മില്‍മ പാലിന് നാല് രൂപ കൂടും

മില്‍മ പാലിന് നാല് രൂപ കൂടും

ഇളം നീല കവര്‍ പാല്‍ ലിറ്ററിന് 44 രൂപയും കടും നീല കവറിന് 45 രൂപയുമായിരിക്കും പുതുക്കിയ വില

തിരുവനന്തപുരം: ഈ മാസം 21 മുതല്‍ മില്‍മ പാലിന് നാല് രൂപ വര്‍ധിക്കും. ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എല്ലാ വിഭാഗത്തിലെ പാലിനും വില വര്‍ധന ബാധകമാണ്. ഇളം നീല കവറിന് ലിറ്ററിന് 44 രൂപയും കടും നീല കവറിന് 45 രൂപയുമായിരിക്കും പുതുക്കിയ വില.

ഏഴു രൂപ കൂട്ടാനാണ് മില്‍മ ആവശ്യപ്പെട്ടിരുന്നതെങ്കിലും നിരക്ക് വര്‍ധന സര്‍ക്കാര്‍ നാല് രൂപയായി നിജപ്പെടുത്തുകയായിരുന്നു. കൂടുന്ന വിലയുടെ 83.75% തുക ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. വര്‍ധിപ്പിച്ച നാല് രൂപയില്‍ നിന്ന് 3.35 രൂപയാണ് ഇപ്രകാരം കര്‍ഷകര്‍ക്ക് കിട്ടുക. കര്‍ഷകര്‍ക്ക് 80% വിഹിതം നല്‍കാനാണ് മില്‍മ നേരത്തെ പദ്ധതിയിട്ടിരുന്നത്. കന്നുകാലി തീറ്റയുടെ വിലക്കയറ്റം അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളാണ്് നിരക്ക്് വര്‍ധിപ്പിക്കാന്‍ മില്‍മയെ നിര്‍ബന്ധിതമാക്കിയത്. പ്രളയത്തിന് ശേഷം സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനവും ഒരു ലക്ഷം ലിറ്ററോളം കുറഞ്ഞിരുന്നു. 2017 ലാണ് മില്‍മ പാലിന്റെ വില അവസാനമായി വര്‍ധിപ്പിച്ചത്. അന്ന് നാല് രൂപ വില വര്‍ധിപ്പിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് 3.35 രൂപയാണ് അധികമായി ലഭിച്ചിരുന്നത്.

Categories: FK News, Slider
Tags: milma