ഊതിപ്പെരുക്കിയ വായുഗോളങ്ങള്‍

ഊതിപ്പെരുക്കിയ വായുഗോളങ്ങള്‍

2008 ല്‍ കാര്യമായി ഏശാതെ പോയ ആഗോള സാമ്പത്തിക പ്രതിസന്ധി ഇത്തവണ ഇന്ത്യയെയും കാര്യമായി ബുദ്ധിമുട്ടിക്കാനാരംഭിച്ചിട്ടുണ്ട്. യുഎസിലെ ലീമാന്‍ ബാങ്കിന്റെ പാപ്പരത്തമായിരുന്നു 2008 ലെ സാമ്പത്തിക തകര്‍ച്ചയുടെ പരിച്ഛേദമായത്. പൊളിയുന്നതിന് മുന്‍പ് ലീമാന്‍ ബ്രദേഴ്സിന്റെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റില്‍ ഉണ്ടായിരുന്ന തുകയ്ക്ക് ഏകദേശം അടുത്തുവരും അടുത്തയിടെ ഇന്ത്യയില്‍ പൊളിഞ്ഞതും ഇപ്പോള്‍ പൊളിയാന്‍ നില്‍ക്കുന്നതുമായ മൂന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് തുക. ഇത് ഏറെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്.

‘നിങ്ങളുടെ അയല്‍ക്കാരന് ജോലി നഷ്ടപ്പെട്ടാല്‍, അതിനെ സാമ്പത്തിക മാന്ദ്യം എന്ന് വിളിക്കാം. നിങ്ങളുടേത് നഷ്ടപ്പെടുമ്പോള്‍ ആണ് അത് സാമ്പത്തിക തകര്‍ച്ച ആവുന്നത്’

– ഹാരി എസ് ട്രൂമാന്‍ (മുന്‍ അമേരിക്കന്‍ പ്രസിഡന്റ്)

പതിനൊന്ന് വര്‍ഷം മുന്‍പ്, 2008 ല്‍ ലോക സമ്പദ്വ്യവസ്ഥയെ ഉലച്ച സാമ്പത്തിക മാന്ദ്യം അതിന് അഞ്ച് വര്‍ഷം മുന്‍പ് വാറന്‍ ബഫറ്റ് ഏകദേശം പ്രവചിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രാപ്തനായ നിക്ഷേപകന്‍ ആയിട്ടാണ് ബഫറ്റ് അറിയപ്പെടുന്നത്. ‘ഇപ്പോള്‍ തിരശീലയ്ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്നതും ഭാവിയില്‍ വിനാശകരവുമായ സര്‍വ്വസംഹാര ആയുധങ്ങള്‍ ആണ് ഡെറിവേറ്റീവ്‌സ്’ എന്ന് അദ്ദേഹം 2003 ല്‍ അദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക് എഴുതി. ഒരു സാമ്പത്തിക ആസ്തിയെ അടിസ്ഥാനപ്പെടുത്തി അതിന്റെ ഭാവി വ്യാപാരം സംബന്ധിച്ച് രണ്ടോ അതിലധികമോ ആളുകള്‍ തമ്മില്‍ മുന്‍കൂട്ടി ഏര്‍പ്പെടുന്ന കരാറിനെ ആണ് ഡെറിവേറ്റീവ് എന്ന് പറയുന്നത്. അടിസ്ഥാന ആസ്തിയില്‍ നിന്ന് വിട്ട് സ്വതന്ത്രമായി അതിന് നിലനില്‍പ്പില്ല. അവധി വ്യാപാരങ്ങള്‍ ഒരു ഡെറിവേറ്റീവ് ആണ്. ഒരു നിശ്ചിതമായ ഭാവി തിയതിയില്‍, അന്നത്തെ വിപണി വില എത്രയായാലും, ഒരു വസ്തു ഇത്ര രൂപയ്ക്ക് വാങ്ങാം അല്ലെങ്കില്‍ വില്‍ക്കാം എന്നാണ് കരാര്‍ വ്യവസ്ഥ ചെയ്യുന്നത്. സാധാരണ നിലയില്‍ വില തീരുമാനിക്കുന്നത് വിപണിയിലെ ലഭ്യത-ചോദനകളുടെ പ്രതി പ്രവര്‍ത്തനങ്ങള്‍ ആണ്. ആ സ്വാഭാവികവൃത്തിയ്ക്ക് ഭംഗം വരുത്തി കൃത്രിമവില സൃഷ്ടിക്കുകയാണ് ഡെറിവേറ്റീവുകള്‍ ചെയ്യുന്നത്. അതിലെ അപകടമാണ് വാറന്‍ ബഫറ്റ് തിരിച്ചറിഞ്ഞ് താക്കീത് തന്നത്.

2008 ലെ മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ഒരുവിധം ആടിയുലച്ചിലുകള്‍ ഒന്നും കൂടാതെ രക്ഷപെട്ട് നില്‍ക്കുവാന്‍ കാരണം അന്ന് നമുക്ക് ഡെറിവേറ്റീവ് വ്യാപാരം വളരെ കുറവായിരുന്നതും വായ്പകളുടെ ദ്വിതീയ വിപണി ഇല്ലാതിരുന്നതുമാണ്. അമേരിക്കയില്‍ ഡെറിവേറ്റീവ് വിപണി ആഴത്തില്‍ പടര്‍ന്നിരുന്നു. അതുപോലെ, വായ്പാദാതാക്കള്‍ക്ക് വായ്പകള്‍ പൊതിഞ്ഞ് കെട്ടി (securitization: packing and selling) വില്‍ക്കാനും യഥേഷ്ടം കഴിയുമായിരുന്നു. വായ്പ നല്‍കി, അതിന്റെ ആദ്യഗുണങ്ങള്‍ എടുത്തുകഴിഞ്ഞ് അവ മറ്റ് ബാങ്കുകള്‍ക്ക് വില്‍ക്കുക. അതാണ് വായ്പകളുടെ ദ്വിതീയ വിപണി. ഇന്ത്യന്‍ ബാങ്കിംഗ് സമ്പ്രദായത്തില്‍ ഒരേ ബാങ്ക് തന്നെയാണ് സേവിംഗ്‌സ് ബാങ്ക് എക്കൗണ്ടും ഫിക്‌സഡ് ഡെപ്പോസിറ്റ് എക്കൗണ്ടും നടത്തുന്നതും കൃഷി-വ്യവസായ-വ്യക്തിഗത വായ്പകള്‍ നല്‍കുന്നതും. എന്നാല്‍ അമേരിക്കന്‍ സമ്പ്രദായം അനുസരിച്ച് അവിടെ, ബ്രാഞ്ച് ബാങ്കിംഗിനെക്കാള്‍ അധികം യൂണിറ്റ് ബാങ്കിംഗ് ആണ്. അതായത് നമ്മുടെ നിക്ഷേപ ആവശ്യങ്ങള്‍ നടത്തുവാന്‍ പ്രാദേശികമായ കുട്ടി-കുട്ടി ബാങ്കുകള്‍. അവ കരുതല്‍ ശേഖരത്തിന് പുറത്തുള്ള തുക ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുടേതടക്കമുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നു. ഭവനവായ്പ അടക്കം, ജനങ്ങളുടെ വിവിധ മുതലിറക്കുകള്‍ക്ക് വായ്പ നല്‍കുന്നത് ഇത്തരം ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളാണ്. ഇന്ത്യയില്‍ ഇത്തരം ബാങ്കുകള്‍ ഇല്ല. പകരം, ആ സ്ഥാനത്ത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ആണ്. അവ ഹൗസിംഗ് ഫിനാന്‍സ്‌കമ്പനികള്‍, അസറ്റ് ഫിനാന്‍സ് കമ്പനികള്‍ എന്നെല്ലാം തരം തിരിക്കപ്പെട്ടിരിക്കുന്നു. 2008 ലെ മാന്ദ്യകാലത്ത് ഇന്ത്യയില്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ അത്ര പുഷ്ടി പ്രാപിച്ചിരുന്നില്ല.

പലിശനിരക്കുകള്‍ കൃത്രിമമായി കുറച്ചത് മൂലം സൃഷ്ടിക്കപ്പെട്ട വ്യാജ ഡിമാന്റ് നിമിത്തം 2003-2004 കാലഘട്ടത്തില്‍ ലോകമെങ്ങുമെന്നപോലെ അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസും വലിയ വളര്‍ച്ച പ്രാപിച്ചു. അന്ന് നിരവധി ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകള്‍ വലിയ തോതില്‍ ഭവന വായ്പകളില്‍ നിക്ഷേപിച്ചു. അതില്‍ ഏറ്റവും വലുതായിരുന്നു, ലീമാന്‍ ബ്രദേഴ്‌സ്. ജര്‍മ്മനിയില്‍ നിന്ന് അമേരിക്കയിലെ അലബാമയിലേക്ക് കുടിയേറിയ ഹെന്റി ലീമാന്‍ ഒരു പലചരക്ക് കടയായി തുടങ്ങിയ സ്ഥാപനമാണ് വളര്‍ന്ന് വലുതായി സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കത്തക്കവണ്ണം (Systemically Important) ആയി മാറിയത്. റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വളര്‍ച്ച പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുവാന്‍ ലീമാന്‍ വേറെ അഞ്ച് ഭവന വായ്പാ ദാതാക്കളെ ഏറ്റെടുത്തു. വായ്പക്കാരന്റെ വീടിനോടുള്ള മാനസിക പ്രതിപത്തി അത് നഷ്ടപ്പെടുത്താതിരിക്കാന്‍ അവനെ പ്രേരിപ്പിക്കും എന്ന വിശ്വാസത്തില്‍ ഇത്തരം ഭവനവായ്പാദാതാക്കള്‍ വരുമാന നിബന്ധനപ്രകാരം വായ്പയ്ക്ക് യഥാര്‍ത്ഥത്തില്‍ അര്‍ഹതയില്ലാത്തവരെ കൂടി വായ്പക്കാരാക്കി. അതാണ് പ്രഥമ-നിമ്‌ന (Subprime) വായ്പകള്‍ അഥവാ ‘ദരിദ്ര അമേരിക്കക്കാരന്റെവായ്പകള്‍’. നേരിട്ട് നല്‍കിയവയ്ക്ക് പുറമേ 2006 ല്‍ മാത്രം 146 ബില്യണ്‍ ഡോളര്‍ (ഇന്നത്തെ കണക്കില്‍ ഏകദേശം പത്ത് ലക്ഷം കോടി രൂപ) മറ്റ് ദാതാക്കളുടെ വായ്പകള്‍ വാങ്ങി.

2005 ല്‍, അന്ന് ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രഘുറാം രാജന്‍ (പിന്നീട് 2013 ല്‍ ഭാരതീയ റിസര്‍വ് ബാങ്ക് ഗവര്‍ണറായി) ഒരു പ്രബന്ധം അവതരിപ്പിച്ചതില്‍ ഇപ്രകാരം പറഞ്ഞു: ‘അന്തര്‍-ബാങ്ക് ഇടപാടുകള്‍ മരവിക്കാന്‍ സാധ്യതയുണ്ട്, ഒരു പൂര്‍ണ്ണ സാമ്പത്തിക പ്രതിസന്ധി ആഗതമാവുകയാണ്’. ഇത് പറഞ്ഞതിന്, അന്ന്, വിതണ്ഡവാദക്കാര്‍ ഒന്നടങ്കം രാജനെ പുച്ഛിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അമേരിക്കന്‍ ട്രഷറി സെക്രട്ടറി ലാറി സ്മേഴ്‌സ്, രഘുറാം രാജനെ വിളിച്ചത് വികസനവിരുദ്ധന്‍ (luddite) എന്നാണ്. എന്നാല്‍ ആ വര്‍ഷം ഡിസംബര്‍ 22 നും 30 നും ഇടയില്‍ അമേരിക്കന്‍ ട്രഷറി ബോണ്ടിന്റെ ഹ്രസ്വകാല-ദീര്‍ഘകാല നിരക്കുകള്‍ വര്‍ധിക്കാന്‍ തുടങ്ങി. നിരക്ക് അടക്കിനിര്‍ത്താനുള്ള അമേരിക്കന്‍ റിസര്‍വ് ബാങ്ക് (ഫെഡറല്‍ റിസര്‍വ്) ശ്രമങ്ങള്‍ ഫലം കണ്ടില്ല. മറുവശത്ത് നിര്‍മ്മാണ രംഗത്ത് ഡിമാന്റ് കുറയുകയും തൊഴില്‍നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കക്കാരന്റെ രണ്ട് വിശ്വാസങ്ങള്‍ തകര്‍ന്നുവീഴുന്നു: ഒന്ന്: പലിശ നിരക്ക് വര്‍ധിക്കില്ല. രണ്ട്: തൊഴില്‍ നഷ്ടപ്പെടുകയോ ശമ്പളം കുറയുകയോ ചെയ്യില്ല.

2006 ല്‍ ഫെഡറല്‍ റിസര്‍വ് തന്നെ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങി. അതോടെ, തിരിച്ചടവിന്റെ മാസതവണയില്‍ വര്‍ധന വന്നു. തന്റെ വീടിന്റെ വിലയേക്കാള്‍ തനിയ്ക്ക് തിരിച്ചടയ്ക്കേണ്ടി വരുന്നു എന്ന് മനസ്സിലാക്കിയ വായ്പ്പക്കാരന്‍ ഭവന വായ്പകളില്‍ അടവ് വീഴ്ച വരുത്തുവാന്‍ തുടങ്ങി. അടവ് വീഴ്ച വന്ന വീടുകള്‍ പിടിച്ചെടുത്ത് വില്‍ക്കാന്‍ ബാങ്കുകള്‍ തുടങ്ങിയതോടെ, റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വില താണു. വില താഴുന്നതനുസരിച്ച് കൂടുതല്‍ പേര്‍ വീഴ്ച വരുത്തുകയും ആ വീടുകള്‍ കൂടി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുകയും ചെയ്തു. ഈ ചക്രം കറങ്ങും തോറും ബാങ്കുകളുടെ ആസ്തി മൂല്യത്തില്‍ ഇടിവ് വന്നു. വീട് വില കുറഞ്ഞപ്പോള്‍ ബാങ്കുകള്‍ക്ക് തമ്മില്‍ വിശ്വാസമില്ലാതായി. ഈ അവിശ്വാസം മൂലം 2007 ല്‍ ലീമാന്‍ ബ്രദേഴ്‌സ് അടക്കമുള്ളവരുടെ ബോണ്ടുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ള ബീര്‍ സ്റ്റെര്‍ണ്‍സിന്റെ രണ്ട് ഹെഡ്ജ് ഫണ്ടുകള്‍ പൊളിയുന്നുണ്ട്. ഒടുവില്‍, ഇതെഴുതുന്നതിന് കൃത്യം പതിനൊന്ന് വര്‍ഷം മുന്‍പ്, 2008 സെപ്റ്റംബര്‍ 15 ന് ലീമാന്‍ ബ്രദേഴ്‌സ് പാപ്പരത്തം പ്രഖ്യാപിച്ചു. ലീമാന്‍ ബ്രദേഴ്സ്, മറ്റ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളെ പോലെ തന്നെ, റീപോ (റീ-പര്‍ച്ചേസ്) എന്ന ഹ്രസ്വകാല സ്രോതസില്‍ നിന്ന് ബില്യണ്‍ കണക്കിന് തുക വായ്പയെടുത്താണ് ദീര്‍ഘകാല പദ്ധതികളില്‍ മുടക്കിയത്. റീപോ നിരക്കുകള്‍ വായ്പാ നിരക്കുകളില്‍ പ്രതിഫലിക്കാനായിരുന്നു ഈ അടിസ്ഥാനതത്വ വിരുദ്ധ രീതി എന്ന് പല ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളും സമ്മതിച്ചിട്ടുണ്ട്.

ലീമാന്‍ ബ്രദേഴ്സിന്റെ പതനം ആയിരുന്നില്ല 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് കാരണം. മറിച്ച്, ആ തകര്‍ച്ച, സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനം ആയിരുന്നു. ഡിമാന്റിലുള്ള കുറവ്, തന്മൂലം ഉല്‍പ്പാദനം കുറയ്ക്കുക അല്ലെങ്കില്‍ നിലയ്ക്കുക, തൊഴില്‍ നഷ്ടം, കൃത്രിമമായി പലിശ കുറയ്ക്കുക, വസ്തുക്കളുടെ ഡിമാന്‍ഡ് കൂട്ടാന്‍ അവയ്ക്ക് പ്രഥമ-നിമ്‌ന (Subprime) വായ്പകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ നിര്‍ബന്ധിതമാവുക എന്നതെല്ലാം മാന്ദ്യത്തിന്റെ നാന്ദീ സൂചകങ്ങള്‍ ആണ്. ആദ്യം പറഞ്ഞത് പോലെ, അന്ന് ഭവന വായ്പാ കമ്പനികള്‍ വ്യാപകമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഇന്നതല്ല സ്ഥിതി. പൊളിയുന്നതിന് മുന്‍പ് ലീമാന്‍ ബ്രദേഴ്സിന്റെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റില്‍ ഉണ്ടായിരുന്ന തുകയ്ക്ക് ഏകദേശം അടുത്തുവരും അടുത്തയിടെ ഇന്ത്യയില്‍ പൊളിഞ്ഞതും ഇപ്പോള്‍ പൊളിയാന്‍ നില്‍ക്കുന്നതുമായ മൂന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് തുക. നമ്മള്‍ സമ്പദ്വ്യവസ്ഥയെ ബലൂണ്‍ പോലെ ഊതിപ്പെരുപ്പിക്കാനാണ് നോക്കുന്നത്. ഒരു മൊട്ടുസൂചിയുടെ ദംശനം മതി ആ വായുഗോളം പൊട്ടാന്‍. 2008 ല്‍ അമേരിക്കയില്‍ ഉണ്ടായിരുന്ന മറ്റ് ലക്ഷണങ്ങള്‍ ഇന്ന് അവിടെയോ ഇവിടെയോ ഉണ്ടോ എന്ന് പരിശോധിക്കുക. ‘കഴിഞ്ഞ പ്രതിസന്ധിയുടെ ഓര്‍മ്മകള്‍ മായുന്ന സമയത്താണ് കൃത്യമായി അടുത്ത പ്രതിസന്ധി സംഭവിക്കുന്നത്. ഭയമില്ലാത്ത ആളുകള്‍ കസേരകളില്‍ ഇരിക്കുമ്പോള്‍ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നു’ എന്ന് ഗാര്‍ഡിയന്‍ പത്രം ഒരിക്കല്‍ പഴമൊഴി ഉദ്ധരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. നമ്മുടെ ജീവനോപാധികള്‍ നഷ്ടപ്പെടുന്നതുവരെ മാന്ദ്യം ഘടനാപരമാണോ ചാക്രികമാണോ എന്ന തത്വചിന്തയില്‍ ഏര്‍പ്പെടാന്‍ നമുക്ക് സമയമുണ്ട്.

Categories: FK Special, Slider