അമിത അശുഭപ്രതീക്ഷകള്‍ തിരിച്ചടിയാവരുതെന്ന് കെ സുബ്രഹ്മണ്യന്‍

അമിത അശുഭപ്രതീക്ഷകള്‍ തിരിച്ചടിയാവരുതെന്ന് കെ സുബ്രഹ്മണ്യന്‍

എന്‍ബിഎഫ്‌സി വായ്പാ പ്രതിസന്ധി ഏകദേശം കെട്ടടങ്ങിയെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

നമ്മെപ്പോലെ ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെ മുഖ്യ ചാലകശക്തി നിക്ഷേപമാണ്, ഉപഭോഗം ശക്തിവര്‍ധകവും. ഹ്രസ്വകാല നേട്ടങ്ങള്‍ ലക്ഷ്യമിട്ട് ഉപഭോക്തൃ വിപണിയെ മാത്രം കേന്ദ്രീകരിച്ചാല്‍, അതിന് കുറെ കാലത്തേക്ക് മാത്രമേ നേട്ടമുണ്ടാക്കാനാവൂ എന്നോര്‍ക്കണം. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്കായി നിക്ഷേപങ്ങളുടെ ഘടനാപരമായ വശത്തെ അഭിസംബോധന ചെയ്യേണ്ടത് അതിനാല്‍ അത്യാവശ്യമാണ്

-കെ സുബ്രഹ്മണ്യന്‍

മുംബൈ: വളര്‍ച്ചാ മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ ന്യായമാണെങ്കിലും അമിതമായ അശുഭപ്രതീക്ഷകള്‍ തിരിച്ചടിയാകാതെ ശ്രദ്ധിക്കണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. സാമ്പത്തിക വളര്‍ച്ചയെന്ന ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നതെന്നും ഉയര്‍ന്ന തലത്തിലേക്ക് വളര്‍ച്ചയെ തിരികെ കൊണ്ടുവരാന്‍ ആവശ്യമായ എല്ലാ ഘടനാപരമായ നടപടികളും സ്വീകരിക്കുമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. ഹ്രസ്വകാല ഇളവുകളേക്കാള്‍ ദീര്‍ഘകാലത്തേക്കുള്ള ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആറാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കിംഗ് & ഇക്കണോമിക്‌സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്.

ഐഎല്‍&എഫ്എസ് തകര്‍ച്ചയോടെ ആരംഭിച്ച ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപന (എന്‍ബിഎഫ്‌സി) മേഖലയിലെ വായ്പാ പ്രതിസന്ധി ഏകദേശം ശമിച്ചെന്ന് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു. ‘എന്‍ബിഎഫ്‌സിയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഉയര്‍ന്നു വന്നിരുന്നു, എന്നാല്‍ അവ അവസാനിച്ചെന്ന് തോന്നുന്നു,’ അദ്ദേഹം അഭിപ്രായപ്പെട്ടു.

Categories: FK News, Slider