കലോറി നിയന്ത്രണവും വ്യായാമവും ഒരുമിച്ചു വേണ്ട

കലോറി നിയന്ത്രണവും വ്യായാമവും ഒരുമിച്ചു വേണ്ട

കലോറി നിയന്ത്രണത്തിനൊപ്പമുള്ള വ്യായാമം എല്ലുകളെ കൂടുതല്‍ ദുര്‍ബലമാക്കും

കലോറി നിയന്ത്രണവും വ്യായാമവും ഒരുമിച്ച് കൊണ്ടു പോകുന്നത് ദോഷകരമാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് അസ്ഥിവളര്‍ച്ചയെ മുരടിപ്പിക്കുകയും ദുര്‍ബലമാക്കുകയും ചെയ്യുന്നു. എലികളില്‍ നടത്തിയ മുന്‍കാല പഠനങ്ങള്‍, സാദാ കലോറിക മൂല്യമുള്ളതും ഉയര്‍ന്ന കലോറിയുള്ളതുമായ ഭക്ഷണക്രമത്തിനൊപ്പം വ്യായാമം ചെയ്യുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. മായ സ്‌റ്റൈനര്‍ പറയുന്നു. ഗവേഷണഫലങ്ങള്‍ ജേണല്‍ ഓഫ് ബോണ്‍ ആന്റ് മിനറല്‍ റിസര്‍ച്ച് പേപ്പറില്‍ വിവരിക്കുന്നു.

അസ്ഥി ഒരു നിഷ്‌ക്രിയ വസ്തുവല്ല, സജീവമായി വളരുന്ന അവയവമാണ്. കുട്ടിക്കാലത്ത് പഴയ അസ്ഥികള്‍ ക്ഷയിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പുതിയ അസ്ഥികള്‍ രൂപപ്പെടുന്നു. 20-30 വയസ്സ് വരെ അസ്ഥി വളരുന്നു, ഈ സമയത്താണ് ആളുകളിലെ അസ്ഥിവളര്‍ച്ച ഉയര്‍ന്ന നിലയിലെത്തുന്നത്. 30 വയസാകുമ്പോള്‍ ആരംഭിക്കുന്ന അസ്ഥിക്ഷയം കുറയ്ക്കാന്‍ കൃത്യമായ വ്യായാമം, പുകവലിയും അമിതമദ്യപാനവുമൊഴിവാക്കല്‍, ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

അസ്ഥി രൂപപ്പെടുന്നത് വളരെ മന്ദഗതിയിലും, ക്ഷയിക്കല്‍ വളരെ വേഗത്തിലുമാകുമ്പോഴാണ് അസ്ഥിക്ഷയം (ഓസ്റ്റിയോപൊറോസിസ്) സംഭവിക്കുന്നത്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന ഈ രോഗം എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ഒടിവുണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓസ്റ്റിയോപൊറോസിസ് 25% സ്ത്രീകളെ ബാധിക്കുമ്പോള്‍ വെറും അഞ്ച് ശതമാനം മാത്രമാണ് 65 വയസു തികഞ്ഞ പുരുഷന്മാരെ ബാധിക്കുന്നത്.

സ്ത്രീകളില്‍ ഓസ്റ്റിയോപൊറോസിസ് കൂടുതലായി കാണപ്പെടുന്നതിന്റെ ഒരു കാരണം എല്ലുകള്‍ ചെറുതും കനംകുറഞ്ഞതുമാണെന്നതിനാലാണ്. അസ്ഥികളെ സംരക്ഷിക്കാന്‍ കഴിയുന്ന ഹോര്‍മോണായ ഈസ്ട്രജന്‍ ഉല്‍പ്പാദനം ആര്‍ത്തവവിരാമത്തോടെ പെട്ടെന്ന് കുറയുന്നു എന്നതാണ് മറ്റൊരു കാരണം. പുതിയ കണ്ടെത്തലുകള്‍ സ്ത്രീകളുടെ കാര്യത്തില്‍ സവിശേഷ പ്രസക്തമാകുമെന്ന് സ്‌റ്റൈനര്‍ അഭിപ്രായപ്പെടുന്നു. പ്രായമാകുമ്പോള്‍ അവരുടെ അസ്ഥികളുടെ ആരോഗ്യം സ്വാഭാവികമായി വഷളാകാന്‍ തുടങ്ങുന്നു. കലോറി ഉപഭോഗവും ദൈനംദിന വ്യായാമവും അസ്ഥികളെ ദുര്‍ബലമാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗവേഷണത്തില്‍ അസ്ഥി മജ്ജ കൊഴുപ്പിലാണ് സ്‌റ്റൈനറും സഹപ്രവര്‍ത്തകരും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് മനുഷ്യരിലും മറ്റ് സസ്തനികളിലും എല്ലുകള്‍ക്ക് ദോഷകരമാണെന്ന് അവര്‍ സംശയിക്കുന്നു. അസ്ഥിമജ്ജ കൊഴുപ്പിന്റെ അളവ് സാധാരണ അസ്ഥികളുടെ ആരോഗ്യത്തിന്റെ സൂചനയാണെന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അസ്ഥിമജ്ജ കൊഴുപ്പുമായി കലോറി ഉപഭോഗം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും വ്യായാമം ഈ ബന്ധത്തെ എങ്ങനെ സ്വാധീനിക്കുമെന്നും സ്‌റ്റൈനര്‍ പരിശോധിച്ചു.

അമിതമായ കലോറി ഉപഭോഗം അമിതവണ്ണത്തിലേക്ക് നയിക്കുമ്പോള്‍ അസ്ഥിമജ്ജ കൊഴുപ്പിന്റെ അളവ് ഉയരുമെന്ന് പഠനങ്ങള്‍ തെളിയിച്ചു. സാധാരണ ഭാരമുള്ള എലികളും അമിതവണ്ണമുള്ള എലികളും വ്യായാമം ചെയ്യുമ്പോള്‍, ഇത് അവരുടെ അസ്ഥി മജ്ജയിലെ കൊഴുപ്പ് കുറയുകയും അസ്ഥികളുടെ ഭാരം മെച്ചപ്പെടുകയും ചെയ്യുന്നുവെന്നും അവര്‍ കണ്ടെത്തി. കലോറി നിയന്ത്രിത എലികളുടെ ഭാരം കുറയുന്നുണ്ടെങ്കിലും അവയുടെ അസ്ഥി മജ്ജയിലെ കൊഴുപ്പിന്റെ അളവ് ഗണ്യമായി വര്‍ദ്ധിച്ചുവെന്ന് പഠനഫലങ്ങള്‍ കാണിക്കുന്നു.

കലോറി നിയന്ത്രിത എലികളിലെ അസ്ഥികളുടെ നഷ്ടം കലോറി കുറയ്ക്കുന്നതും പോഷകങ്ങളുടെ അഭാവവും മൂലമാണ്. കലോറി നിയന്ത്രണത്തിനൊപ്പം വ്യായാമം ചെയ്യുന്നത് അസ്ഥിമജ്ജ കൊഴുപ്പ് കുറയ്ക്കുന്നതിലേക്ക് നയിക്കുകയും എല്ലിന്റെ അളവും ഗുണനിലവാരവും കുറയ്ക്കുന്നതിനു കാരണമാകുകയും ചെയ്തു. വളരെ പോഷകഗുണമുള്ള കുറഞ്ഞ കലോറി ഡയറ്റ് പോലും അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പരീക്ഷണഫലങ്ങള്‍ കാണിക്കുന്നത്.

Comments

comments

Categories: Health