FaceApp നു ശേഷം സാഓ

FaceApp നു ശേഷം സാഓ

ഫേസ് ആപ്പ് സൃഷ്ടിച്ച തരംഗം കെട്ടടങ്ങുന്നതിനു മുമ്പ് സാഓ എന്ന ആപ്പ് എത്തിയിരിക്കുകയാണ്. ചൈനയില്‍ ഇതിനോടകം സാഓ ആപ്പ് ജനപ്രീതിയാര്‍ജ്ജിച്ചു കഴിഞ്ഞു. ഐഒഎസിലും ആന്‍ഡ്രോയ്ഡിലും സാഓ ആപ്പ് പ്രവര്‍ത്തിക്കും. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുവാനും സാധിക്കും. ചൈന, ജപ്പാന്‍, ഇന്ത്യ, കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ ആപ്പ് ലഭ്യമാണ്.

വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ നമ്മള്‍ എപ്രകാരമിരിക്കുമെന്നു റഷ്യന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പ് ആയ ഫേസ് ആപ്പിലൂടെ ഈയടുത്ത കാലത്ത് പലരും കണ്ടു. ഇപ്പോള്‍ ഇതാ ഇഷ്ടമുള്ള സെലിബ്രിറ്റികളുടെ വീഡിയോയില്‍ അവരുടെ മുഖത്തിനു പകരം നമ്മളുടെ ഫോട്ടോ മാറ്റി സ്ഥാപിക്കാനുള്ള സംവിധാനവുമായി സാഓ എന്ന ചൈനീസ് ആപ്പ് വന്നിരിക്കുന്നു. സാഓ (Zao) എന്ന ചൈനീസ് ആപ്പ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായിരിക്കുന്നത്. സാഓ എന്നത് ഒരു ഡീപ്പ് ഫേക്ക് ആപ്പ് ആണ്. ഈ ആപ്പ് ഉപയോഗിച്ച് ഏതെങ്കിലുമൊരു സെലിബ്രിറ്റിയുടെ വീഡിയോയില്‍ ആ സെലിബ്രിറ്റിയുടെ മുഖത്തിന്റെ സ്ഥാനത്തു യൂസറിന്റെ മുഖം മാറ്റി വയ്ക്കാം അഥവാ സൂപ്പര്‍ ഇംപോസ് ചെയ്തു വയ്ക്കാം. ഡീപ്പ് ഫേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയാണ് ഇതിനായി സാഓ ഉപയോഗിക്കുന്നത്. യൂസറിന്റെ ചിത്രത്തില്‍ മേക്ക് അപ്പ് ചെയ്തു സൗന്ദര്യം വര്‍ധിപ്പിക്കാനും, ഹെയര്‍ സ്റ്റൈല്‍ കൂടുതല്‍ മോഡി പിടിപ്പിക്കാനും ഈ ആപ്പില്‍ സംവിധാനമുണ്ട്. ഈ കഴിഞ്ഞ ദിവസം ഡെവലപ്പറായ അലന്‍ സിയ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. അതില്‍ ലിയനാര്‍ഡോ ഡീ കാപ്രിയോ അഭിനയിച്ച ഇതിഹാസ സിനിമകളിലെ ചില രംഗങ്ങളില്‍ ലിയനാര്‍ഡോയുടെ ചിത്രത്തിന്റെ സ്ഥാനത്ത് അലന്‍ സിയയുടെ ഫോട്ടോ മാറ്റി സ്ഥാപിച്ചിരിക്കുന്നതായിട്ടാണു കാണപ്പെട്ടത്. ചൈനയിലെ iOS സ്റ്റോറില്‍ ഈ ആപ്പ് ആണ് ഇപ്പോള്‍ ഏവരുടെയും പ്രിയം. സ്റ്റോറില്‍ ഈ ആപ്പ് റിലീസ് ചെയ്തതിനു ശേഷം രണ്ട് ദിവസം കൊണ്ട് ലക്ഷക്കണക്കിനു പേരാണു ഡൗണ്‍ലോഡ് ചെയ്തത്. ചൈനീസ് ലൈവ് സ്ട്രീമിംഗ് സര്‍വീസായ മോമോ ഇന്‍കിന്റെ (Momo Inc.) ഉടമസ്ഥതയിലുള്ളതാണു സാഓ ആപ്പ്. ഈ ആപ്പ് യൂസറുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതാണെന്ന് ഇതിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. സാഓ എന്ന ആപ്പില്‍ ഉപയോഗിക്കുന്ന യൂസറുടെ ഫേസ് അഥവാ ഫോട്ടോ പിന്നീട് കമ്പനിയുടെ മാര്‍ക്കറ്റിംഗ് ആവശ്യത്തിനായി ഉപയോഗിച്ചേക്കാം. ഇക്കാര്യം കമ്പനിയുടെ നിബന്ധനകളില്‍ സൂചിപ്പിക്കുന്നുണ്ട്.

വെറും എട്ട് സെക്കന്‍ഡ് കൊണ്ട് ഡീ കാപ്രിയോ ആകാം

സാഓ ആപ്പ് ഉപയോഗിച്ചു ഡീഫ് ഫേക്ക് ഇമേജ് സൃഷ്ടിക്കാന്‍ യൂസര്‍ക്ക് വെറും എട്ട് സെക്കന്‍ഡ് മാത്രം മതി. ലിയനാര്‍ഡോ ഡീ കാപ്രിയോ, മര്‍ലിന്‍ മണ്‍റോ ഉള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികളടങ്ങുന്നവരുടെ വീഡിയോ ഉണ്ട്. ഇതില്‍നിന്നും ഇഷ്ടമുള്ളവരെ യൂസര്‍ക്കു തെരഞ്ഞെടുക്കാം. തുടര്‍ന്ന് അവരുടെ സ്ഥാനത്ത് യൂസറുടെ ഫോട്ടോ മാറ്റി സ്ഥാപിക്കാം അഥവാ സൂപ്പര്‍ ഇംപോസ് ചെയ്യാം. പിന്നീട് എഡിറ്റ് ചെയ്ത വീഡിയോ സുഹൃത്തുക്കള്‍ക്കു ഷെയര്‍ ചെയ്യുകയും ചെയ്യാം. യൂസര്‍ ആകെ ചെയ്യേണ്ടത് ഒരു സെല്‍ഫി ഫോട്ടോയെടുക്കുക എന്നതു മാത്രമാണ്.

ചൈനയില്‍ സാഓ ആപ്പ് റിലീസ് ചെയ്തത് ഓഗസ്റ്റ് 30-നാണ്. സാഓ എന്നാല്‍ ചൈനീസ് ഭാഷയില്‍ സൃഷ്ടിക്കാന്‍ (to create) എന്നാണ്. ഈ ആപ്പ് ഉപയോഗിച്ചു യൂസര്‍ക്ക് അവരുടെ പ്രിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതായി നടിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈയൊരു ഘടകമായിരിക്കാം സാഓ ആപ്പ് ഒറ്റരാത്രി കൊണ്ട് സൂപ്പര്‍ ഹിറ്റായി. ആന്‍ഡ്രോയ്ഡ്, ഐഒസ് തുടങ്ങിയ മൊബൈല്‍ ഒഎസുകളില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കും. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുവാനും സാധിക്കും. സാഓ ആപ്പ് സ്വകാര്യതയില്‍ കടന്നുകയറുമെന്ന ആശങ്ക ഉയര്‍ന്നതോടെ ചൈനയിലെ പ്രമുഖ മെസേജിംഗ് ആപ്പ് ആയ വീ ചാറ്റ് അവരുടെ പ്ലാറ്റ്‌ഫോമില്‍ സാഓ ആപ്പിലെടുത്ത വീഡിയോ ഷെയര്‍ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഓ എന്ന ആപ്പിലൂടെ ഇഷ്ടപ്പെട്ട സെലിബ്രിറ്റികളുടെ ചിത്രത്തിനു പകരം യൂസറുടെ ചിത്രം മാറ്റി സ്ഥാപിക്കാന്‍ സൗകര്യം ലഭിക്കുന്നത് കൗതുകം ജനിപ്പിക്കുന്ന കാര്യമാണെങ്കിലും ഇത് ഉയര്‍ത്തിക്കാണിക്കുന്നത് ഡീപ്പ് ഫേക്ക് ടെക്‌നോളജിയുടെ ദുരുപയോഗം കൂടിയാണെന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണെന്നു ടെക് ലോകം പറയുന്നു.

ഡീപ്പ് ഫേക്ക്‌സ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന വ്യാജ വീഡിയോകളെയാണു ഡീപ്പ് ഫേക്ക്‌സ് എന്നു വിശേഷിപ്പിക്കുന്നത്. ഏറ്റവും കൃത്യതയുള്ള അല്ലെങ്കില്‍ ഷാര്‍പ്പായിട്ടുള്ള കണ്ണുകളെ പോലും കബളിപ്പിക്കാന്‍ കഴിവുള്ളവയാണു ഡീപ്പ് ഫേക്ക്‌സ്. മെഷീന്‍ ലേണിംഗിന്റെ ഒരു വിഭാഗമായ ഡീപ്പ് ലേണിംഗ് ഉപയോഗിച്ച് ഒരു വീഡിയോയിലേക്കോ, ഓഡിയോയിലേക്കോ ഒരാളുടെ മുഖമോ, ശബ്ദമോ കൂട്ടിച്ചേര്‍ക്കുന്നതിനെയാണു ഡീപ്പ് ഫേക്ക്‌സ് എന്നു പറയുന്നത്. ഡീപ്പ് ലേണിംഗുമായി ബന്ധപ്പെട്ടതു കൊണ്ടാണ് ഡീപ്പ് ഫേക്ക്‌സില്‍ ഡീപ്പ് എന്ന വാക്ക് വന്നു ചേര്‍ന്നത്. ഫേക്ക്്‌സ് (fakes) എന്ന വാക്ക് അര്‍ഥമാക്കുന്നത് ഒരു വസ്തുവിന്റെ തനിപകര്‍പ്പ് ആണെന്നു നമ്മള്‍ക്ക് അറിയാം. അങ്ങനെ ഡീപ്പും ഫേക്ക്‌സും കൂടിചേര്‍ന്നപ്പോള്‍ ഡീപ്പ് ഫേക്ക്‌സ് രൂപപ്പെട്ടു.

എണ്ണയേക്കാള്‍ നന്നായി ഡാറ്റ വില്‍പ്പന നടത്തുന്ന കാലം

വ്യവസായവല്‍ക്കരണത്തോടെ എണ്ണയ്ക്ക് വന്‍ഡിമാന്‍ഡ് അനുഭവപ്പെട്ടു. എണ്ണ സമ്പന്നമായ പശ്ചിമേഷ്യയുടെ സുവര്‍ണ കാലം ആരംഭിക്കുന്നതും ഇവിടെനിന്നാണ്. എന്നാല്‍ ഇന്ന് എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയിലുള്ളതിനേക്കാള്‍ ഡിമാന്‍ഡ് ഡാറ്റയ്ക്കുണ്ട്. ഫേസ് ആപ്പും, ഇപ്പോള്‍ ഇതാ സാഓ എന്ന ആപ്പും ലോകമെമ്പാടുമുള്ള യൂസറെ അഥവാ ഉപയോക്താവിനെ രസിപ്പിച്ചു കൊണ്ടു സ്വന്തമാക്കുന്നത് വിലയേറിയ ഡാറ്റയാണ്. ഈ ആപ്പ് കടന്നു കയറുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കാണ്. ഫേസ്് ആപ്പ് ഒരു വ്യക്തിയുടെ ചിത്രം ശേഖരിക്കുന്നതു പോലെ തന്നെയാണ് ഇപ്പോള്‍ സാഓ എന്ന ആപ്പും ചിത്രം ശേഖരിക്കുന്നത്. ഇന്നു വിലയേറിയ ഡാറ്റയാണു ചിത്രം. പ്രത്യേകിച്ചു ഓരോ വ്യക്തികളുടെയും മുഖം നിരീക്ഷണത്തിനായി അഥവാ സര്‍വൈലന്‍സിനായി ചൈന പോലുള്ള രാജ്യങ്ങള്‍ ശേഖരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വേണം ഇത്തരം ആപ്പുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍. സ്വകാര്യതയ്ക്കു യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നു തെളിയിക്കുന്നതാണ് സാഓയുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അഥവാ നിബന്ധനകള്‍. യൂസറുടെ ചിത്രങ്ങള്‍ പിന്നീട് വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചേക്കാമെന്നു നിബന്ധനകളില്‍ സാഓ സൂചിപ്പിക്കുന്നുമുണ്ട്.

സര്‍വൈലന്‍സ് ക്യാപിറ്റലിസം

ഹാര്‍വാര്‍ഡ് പ്രൊഫസറായ ശോശാന സുബോഫ് ആണ് ആദ്യമായി സര്‍വൈലന്‍സ് ക്യാപിറ്റലിസം എന്ന പദം ഉപയോഗിച്ചത്. ഇന്‍ഫര്‍മേഷന്‍ യുഗത്തിലെ യഥാര്‍ഥ പ്രവാചകന്‍ എന്നാണു സര്‍വൈലന്‍സ് ക്യാപിറ്റലിസത്തെ സുബോഫ് വിശേഷിപ്പിച്ചത്. മനുഷ്യന്റെ അനുഭവത്തെ അസംസ്‌കൃത വസ്തുക്കളാക്കി മാറ്റുന്ന ഒരു സാമ്പത്തിക വ്യവസ്ഥ. ഉല്‍പ്പന്നത്തിനും സേവനം മെച്ചപ്പെടുത്തലിനും ഭാവിയില്‍ ഡിമാന്‍ഡുള്ള ഉല്‍പ്പന്നം സൃഷ്ടിക്കുന്നതിനും ബിഹേവിയറല്‍ ഡാറ്റയെ (ഒരു വ്യക്തിയുടെ വിവിധ സ്വഭാവം വ്യക്തമായി മനസിലാക്കി തരുന്ന വിവരം) ഉപയോഗിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥ. ഇതൊല്ലാമാണു സര്‍വൈലന്‍സ് ക്യാപിറ്റലിസം. ഈ വ്യവസ്ഥയ്ക്കു കീഴില്‍ നമ്മളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിന് നമ്മളുടെ സ്വകാര്യ ഡാറ്റയെയും ഉപയോഗിക്കുന്നു.

മനുഷ്യ അധ്വാനത്തെ ചൂഷണം ചെയ്യുന്ന മുതലാളിത്തത്തെ കുറിച്ചുള്ള കാള്‍ മാക്‌സിന്റെ ആശയത്തില്‍നിന്നും വ്യത്യസ്തമാണു സുബോഫിന്റെ സര്‍വൈലന്‍സ് ക്യാപിറ്റലിസം അഥവാ നിരീക്ഷണ മുതലാളിത്തം. അത് മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും പോഷിപ്പിക്കുന്നു. സര്‍വൈലന്‍സ് ക്യാപിറ്റലിസത്തിന്റെ പയനിയറാണു ഗൂഗിള്‍. സര്‍വൈലന്‍സ് ക്യാപിറ്റലിസത്തിന്റെ രണ്ട് പുതിയ ദൂതരാണു ഫേസ് ആപ്പും, സാഓ എന്ന ആപ്പും. സ്വകാര്യതയ്ക്കും സുതാര്യതയ്ക്കും നിസാര വിലയാണ് ഈ ആപ്പുകള്‍ കല്‍പ്പിക്കുന്നത്. യൂസറില്‍നിന്നും ശേഖരിക്കുന്ന ഡാറ്റ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ഈ ആപ്പ് ഡെവലപ്പ് ചെയ്യുന്ന കമ്പനികള്‍ പരാമര്‍ശിക്കുന്നുമില്ല. നല്ല കാര്യങ്ങള്‍ക്കും ചിലപ്പോള്‍ നികൃഷ്ടമായ കാര്യങ്ങള്‍ക്കും ഈ ഡാറ്റയെ ഉപയോഗിച്ചേക്കാം. ഇന്നു നമ്മളുടെ ഡിജിറ്റല്‍ കാല്‍പ്പാടുകള്‍ സോഷ്യല്‍ മീഡിയയ്ക്കും സെര്‍ച്ച് എന്‍ജിനുകള്‍ക്കും അപ്പുറത്തേയ്ക്കു വ്യാപിച്ചിരിക്കുന്നു. ഈയടുത്ത കാലത്താണ് ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റായ സിരി നടത്തിയ റെക്കോര്‍ഡിംഗുകള്‍ കേള്‍ക്കാന്‍ തൊഴിലാളികളെ അനുവദിച്ചിരുന്നതായി ആപ്പിള്‍ സ്ഥിരീകരിച്ചത്. ഈ സംഭവത്തില്‍ ആപ്പിള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ടെക് ഭീമന്മാര്‍ക്ക് ഇത്തരത്തില്‍ റെക്കോര്‍ഡിംഗുകള്‍ കേള്‍ക്കാന്‍ തങ്ങളുടെ ജീവനക്കാരെ ഇനി അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുമ്പോള്‍ തന്നെ കൂടുതല്‍ കാര്യക്ഷമതയോടെ അത് ചെയ്യുന്നതിന് അത്യാധുനിക എഐ അല്‍ഗോരിതത്തെ പരിശീലിപ്പിക്കാന്‍ കഴിയുമെന്നതു മറ്റൊരു യാഥാര്‍ഥ്യമാണ്. ഇവിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ടെക്‌നോളജിയുടെ മുന്നേറ്റത്തെയോ സോഷ്യല്‍ മീഡിയയുടെ വര്‍ധിച്ചുവരുന്ന ഉപയോഗത്തെയോ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ ഇവയെല്ലാം ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ധാര്‍മികമായ ചട്ടത്തിന്റെ കുറവുണ്ടെന്നതാണു ന്യൂനതയായി കാണേണ്ടത്. ആദ്യത്തെ പ്രായോഗിക തലത്തിലുള്ള ഓട്ടോമൊബൈല്‍ കണ്ടുപിടിച്ചത് 1885-ലാണ്. പക്ഷേ, 1949 വരെ വേണ്ടിവന്നു യുഎന്നിന് ഒരു സ്റ്റാന്‍ഡേര്‍ഡ് ട്രാഫിക് നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍. കാറുകളേക്കാള്‍ സങ്കീര്‍മാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അത് സാങ്കേതികപരമായി മാത്രമല്ല, ധാര്‍മികമായും സങ്കീര്‍ണമാണ്.

Comments

comments

Categories: Top Stories
Tags: Zao app