കൈകഴുകി നിര്‍മാതാക്കള്‍

കൈകഴുകി നിര്‍മാതാക്കള്‍

ജുഡീഷ്യല്‍ അന്വേഷണം വേണം; ഫ്‌ളാറ്റ് ഉടമകള്‍ക്കായി രാഷ്ട്രപതിയെ സമീപിക്കും: ക്രെഡായ്

തിരുവനന്തപുരം: തീരദേശ സംരക്ഷണ നിയമ ലംഘനത്തിന്റെ പേരില്‍ പൊളിച്ചു മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫഌറ്റുകളെല്ലാം ഉടമകള്‍ക്ക് കൈമാറിയതാണെന്നും ഇനി ഉത്തരവാദിത്തമൊന്നുമില്ലെന്നും ഫഌറ്റ് നിര്‍മാതാക്കള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് സംഘടനയായ ക്രെഡായ് ആവശ്യപ്പെട്ടു. നിയമാനുസൃതം നിര്‍മിച്ച ഫഌറ്റുകളാണ് പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. പത്ത് വര്‍ഷമായി ഫഌറ്റ് ഉടമകള്‍ നികുതി അടയ്ക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ സമയത്തും നികുതി വാങ്ങിയപ്പോഴും അധികൃതര്‍ നിയമ ലംഘനങ്ങളൊന്നും ചൂണ്ടിക്കാട്ടിയിരുന്നില്ല. തീരദേശ നിയന്ത്രണ മേഖലാ നിയമത്തിന്റെ രണ്ടാം കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് മരടില്‍ ഫഌറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ നിര്‍മാണത്തില്‍ ചട്ടലംഘനം നടന്നിട്ടില്ല. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിക്കണമെന്ന് ക്രെഡായ് ആവശ്യപ്പെട്ടു. ഫഌറ്റ് ഉടമകള്‍ക്കായി രാഷ്ട്രപതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു.

തീരദേശ നിയമം ലംഘിച്ചാണ് നിര്‍മാണം നടത്തിയതെന്നാരോപിച്ചാണ് മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ കോടതിയനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. ഫഌറ്റുകളില്‍ നിന്ന് ഒഴിയില്ലെന്ന നിലപാടില്‍ താമസക്കാര്‍ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ തുടര്‍ നടപടികള്‍ക്കില്ലെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

Categories: Current Affairs