എണ്ണ വിപണിയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍

എണ്ണ വിപണിയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍

സൗദി എണ്ണ വ്യവസായത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ മുഴുവന്‍ വിപണിയെയും ബാധിക്കും. മേഖലയെ സംഘര്‍ഷമുക്തമാക്കാനുള്ള നടപടികളിലേക്ക് രാജ്യങ്ങള്‍ തിരിയണം

യെമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയുടെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ സംവിധാനത്തിനെതിരെയാണ് കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ തങ്ങളുടെ എണ്ണ ഉല്‍പ്പാദനം പകുതിയായി കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. പ്രതിദിനം 5.7 ദശലക്ഷം ക്രൂഡ് ഉല്‍പ്പാദനത്തെയാണ് ഇത് ബാധിക്കുക. അതായത് ലോകത്തിലെ മൊത്തം എണ്ണ ഉല്‍പ്പാദനത്തിന്റെ അഞ്ച് ശതമാനത്തെ. അതേസമയം ലോകത്തിന്റെ ഊര്‍ജ വിതരണത്തിനെതിരെ ഇറാനാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. യെമനില്‍ നിന്നാണ് ആക്രമണമെന്നതിന് യാതൊരുവിധ തെളിവുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

സൗദിയിലെ അബ്‌ഖൈക്, ഹിജ്‌റത് ഖുറൈസ് എന്നിവിടങ്ങളിലെ അരാംകോ സംസ്‌കരണശാലകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് സൗദി സര്‍ക്കാരിന്റെ കീഴിലുള്ള അരാംകോ. ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന വിശേഷണം കൂടിയുള്ള അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന നടത്താനുള്ള തയാറെടുപ്പിലാണ് സൗദി. അവസാനവട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യുടെ പ്രധാന ഭാഗമാണ് അരാംകോ ഐപിഒ. ഈ പദ്ധതിയുമായി സൗദി മുന്നോട്ട് പോകുന്നതിനിടെയാണ് അരാംകോ എണ്ണ സംസ്‌കരണ ശാലകള്‍ക്ക് നേരെ വലിയ ആക്രമണം നടന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറിനടുത്ത് മൂല്യം കല്‍പ്പിക്കപ്പെടാന്‍ സാധ്യതയുള്ള കമ്പനിയാണ് അരാംകോ.

പത്തോളം ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള എണ്ണ വിപണിയിലും ആശങ്ക പടര്‍ന്നിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെയാണ് ഹൂത്തി വിമതരുടെ സൗദിയിലെ ഏറ്റവും വലിയ ആക്രമണമെന്നാണ് കരുതപ്പെടുന്നത്. യമനിലെ നാല് വര്‍ഷം നീണ്ട യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സൗദിക്കെതിരെയുള്ള നീക്കം.

അമേരിക്ക ഇറാനു മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം പശ്ചിമേഷ്യ അശാന്തിയുടെ നിഴലിലാണ്. ഇത്തരം ആക്രമണങ്ങള്‍ സംഘര്‍ഷം രൂക്ഷമാക്കുകയും വിശ്വാസ വിടവ് കൂട്ടുകയും ചെയ്യും. എണ്ണ വിലയില്‍ വന്‍വര്‍ധന വരുത്തുന്നതിനും ആക്രമണം വഴിയൊരുക്കും. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ പ്രതിദിനം ഏഴ് ദശലക്ഷം ബാരല്‍ എണ്ണയാണ് വിവിധ വിപണികളിലേക്കായി എത്തിക്കുന്നത്. അതുകൊണ്ടുതന്നെ സൗദിയുടെ എണ്ണശാലകളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമേല്‍പ്പിക്കുകയെന്ന ഉദ്ദേശ്യത്തിലാണ്. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഇറാന്റെ ഈ അപ്രതീക്ഷിത സാഹസമെന്നാണ് യുഎസ് സര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ പ്രശ്‌നം ഇത്രമാത്രം വഷളാക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വഹിച്ച പങ്കും വിസ്മരിച്ചുകൂടാ. തികച്ചും ഏകപക്ഷീയമായാണ് ഇറാനുമായുള്ള ആണവ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്മാറിയതും അവര്‍ക്കെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതും. അനവസരത്തിലുള്ള ഈ തെറ്റായ നീക്കമാണ് ഗള്‍ഫ് മേഖലയെ വീണ്ടും സംഘര്‍ഷാത്മകമാക്കി മാറ്റിയത്.

Categories: Editorial, Slider