നിഴല്‍ പോലെ നിങ്ങളെ പിന്തുടരുന്ന സോഷ്യല്‍ മീഡിയ

നിഴല്‍ പോലെ നിങ്ങളെ പിന്തുടരുന്ന സോഷ്യല്‍ മീഡിയ

ജീവിതത്തില്‍ നമുക്കെല്ലാം എത്രമാത്രം രഹസ്യങ്ങളും പരസ്യങ്ങളും ഉണ്ടെന്ന് എല്ലാവരും സ്വയം ചോദിക്കുക… എത്രപേര്‍ക്കറിയാം നമ്മളുടേതായി അങ്ങനെ ഒരു രഹസ്യമേയില്ല എന്ന്? ഇന്നത്തെ ലോകത്ത് ഞാനും നിങ്ങളും ചിന്തിച്ചു കൊണ്ടിരിക്കുന്നതും ചെയ്തു കൊണ്ടിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും വേറൊരാള്‍ പറഞ്ഞുതരും പോലെ ഇന്നത്തെ സാങ്കേതിക വിദ്യകള്‍ നമുക്ക് പറഞ്ഞു തരും

നാളെ നമ്മെ കാത്തിരിക്കുന്നത് എന്തൊക്കെ കാര്യങ്ങളാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയില്ല. എന്നാല്‍ ടെക്‌നോളജി നമ്മുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കുകയും നമ്മുടെ ചിന്തകളെയും ജീവിത രീതികളെയും പ്രവചിക്കാനും അതിനനുസരിച്ചു വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും നിര്‍വഹിക്കാനും അതാതു വകുപ്പുകളെ സഹായിക്കുകയും ചെയ്യുന്നു. ഈ ലോകം ഇന്നുള്ള ജനതയെയും വഹിച്ചു കൊണ്ട് മുന്നോട്ടു പോവുന്നത് ടെക്‌നോളജിയുടെ സഹായം ഒന്ന് കൊണ്ട് മാത്രമാണെന്ന് ഒരു പക്ഷേ നമുക്ക് തീര്‍ത്തു പറയാന്‍ കഴിയും. ടെക്‌നോളജി വളര്‍ന്നു വളര്‍ന്ന് സൈനിക സംവിധാനങ്ങളോ ചാര വിഭാഗങ്ങളോ ഒന്നുമില്ലാതെ തന്നെ ഓരോ രാജ്യത്തിനും മുന്നോട്ടു പോവാന്‍ ഇനിയുള്ള നാളുകളില്‍ കഴിയും എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടുമില്ല.

(നിങ്ങള്‍ ഏതു സമയത്ത് എവിടെ, എങ്ങനെ, എന്തിന്…തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ഒരു പ്രയാസവുമില്ലാത്ത ഈ കാലത്ത് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ സാധിക്കും.) സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ ഇടപെടുന്ന രീതികള്‍, നിങ്ങളുടെ മനോഭാവങ്ങള്‍, ചിന്താരീതികള്‍, മറ്റുള്ളവരെ നിങ്ങള്‍ എങ്ങനെ കാണുന്നു  മനസിലാകുന്നു, നിങ്ങള്‍ മൂലം സമൂഹത്തിന് വളര്‍ച്ചയോ തളര്‍ച്ചയോ ഉണ്ടാവുന്നുണ്ടോ, എന്തൊക്കെയാണ് നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും, നിങ്ങളുടെ ദൈനംദിന ജീവിത രീതി, ഭക്ഷണക്രമങ്ങള്‍, വസ്ത്രധാരണ രീതികള്‍, വാഹനം കൈകാര്യം ചെയ്യുന്ന രീതി, നിങ്ങളുടെ ശാരീരിക അവസ്ഥ, കഴിക്കുന്ന മരുന്നുകള്‍, നിങ്ങളുടെ പ്രായ വ്യത്യാസങ്ങളും ജീവിതരീതികളും എന്നിത്യാദി എണ്ണിയാല്‍ ഒടുങ്ങാത്ത കാര്യങ്ങള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ പറഞ്ഞു തരും. അറിയാത്തവന് ഇത് വെറും സോഷ്യല്‍ മീഡിയയും അറിവുള്ളവന് സോഷ്യല്‍ ഇന്റലിജന്‍സും ആണെന്ന് സാരം.

ഇന്ന് കാണുന്ന രേഖകള്‍ എല്ലാം ഒഴിവാക്കി തനതായ ബയോളജിക്കല്‍ ഐഡന്റിറ്റിയായ ഡിഎന്‍എയിലേക്ക് ഓരോ മനുഷ്യനും എത്തുകയും ഓരോരുത്തരുടെയും രാജ്യവും ഭാഷയും പൈതൃകവും എല്ലാം അതിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ല. നിങ്ങളുടെ കണ്ണുകളും വിരലുകളും മുടിയും തൊലിപ്പുറവുമെല്ലാം നിങ്ങള്‍ക്ക് മാത്രമുള്ള, മറ്റൊരാളില്‍ കാണാത്ത അടയാളങ്ങളായി സര്‍ക്കാര്‍ രേഖകളില്‍ ഇടം പിടിക്കും. ഇത്തരം ബയോളജിക്കല്‍ രേഖകളുടെ സഹായത്തോടെ ലോകമൊട്ടുക്കും സെക്കന്‍ഡുകള്‍ കൊണ്ട് നമ്മെ ഓരോരുത്തരെയും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.

സാങ്കേതിക വിദ്യകള്‍ ഇത്രയും പുരോഗതി പ്രാപിച്ചിട്ടും പല ആളുകളും സ്വന്തം പ്രൊഫൈല്‍ പിക്ചര്‍ പോലും സത്യസന്ധമായി കാണിക്കാതെ കൊച്ചു കുട്ടികളെപ്പോലെ പോലെ വിഡ്ഢിത്തം കാണിക്കുന്നതായി കാണാം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സ്മാര്‍ട്ട് ആണെങ്കില്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം വ്യക്തിത്വം ആദ്യം തുറന്നു കാട്ടുക എന്നതാണ്. നിങ്ങളെ സംബന്ധിച്ച രേഖകള്‍ എല്ലാ സ്ഥലങ്ങളിലും സത്യസന്ധമായി കാണിക്കുക, നിങ്ങള്‍ ആരാണ് എന്ന് ഫോട്ടോയിലൂടെ വ്യക്തമാക്കുക, അനാവശ്യമായ ഗോസിപ്പുകള്‍ ഒഴിവാക്കി മിതത്വം പുലര്‍ത്തുക, നിങ്ങളുടെ ചിന്തകളും എഴുത്തുകളും പ്രതികരണ രീതികളും എല്ലാം സ്ഥായിയായി നിലനിര്‍ത്തുക, സോഷ്യല്‍ മീഡിയയില്‍ എല്ലാ വിഷയത്തിലും മാന്യമായ ഇടപെടലുകള്‍ നടത്തുക, അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ശരിയിലേക്കു നീങ്ങിനിന്നു കൊണ്ട് കേള്‍വിക്കാരന് / വായനക്കാരന് മനസിലാവുന്ന ഭാഷയില്‍ ദ്വയാര്‍ത്ഥം കൂടാതെ പറയുക… എന്നിവയെല്ലാം നിങ്ങളെ വ്യക്തമായി മനസിലാക്കാന്‍ മറ്റുള്ളവരെ സഹായിക്കും. വ്യക്തിപരമായ നെഗറ്റീവ് ചിന്തകളും വെറുപ്പുകളും കോരിയെറിയാന്‍ ഉള്ള ഒരു വേദിയായി സോഷ്യല്‍ മീഡിയയെ എല്ലാവരും ഇന്ന് കാണുന്നെന്നതാണ് വാസ്തവം. ഇവിടെയാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കവും. നിങ്ങള്‍ അറിയാതെ വീണ്ടും വീണ്ടും വിഡ്ഢിത്തങ്ങളുടെ പടുകുഴിയില്‍ മെല്ലെ ആണ്ടിറങ്ങും…തിരിച്ചറിവ് നേടി സ്വയം രക്ഷപെടാന്‍ നോക്കുമ്പോഴേക്കും നിങ്ങള്‍ ആരാണ്, എന്താണ് എന്ന് എല്ലാവരും മനസിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്യും.

ഇന്ന് എല്ലാ കമ്പനികളും അവരുടെ തൊഴിലാളികളുടെ സോഷ്യല്‍ മീഡിയ സ്വഭാവങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ഒരു കമ്പനിയില്‍ ജോലിക്കു കയറണമെങ്കില്‍ നിങ്ങള്‍ നേടിയെടുത്ത ഡിഗ്രികളും അവാര്‍ഡുകളും ഒന്നും മതിയാവില്ല. സോഷ്യല്‍ മീഡിയ അന്വേഷണം കൂടി കഴിഞ്ഞാലേ ജോലി ലഭിക്കൂ. അതുപോലെ നിങ്ങള്‍ എത്ര നല്ല പദവിയില്‍ ഇരുന്നാലും സോഷ്യല്‍ മീഡിയ ഇടപെട്ടാല്‍ നിങ്ങളുടെ ജോലി ഇല്ലാതാവാനും ഭാവി ഇരുണ്ടതാകാനും അത് മതി. ചുരുക്കിപ്പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ ഒരു ആയുധം പോലെയാണ്. നമ്മെ ഉള്‍ക്കൊള്ളുന്ന സമൂഹത്തെ അപകടപ്പെടുത്താതെ ഉപയോഗിച്ചാല്‍ അതുകൊണ്ട് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൈവരിക്കാന്‍ ഏറെ സാധ്യതയുണ്ട്. നമ്മള്‍ ഏതു ചേരിയില്‍ നില്‍ക്കണം, സത്യം എവിടെ, ആരുമായി സഹവാസം വേണം എന്നെല്ലാം ആലോചിക്കുന്നതും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതും വളരെ ഉപകാരപ്പെടും. ഇന്നത്തെ കാലത്ത് നല്ലതു മാത്രം ചെയ്യുക, നല്ലതിന് വേണ്ടി മുന്നിട്ടിറങ്ങുക, കഴിയുമെങ്കില്‍ മറ്റുള്ളവര്‍ക്ക് തണലേകാന്‍ ശ്രമങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ നമ്മള്‍ വ്യാപൃതരാവാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ നമ്മളും നമ്മളുടെ നിഴലും മാത്രം ബാക്കിയാവും. നമ്മള്‍ ചെയ്യുന്ന ഓരോ തെറ്റുകളും അറിഞ്ഞോ അറിയാതെയോ നമ്മെ ഉള്‍കൊള്ളുന്ന സമൂഹത്തെ കൂടി പലപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന അനുഭവങ്ങളും ഇല്ലാതില്ല. ഞാന്‍ എന്ന ഒരു പദം ഇന്നില്ല. മറ്റുള്ളവര്‍ അംഗീകരിച്ചാല്‍ മാത്രമേ ഞാന്‍ എന്നതിനും നമ്മള്‍ എന്നതിനും അര്‍ത്ഥമുള്ളൂ.

വരും കാലങ്ങളില്‍ ഓരോ വ്യക്തിക്കും അവന്റേതായ റേറ്റിംഗ്‌സ് ഉണ്ടാവും. അത് നോക്കിയാവും ഓരോ കാര്യങ്ങളും തീരുമാനിക്കപ്പെടുക. അങ്ങനെ വരുമ്പോള്‍ ഇന്ന് നമ്മള്‍ കൊണ്ട് നടക്കുന്ന ഓരോ ആശയങ്ങളും സമവാക്യങ്ങളും വരുംകാലത്ത് നാം വിചാരിച്ചപോലെ ആയിക്കൊള്ളണമെന്നില്ല, തന്നെയുമല്ല റേറ്റിംഗ്‌സ് എന്നത് ഒരു ആഗോള തിരിച്ചറിയലിന്റെ ഭാഗമായി മാറുകയും ചെയ്യും. സ്വാഭാവികമായും നിങ്ങള്‍ക്ക് ഒരു വിശ്വ പൗരന്‍ ആയി അംഗീകാരം കിട്ടണമെങ്കില്‍ നിങ്ങളുടെ ഓരോ ചിന്തകളും പ്രവര്‍ത്തിയും അതിനനുസൃതമായി ചലിച്ചു കൊണ്ടിരിക്കണം, യഥാര്‍ത്ഥ ജീവിതത്തിലും സോഷ്യല്‍ മീഡിയയിലും…കാരണം രണ്ടും സമരസപ്പെട്ടു കിടക്കുന്ന ഘടകങ്ങള്‍ ആണ്.

നിങ്ങള്‍ ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന മൊബീല്‍ ഫോണ്‍, മൊബീല്‍ ആപ്ലിക്കേഷനുകള്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍, അതിനു വേണ്ട ഗേറ്റ്‌വേകള്‍, നിങ്ങളിരിക്കുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനം എല്ലാം 24/7 നിങ്ങളെ ഒരു നിഴല്‍പോലെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു…നിങ്ങള്‍ രണ്ടു കണ്ണുകള്‍ കൊണ്ട് ലോകത്തെ നോക്കുമ്പോള്‍ ആയിരം കണ്ണുകള്‍ നിങ്ങളെ മാത്രം നോക്കിയിരിക്കുന്നു എന്ന് മനസിലാക്കുക. അതുകൂടാതെ കുറെ കറുത്ത കണ്ണുകളും നിങ്ങളെ വഴിതെറ്റിക്കാനും തെറ്റിലേക്ക് വലിച്ചെറിയാനും കാത്തിരിക്കുന്നുണ്ടാവും. എവിടെയും നിങ്ങള്‍ തനിച്ചല്ല. നിങ്ങളുടേതായ ഒരു രഹസ്യവുമില്ല, അത് വെറുമൊരു സങ്കല്‍പ്പം മാത്രമെന്ന് തിരിച്ചറിയുക.

വരും കാലങ്ങളില്‍ ഒരാള്‍ വലിയവനെന്നോ ചെറിയവനെന്നോ തീരുമാനിക്കുന്നതും നിര്‍വചിക്കുന്നതും പണത്തിന്റെയും പദവിയുടെയും അറിവിന്റെയും മാത്രം അടിസ്ഥാനത്തിലാവില്ല. മറിച്ച് സോഷ്യല്‍ മീഡിയ റേറ്റിംഗ്‌സ് നോക്കിയാവും. ഓരോ ദേശത്തെയും അവിടത്തെ ജനതയെയും കുറിച്ചും റേറ്റിംഗ്‌സ് വരുമ്പോള്‍ നമ്മുടെ സംസ്‌കാരത്തെയും ആശയങ്ങളെയും മുന്നോട്ടു കൊണ്ടുപോവാന്‍ എല്ലാവരും സത്യസന്ധമായ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നടത്തിയേ തീരൂ. തന്നെയുമല്ല ഇത്തരം ഭവിഷ്യത്തുകള്‍ ഇന്നുള്ള എല്ലാ സോഷ്യല്‍ മീഡിയ വേദികളും അതുപോലെ ടെലിവിഷന്‍ ചാനലുകളും നേരിടാന്‍ പോവുന്നു. വെറും വാര്‍ത്താധിഷ്ഠിത (News driven) സംസ്‌കാരത്തില്‍ നിന്നും വസ്തുതാധിഷ്ഠിത (Fact driven) സംസ്‌കാരത്തിലേക്ക് മാധ്യമങ്ങള്‍ മാറിയില്ല എങ്കില്‍ അവരുടെ ബിസിനസ് സാമ്രാജ്യവും ഏതു സമയവും ഇല്ലാതാവാം.

Categories: FK Special, Slider
Tags: social media