സൗദിയുടെ എണ്ണ ഉല്‍പ്പാദനം 50% കുറഞ്ഞു

സൗദിയുടെ എണ്ണ ഉല്‍പ്പാദനം 50% കുറഞ്ഞു
  • ആക്രമിക്കപ്പെട്ടത് അരാംകോയുടെ അബ്‌ഖൈക്, ഖുറൈസ് കേന്ദ്രങ്ങള്‍
  • ആക്രമണത്തിന് ഇറാനെ കുറ്റപ്പെടുത്തി യുഎസ് ആഭ്യന്തര സെക്രട്ടറി
  • ഉല്‍പ്പാദനം കുറച്ചതോടെ എണ്ണവില ബാരലിന് 10 ഡോളര്‍ ഉയര്‍ന്നേക്കും

വാഷിംഗ്ടണ്‍: സൗദി അറേബ്യന്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ എണ്ണ സംസ്‌കരണശാലകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം ലോകത്തെ ഊര്‍ജ മേഖലയെയാകെ പിടിച്ചുലയ്ക്കുന്നു. പ്രമുഖ എണ്ണ ഉല്‍പ്പാദക രാഷ്ട്രമായ സൗദിയുടെ ഉല്‍പ്പാദനം 50 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ആഗോള എണ്ണ വിപണിയില്‍ സമ്മര്‍ദം അനുഭവപ്പെട്ടു തുടങ്ങി. 5.7 ദശലക്ഷം ബാരല്‍ എണ്ണയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റില്‍ 9.85 ദശലക്ഷം ബാരലായിരുന്നു സൗദിയുടെ എണ്ണ ഉല്‍പ്പാദനം. ആഗോള ഉല്‍പ്പാദത്തിലും ഇതോടെ 5% കുറവ് വരും. എണ്ണ വില ബാരലിന് 10 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പാണ് മേഖലയിലെ വിദഗ്ധര്‍ നല്‍കുന്നത്. തിങ്കളാഴ്ച തന്നെ ഈ ഉയര്‍ച്ച ദൃശ്യമാകാന്‍ തുടങ്ങുമെന്ന് ലിപോ ഓയില്‍ അസോസിയേറ്റ്‌സ് പ്രസിഡന്റായ ആന്‍ഡ്രൂ ലിപോ ചൂണ്ടിക്കാട്ടി. ഇറാന്‍ എണ്ണയ്ക്ക് മേലുള്ള ഉപരോധത്തിന്റെ സമ്മര്‍ദത്തിലായിരുന്ന വിപണിയെ സമാശ്വസിപ്പിച്ചു നിര്‍ത്തിയിരുന്ന സൗദിക്കേറ്റ തിരിച്ചടി ആഗോള എണ്ണ വിപണിയെ വരും ദിവസങ്ങളില്‍ പിടിച്ചു കുലുക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയും ചൈനയുമടക്കം വ്യാപാര യുദ്ധത്തിന്റെയും മാന്ദ്യത്തിന്റെയും തിക്തഫലം അനുഭവിക്കുന്ന പ്രമുഖ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സംബന്ധിച്ച് ഒട്ടും അനുഗുണമായ സാഹചര്യമല്ല ഇത്. മേഖലയിലെ സംഘര്‍ഷം ഇനിയും വര്‍ധിച്ചേക്കാമെന്ന സൂചനയാണ് യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ പ്രതികരണം നല്‍കുന്നത്.

കിഴക്കന്‍ സൗദി അറേബ്യയിലെ അരാംകോയുടെ ഏറ്റവും വലിയ എണ്ണപ്പാടമായ ഹിജ്‌റ ഖുറൈസ്, ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ അബ്‌ഖൈക് എന്നിവിടങ്ങളില്‍ ശനിയാഴ്ച്ചയാണ് 10 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നത്. ആകാശം മുട്ടെ ഉയര്‍ന്ന തീനാളങ്ങള്‍ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രതിദിനം 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള 1,200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ് ലൈനിലൂടെയുള്ള വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂത്തി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് വിലയിരുത്തല്‍. ഹൂത്തി വിമതര്‍ നേരത്തെയും സൗദിക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്.

പിന്നില്‍ ഇറാനെന്ന് യുഎസ്

ഇറാനാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെന്ന് കുറ്റപ്പെടുത്തി യുഎസ്. ലോകത്തിന്റെ ഊര്‍ജ വിതരണസംവിധാനത്തിനു നേരെ ഇറാന്‍ അപ്രതീക്ഷിതമായ ആക്രമണം നടത്തിയെന്നാണ് യുഎസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ ട്വിറ്ററില്‍ കുറിച്ചത്. ഇറാന്റെ ആക്രമണത്തെ എല്ലാ രാജ്യങ്ങളും പരസ്യമായി അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണം യെമനില്‍ നിന്നാണ് വന്നതെന്നതിന് തെളിവൊന്നുമില്ലെന്നും പോംപിയോ പറഞ്ഞു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സൗദിയുടെ സ്വയം പ്രതിരോധത്തിന് എല്ലാ പിന്തുണയും വാദ്ഗാനം ചെയ്തതിന്റെ തൊട്ടു പിന്നാലെയായിരുന്നു പോംപിയോയുടെ ട്വീറ്റ്. വിപണിയില്‍ ആവശ്യത്തിന് എണ്ണ ലഭ്യമാക്കുന്നതിനായി യുഎസ് സഖ്യരാജ്യങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും യുഎസ് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

Categories: FK News, Slider