പൊളിക്കാനുണ്ട്, സ്വപ്നങ്ങള്‍

പൊളിക്കാനുണ്ട്, സ്വപ്നങ്ങള്‍

രാജ്യത്താകമാനം കെട്ടിട നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളെ പല വിധത്തില്‍ കബളിപ്പിക്കുന്നതായുള്ള ലക്ഷക്കണക്കിന് പരാതികളുടെ വെളിച്ചത്തിലാണ് റെറ നിയമം 2013 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും 2016 ല്‍ പാസാക്കുകയും ചെയ്തത്. ഉപഭോക്താവിന്റെ മാഗ്‌നാകാര്‍ട്ട എന്നും നിര്‍മ്മാതാവിന്റെ മൂക്കുകയര്‍ എന്നും ഈ ശക്തമായ നിയമം വിഷേഷിപ്പിക്കപ്പെടുന്നതിന് ഏറെ അര്‍ത്ഥമുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പലതും നിയമം നടപ്പാക്കിക്കഴിഞ്ഞെങ്കിലും കേരളത്തില്‍ ഇപ്പോഴും മെല്ലെപ്പോക്ക് തുടരുന്നു

 

‘ന തംവിദാഥ യ ഇമാജാനാനാന്യദ്യുഷ്മാകമന്തരംബഭൂവ
നീഹാരേണ പ്രാമൃതാജല്‍പ്യാചാ സുതൃപാഉക്പശാസശ്ചരന്തി’

(എല്ലാ ജീവജാലങ്ങളേയും സൃഷ്ടിച്ച ആ വിശ്വകര്‍മ്മാവിനെ നിങ്ങള്‍ അറിയുന്നില്ല. നിങ്ങളുടെ ഹൃദയം ഇപ്പോള്‍ ശരിയായ രീതിയില്‍ തിരിച്ചറിയുന്നില്ല. അജ്ഞാനത്താല്‍ അമര്‍ത്തപ്പെട്ട മനുഷ്യന്‍ വിഭിന്ന രീതികളില്‍ കാര്യങ്ങള്‍ നടത്തുന്നു. അവന്‍ സ്വന്തം ജീവന് വേണ്ടി ഭോജനവും സ്‌ത്രോത്രവും നടത്തുന്നു. അവന്‍ തന്റെ സ്വര്‍ഗ്ഗഫലത്തിനായുള്ള കര്‍മ്മങ്ങളില്‍ വ്യാപൃതനാവുന്നു)   – ഋഗ്വേദം 10-82-7


ഓഹരി ദല്ലാള്‍ കമ്പനിയില്‍ മധ്യനിര ജോലിക്കാരായ ഗോപാല്‍ വഡേലയും ഭാര്യ അനാമികയും ചേര്‍ന്ന് 2005 ജൂലൈയില്‍ മുംബൈയിലെ അന്ധേരിയില്‍ ഭൂമിദേവി ഡെവലപ്പേഴ്സ് (എല്ലാ പേരുകളും സ്ഥലങ്ങളും സന്ദര്‍ഭങ്ങളും സാങ്കല്‍പ്പികം) പണികഴിപ്പിക്കാനുദ്ദേശിക്കുന്ന 22 നില കെട്ടിടത്തില്‍ ഇരുപത്തൊന്നാമത്തെ നിലയില്‍ 2,000 ചതുരശ്ര അടിയുടെ ഒരു ഫ്‌ളാറ്റ് ബുക്ക് ചെയ്തു. വില ചതുരശ്ര അടിക്ക് 8,000 രൂപ. വഡേല കുടുംബത്തിന്റെ കയ്യില്‍ നിന്ന് മുന്‍കൂറായി ഇരുപത് ലക്ഷം രൂപ കൈപ്പറ്റിയ ശേഷമാണ് വില്‍പ്പനക്കരാര്‍ എഴുതാന്‍ നിര്‍മ്മാതാവ് തയ്യാറായത്. പിന്നീട്, 2007 ഡിസംബര്‍ ആയപ്പോഴേക്കും പലപ്പോഴായി ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ ഭവന വായ്പ അനുവദിച്ച ബാങ്കില്‍ നിന്ന് ഭൂമിദേവി ഡെവലപ്പേഴ്സ് കൈപ്പറ്റി. ബാങ്ക് വായ്പ ഏര്‍പ്പാട് ചെയ്തത് അവര്‍ തന്നെയായതിനാല്‍, പല സമയങ്ങളിലായി അവര്‍ നല്‍കിയ ഡിസ്ബേഴ്‌സ്മെന്റ് റിക്വസ്റ്റ് പ്രകാരം ബാങ്ക് തുക നല്‍കുകയായിരുന്നു. ഗോപാല്‍ വഡേലയ്ക്ക് നല്‍കിയ ബ്രോഷര്‍ പ്രകാരം 2008 ജൂലൈ 31 ന് മുന്‍പ് കെട്ടിടം പണി കഴിഞ്ഞ് തീറാധാരം നടത്തി കൈമാറേണ്ടതാണ്. ഇടയ്ക്കിടെ കെട്ടിട സമുച്ചയത്തിന്റെ പണി നടക്കുന്ന സ്ഥലം ഗോപാലും അനാമികയും ചേര്‍ന്ന് സന്ദര്‍ശിച്ചിരുന്നു. ഫഌറ്റ് കൈമാറേണ്ട സമയമായപ്പോള്‍ പത്താമത്തെ നിലയുടെ പണി നടക്കുന്നതേയുള്ളൂ. തുടര്‍ന്ന് ഭൂമിദേവി ഡെവലപ്പേഴ്‌സിലെ ബന്ധപ്പെട്ടവരുമായി സംസാരിക്കുമ്പോഴെല്ലാം ‘അല്‍പ്പം മാത്രമേ താമസം വന്നിട്ടുള്ളൂ, ഇനി ജോലികള്‍ പെട്ടെന്ന് തീര്‍ത്ത് കൈവശം തരാ’മെന്നുള്ള ഉറപ്പ് കിട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ 2010 മേയ് മാസത്തില്‍ കെട്ടിടം പണി തീരുന്നതായി അറിയിപ്പ് കിട്ടി. നിര്‍മ്മാണസ്ഥലം സന്ദര്‍ശിച്ച ദമ്പതികള്‍ കണ്ടത് ഇരുപത്തൊന്നാമത്തെ നിലയോടെ പണി അവസാനിപ്പിച്ചതാണ്. ഏറ്റവും മുകളിലെ നിലയാണെങ്കില്‍ വീടിനകം ചൂടാവും. അതിനാലാണ് ഒരു നില വിട്ട് അവര്‍ ബുക്ക് ചെയ്തത്. അത് വെറുതെയായി.

വിലയാധാരം രജിസ്റ്റര്‍ ചെയ്യുന്ന തിയതിക്ക് മുന്‍പ് ഇനിയും ഒരു 32 ലക്ഷം രൂപയും, കൂടാതെ രജിസ്ട്രേഷന്‍ ചെലവ് വേറെയും തരണമെന്ന് കാണിച്ച് ഭൂമിദേവി ഡെവലപ്പേഴ്സില്‍ നിന്ന് ഇ-മെയില്‍ ലഭിച്ചപ്പോള്‍ ദമ്പതികള്‍ ഞെട്ടിപ്പോയി. 2,000 ചതുരശ്ര അടിക്ക് 8,000 രൂപ വച്ച് ഒരു കോടി അറുപത് ലക്ഷവും കൊടുത്തിട്ടുണ്ട്. ഇനിയേത് തുക എന്ന് അന്വേഷിച്ച അവര്‍ക്ക് കിട്ടിയ മറുപടി, വീടിന് അകത്തെ 2,000 സ്‌ക്വയര്‍ ഫീറ്റിന് പുറമേ ബാല്‍ക്കണി, വരാന്ത തുടങ്ങി പലതും ചേര്‍ത്താണ് ഫ്‌ളാറ്റ് വില എന്നാണ്. ദമ്പതികളുടെ കൈവശം പിന്നെ പണമൊന്നും അധികം മിച്ചമില്ലായിരുന്നു. ഒടുവില്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ചും രണ്ടുപേരുടെയും അച്ഛനമ്മമാരോട് പറഞ്ഞ് വാങ്ങിയതുമായ തുകയെല്ലാം സ്വരുക്കൂട്ടി ഒരുവിധം പണം ഒപ്പിച്ച് നിര്‍മ്മാതാക്കള്‍ക്ക് നല്‍കി.

എന്നാലും വീട് രജിസ്റ്റര്‍ ചെയ്യാനോ കൈവശം തരാനോ നിര്‍മ്മാതാക്കള്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ഗോപാലിനെപ്പോലെ തന്നെ ഫ്‌ളാറ്റ് ബുക്ക് ചെയ്ത പലരും വളരെ അസ്വസ്ഥരായി. അവര്‍ കൂട്ടമായി ബില്‍ഡറുടെ ഓഫിസില്‍ ചെന്നപ്പോഴാണ് ഒരു കാര്യം മനസിലായത്; കെട്ടിടം വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് അഭിമുഖമാണ്. സ്ഥലം ലാന്‍ഡിംഗ് ഫണലിനകത്ത് വരുന്നു. നിശ്ചിത ഉയരത്തിലധികമുള്ള കെട്ടിടങ്ങള്‍ക്ക് വ്യോമയാന വകുപ്പിന്റെ അനുമതി വേണം. ഈ കെട്ടിടം പ്രത്യേക അനുമതി ലഭിക്കാവുന്നതിലും ഉയരമുള്ളതാണ്. അതിനാല്‍ സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. അതാണ് ഇരുപത്തിരണ്ടാമത്തെ നില പണിയാതിരിക്കാന്‍ കാരണം. എട്ട് നിലയ്ക്ക് മുകളിലുള്ളവ പൊളിച്ച് നീക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്താകമാനം കെട്ടിട നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളെ പല വിധത്തില്‍ കബളിപ്പിക്കുന്നതായുള്ള ലക്ഷക്കണക്കിന് പരാതികളുടെ വെളിച്ചത്തില്‍ 2013 ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ, RERA) രൂപീകരിക്കാനുള്ള നിയമത്തിന്റെ കരട് രേഖ പാര്‍ലമെന്റിന് മുന്നില്‍ വെച്ചു. അത് പാസ്സായി വന്നപ്പോഴേയ്ക്കും മൂന്ന് വര്‍ഷം പിടിച്ചു. 2016 മെയ് ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.

റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമപ്രകാരം അഞ്ഞൂറ് ചതുരശ്ര മീറ്ററിന് മേലെയുള്ള ഭൂസ്ഥത്തോ എട്ടിലധികം വീട് യൂണിറ്റുകളോ വിപണനാവശ്യത്തിന് വേണ്ടി നിര്‍മ്മിക്കുന്ന എല്ലാവരും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പതിനാല് തരം രേഖകള്‍ രജിസ്ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കണം. ഇതില്‍ എല്ലാവിധത്തിലുള്ള അംഗീകാരങ്ങളും അനുമതികളും ഉള്‍പ്പെടുന്നു. ഏതെങ്കിലും കുറവുകളുള്ള പ്രോജക്റ്റുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെടും. അതിനാല്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രജിസ്ട്രേഷന്‍ ലഭിച്ച പ്രോജക്റ്റുകള്‍ ദോഷമുക്തമാണെന്ന് ഉറപ്പിക്കാം. രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികളുടെ പേരില്‍ പരസ്യം നല്‍കാനോ, ബുക്കിംഗ് തുക വാങ്ങിക്കാനോ, പണം നിക്ഷേപിക്കാനോ, നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കാനോ, വില്‍പ്പന ചെയ്യാനോ പാടില്ല. പരസ്യങ്ങള്‍, ബ്രോഷറുകള്‍ തുടങ്ങിയവയില്‍ റെറ രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ബന്ധമായും കാണിക്കണം.

നിര്‍മ്മാതാവ് മുതല്‍ മുടക്കുന്നതും ഉപഭോക്താവ് നല്‍കുന്നതുമായ തുകയില്‍ 70% പ്രത്യേക ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിച്ച്, ആ തുക ഈ ഒരു പദ്ധതിക്ക് വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നിര്‍ദിഷ്ട ഉപഭോക്താക്കളുടെ കൈയില്‍ നിന്ന് 10 ശതമാനത്തിലധികം മുന്‍കൂര്‍ വാങ്ങിക്കരുത്. പദ്ധതിക്കാവശ്യമുള്ള സ്ഥലത്തിന്റെ പ്രമാണപത്രങ്ങളും എല്ലാ അനുമതി പത്രങ്ങളും പ്ലാനുകളും നിര്‍ബന്ധമായും ഉപഭോക്താക്കളെ കാണിക്കേണ്ടതും അതില്‍ നിന്ന് എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കില്‍ അതിന് ഉപഭോക്താവിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുമുണ്ട്. കാര്‍പ്പറ്റ് ഏരിയ അടിസ്ഥാനത്തില്‍ മാത്രമേ വില്‍പ്പന പാടുള്ളൂ; സൂപ്പര്‍ ബില്‍റ്റ് അപ്പ് ഏരിയ അല്ല കണക്കാക്കേണ്ടത്.

കെട്ടിടം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അതോടെ നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തങ്ങള്‍ തീരുന്നില്ല. കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ എന്തെങ്കിലും പരാതികളോ പോരായ്മകളോ ഉണ്ടെങ്കില്‍, വില്‍പ്പന തിയതി മുതല്‍ അഞ്ച് കൊല്ലത്തേക്ക് അത് ശരിയാക്കി നല്‍കേണ്ട ഉത്തരവാദിത്തം ബില്‍ഡറുടേതാണ്. പരാതി കിട്ടി മുപ്പത് ദിവസത്തിനകം പരാതി പരിഹരിച്ച് നല്‍കണം.

അതായത്, റെറ നിയമം നടപ്പിലായാല്‍, ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കാനും കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ അനുമതികളും തങ്ങള്‍ നല്‍കുന്ന പണത്തിന്റെ ശരിയായ വിനിയോഗവും ഉറപ്പാക്കാനും പരസ്യത്തില്‍ പറഞ്ഞ അതേ ഉല്‍പ്പന്നം ലഭിക്കുവാനും കെട്ടിടത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനും ഉപഭോക്താവിന് സാധിക്കുന്നു. അതുകൊണ്ടാണ് ഈ നിയമത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഉപഭോക്താവിന്റെ മാഗ്‌നാകാര്‍ട്ട എന്നും നിര്‍മ്മാതാവിന്റെ മൂക്കുകയര്‍ എന്നും വിശേഷിപ്പിക്കുന്നത്.

റെഗുലേറ്ററി നിയമത്തിലെ വകുപ്പ് 84 പ്രകാരം ആറ് മാസത്തിനകം വിവിധ സംസ്ഥാനങ്ങള്‍ ചട്ടങ്ങള്‍ പസ്സാക്കുകയും, റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കുകയും വെബ്സൈറ്റ് തുറക്കുകയും വേണം. ഇവിടെ കേരളം പുറകോട്ട് നിന്നു. മറ്റെല്ലാ സംസ്ഥാനങ്ങളും രണ്ടായിരത്തി പതിനാറിലും പതിനേഴിലുമായി ഇതെല്ലാം ചെയ്തുതീര്‍ത്തപ്പോള്‍ കേരളത്തിന് ചട്ടങ്ങള്‍ തീര്‍ക്കാന്‍ പിന്നെയും ഒരു വര്‍ഷം പിടിച്ചു. കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്സൈറ്റിന്റെ ഹോം പേജില്‍ ‘പ്രോജക്റ്റുകള്‍’, ‘ഡെവലപ്പര്‍’, ‘ഏജന്റുമാര്‍’, ‘ഉപഭോക്താക്കള്‍’ എന്നിങ്ങനെ നാല് ഭാഗങ്ങള്‍ ഉണ്ട്. ഈ ബട്ടണുകളില്‍ അമര്‍ത്തിയാല്‍ ഒന്നും സംഭവിക്കുന്നില്ല, നിശ്ചലം! ഇതുവരെ ആകെ 2,828 പേര്‍ മാത്രമാണ് വെബ്സൈറ്റ് സന്ദര്‍ശിച്ചിട്ടുള്ളത്. അവര്‍ക്ക് ഇതില്‍ നിന്ന് ഒരു വിവരവും കിട്ടിയിട്ടില്ല എന്ന കാര്യം ഉറപ്പാണ്. കാരണം, ഉള്ളില്‍ ഒന്നും ഇല്ല എന്നത് തന്നെ. ഏതെങ്കിലും നിര്‍മ്മാതാവ് രജിസ്ട്രേഷന്‍ എടുത്തിരുന്നുവെങ്കില്‍ ആ വിവരം യാന്ത്രികമായി ‘ഡെവലപ്പര്‍’ എന്ന ലിങ്കില്‍ വരുമായിരുന്നു. എന്നുവച്ചാല്‍, ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണവും കച്ചവടവും രജിസ്ട്രേഷന്‍ ഇല്ലാതെയും നിയമവിരുദ്ധവും ആയിട്ടാണെന്നര്‍ത്ഥം. എന്തിനേറെ, ‘കേരള റിയല്‍ എസ്റ്റേറ്റ് റൂള്‍സ്-2018’ എന്ന ലിങ്കില്‍ പോയി ഈ നിയമങ്ങള്‍ ഒന്ന് വായിക്കണമെങ്കില്‍ ഫോട്ടോ അപ്ലോഡ് ചെയ്ത്, വ്യക്തി വിവരങ്ങള്‍ നല്‍കി, ലോഗിന്‍ ഐഡി ലഭിക്കാനുള്ള റിക്വസ്റ്റ് നല്‍കി അഡ്മിനിസ്‌ട്രേറ്ററുടെ അനുമതിക്കായി കാത്തിരിക്കണം. ലോകത്തിന്നുവരെ ഒരു വെബ് ഐഡി രജിസ്‌ട്രേഷനുമില്ലാത്ത നിബന്ധനകളും രഹസ്യാത്മകതയുമാണ് ഈ പോര്‍ട്ടലില്‍ കാണുക. അതായത്, നിയമം നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുടെ അഭാവം ഇത്രമേല്‍ പ്രകടമായ മറ്റൊരു അവസരം കേരളത്തില്‍ ഇതിന് മുന്‍പ് ഉണ്ടായിക്കണ്ടിട്ടില്ല. നിയമത്തിന് വില പറയുന്ന വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആണെങ്കില്‍ നമുക്ക് മനസ്സിലാവും. (അവര്‍ നിയമം പെട്ടെന്ന് നടപ്പിലാക്കി; ഉപഭോക്തൃ സ്‌നേഹം കൊണ്ടൊന്നുമല്ല; പുതിയൊരു കറവപ്പശുവിനെ കിട്ടിയ സന്തോഷത്തില്‍). ഇത് കേരളത്തില്‍ ആണ്. റിയല്‍ എസ്റ്റേറ്റ് ലോബിയുടെ ശക്തി അപാരം തന്നെ.

‘ആറാം തമ്പുരാന്‍’ എന്ന സിനിമയില്‍ ജഗന്നാഥന്‍ പറയുന്നുണ്ട്: ‘(കോവിലകം) പൊളിക്കണം. അതിപ്പോ എങ്ങനെ വേണെന്നാണ്. ബോംബ് വെച്ച് തകര്‍ത്താലോ എന്നൊരാലോചന വര്ണ്ണ്ട്. ഇപ്പഴത്തെ ലേബര്‍ ചാര്‍ജ്ജ് ഭയങ്കരല്ലേ? ബോംബാണെങ്കി ഈസ്യാണ്. മലപ്പൊറത്ത് സാധനം കിട്ടും. വേറൊരൈഡിയ, പൊരയ്ക്ക് തീ കൊടുത്താലോന്ന്. അപ്പൊ കത്തുന്ന പൊരേന്ന് കഴുക്കോലൂര്ക, പുര കത്തുമ്പോ വാഴ വെട്ടുക എന്നീ കലാപരിപാടികള്‍ പൊതുജനങ്ങള്‍ക്കായി കാഴ്ച വെയ്ക്കാം’. ഏകദേശം, അല്ല മുഴുവനായും, ഇതാണ് നമ്മള്‍ ചെയ്യുന്നത്. അതാണ് അന്തിചര്‍ച്ചകള്‍ നമ്മോട് പറയുന്നത്. പ്രമുഖ ബില്‍ഡറിന്റെ പേര് മറച്ചുവെച്ച് നമ്മള്‍ കളിക്കുന്നു. പകിട പതിനേഴ്. ജഗന്നാഥന്‍ തുടര്‍ന്ന് പറയുന്നുണ്ട്: ‘ആകാശത്തിന് ചുവട്ടിലെ ഏത് മണ്ണും നാടും ജഗന്നാഥന് സമമാണ്….. തകര്‍ക്കാനെന്തും എളുപ്പമാണ്. കെട്ടിയുയര്‍ത്താനാണ് പാട്. ഒന്നും തകര്‍ക്കാനെന്നെ വല്ലാതെ പ്രേരിപ്പിക്കരുത്. അതാര്‍ക്കും നന്നാവില്ല. ഒരറ്റത്ത് നിന്ന് പൊളിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ നിര്‍ത്തില്ല. പൊളിച്ചടുക്കും പലതും’. സാക്ഷാല്‍ വിശ്വകര്‍മ്മാവിന്റെ നേരിനെ തോല്‍പ്പിച്ച് നിര്‍മ്മിക്കുന്ന ലോകമാണിന്ന്. അജ്ഞാനത്താല്‍ മാത്രമല്ല, അഹന്തയാല്‍ കൂടിയാണ് നമ്മള്‍ മരത്തോട് അനുവാദം ചോദിക്കാതെ അതിനെ മുറിക്കുന്നത്. അതിലാണ് നമ്മള്‍ അഹങ്കാരത്തിന്റെ സ്‌തോത്ര വചനങ്ങളും അത്താഴ ശുശ്രൂഷയും നടത്തുന്നത്. സ്വര്‍ഗ്ഗ പ്രാപ്തിക്ക് വേണ്ടിയുള്ള കര്‍മ്മങ്ങള്‍ എന്ന് കരുതി പാപ മാര്‍ഗ്ഗത്തില്‍ മാത്രം പോകുന്നത്. സര്‍വം സഹയായ ധരിത്രിയെ നോവിക്കാതെ വേണം നിര്‍മ്മാണം. അത് അഭിനവ വിശ്വകര്‍മ്മാക്കള്‍ മനസ്സിലാക്കണം. അല്ലെങ്കില്‍ പൊളിക്കേണ്ടി വരുന്നത് പലരുടെയും സ്വപ്നങ്ങള്‍ ആണ്. ഒന്നും തകര്‍ക്കാന്‍ അവരെ വല്ലാതെ പ്രേരിപ്പിക്കരുത്. അതാര്‍ക്കും നന്നാവില്ല. ഒരറ്റത്ത് നിന്ന് പൊളിക്കാന്‍ തുടങ്ങിയാല്‍ അവര്‍ നിര്‍ത്തില്ല. പൊളിച്ചടുക്കും പലതും.

 

Comments

comments

Related Articles