5ജി യുഎസ് കമ്പനിക്ക് കൈമാറാമെന്ന് വാവേയ്

5ജി യുഎസ് കമ്പനിക്ക് കൈമാറാമെന്ന് വാവേയ്

ലൈസന്‍സ് ലഭിക്കുന്ന കമ്പനിക്ക് സ്വതന്ത്ര ഉല്‍പ്പാദനവും സംയോജനവും നടത്താം

വാഷിംഗ്ടണ്‍: സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടക്കാന്‍ വമ്പന്‍ വാഗ്ദാനവുമായി ചൈനീസ് ടെലികോം വമ്പനായ വാവേയ് രംഗത്ത്. തങ്ങളുടെ 5ജി സാങ്കേതിക വിദ്യാ ലൈസന്‍സ് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് കൈമാറാന്‍ തയാറാണെന്ന് വാവേയ് സിഇഒ റെന്‍ ഷെംഗ്‌ഫെയ്‌യാണ് വ്യക്തമാക്കിയത്. ലൈസന്‍സ് വാങ്ങുന്ന യുഎസ് കമ്പനിക്ക് 5ജി പ്ലാറ്റ്‌ഫോം നിര്‍മിക്കാനും ഉപകരണങ്ങളില്‍ സംയോജിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകും. സോഫ്റ്റ് വെയര്‍ കോഡ് മാറ്റുന്നതിലൂടെ സാങ്കേതിക വിദ്യ, വാങ്ങുന്ന കമ്പനിയുടെ സ്വന്തമാവുമെന്നും വാവേയ് സിഇഒ ചൂണ്ടിക്കാട്ടി. ചൈനീസ് സര്‍ക്കാരിനു വേണ്ടി ചാരപ്പണി നടത്തുന്നെന്നാരോപിച്ച് വാവേയെ കരിമ്പട്ടികയില്‍ പെടുത്തി നിരോധിച്ച യുഎസ്, ഓസ്‌ട്രേലിയന്‍ നടപടിയും മറ്റ് യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ വന്ന അപ്രഖ്യാപിത് വിലക്കുമാണ് കമ്പനിയെ പുതിയ വഴികള്‍ തേടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പുതിയ വാഗ്ദാനത്തിലൂടെ തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെട്ട ആരോപണങ്ങളെ മറികടന്ന് വിശ്വാസ്യത നേടാനാണ് വാവേയ് ശ്രമിക്കുന്നതെന്ന് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വാവേയുടെ 5ജി സാങ്കേതിക വിദ്യ വാങ്ങാന്‍ യുഎസ്, യൂറോപ്പ് കമ്പനികള്‍ സജ്ജരാകുമോയെന്ന സംശയവും വിദഗ്ധര്‍ പ്രകടിപ്പിക്കുന്നുണ്ട്.

Categories: FK News, Slider
Tags: 5G, huawei