ഹോവാര്‍ഡ് ഷുള്‍സ് നേടിയത് ഇച്ഛാശക്തിയുടെ വിജയം

ഹോവാര്‍ഡ് ഷുള്‍സ് നേടിയത് ഇച്ഛാശക്തിയുടെ വിജയം

ഒന്നുമില്ലായ്മയില്‍ നിന്നും നേട്ടങ്ങള്‍ കൊയ്ത സംരംഭകരുടെ കഥ എന്നും എപ്പോഴും പ്രചോദനമാണ്. അത്തരത്തിലൊരു വ്യക്തിയാണ് സ്റ്റാര്‍ബക്‌സ് കോഫീ ശൃംഖലയുടെ ഉടമയായ ഹോവാര്‍ഡ് ഷുള്‍സ്.ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കോഫി കമ്പനിയും കോഫി ഷോപ് ശൃംഖലയുമാണ് സ്റ്റാര്‍ബക്‌സ്. ഒരു രാത്രി ഇരുണ്ടുവെളുക്കുന്ന വേഗത്തില്‍ വളര്‍ത്തിയെടുത്ത ഒന്നല്ല ഈ സംരംഭം. കോഫീ ഷോപ് ശൃംഖലകള്‍ അത്രകണ്ട് വിജയകരമല്ലാതിരുന്ന കാലത്ത്, വ്യത്യസ്തമായ സമീപനത്തിലൂടെ വിജയം കൈവരിച്ച സംരംഭമാണ് സ്റ്റാര്‍ബക്‌സ്. ഹോവാര്‍ഡ് ഷുള്‍സ് എന്നും വിജയം മാത്രം ആഗ്രഹിച്ചു കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്ന ഒരു വ്യക്തിയായിരുന്നു. ഏര്‍പ്പെടുന്നതെന്തിലും വിജയിക്കണമെന്നുള്ള അടങ്ങാത്ത അഭിനിവേശമാണ് ഷുള്‍സിനെ ഇക്കാലമത്രയും വിജയത്തില്‍ നിന്ന് വിജയത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ സംരംഭകര്‍ മാതൃകയാക്കേണ്ടതും അദ്ദേഹത്തിന്റെ അടങ്ങാത്ത ആത്മവിശ്വാസമാണ്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും നേടാത്ത ഒരു ട്രക്ക് ഡ്രൈവറുടെ മകനായി, ദാരിദ്യം നിറഞ്ഞ ഒരു വീട്ടില്‍ ജനിച്ച ഷുള്‍സ് എന്നും ആഗ്രഹിച്ചത് ജീവിതത്തില്‍ ഒന്നാമനാവണം എന്നതായിരുന്നു. അടിയുറച്ച ആ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സ്റ്റാര്‍ബക്‌സ് കോഫീ ഹൌസുകള്‍. ‘നാം എന്ത് ആഗ്രഹിക്കുന്നുവോ കാലാന്തരത്തില്‍ അത് ആയിത്തീരുന്നു’ എന്ന വലിയ തത്വത്തിന്റെ സാക്ഷാത്കരമാണ് ഹോവാര്‍ഡ് ഷുള്‍സ് സ്റ്റാര്‍ബക്‌സിലൂടെ നേടിയ വിജയം.

ഒരു കപ്പ് കാപ്പിക്കപ്പുറം ഇരുന്നു വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രീഹിക്കുന്ന, ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയുടെയും മനസ്സില്‍ സംശയംവിനാ കടന്നെത്തുന്ന പേരാണ് സ്റ്റാര്‍ബക്‌സ്. മുപ്പതിനായിരത്തിലേറെ ഷോപ്പുകളുമായി ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സ്റ്റാര്‍ബക്ക്‌സ് കാപ്പി കുടിക്കല്‍ എന്ന പ്രവര്‍ത്തിയുടെ സ്വഭാവം തന്നെ മാറ്റിമറച്ചു. കേവലം കാപ്പി വിതരണം ചെയ്യുക അതിനപ്പുറം മികച്ച അന്തരീക്ഷമൊരുക്കി കാപ്പികുടിയെ ഒരു സ്റ്റാറ്റസ് പ്രതീകമാക്കി മാറ്റിയ സ്ഥാപനമാണ് സ്റ്റാര്‍ബക്‌സ്. ഇന്ന് ലോകമെമ്പാടും ആവശ്യക്കാരുള്ള കോഫി ബ്രാന്‍ഡാണ് സ്റ്റാര്‍ബക്‌സ്. മുപ്പതിനായിരത്തിലേറെ ഷോപ്പുകളുമായി ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സ്റ്റാര്‍ബക്ക്‌സ് കാപ്പിപ്രേമികളുടെ ഇഷ്ടതാവളം കൂടിയാണ്. കേവലം ഒരു കപ്പ് കാപ്പികൊണ്ട് എങ്ങനെ കോടികളുടെ സമ്പാദ്യത്തിനു സ്റ്റാര്‍ബക്‌സ് അര്‍ഹമായി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സ്റ്റാര്‍ബക്‌സ് നേടിയ വിജയം. എല്ലാവരും കാപ്പി വിതരണം ചെയ്യുന്നു, എന്നാല്‍ സ്റ്റാര്‍ബക്‌സ് ഒരു കപ്പ് കാപ്പിക്കപ്പുറം ജീവിതത്തിലെ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് അവസരമൊരുക്കുന്നു. അസാധ്യമെന്ന് എല്ലാവരും പറഞ്ഞുതള്ളിയ ഒരു ആശയത്തെ ഒരു പോരാളിയുടെ മനസോടെ ലോകോത്തര വിജയത്തിലെത്തിച്ച ഹോവാര്‍ഡ് ഷുള്‍സ് എന്ന പരിശ്രമശാലിയുടെ വിജയം കൂടിയാണ് സ്റ്റാര്‍ബക്‌സ്.

രുചിവൈവിധ്യം കൊണ്ടും മുന്തിയ നിലവാരമുള്ള ഉപഭോക്തൃ പരിചരണത്താലും ലോകോത്തര ബ്രാന്‍ഡായി മാറിയ സ്റ്റാര്‍ബക്ക്‌സ് ടാറ്റയുടെ സഹസംരംഭമായി ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ബക്‌സ് വലിയ നിക്ഷേപത്തില്‍ ഏറെ പദ്ധതിയിട്ട് നടപ്പിലാക്കിയ ഒരു സംരംഭകത്വ ആശയമല്ല. ജീവിതത്തില്‍ ഏത് വിധേനയും വിജയം കൈവരിക്കണമെന്ന ആഗ്രഹത്തോടെ കഠിനാധ്വാനം ചെയ്ത് ഹൊവാഡ് ഷുള്‍സ് എന്ന അമേരിക്കക്കാരന്‍ നേടിയ വിജയമാണ്. ഇന്ന് ലോകത്തിലെ ഏത് മുന്‍നിര ബിസിനസ് സ്‌കൂളുകളിലെ സിലബസ് പരിശോധിച്ചാലും മുന്‍പന്തിയില്‍ ഹൊവാര്‍ഡ് ഷുള്‍സ് നേടിയ വിജയത്തിന്റെ കേസ് സ്റ്റഡി ഉണ്ടായിരിക്കും.

ശൂന്യതയില്‍ നിന്നും സ്വര്‍ഗം പടുത്തവന്‍

ഒന്നുമില്ലായ്മയില്‍ നിന്നും ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് ഹൊവാര്‍ഡ് ഷുള്‍സ് എന്ന് ഒരു മടിയും കൂടാതെ പറയാനാകും. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും നേടാത്ത ഒരു ട്രക്ക് ഡ്രൈവറുടെ മകനായി 1953ല്‍ ബ്രൂക്ക്‌ലിനില്‍ ജനിച്ച ഷുള്‍സിന്റെ ബാല്യകാലം ഏറെ ദുരിതം നിറഞ്ഞതായിരുന്നു. മാറിയുടുക്കാന്‍ വസ്ത്രമോ ആവശ്യത്തിന് ആഹാരമോ ഇല്ലാതെ ഏറെ ക്ലേശിച്ച ഷുള്‍സിന്റെ ഏക പ്രതീക്ഷ അമ്മയായിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ നിന്നും തന്റെ മകനെ ഏത് വിധേനയും രക്ഷപ്പെടുത്തണമെന്നാഗ്രഹിച്ച ആ ‘അമ്മ പഠനത്തില്‍ മുന്നേറുന്നതിനായി മകനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അമ്മയുടെ പ്രോല്‍സാഹനത്താല്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് അരിസോണ സര്‍വകലാശാലയില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. എന്നാല്‍ പലഘട്ടത്തിലും ബിരുദപഠനം പാതിവഴിയില്‍ നിലക്കുന്ന അവസ്ഥവന്നു. പ്രൊജക്റ്റ് നിര്‍മിക്കാനും മറ്റുമായി ധാരാളം പണം ആവശ്യമായി വന്നപ്പോള്‍ പഠനത്തോടൊപ്പം ഓരോരോ ജോലികള്‍ ചെയ്ത് വരുമാനമുണ്ടാക്കാന്‍ തുടങ്ങി. എന്നിട്ടും ആവശ്യത്തിന് പണം ലഭിക്കാതെ, ഫീസടക്കാനാവാതെ പലപ്പോഴും ക്ലാസില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നു. പണത്തിന് അത്യാവശ്യം നേരിട്ട ചില അവസരങ്ങളില്‍ സ്വന്തം രക്തം വില്‍ക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് ലോകം അറിയപ്പെടുന്ന സംരംഭകനായപ്പോള്‍ ഷുള്‍സ് തന്നെയാണ് അത് വ്യക്തമാക്കിയത്. എന്നാല്‍ പലവിധ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ഷുള്‍സ് തകര്‍ന്നില്ല. ക്ലേശകരമായ ജീവിതാനുഭവങ്ങള്‍ ഭാവിയില്‍ എന്ത് വെല്ലുവിളികളും നേരിടാനുള്ള കരുത്താണു ഷുള്‍സിനു പകര്‍ന്നുകൊടുത്തത്.

ക്ലേശങ്ങള്‍ക്ക് നടുവില്‍ ബിരുദം പൂര്‍ത്തിയാക്കി. ഉപജീവനത്തിനായി തെരെഞ്ഞെടുത്തത് മാര്‍ക്കറ്റിംഗ് രംഗമായിരുന്നു. മൂന്നു വര്‍ഷം സെറോക്‌സ് കമ്പനിയില്‍ സെയില്‍സ് മാനേജരായി. പിന്നീട് ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന സ്വീഡിഷ് കമ്പനിയായ ഹമാമാപ്ലാസ്റ്റില്‍ ചേര്‍ന്നു. കമ്പനിയുടെ ഉല്‍പന്നമായ കോഫി ഗ്രൈന്‍ഡര്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണു സ്റ്റാര്‍ബക്ക്‌സ് എന്ന കോഫി ഷോപ്പ് ഉടമകളെ പരിചയപ്പെടുന്നത്.ഷുള്‍സിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്നത് ഈ ബന്ധത്തെയാണ്. മുന്തിയ ഇനം കാപ്പിപ്പൊടികള്‍ വിറ്റിരുന്ന സ്റ്റാര്‍ബക്ക്‌സിന്റെ ഉല്‍പന്നങ്ങളുടെ മേന്മ ഷുള്‍സിനു ബോധ്യപ്പെട്ടു. സ്റ്റാര്‍ബക്‌സിന്റെ വലിയ രീതിയിലുള്ള വിപണന സാധ്യതകളെക്കുറിച്ചാണ് ഷുള്‍സ് ചിന്തിച്ചത്. കാപ്പി മാത്രം വില്‍ക്കുന്ന, ആഗോള നിലവാരത്തിലുള്ള ഒരു ഷോപ്പ് അന്ന് നിലവിലുണ്ടായിരുന്നില്ല.അതിനാല്‍ അത്തരത്തില്‍ ഒരു സ്ഥാപനത്തിന്റെ സാധ്യതകളെക്കുറിച്ച് ഷുള്‍സ് പഠിച്ചു. സ്റ്റാര്‍ബക്‌സിനെ പറ്റി കൂടുതല്‍ മനസിലാക്കുന്നതിനായി അതെ സ്ഥാപനത്തില്‍ മാനേജരായി ചേര്‍ന്ന്. ഷുള്‍സിന്റെ ഉള്ളിലെ സംരംഭകന്‍ രൂപപ്പെട്ടുവരുന്ന സമയമായിരുന്നു അത്.

നിലവിലുണ്ടായിരുന്ന നല്ല ജോലിയും വരുമാനവും ഉപേക്ഷിച്ചാണ് താരതമ്യേന ചെറുതായൊരു കടയുടെ മാര്‍ക്കറ്റിങ് ജോലി സ്വയം ഏറ്റെടുത്തത്.അത് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കിയെങ്കിലും ഷുള്‍സ് അത് കാര്യമാക്കിയില്ല. ഏത് വിധേനയും സ്റ്റാര്‍ബക്‌സിന്റെ കച്ചവടം വര്‍ധിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കച്ചവടം കൂട്ടുന്നതിനായി നിരവധി ആശയങ്ങളും നിര്‍ദേശങ്ങളും ഷുള്‍സ് അവതരിപ്പിച്ചെങ്കിലും സ്റ്റാര്‍ബക്ക്‌സ് ഉടമകള്‍ അതൊന്നും അംഗീകരിച്ചില്ല. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ജോലിയുടെ ഭാഗമായി ഇറ്റലി സന്ദര്‍ശിക്കുന്നത്. ഇറ്റാലിയന്‍ സന്ദര്‍ശന വേളയില്‍ കോഫി ഷോപ്പുകളില്‍ ജനം കൊച്ചുവര്‍ത്തമാനം പറഞ്ഞ് ആസ്വദിച്ചു കാപ്പി നുകരുന്നതു കണ്ടപ്പോള്‍ ഇതേ ആശയം അമേരിക്കയില്‍ അവതരിപ്പിക്കാന്‍ ഷുള്‍സ് ശ്രമിച്ചു. സ്റ്റാര്‍ബക്‌സിന്റെ ഉടമകളോട് ഈ ആശയം പങ്കുവച്ചപ്പോഴും നിരാശയായിരുന്നു ഫലം. പിന്നീട് അവിടെ പിടിച്ചു നില്‍ക്കുന്നതില്‍ കാര്യമില്ലെന്ന് മനസിലാക്കിയ ഷുള്‍സ് ജോലി ഉപേക്ഷിച്ചു സ്വന്തമായി ഒരു കോഫി ഷോപ്പ് തുടങ്ങി.

1986ല്‍ സിയാറ്റില്‍ കേന്ദ്രമായി ഷുള്‍സ് തുടങ്ങിയ ‘ഇല്‍ ജര്‍ണ്ണാലേ’ എന്ന കോഫി ഷോപ്പ് അമേരിക്കയില്‍ പുതിയ മാറ്റത്തിന് തുടക്കമിട്ടു. ഉന്നതഗുണനിലവാരത്തിലുള്ള ഒരു കപ്പ് കാപ്പി നുണഞ്ഞുകൊണ്ട് ആളുകള്‍ സാമ്യം പങ്കുവെക്കാനും മീറ്റിങ്ങുകള്‍ കൂടാനും ഭാവി പദ്ധതികള്‍ നിശ്ചയിക്കാനുമെല്ലാം തുടങ്ങി. സ്ഥാപനത്തിനുള്ളില്‍ മികച്ച അന്തരീക്ഷവും മികച്ച സര്‍വീസും കൊണ്ടുവരാന്‍ കൂടി തുടങ്ങിയതോടെ സ്ഥാപനം വിജയിച്ചു. ‘ഇല്‍ ജര്‍ണ്ണാലേ’ നേടിയ വിജയം സ്റ്റാര്‍ബക്‌സ് സംരംഭകരുടെ കണ്ണ് തുറപ്പിച്ചു. ഒരു വര്‍ഷത്തിനു ശേഷം താന്‍ തൊഴിലെടുത്തിരുന്ന സ്റ്റാര്‍ബക്ക്‌സ് ഷുള്‍സ് വിലയ്ക്കു വാങ്ങി. അതോടെ സ്റ്റാര്‍ബക്‌സ് പുതിയ ഉത്തരങ്ങള്‍ കീഴടക്കാന്‍ തുടങ്ങി.

1987ല്‍ ആറു ഷോപ്പുകളും 100 ജോലിക്കാരുമായി ഷുള്‍സ് തുടക്കമിട്ട സംരംഭം 10 വര്‍ഷത്തിനുള്ളില്‍ 1300 ഷോപ്പുകളും 25,000 ജോലിക്കാരുമായി വളര്‍ന്നു. നോക്കി നില്‍ക്കെ ഒരു സ്ഥാപനം ഉയരങ്ങളിലെത്തുന്ന അപൂര്‍വ നിമിഷമായിരുന്നു അത്. എന്തുകൊണ്ടാണ് ഇത്തരമൊരു സ്ഥാപനം അമേരിക്കയില്‍ വിജയം നേടിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഷുള്‍സിന്റെ ആശയവിനിമയ പാടവവും റിസ്‌ക്കെടുക്കാനുള്ള ധൈര്യവും ആത്മവിശ്വാസവുമാണ് എന്നതാണ്. സ്വന്തം ആശയത്തില്‍ ആദ്യത്തെ കട തുടങ്ങാനുള്ള പണം കണ്ടെത്താനായി 242 പേരെ സമീപിച്ചെങ്കിലും അവരില്‍ 217 പേരും ഷുള്‍സിന്റെ ആശയത്തെ പുച്ഛിച്ചു തള്ളി. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഷുള്‍സ് തയ്യാറായിരുന്നില്ല. ഒരു പ്രതിസന്ധിയിലും തളരാതെ മുന്നേറാന്‍ തക്ക ആത്മധൈര്യം ഷുള്‍സിന് ഉണ്ടായിരുന്നു. എന്നാല്‍ സ്റ്റാര്‍ബക്‌സ് എന്ന സംരംഭം വളരണം എന്നത് ലോകത്തിന്റെ തന്നെ അനിവാര്യതയായിരുന്നു. സ്റ്റാര്‍ബക്‌സില്‍ വെറുമൊരു ജീവനക്കാരനായിരുന്ന ഷുള്‍സ് കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തതിനു ശേഷമുള്ളത് സംരംഭക ലോകത്തെത്തന്നെ മാറ്റിമറിച്ച ചരിത്രമാണ്. ഒരൊറ്റ ഷോപ്പില്‍ നിന്നും ആരംഭിച്ച സ്റ്റാര്‍ബക്‌സിന് ഇന്ന് 43 രാജ്യങ്ങളിലായി 15000ലധികം കോഫി ഷോപ്പുകളും 1,50,000ലധികം ജീവനക്കാരുമുണ്ട് . ചൈനയില്‍ മാത്രം 800 സ്റ്റോറുകളുണ്ട്. 1987ല്‍ 11 സ്റ്റോറുകളും 100 ജീവനക്കാരുമുണ്ടായിരുന്നിടത്തു നിന്നാണ് സ്റ്റാര്‍ബക്‌സ് ഈ വളര്‍ച്ച നേടിയത്.

തികഞ്ഞ ആര്‍ത്മാര്‍ത്ഥതയോടും അര്‍പ്പണ മനോഭാവത്തോടും കൂടി ബിസിനസിനെ കാണുക, ഉപഭോക്താക്കളാണ് ദൈവമെന്ന് കരുതുക. മായം ചേര്‍ത്തു നേടുന്ന വിജയം വേണ്ടെന്ന് വക്കുക. ബിസിനസില്‍ വിജയിക്കുന്നതിന് ഇതിലും മികച്ച സൂത്രവാക്യങ്ങള്‍ ഒന്നുംതന്നെയില്ലെന്നാണ് ഹൊവാര്‍ഡ് ഷുള്‍സ് പറയുന്നത്

Categories: FK Special, Slider