പുതിയ വാഹനങ്ങള്‍ക്ക് 40,000 രൂപ വരെ ഇളവുകള്‍ പരിഗണനയില്‍

പുതിയ വാഹനങ്ങള്‍ക്ക് 40,000 രൂപ വരെ ഇളവുകള്‍ പരിഗണനയില്‍

പഴയ വാഹനങ്ങള്‍ മാറ്റി അതേ ഇനത്തിലുള്ള പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമം

ന്യൂഡെല്‍ഹി: ഓട്ടോമൊബീല്‍ വിപണിയിലെ മാന്ദ്യം പരിഹരിക്കുന്നതിന് യുഎസ് സര്‍ക്കാരിന്റെ ‘കാഷ് ഫോര്‍ ക്ലെന്‍കേഴ്‌സ്’ പ്രോഗ്രാമിനു സമാനമായ പദ്ധതി നടപ്പാക്കുന്നതടക്കമുള്ള നയപരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കുന്നു. പഴയ വാഹനങ്ങള്‍ വിറ്റ് ഇന്ധനക്ഷമതയുള്ള പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്‌സിഡികള്‍ നല്‍കുന്ന യുഎസിലെ മുന്‍ ഒബാമ സര്‍ക്കാരിന്റെ പദ്ധതിയാണ് മോദി സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. പഴയ കാറുകള്‍ മാറ്റി അതേ ഇനത്തിലുള്ള പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കാനാണ് ശ്രമം. വില്‍പ്പന ഇടിവും വാഹന വിപണിയിലെ മാന്ദ്യവും ഇതിലൂടെ നേരിടാമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് ഇതിനുള്ള കൂടിയാലോചന നടത്തുന്നത്.

പഴയ വാഹനങ്ങള്‍ പൊളിച്ചുമാറ്റുന്ന ഫാക്റ്ററികള്‍ സ്ഥാപിക്കാനുള്ള സ്ഥലത്തിന് ആനുകൂല്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം സമീപിച്ചിട്ടുണ്ട്. ജൂലൈയിലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ കരടില്‍ പഴയ വാഹനങ്ങള്‍ പൊളിച്ച് സമാനമായ വിഭാഗത്തിലെ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് 1,000 മുതല്‍ 40,000 രൂപ വരെ ആനുകൂല്യം നല്‍കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. പഴയ വാഹനം പൊളിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണെങ്കില്‍ പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാനും ഇതില്‍ നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് ഉണ്ടായിരുന്ന നിരോധനം എടുത്തുമാറ്റിയതുള്‍പ്പടെ ഓട്ടോമൊബീല്‍ മേഖലയിലെ ഉണര്‍വിനായി പല നടപടികളും അടുത്തിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ സ്വീകരിച്ചിരുന്നു. ജിഎസ്ടി 28 ല്‍ നിന്ന് 18 ശതമാനമാക്കണമെന്ന വ്യവസായങ്ങളുടെ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കുമെന്നും അവര്‍ ഉറപ്പു നല്‍കിയിരുന്നു. ഈ മാസം 20 ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കും. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാന്യുഫാക്‌ച്ചേഴ്‌സിന്റെ കണക്കനുസരിച്ച് ഓഗസ്റ്റ് മാസം ആഭ്യന്തര വാഹന വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ ഇതേ മാസത്തേതിനേക്കാള്‍ 23.55 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

കാഷ് ഫോര്‍ ക്ലെന്‍കേഴ്‌സ്

2009 ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നടപ്പാക്കിയ വാഹന വിപണി പ്രോത്സാഹന പരിപാടി. പഴയതും ഇന്ധനക്ഷമതയില്ലാത്തതുമായ വാഹനങ്ങള്‍ വിറ്റ് പുതിയ, ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്ന പദ്ധതി ഔദ്യോഗികമായി കാര്‍ അലവന്‍സ് റിബേറ്റ് സിസ്റ്റം എന്നാണറിയപ്പെട്ടത്. 2008 ലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി നടപ്പാക്കിയത്.

Comments

comments

Categories: FK News