തൊഴില്‍ സമരങ്ങള്‍ രമ്യതയോടെ പരിഹരിക്കണം

തൊഴില്‍ സമരങ്ങള്‍ രമ്യതയോടെ പരിഹരിക്കണം

മുത്തൂറ്റ് ഫിനാന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിന്റെ നിക്ഷേപ-തൊഴില്‍ അന്തരീക്ഷത്തെ ബാധിക്കാത്ത തരത്തില്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. വികാരപരമായ പരിഹാരങ്ങളല്ല, മറിച്ച് പ്രായോഗികമായ തൊഴിലാളി, സംരംഭക-സൗഹൃദ നിര്‍ദേശങ്ങളാണ് ഉയരേണ്ടത്

നിക്ഷേപ സൗഹൃദ ഇടമെന്ന നിലയില്‍ ആഗോള തലത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കേരളം കിണഞ്ഞ് പരിശ്രമിക്കുകയാണ്. രാജ്യത്ത് ആദ്യമായി ഐടി ടെക്‌നോപാര്‍ക്ക് നിലവില്‍ വന്ന സംസ്ഥാനം പിന്നീട് പുറകിലേക്ക് പോയത്, നാം സ്വീകരിച്ച നയങ്ങളിലെ പാളിച്ചകൊണ്ടാണ്. ഇപ്പോള്‍ സംരംഭക സൗഹൃദമാകാന്‍ കേരളം ഗൗരവത്തോടെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലും സുപ്രധാനമായ മാറ്റങ്ങള്‍ സംഭവിക്കുന്നുമുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്‌സി) മുത്തൂറ്റ് ഫിനാന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

മുത്തൂറ്റ് ഫിനാന്‍സിന് സംസ്ഥാനത്തുള്ള നിരവധി ശാഖകള്‍ തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നാണ് കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കിയത്. ഏതൊരു സംരംഭത്തിന്റെയും അടിത്തറ തൊഴിലാളികളാണ്. അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാന്‍ കമ്പനികള്‍ തയാറാകുമ്പോഴാണ് ഒരുമിച്ചുള്ള വളര്‍ച്ച സാധ്യമാകുന്നത്. ഒപ്പം സംരംഭകരില്ലാതെ ബിസിനസോ തൊഴിലോ സൃഷ്ടിക്കപ്പെടില്ലെന്ന വസ്തുതയും തിരിച്ചറിയണം. ഇരുകൂട്ടരെയും ചര്‍ച്ചയ്ക്കിരുത്തി രമ്യതയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് ഇവിടെയുണ്ടാകേണ്ടത്.

പല തരത്തിലുള്ള വായ്പകള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു എന്‍ബിഎഫ്‌സികള്‍. രാജ്യത്തെ സാമ്പത്തിക ശാക്തീകരണ മുന്നേറ്റത്തില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വലിയ പങ്കാണ് വഹിക്കാനുള്ളത്. അസോസിയേഷന്‍ ഓഫ് ഗോള്‍ഡ് ലോണ്‍ കമ്പനീസ് ഇന്ത്യയും അസോസിയേഷന്‍ ഓഫ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് കേരളയും പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നതനുസരിച്ച് ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ നല്‍കുന്ന വായ്പകള്‍ വഴി 18 ലക്ഷം കുടുംബങ്ങളാണ് വരുമാന വര്‍ധനവും വ്യാപാര ശേഷിയില്‍ ഉന്നമനവും നേടിയെടുത്തത്.

ഗ്രാമ പ്രദേശങ്ങളുടെ ഉന്നമനത്തിലും സ്ത്രീ ശാക്തീകരണത്തിലും എന്‍ബിഎഫ്‌സികളുടെ പ്രവര്‍ത്തനം കാര്യമായ ചലനമുണ്ടാക്കിയിട്ടുണ്ട്. സൂക്ഷ്മ വായ്പയുടെ ലഭ്യത സാധാരണക്കാര്‍ക്ക് ഉറപ്പാക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ സഹായിച്ചിട്ടുണ്ട്. മറ്റ് താല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത്, കേരളത്തിന്റെ ക്രിയാത്മകമായ വികസനം മുന്‍നിര്‍ത്തി മുത്തൂറ്റിലെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വ്യവസായികളുടെ ഭാഗത്തുനിന്നുമുണ്ടാകണം.

ഇതിനോടകം തന്നെ ഏകദേശം 35ഓളം ശാഖകള്‍ പൂട്ടിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് തുടര്‍ന്നാല്‍ സംരംഭക കേരളത്തിനുണ്ടാകുന്ന പ്രതിച്ഛായ ഇടിവ് കടുത്തതാകും. ശമ്പള വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കാതെ കമ്പനിയുടെ പ്രവര്‍ത്തനം സുഗമമാകില്ലെന്ന സന്ദേശമാണ് സമരക്കാരില്‍ നിന്നും ലഭിക്കുന്നത്. വിട്ടുവീഴ്ച്ച ചെയ്യാന്‍ കമ്പനിയും തയാറാകുന്നില്ല. അടിസ്ഥാനപരമായ പ്രശ്‌നം എന്തെന്ന് മനസിലാക്കി ഇരുകൂട്ടരുടെയും വാദങ്ങള്‍ കേട്ട് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയാണ് വേണ്ടത്. അതല്ലെങ്കില്‍ കേരളത്തിനെതിരെയുള്ള പ്രചരണത്തിന് ആയുധമാക്കാന്‍ ഇത്തരം സംഭവങ്ങള്‍ പലരും ഉപയോഗപ്പെടുത്തും. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി വരുന്ന വേളയില്‍ ഉണ്ടാകുന്ന ഇത്തരം സംഭവവികാസങ്ങള്‍ നിക്ഷേപകരെ പിന്തിരിപ്പിക്കുമെന്നാണ് വ്യവസായ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. അത്തരം അഭിപ്രായങ്ങളിലും കാര്യമുണ്ട്.

Categories: Editorial, Slider