വില കുറച്ച് വിപണി കീഴടക്കാന്‍ ആപ്പിള്‍

വില കുറച്ച് വിപണി കീഴടക്കാന്‍ ആപ്പിള്‍

സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായ രംഗത്ത് ചില സുവര്‍ണ നിലവാരങ്ങളുടെ അഥവാ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡിന്റെ (Gold Standard) പേരിലാണ് ആപ്പിള്‍ ഐ ഫോണ്‍ അറിയപ്പെടുന്നത്. ഒന്നാമത്തേത്, ഡിസൈനിന്റെ കാര്യത്തിലാണ്. രണ്ടാമത്തേത് ഫെയ്‌സ് ഐഡി അണ്‍ലോക്കിംഗ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ പേരിലും. ഓരോ വര്‍ഷവും ആപ്പിള്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇതിന് ഉദാഹരണവുമാണ്. എന്തെങ്കിലുമൊക്കെ പുതുമകള്‍ അവയില്‍ ഉണ്ടാവും. അതു കൊണ്ടാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ആദ്യ ആഴ്ചകളില്‍ കാലിഫോര്‍ണിയയിലെ ക്യൂപര്‍ട്ടിനോയിലുള്ള ആപ്പിളിന്റെ ആസ്ഥാനകേന്ദ്രത്തിലേക്ക് ലോകം ശ്രദ്ധ കൊടുക്കുന്നതും. സെപ്റ്റംബര്‍ ആദ്യ ആഴ്ചകളിലാണല്ലോ ആപ്പിള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കുന്നത്.

വര്‍ഷങ്ങളായി, ആപ്പിള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് അത്ഭുതങ്ങള്‍ നിറച്ചു കൊണ്ടാണ്. ലോകത്തെ വിസ്മയിപ്പിക്കാന്‍ തക്കവിധമുള്ള ഘടകങ്ങള്‍ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ആപ്പിളിനു സാധിക്കാറുണ്ട്. അതോടൊപ്പം ആ പുതിയ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്നു നില്‍ക്കുന്നതുമാണ്. പക്ഷേ, ഇപ്രാവിശ്യം പുതിയ പ്രൊഡക്റ്റ് ലോഞ്ച് ചെയ്തപ്പോള്‍ വിലയുടെ കാര്യത്തില്‍ ആപ്പിള്‍ മൃദു സമീപനം സ്വീകരിച്ചിരിക്കുകയാണ്. കൂടുതല്‍ വിലയേറിയ ഫോണുകള്‍ സ്വന്തമാക്കുവാന്‍ താല്‍പര്യം കാണിക്കാത്തവരെ ആപ്പിള്‍ ശ്രദ്ധിക്കുന്നു അഥവാ അവരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്തവണയുണ്ടായത്.
ചൊവ്വാഴ്ച (സെപ്റ്റംബര്‍ 10) ആപ്പിള്‍ പുതിയ മൂന്ന് ഐ ഫോണുകള്‍ പുറത്തിറക്കുകയുണ്ടായി. ഐ ഫോണ്‍ 11, ഐ ഫോണ്‍ പ്രോ, ഐ ഫോണ്‍ 11 പ്രോ മാക്‌സ് എന്നിവയായിരുന്നു ആപ്പിള്‍ ചൊവ്വാഴ്ച അവതരിപ്പിച്ചത്. ഇതില്‍ ഐ ഫോണ്‍ 11-ന്റെ വില 700 ഡോളറാണ്. ഇത് ഇന്ത്യയില്‍ ഏകദേശം 64,900 രൂപയോളം വരും. ആപ്പിള്‍ പുറത്തിറക്കിയ മൂന്ന് ഐ ഫോണുകളില്‍ എന്‍ട്രി ലെവല്‍ ഫോണ്‍ എന്നു പറയുന്നതും ഐ ഫോണ്‍ 11 ആണ്. എന്നാല്‍ കൂടുതല്‍ അഡ്വാന്‍സ്ഡ് മോഡല്‍ എന്നു വിശേഷിപ്പിക്കുന്ന ഐ ഫോണ്‍ 11 പ്രോ, ഐ ഫോണ്‍ 11 പ്രോ മാക്‌സ് തുടങ്ങിയ മോഡലുകള്‍ക്ക് വില യഥാക്രമം 1000, 1100 ഡോളറാണ്. (99,900, 1,09,900 രൂപ). കഴിഞ്ഞ വര്‍ഷം ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണ്‍ എക്‌സ് ആറിന്റെ പിന്‍ഗാമിയാണ് ഐ ഫോണ്‍ 11. ഐ ഫോണ്‍ XSന്റെ പിന്‍ഗാമിയാണ് ഐ ഫോണ്‍ 11 പ്രോ. ഐ ഫോണ്‍ XS Max-ന്റെ പിന്‍ഗാമിയാണ് ഐ ഫോണ്‍ 11 പ്രോ മാക്‌സ്.

ആപ്പിള്‍ ഓരോ വര്‍ഷവും പുറത്തിറക്കുന്ന ഐ ഫോണുകളുടെ വില മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിപ്പിക്കുകയാണു സാധാരണയായി ചെയ്യുന്നത്. പ്രത്യേകിച്ച്, ആഗോളതലത്തില്‍ ഐ ഫോണുകളുടെ വില ഇടിയുന്ന സാഹചര്യമുണ്ട്. അതിനാല്‍ വരുമാനം ഉയര്‍ത്തിക്കൊണ്ടു വരാന്‍ കൂടിയാണ് വില ഉയര്‍ത്തുന്നത്. എന്നാല്‍ ഈ വര്‍ഷം പതിവിനു വിപരീതമായി ഐ ഫോണ്‍ വില കുറയ്ക്കുകയാണ് ആപ്പിള്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐ ഫോണ്‍ എക്‌സ് ആര്‍ (iPhone XR) നെ അപേക്ഷിച്ച് പിന്‍ഗാമിയായ ഐ ഫോണ്‍ 11ന്റെ വിലയില്‍ 12,000 രൂപയുടെ കുറവാണ് ആപ്പിള്‍ വരുത്തിയിരിക്കുന്നത്.

iPhone XR, XS,XS Max എന്നീ മൂന്ന് മോഡലുകളായിരുന്നു 2018-ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണുകള്‍. ഇതില്‍ iPhone XR ആയിരുന്നു ഏറ്റവും വില കുറഞ്ഞ ഫോണ്‍. വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയതും ഈ മോഡലായിരുന്നു. iPhone XS, XS Max മോഡലുകളുടെ വില്‍പ്പനയില്‍ മാന്ദ്യം അനുഭവപ്പെടുകയും ചെയ്തു. ചൈനയിലെ വിപണിയാണ് ആപ്പിള്‍ ഐ ഫോണിന് വലിയ ബിസിനസ് നേടിക്കൊടുക്കുന്നത്. ചൈനീസ് വിപണിയെ ആകര്‍ഷിക്കാനായിട്ടാണ് ഇപ്പോള്‍ ആപ്പിള്‍ പുതിയ ഐ ഫോണിന്റെ വില താഴ്ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സാങ്കേതിക വശം

ഈ വര്‍ഷം പുതിയ ഐ ഫോണ്‍ പുറത്തിറക്കിയപ്പോള്‍ ആപ്പിള്‍ നിരവധി പുതിയ മാറ്റങ്ങള്‍ വരുത്താന്‍ ശ്രദ്ധിച്ചു. അവയിലൊന്നാണ് ക്യാമറ. ഐ ഫോണ്‍ 11ല്‍ രണ്ട് ക്യാമറയും ഐ ഫോണ്‍ 11 പ്രോ, പ്രോ മാക്‌സ് തുടങ്ങിയ മോഡലുകളില്‍ മൂന്ന് ക്യാമറകളുമാണുള്ളത്. അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് ആണ് പുതിയ മൂന്നു മോഡലുകളിലുമുള്ളത്. ഈ ലെന്‍സ് പരമ്പരാഗത ഫോണ്‍ ക്യാമറകളേക്കാള്‍ വിശാലമായ കാഴ്ചയുള്ള ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നവയാണ്. ലാന്‍ഡ്‌സ്‌കേപ്പുകള്‍ അല്ലെങ്കില്‍ വലിയ ഗ്രൂപ്പുകളുടെ ഒത്തുചേരലുകള്‍ ചിത്രീകരിക്കല്‍ ഈ ലെന്‍സ് എളുപ്പമാക്കുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ സാംസങ്ങിന്റെ ഗാലക്സി എസ്-10 ല്‍ അള്‍ട്രാവൈഡ് ആംഗിള്‍ ലെന്‍സ് ഉണ്ടായിരുന്നു. ക്യാമറ ടെക്‌നിക്കില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ആപ്പിള്‍, ഗൂഗിളിനെ മറികടക്കാന്‍ ശ്രമിക്കുകയാണ്. കുറഞ്ഞ വെളിച്ചത്തില്‍ ഫോട്ടോകള്‍ ചിത്രീകരിക്കാന്‍ സഹായിക്കുന്ന നൈറ്റ് സൈറ്റ് (Night Sight) എന്ന ഫീച്ചര്‍ ഗൂഗിളിന്റെ പിക്‌സല്‍ എന്ന സ്മാര്‍ട്ട്‌ഫോണുകളിലുണ്ട്. ഇത് ഗൂഗിളിന്റെ ഫോണുകളുടെ ശ്രദ്ധ നേടിയ ഫീച്ചര്‍ കൂടിയാണ്. ഇക്കാര്യം മനസിലാക്കിയാണ് ആപ്പിളും ഐ ഫോണില്‍ ക്യാമറയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതിശയകരമായ വിലയില്‍ വേഗതയേറിയ പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന A13 ബയോണിക് പ്രൊസസര്‍ (Bionic processor) പുതിയ ഐ ഫോണിന്റെ പ്രത്യേകതയാണ്. ദീര്‍ഘസമയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ബാക്ടറിയുള്ളതാണു പുതിയ ഐ ഫോണ്‍. എന്നാല്‍ 5ജി സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നത് പുതിയ ഐ ഫോണിന്റെ പോരായ്മയായിരിക്കുന്നു. ഐ ഫോണ്‍ 11 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകള്‍ക്ക് യഥാക്രമം 5.8 ഇഞ്ച്, 6.5 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേകളാണുള്ളത്. ഐ ഫോണ്‍ 11ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.

പ്രോ ബ്രാന്‍ഡ്

ഇതാദ്യമായി, പ്രോ (Pro) എന്ന പേര് ഐ ഫോണ്‍ ശ്രേണിയില്‍ ഉപയോഗിച്ചിരിക്കുകയാണ്. ഐ ഫോണ്‍ 11 പ്രോ, പ്രോ മാക്‌സ് എന്നിവയാണ് ആ ഐ ഫോണുകള്‍. ആപ്പിളിന്റെ ഐ പാഡ്, മാക്, മാക്ബുക്ക് എന്നിവയില്‍ പ്രോ എന്ന പേര് ഉപയോഗിച്ചിരുന്നു. പ്രോ എന്ന പേര് ഉപയോഗിക്കുന്നതിലൂടെ ഉയര്‍ന്ന വിലയുള്ള, ഉയര്‍ന്ന പതിപ്പുകളെ അടയാളപ്പെടുത്താനാണ്.

വിപണി പിടിച്ചെടുക്കാന്‍ സാധിക്കുമോ ?

ആപ്പിള്‍ എന്നും പുതുമ സമ്മാനിച്ചു കൊണ്ടാണു വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ന് ആപ്പിളിന് ആ മാന്ത്രികത നഷ്ടപ്പെട്ടിരിക്കുന്നു. എതിരാളികള്‍ അവതരിപ്പിക്കുന്ന പുതുമ പോലും ആപ്പിളിനു കൊണ്ടുവരാന്‍ സാധിക്കുന്നില്ല. സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായം മൊത്തത്തില്‍ തന്നെ സ്തംഭിച്ച ഒരു സാഹചര്യമാണിപ്പോള്‍. ഈ സമയത്താണു പുതുമ കൊണ്ടു വരേണ്ടതും. പക്ഷേ, ആപ്പിളിന് അതിനു സാധിക്കുന്നില്ലെന്നു ടെക് അനലിസ്റ്റായ ബോബ് ഒ ഡോണല്‍ പറയുന്നു. ആപ്പിള്‍ ഈ പ്രാവിശ്യം ഐ ഫോണിനു വില കുറയ്ക്കാനുള്ള കാരണങ്ങളിലൊന്നായി പറയുന്നത് യുഎസ്-ചൈന വ്യാപാരയുദ്ധമാണ്. കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നതിനാല്‍ ചൈനയിലാണ് ആപ്പിള്‍ ഐ ഫോണ്‍ കൂടുതലും നിര്‍മിക്കുന്നത്. പക്ഷേ, ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ചുമത്തുന്ന പുതിയ താരിഫുകള്‍ ഈ വര്‍ഷാവസാനം ഐ ഫോണിന്റെയും മറ്റ് ആപ്പിളിന്റെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിക്കാന്‍ സാഹചര്യമൊരുക്കും. ഇത് ഉപകരണങ്ങളെ കൂടുതല്‍ ചെലവേറിയതാക്കും. അതിലൂടെ ഉപഭോക്താവ് ഐ ഫോണ്‍ ഉപേക്ഷിച്ചു വേറെ സ്മാര്‍ട്ട്‌ഫോണ്‍ തേടുന്ന സാഹചര്യവും വരും. ഇതൊഴിവാക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

ആപ്പിള്‍ വാച്ച് വെറും 199 ഡോളര്‍

ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പാണ് ആപ്പിള്‍ അതിന്റെ ആദ്യ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കിയത്. സ്റ്റീവ് ജോബ്സിന്റെ മരണശേഷം കമ്പനിയുടെ ആദ്യത്തെ പുതിയ ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നം കൂടിയായിരുന്നു അത്. ആളുകള്‍ അതിനെ ഒരു പരാജയമായിരിക്കുമെന്നു വിധിക്കാന്‍ തിടുക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 10) ആപ്പിളിന്റെ വാച്ച് സജീവവും മികച്ചതുമാണെന്നു തെളിയിച്ചു. ഇനിയും കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുന്ന മാറ്റങ്ങള്‍ സ്മാര്‍ട്ട് വാച്ചില്‍ ആപ്പിള്‍ വരുത്തുകയും ചെയ്തു. അതില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റമെന്നു പറയാവുന്നത് വിലയില്‍ വരുത്തിയ കുറവാണ്. ആപ്പിള്‍ അതിന്റെ രണ്ട് വര്‍ഷം പഴക്കമുള്ള സീരീസ് 3 വാച്ചിന്റെ വിലയാണ് കൂടുതല്‍ യൂസര്‍മാരെ ആകര്‍ഷിക്കാനായി വില കുറച്ചത്. 199 ഡോളറിന് ഇപ്പോള്‍ ആപ്പിള്‍ സീരീസ് 3 വാച്ച് ലഭിക്കും. ഇത് ഏകദേശം 14,116.75 രൂപ വരും. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ സീരീസ് 3 വാച്ചിന്റെ വില 279 ഡോളറായിരുന്നു. ആപ്പിള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയതും അഞ്ചാമത്തെ പതിപ്പുമായ സ്മാര്‍ട്ട് വാച്ചിനു യഥാക്രമം 399, 499 ഡോളറാണു വില.

പുതിയതല്ലെങ്കിലും ആരോഗ്യം, ശാരീരിക ക്ഷമത കഴിവുകള്‍, അറിയിപ്പുകള്‍, സമയം പരിശോധിക്കല്‍ എന്നിവ പോലുള്ള ആകര്‍ഷകമായ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നതാണ് ആപ്പിളിന്റെ സീരീസ് 3 വാച്ച്. ലോവര്‍ എന്‍ഡ് മോഡലായ സീരീസ് 3 വാച്ചും ഏറ്റവും പുതിയ സീരീസ് 5 ഉം തമ്മില്‍ കൂടുതല്‍ വേര്‍തിരിച്ചറിയാന്‍ കമ്പനി സീരീസ് 4 മോഡലിന്റെ നിര്‍മാണം അവസാനിപ്പിക്കാനും തീരുമാനിച്ചു.

Comments

comments

Categories: Top Stories