ബ്ലാക്ക് സ്‌റ്റൈലിഷ് പാക്കേജില്‍ ഔഡി ക്യു7 ബ്ലാക്ക് എഡിഷന്‍

ബ്ലാക്ക് സ്‌റ്റൈലിഷ് പാക്കേജില്‍ ഔഡി ക്യു7 ബ്ലാക്ക് എഡിഷന്‍

ഇന്ത്യ എക്‌സ് ഷോറൂം വില 82.15 ലക്ഷം രൂപ

ന്യൂഡെല്‍ഹി: ഔഡിയുടെ പതാകവാഹക എസ്‌യുവിയായ ക്യു7 മോഡലിന്റെ ബ്ലാക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 82.15 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ ഇന്ത്യ എക്‌സ് ഷോറൂം വില. നൂറ് എണ്ണം ഔഡി ക്യു7 ബ്ലാക്ക് എഡിഷന്‍ മാത്രമായിരിക്കും നിര്‍മ്മിക്കുന്നത്. ഉല്‍സവ സീസണ്‍ മുന്നില്‍ക്കണ്ടാണ് പ്രത്യേക പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. യുവാക്കളായ ഉപയോക്താക്കളെയാണ് ലക്ഷ്യം വെയ്ക്കുന്നത്.

ബാഹ്യമായ പരിഷ്‌കാരങ്ങളുമായാണ് ഔഡി ക്യു7 ബ്ലാക്ക് എഡിഷന്‍ വരുന്നത്. ബ്ലാക്ക് സ്‌റ്റൈലിഷ് പാക്കേജ് എസ്‌യുവി എടുത്തണിഞ്ഞിരിക്കുന്നു. മോടി വര്‍ധിപ്പിക്കുന്ന ഈ പരിഷ്‌കാരങ്ങള്‍ ലഭിച്ചതോടെ സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്ടിയും ഉല്‍സാഹഭരിതനുമാണ് ബ്ലാക്ക് എഡിഷന്‍. ഔഡിയുടെ തനത് ഗ്രില്ലില്‍ ടൈറ്റാനിയം ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കിയിരിക്കുന്നു. ഡോറുകളില്‍ സ്ട്രിപ്പ് ആയും വിന്‍ഡോ ലൈനിലും ഹൈ ഗ്ലോസ് ബ്ലാക്ക് ട്രീറ്റ്‌മെന്റ് കാണാം. റൂഫ് റെയിലുകളും റിയര്‍ സ്‌പോയ്‌ലറും തീര്‍ത്തിരിക്കുന്നത് മാറ്റ് ബ്ലാക്കിലാണ്. അലോയ് വീലുകളില്‍ ‘ടൈറ്റന്‍ ബ്ലാക്ക്’ നല്‍കി. കാറിനകത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

മെക്കാനിക്കല്‍ മാറ്റങ്ങളും വരുത്തിയില്ല. 2.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇപ്പോഴും എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 248 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ മോട്ടോര്‍ പുറപ്പെടുവിക്കുന്നത് 245 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമാണ്. രണ്ട് എന്‍ജിനുകളുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു.

Comments

comments

Categories: Auto
Tags: Audi Q7