‘ബൃഹദ് സാമ്പത്തിക ശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ളവര്‍ വേണം’

‘ബൃഹദ് സാമ്പത്തിക ശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ളവര്‍ വേണം’

ആവശ്യകതയും ഉപഭോഗവും കുറഞ്ഞു നില്‍ക്കുന്നതിനിടെ പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നത് ആഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡെല്‍ഹി: ബൃഹദ് സാമ്പത്തിക ശാസ്ത്രത്തില്‍ മികച്ച അറിവുള്ളവര്‍ക്ക് മാത്രമേ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാനാകുകയുള്ളെന്ന് സാമ്പത്തിക വിദഗ്ധനും ബിജെപി നേതാവുമായ സുബ്രമണ്യന്‍ സ്വാമി. പ്രതിസന്ധി നേരിടുന്നതിന് കേന്ദ്ര സര്‍ക്കാരിന് അനുഭവ സമ്പത്തുള്ള രാഷ്ട്രീയക്കാരും പ്രൊഫഷണലുകളും ഇന്ത്യന്‍ ധാര്‍മികതയില്‍ അടിയുറച്ച, ലോക ബാങ്ക്, ഐഎംഎഫ് പോലുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വഴങ്ങാത്ത രാഷ്ട്രീയ വീക്ഷണമുള്ള സാമ്പത്തിക വിദഗ്ധരും അടങ്ങിയ ഒരു മാനേജ്‌മെന്റ് ടീമിനെ ആവശ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വര്‍ത്തമാന, ഭൂതകാലങ്ങളിലെ വ്യത്യസ്ത കാഴ്ചപാടുകള്‍ പ്രതിപാദിച്ചുകൊണ്ട് സ്വാമി രചിച്ച ‘റീസെറ്റ്: റീഗെയ്‌നിംഗ് ഇന്ത്യാസ് ഇക്കണോമിക് ലെഗസി’ എന്ന പുസ്തത്തിലാണ് പരാമര്‍ശം. ഒന്നിലധികം ഘടനാപരമായ പാളിച്ചകളാല്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമായിരിക്കുകയാണെന്നും അതിനാല്‍ 1947 ന് ശേഷമുള്ള എറ്റവും വലിയ മാന്ദ്യത്തെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

2008 മുതല്‍ രാജ്യത്തെ സര്‍ക്കാരുകള്‍ വിദേശ നിക്ഷേപത്തോട് കാട്ടിയ അഭിനിവേശം സമ്പദ് വ്യവസ്ഥക്ക് ദോഷം ചെയ്തു. 2004-14 കാലഘട്ടത്തില്‍ യുപിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ നടത്തിയ അഴിമതി രാജ്യത്തിന് വലിയ തിരിച്ചടിയായി. വിഖ്യാത സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സ്വന്തം സര്‍ക്കാരില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കാണപ്പെട്ടു. മോദിക്ക് സാമ്പത്തിക ശാസ്ത്രത്തിന്റെ സൂക്ഷ്മ തലങ്ങളെക്കുറിച്ച് അറിവില്ല, എന്നാല്‍ പൊതുജനങ്ങളോടും കഠിനാധ്വാനികളായ മധ്യവര്‍ത്തികളോടും അപാരമായ അനുകമ്പയുണ്ടെന്നും അതിനാല്‍ പല പ്രധാന പരിഷ്‌കരണങ്ങള്‍ അദ്ദേഹത്തിന് നടപ്പിലാക്കാനായെന്നും സ്വാമി നിരീക്ഷിക്കുന്നു.

Categories: FK News