു പുറമെ സ്റ്റിക്കുകളും ചേര്‍ത്താല്‍ 20,000 മുതല്‍ 40,000 രൂപ നിക്ഷേപത്തില്‍ ഈ ബിസിനസ് തുടങ്ങാനാകും.

പപ്പടം

ഇന്ത്യയിലെ നാടന്‍ ഊണിനൊപ്പം പപ്പടം ഒഴിവാക്കാനാകാത്ത ഒന്നാണ്. ഉല്‍സവം മുതല്‍ വിവാഹം തുടങ്ങിയ വേളകളിലും പപ്പടം അവശ്യ അനുബന്ധ ഭക്ഷണമായി മാറിയിരിക്കുന്നു, വന്‍ തോതിലുള്ള പപ്പടം നിര്‍മാണത്തിന് നിര്‍മാണ യൂണിറ്റ് ഉള്‍പ്പടെ 30000 മുതല്‍ 40,000 രൂപ വരെ നിക്ഷേപം വേണ്ടിവരും.

നൂഡില്‍സ്

ഇന്ത്യയില്‍ ഗ്രാമീണ നാഗരിക പ്രദേശങ്ങളിലാകെ വന്‍തോതില്‍ ഡിമന്‍ഡുള്ള ഒന്നാണ് നൂഡില്‍സ്. ഗോതമ്പ മാവ് ഉള്‍പ്പെടെ ഉപ്പും പഞ്ചസാരയും സ്റ്റാര്‍ച്ചും വെജിറ്റബിള്‍ ഓയിലും സുഗന്ധ വ്യജ്ഞനങ്ങളും മാത്രം മതിയാകും നൂഡില്‍സ് നിര്‍മാണത്തിന്. നൂഡില്‍സ് നിര്‍മിക്കുന്ന മെഷീനും ഇപ്പോള്‍ വിപണിയിലുണ്ട്. ചെറിയ തോതിലുള്ള നിര്‍മാണ ആവശ്യങ്ങള്‍ക്കായുള്ള നൂഡില്‍സ് മെഷീന് 40,000 രൂപയും പ്രീമിയം മെഷീന് ഒന്നര ലക്ഷം രൂപയുമാണ് വില.

ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും കപ്പുകളും

ഒറ്റത്തവണ ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കാവുന്ന പ്ലേറ്റുകളും കപ്പുകളും നിര്‍മിക്കുന്ന ബിസിനസും ചെറിയ മുടക്കു മുതലില്‍ തുടങ്ങാവുന്ന സംരംഭമാണ്. പ്രത്യേക പരിപാടികള്‍ക്കും പാര്‍ട്ടിയിലും പിക്‌നിക്കിലും മറ്റും ഏറെ ഉപകാരപ്രദമാകുന്ന ഈ ഉല്‍പ്പന്നത്തിനും വിപണിയില്‍ നല്ല രീതിയില്‍ ഡിമാന്‍ഡുണ്ട്. പ്ലാസ്റ്റിക്കിന്റെ പകരക്കാരനായി മാറിയ ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ സാധാരണ ഗതിയില്‍ പേപ്പറിലാണ് നിര്‍മിക്കാറുള്ളത്. ഈ ബിസിനസിലെ ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് ഡിസ്‌പോസിബിള്‍ പ്ലേറ്റ് നിര്‍മിക്കുന്ന മെഷീന് മാത്രമാണ്.

കയര്‍ ബാഗുകള്‍

വീണ്ടും ഉപയോഗിക്കാവുന്നതും പ്രകൃതിയോടിണങ്ങിയവയുമായ കയറില്‍ മികച്ചയിനം അലങ്കാര ബാഗുകള്‍ നിര്‍മിക്കുന്ന ബിസിനസിനും വലിയ മുടക്കു മുതലില്ല. വെറും 500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നമുക്ക് ഈ ബിസിനസ് കെട്ടിപ്പടുക്കാം.

സ്റ്റേപ്പിള്‍ പിന്‍

സ്‌കൂള്‍, കോളെജ്, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി പേപ്പര്‍ കൈകാര്യം ചെയ്യുന്ന എല്ലായിടങ്ങളിലും അത്യാവശ്യമായ ഒന്നാണ് സ്റ്റേപ്പിള്‍ പിന്നുകള്‍. വെള്ള നിറത്തിലുള്ള ഗാല്‍വനൈസ്ഡ് ഇരുമ്പ് വയറില്‍ നിന്നും നിര്‍മിക്കുന്ന ഈ പിന്നുകളുടെ നിര്‍മാണം തുടങ്ങാനും വലിയ നിക്ഷേപം ആവശ്യമായി വരുന്നില്ല. സ്റ്റേപ്പിള്‍ പിന്‍ നിര്‍മിക്കുന്ന മെഷീന് വില അല്‍പ്പം കൂടുതലാണ്. ഒരു മിനിട്ടില്‍ 350 പിന്നുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന മെഷീന് മൂന്നര ലക്ഷം രൂപയാണ് വില.

പേപ്പര്‍ നിര്‍മാണം

ചെലവ് കുറഞ്ഞ ബിസിനസിന്റെ മികച്ച ഉദാഹരണമാണ് പേപ്പര്‍ നിര്‍മാണം. സ്‌കൂള്‍ മുതല്‍ കോളെജിലും കോര്‍പ്പറേറ്റ് തലങ്ങളിലും പേപ്പര്‍ ഒരു അവശ്യ വസ്തുവാണ്. അതുകൊണ്ടുതന്നെ പേപ്പറിന് ആവശ്യക്കാരുമുണ്ട്. ഈ ബിസിനസിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മെഷിനും മറ്റും വാങ്ങുന്നതിനും രണ്ട് മുതല്‍ രണ്ടര ലക്ഷം രൂപയാണ് വില.

ഓര്‍ഗാനിക് സോപ്പ്

ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്ന കാലത്ത് ഈ വിഭാഗത്തില്‍ സോപ്പ് നിര്‍മാണം മികച്ച ലാഭം നേടി തരുന്ന കുറഞ്ഞ മുടക്കു മുതലില്‍ തയാറാക്കാവുന്ന ഒന്നാണ്. ഒന്നര ലക്ഷം മുതല്‍ രണ്ട് രക്ഷം രൂപ വരെയുള്ള തുകയില്‍ ഈ ബിസിനസ് പ്രാവര്‍ത്തികമാക്കാനാകും.

വെളിച്ചെണ്ണ

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിവരുന്ന കാലത്ത് ശുദ്ധമായ വെളിച്ചെണ്ണ കലര്‍പ്പില്ലാതെ നിര്‍മിക്കുന്നത് ഡിമാന്‍ഡ് വര്‍ധിപ്പിക്കും. ഏകദേശം ഒരു ലക്ഷം രൂപ മുടക്കു മുതലില്‍ വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനാകും.

സ്മാര്‍ട്ട്‌ഫോണ്‍ ടെംപേര്‍ഡ്

മൊബീല്‍ വിപണിയില്‍ ആഗോളതലത്തില്‍ മാന്ദ്യം ഉണ്ടെങ്കിലും ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മികച്ച വളര്‍ച്ചയുണ്ട്. ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്റെ അഭിപ്രായത്തില്‍ രാജ്യത്തെ ഈ വിഭാഗത്തിലുള്ള കയറ്റുമതി ഈ വര്‍ഷം ആദ്യ പാദത്തില്‍ 32 ബില്യണ്‍ യൂണിറ്റ് ആയിരുന്നു. സ്മാര്‍ട്ട്‌ഫോണിനെ സംരക്ഷിക്കുന്ന ടെംപേര്‍ഡ് കവറുകള്‍ക്കാണ് മികച്ച വിപണിയുള്ളത്.

ഫയലുകളും എന്‍വലപ്പുകളും

ആശയവിനിമയത്തിന് ഡിജിറ്റല്‍ മാധ്യമമാണ് ഇപ്പോള്‍ ട്രെന്‍ഡ്. എങിലും സ്‌കൂളുകളിലും കോളെജുകളിലും മറ്റും ഇവ ആവശ്യമായി വരുന്നുണ്ട്. എന്‍വലപ്പുകള്‍ നിര്‍മിക്കുന്ന മെഷീന് ഒന്നര ലക്ഷം മുതല്‍ 11 ലക്ഷം രൂപയാണ് നിരക്ക്.

പേപ്പര്‍ ബാഗുകള്‍

പ്ലാസ്റ്റിക്കിന്റെ ഉത്തമ ബദലിനെ കണ്ടെത്താന്‍ ആഗോളതലത്തില്‍ ശ്രമം നടക്കുന്ന അവസരത്തില്‍ പരിസ്ഥിതിയോടിണങ്ങുന്ന പേപ്പര്‍ ബാഗുകള്‍ക്കും പാക്കേജിംഗ് ബാഗുകള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്. ഇവയുടെ നിര്‍മാണത്തിന് വലിയ തോതിലുള്ള മൂലധനവും ആവശ്യമില്ല. ഓട്ടോമാറ്റിക് പേപ്പര്‍ ബാഗ് നിര്‍മിക്കുന്ന മെഷീന് കുറഞ്ഞത് അഞ്ച് ലക്ഷം രൂപയാണ് വില. ഒരു മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം പേപ്പര്‍ ബാഗുകള്‍ നിര്‍മിക്കാനും കഴിയും. ഈ വിഭാഗത്തില്‍ സെമി- ഓട്ടോമാറ്റിക് മെഷീന്‍ മൂന്ന് ലക്ഷം രൂപയ്ക്ക് ലഭിക്കും.

Comments

comments

Categories: Business & Economy