യുഎസിനു വേണ്ടി പ്രവര്‍ത്തിച്ച ചാരനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ഇന്റര്‍പോളിനോട് റഷ്യ

യുഎസിനു വേണ്ടി പ്രവര്‍ത്തിച്ച ചാരനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ഇന്റര്‍പോളിനോട് റഷ്യ

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ റഷ്യന്‍ വംശജനും 50-കാരനുമായ ഒലെഗ് സ്‌മോളന്‍കോവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് റഷ്യന്‍ ഭരണകൂടം ഇന്റര്‍പോളിന് അപേക്ഷ സമര്‍പ്പിച്ചു. സ്‌മോളന്‍കോവ് ഇപ്പോള്‍ യുഎസിലുണ്ടെന്നാണു കരുതുന്നത്.

റഷ്യന്‍ ഭരണകൂടത്തില്‍ പുടിനുമായി വളരെ അടുത്തു ബന്ധമുള്ള ഉദ്യോഗസ്ഥന്‍ പതിറ്റാണ്ടുകളോളം കാലം അമേരിക്കയ്ക്കു വേണ്ടി ചാരപ്പണി നടത്തിയിരുന്നെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കഴിഞ്ഞയാഴ്ച അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2017ല്‍ യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ ഉദ്യോഗസ്ഥനോട് ചാരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചത്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ അടുത്ത സൗഹൃദത്തില്‍ അപകടം മണുത്തതിനെ തുടര്‍ന്നാണു യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണു യുഎസിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ റഷ്യന്‍ വംശജന്‍ ഒലെഗ് സ്‌മോളന്‍കോവാണെന്ന് റഷ്യ ഉറപ്പിച്ചത്. ഇയാള്‍ ഇപ്പോള്‍ യുഎസിലാണെന്നാണ് റഷ്യ കരുതുന്നത്. വാഷിംഗ്ടണില്‍ റഷ്യയുടെ അംബാസഡറായിരുന്ന യൂറി ഉഷാകോവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഒലെഗ് സ്‌മോളന്‍കോവ്. 2008ല്‍ സ്‌മോളന്‍കോവിനെ പുടിന്റെ ഫോറിന്‍ പോളിസി ഉപദേശകനായും നിയമിച്ചിരുന്നു. 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ അനധികൃത ഇടപെടലുണ്ടായിരുന്നെന്ന് അമേരിക്കന്‍ ഇന്റലിജന്‍സിന് ഉറപ്പാക്കാന്‍ തക്കവിധമുള്ള തെളിവുകള്‍ സ്‌മോളന്‍കോവ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Comments

comments

Categories: World
Tags: Russia, US Spy