ബിഎസ് 6 ഹോണ്ട ആക്റ്റിവ 125 അവതരിപ്പിച്ചു

ബിഎസ് 6 ഹോണ്ട ആക്റ്റിവ 125 അവതരിപ്പിച്ചു

സ്റ്റാന്‍ഡേഡ്, അലോയ്, ഡീലക്‌സ് എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 67,490 രൂപ, 70,990 രൂപ, 74,490 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ഹോണ്ട തങ്ങളുടെ ആദ്യ ബിഎസ് 6 ഇരുചക്ര വാഹനം വിപണിയില്‍ അവതരിപ്പിച്ചു. ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആക്റ്റിവ 125 സ്‌കൂട്ടറാണ് വിപണിയിലെത്തിച്ചത്. സ്റ്റാന്‍ഡേഡ്, അലോയ്, ഡീലക്‌സ് എന്നീ മൂന്ന് വേരിയന്റുകളില്‍ പുതിയ ഹോണ്ട ആക്റ്റിവ 125 ലഭിക്കും. യഥാക്രമം 67,490 രൂപ, 70,990 രൂപ, 74,490 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. അതായത്, ബിഎസ് 6 ആക്റ്റിവ 125 സ്‌കൂട്ടറിന്റെ ബേസ് വേരിയന്റിന് നിലവിലെ ആക്റ്റിവ 125 മോഡലിന്റെ ടോപ് സ്‌പെക് ഡിസ്‌ക് വേരിയന്റിനേക്കാള്‍ 2,478 രൂപ അധികം വില വരും. പുതിയ ആക്റ്റിവ 125 നാല് നിറങ്ങളില്‍ ലഭിക്കും. മൂന്ന് വര്‍ഷ വാറന്റിയോടെയാണ് പുതിയ ആക്റ്റിവ 125 വരുന്നത്. ഇത് മൂന്ന് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാം.

124 സിസി ബിഎസ് 6 എന്‍ജിന്‍ ഇപ്പോള്‍ 6,500 ആര്‍പിഎമ്മില്‍ 8.1 എച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. വിപണി വിടുന്ന മോഡല്‍ 6,500 ആര്‍പിഎമ്മില്‍ 8.52 കുതിരശക്തിയാണ് പുറപ്പെടുവിച്ചിരുന്നത്. മാത്രമല്ല, നിലവിലെ മോഡല്‍ കാര്‍ബുറേറ്റഡ് എന്‍ജിനാണ് ഉപയോഗിക്കുന്നതെങ്കില്‍ ബിഎസ് 6 ഹോണ്ട ആക്റ്റിവ 125 സ്‌കൂട്ടറിന് കരുത്തേകുന്നത് ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് (എഫ്‌ഐ) എന്‍ജിനാണ്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനൊപ്പം മെച്ചപ്പെട്ട ഇന്ധനക്ഷമത ലഭിക്കുന്നതിനും എഫ്‌ഐ എന്‍ജിന്‍ സഹായിക്കും.

കൂടുതല്‍ ഷാര്‍പ്പ് ലുക്കിംഗ് ഹെഡ്‌ലൈറ്റ് & മുന്‍ഭാഗം, ചെറുതായി പുനര്‍രൂപകല്‍പ്പന ചെയ്ത ഏപ്രണ്‍, സൈഡ് പാനലുകളില്‍ ക്രോം അലങ്കാരം എന്നിവയാണ് ഭംഗി വര്‍ധിപ്പിക്കുന്ന മാറ്റങ്ങള്‍. ‘ശബ്ദമില്ലാത്ത’ സ്റ്റാര്‍ട്ടര്‍ സിസ്റ്റം, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റേഷന്‍, ഐഡില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം എന്നിവ പുതിയ ഫീച്ചറുകളില്‍ ചിലതാണ്. തല്‍സമയ ഇന്ധനക്ഷമത ഡിസ്‌പ്ലേ ചെയ്യുന്നതാണ് പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍ സഹിതം സൈഡ് സ്റ്റാന്‍ഡ് ഡൗണ്‍ ഇന്‍ഡിക്കേറ്റര്‍, ഗ്ലൗവ് ബോക്‌സ്, പുറമേക്കൂടി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം എന്നിവ മറ്റ് പരിഷ്‌കാരങ്ങളാണ്. ഇവയെല്ലാം സ്‌കൂട്ടറിന്റെ പ്രായോഗികത വര്‍ധിപ്പിക്കുന്നതും ഉപയോഗം എളുപ്പമാക്കിത്തീര്‍ക്കുന്നതുമാണ്.

Categories: Auto