ഇത് ബ്ലോക്ക്ബസ്റ്ററല്ല, മിഷന്‍ ഫോട്ടോഗ്രഫി

ഇത് ബ്ലോക്ക്ബസ്റ്ററല്ല, മിഷന്‍ ഫോട്ടോഗ്രഫി

സിനിമയെ സ്‌നേഹിച്ച് അഭ്രപാളിയില്‍ ഹീറോ ആയി വിലസാന്‍ ആഗ്രഹിച്ച പയ്യന് ജീവിതം കൊടുത്തത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. തെരുവില്‍ ചവറുകള്‍ പെറുക്കി നടന്ന പതിനൊന്നുകാരന്‍ പയ്യന്‍ ഇന്ന് ലോകപ്രശസ്ത ഫോട്ടോഗ്രാഫറായി മാറിയ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്

തെരുവില്‍ ചവറു പെറുക്കി നടന്ന പയ്യന്‍ പില്‍ക്കാലത്ത് ലോകം അറിയുന്ന ഫോട്ടോഗ്രാഫറായി മാറിയ കഥയാണ് വിക്കി റോയിയുടേത്. സിനിമയെ സ്‌നേഹിച്ച് അഭ്രപാളിയില്‍ ഹീറോ ആയി വിലസാന്‍ ആഗ്രഹിച്ച പയ്യന് ജീവിതം കൊടുത്തത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന ജീവിതകഥകള്‍ എഴുതാന്‍ അവസരം നല്‍കുന്ന ഹ്യൂമന്‍സ് ഓഫ് മുംബൈ എന്ന ഫേസ്ബുക്ക് പേജിലൂടെ സ്വന്തം കഥ എഴുതിയപ്പോഴാണ് വിക്കിയെ നാം അറിയുന്നത്.

സിനിമ മോഹത്തില്‍ വീടുവിട്ട പയ്യന്‍

പതിനൊന്നാം വയസില്‍ വിക്കി റോയി സ്വന്തം വീട് വിട്ടിറങ്ങി. സിനിമയുടെ മായാലോകമായിരുന്നു മനസില്‍. എത്തിയതോ ന്യൂഡല്‍ഹിയിലെ തെരുവോരങ്ങളിലും, റെയ്ല്‍വേ സ്റ്റേഷനിലെ ജനബാഹുല്യത്തിലും തിരക്കേറിയ ജീവിതത്തിലും തെരുവിലേക്ക് എത്തിയ ആ കൊച്ചുപയ്യനെ ശ്രദ്ധിക്കാന്‍ ആരുമുണ്ടായില്ല. വിശപ്പ് സഹിക്കാതായപ്പോള്‍ അവന്‍ ചവറുകള്‍ പെറുക്കി ജീവിതം തുടങ്ങി. ഏതായാലും വീട്ടിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്ന് ആ കുഞ്ഞുമനസ് അന്നേ ഉറപ്പിരുന്നു. അന്ന് വഴിവക്കില്‍ കണ്ട ആരും കരുതിക്കാണില്ല, ചവറുപെറുക്കി നടന്ന ആ പയ്യന്‍ പില്‍ക്കാലത്ത് ലോകം അറിയുന്ന ഫോട്ടോഗ്രാഫറായി മാറുമെന്ന്. ഫോബ്‌സ് ഇന്ത്യയുടെ പട്ടികയില്‍ കടന്നുകൂടി ബെക്കിംഗ്ഹാം പാലസില്‍ എഡ്വേര്‍ഡ് രാജകുമാരനൊപ്പം വിരുന്നും, മസാച്ചുസൈറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഫോട്ടോഗ്രഫിയും പഠിക്കാനായത് മറക്കാനാകാത്തെ അനുഭവമാണിപ്പോള്‍ വിക്കിക്ക്.

പശ്ചിമ ബംഗാളിലെ പുരുലിയയില്‍ ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു ജനനം. തയ്യല്‍ ജോലിയില്‍ ദിവസം 25 രൂപ നേടിയ അച്ഛന്റെ വരുമാനത്തില്‍ ആറു സഹോദരങ്ങളും അമ്മയും കഷ്ടിച്ചു കഴിഞ്ഞുകൂടിയത് വിക്കി ഇന്നും ഓര്‍മിക്കുന്നു. കഷ്ടപ്പാടിലും ഒരു മകനെ പത്താം ക്ലാസ് വരെ പഠിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പട്ടിണി സഹിക്കാതായപ്പോള്‍ വിക്കി മുത്തച്ചന്റെ വീട്ടിലേക്ക് താമസം മാറി. അവിടെ കാര്യങ്ങള്‍ വളരെ കര്‍ക്കശമായിരുന്നു. ചെറിയ തെറ്റുകള്‍ക്കു പോലും വലിയ ശിക്ഷ ഏല്‍ക്കേണ്ടതായി വന്നു. തുടര്‍ന്ന് ആ വീട് ഉപേക്ഷിച്ചു പോകാന്‍ പതിനൊന്നാം വയസില്‍ വിക്കി നിര്‍ബന്ധിതനായി. സിനിമയില്‍ അവസരം നേടി വലിയ ആളായി തീരണമെന്ന മോഹമായിരുന്നു മനസ് നിറയെ. പട്ടണത്തില്‍ പോകണം, ഹീറോ ആകണം എന്ന് നിരന്തരം പറഞ്ഞു നടന്ന പയ്യനെ കാത്തിരുന്നത് അഴുക്കുചാലിലേക്കുള്ള ക്ഷണമായിരുന്നു. ആറുമാസത്തോളം ചവറ് പെറുക്കിയുള്ള ജീവിതം. പിന്നീട് അതുപേക്ഷിച്ച് പഹര്‍ഗഞ്ചിലെ ഒരു ചെറിയ ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലി ഏറ്റെടുത്തു. അവിടെ വെച്ചാണ് സഞ്ജയ് ശ്രീവാസ്തവ എന്നയാളെ പരിചയപ്പെടുന്നത്. അത് ജീവിതത്തില്‍ വഴിത്തിരിവായി.

സന്നദ്ധസംഘടനയുടെ തണലില്‍

ഹോട്ടലില്‍ പാത്രം കഴുകി ജീവിച്ച ബാലനെ സഞ്ജയ് സലാം ബാലക് ട്രസ്റ്റ് എന്ന എന്‍ജിഒയ്ക്ക് പരിചയപ്പെടുത്തി. അവര്‍ അവനെ അഴുക്കു ചാലില്‍ നിന്നും ഏറ്റെടുത്തു. വിക്കിയെ പോലെ ഒരുകാലത്ത് സഞ്ജയിനേയും ട്രസ്റ്റ് ഏറ്റെടുത്ത് പുനരധിവസിപ്പിച്ചതായിരുന്നു. വിക്കിയെ അവര്‍ ആറാം ക്ലാസില്‍ ചേര്‍ത്ത് പഠിപ്പിച്ചു. പഠനത്തില്‍ അത്ര വലിയ മിടുക്കനായിരുന്നില്ലെങ്കിലും പത്താം ക്ലാസ് പൂര്‍ത്തിയായതോടെ അവര്‍ അവനെ വൊക്കേഷണല്‍ കോഴ്‌സില്‍ ചേരാന്‍ നിര്‍ബന്ധിച്ചു. സ്വന്തമായി ഒരു തൊഴില്‍ അഭ്യസിപ്പിക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് 2000ല്‍ വിക്കി ഫോട്ടോഗ്രഫി കോഴ്‌സ് സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. കോഴ്‌സില്‍ കൂടുതല്‍ പ്രചോദനം നല്‍കുന്നതിനായി ട്രസ്റ്റ് അവന് കാമറയും മാസം തോറും 499 രൂപ വിലയില്‍ മൂന്ന് കാമറ റോളുകളും നല്‍കി. സുഹൃത്തുക്കള്‍ അവരുടെ ഫോട്ടോ എടുപ്പിക്കുന്നതിന് പകരമായി വിക്കിക്ക് ആഹാരം വാങ്ങിക്കൊടുത്തു തുടങ്ങി. തുടര്‍ന്ന് പതിനേഴാം വയസില്‍ അവന് ട്രസ്റ്റ് വിട്ട് പുറത്തു പോകേണ്ടിവന്നു. 18 വയസ് പൂര്‍ത്തിയായാല്‍ ആര്‍ക്കും പിന്നീട് ട്രസ്റ്റില്‍ അന്തേവാസികളായി തുടരാന്‍ കഴിയില്ല. എന്നാല്‍ ഡെല്‍ഹിയിലെ അനെ മന്‍ എന്ന ഫോട്ടോഗ്രാഫറിനു കീഴില്‍ അപ്രന്റീസ്ഷിപ്പ് നേടി കരിയര്‍ തുടരാന്‍ വിക്കിയെ സഹായിച്ച ശേഷമാണ് ട്രസ്റ്റ് പുറത്തേക്ക് വിട്ടത്. അനെ മന്‍ ഫോട്ടോഗ്രാഫിയിലെ നൈപുണ്യം മാത്രമല്ല, മറിച്ച് ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി തന്നെ വാര്‍ത്തെടുത്തെന്ന് വിക്കി ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. ജോലിയുടെ ഭാഗമായി ബൈക്കും മൊബീല്‍ ഫോണും ലഭിച്ച വിക്കിയുടെ ആദ്യ വേതനം 3000 രൂപയായിരുന്നു.

‘തെരുവിന്റെ സ്വപ്‌ന’ത്തില്‍ ആദ്യ പ്രദര്‍ശനം

ഫോട്ടോഗ്രഫിയില്‍ 2007 ലാണ് വിക്കിക്ക് ഒരു മികച്ച ബ്രേക്ക് ലഭിച്ചത്. ‘തെരുവിന്റെ സ്വപ്‌നം’ എന്ന തലക്കെട്ടോടെ ഡെല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ തന്റെ ചിത്രങ്ങളുടെ സോളോ പ്രദര്‍ശനം. വിക്കിയുടെ ജീവിതം പകര്‍ത്തി എന്നു തോന്നിപ്പിക്കുന്ന ജീവനുള്ള ചിത്രങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ന്ന് വിക്കിയുടെ ജീവിതത്തില്‍ ഒട്ടേറെ വാതിലുകള്‍ തുറക്കപ്പെട്ടു. കൃത്യം ഒരു വര്‍ഷത്തിനു ശേഷം ന്യൂയോര്‍ക്കിലെ മേബാക്ക് ഫൗണ്ടേഷന്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ പുനര്‍നിര്‍മാണം ഫോട്ടോ ഡോക്യുമെന്റാക്കുന്നതിനായി ക്ഷണിച്ചു. ആ പ്രോജക്റ്റിന്റെ ഭാഗമായി ഡോക്യുമെന്ററി ഫോട്ടോഗ്രഫി കോഴ്‌സ് ചെയ്യാനും വിക്കിക്ക് സാധിച്ചു. തുടര്‍ന്ന് യുഎസ്, യുകെ, സിംഗപ്പൂര്‍, ജര്‍മനി, ശ്രീലങ്ക, റഷ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ വിക്കിയുടെ ഫോട്ടോ പ്രദര്‍ശനം അരങ്ങേറി.

2016ല്‍ സ്വന്തം കുടുംബത്തെ തേടി വിക്കിയെത്തി. മാതൃദിനത്തില്‍ മൂന്ന് കിടപ്പുമുറികളോടു കൂടിയ വീട് അമ്മയ്ക്ക് സമ്മാനിക്കാനും കഴിഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത മുഹൂര്‍ത്തമായി ഇന്നും അതു കാത്തുസൂക്ഷിക്കുന്നുണ്ടെന്നും വിക്കി പറയുന്നു.

Comments

comments

Categories: FK Special