മാനസികരോഗചികിത്സ സര്‍ക്കാര്‍ പിന്തുണ കുറവ്

മാനസികരോഗചികിത്സ സര്‍ക്കാര്‍ പിന്തുണ കുറവ്

മാനസികരോഗത്തിന് പകുതിമുക്കാല്‍ പേരും സ്വന്തം നിലയിലാണ് ചികിത്സ തേടുന്നത്

മാനസികരോഗികളുടെ പരിപാലനത്തില്‍ സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുന്നതായി റിപ്പോര്‍ട്ട്. മറ്റു രോഗികള്‍ക്ക് നല്‍കുന്ന ശ്രദ്ധയും പരിചരണവും ഇവര്‍ക്ക് ലഭിക്കാറില്ല. ഇത് വേണ്ട ഗൗരവത്തില്‍ സര്‍ക്കാരുകള്‍ എടുക്കാറില്ലെന്നാണ് യാഥാര്‍ത്ഥ്യം. മാനസികരോഗചികിത്സ തേടുന്ന ബഹുഭൂരിപക്ഷം ചെറുപ്പക്കാര്‍ക്കും സ്വന്തം ചെലവില്‍ അതു സ്വീകരിക്കേണ്ടിവരുമെന്ന് ഒരു പഠനംചൂണ്ടിക്കാട്ടി. എട്ടില്‍ ഒരാള്‍ മാനസികരോഗചികിത്സ സ്വന്തം നിലയില്‍ കൈകാര്യം ചെയ്തതായി ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് മെന്റല്‍ ഹെല്‍ത്ത് ചാരിറ്റി യംഗ് മൈന്‍ഡ്‌സ് എന്ന സന്നദ്ധ സംഘടന നടത്തിയ ഗവേഷണങ്ങളില്‍ മനസിലാക്കാനായി. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടക്കം മുതല്‍ ചികിത്സിക്കുന്നതില്‍ പറ്റുന്ന വലിയ വിടവുകള്‍ പഠനം ഉയര്‍ത്തിക്കാട്ടി.

ബ്രിട്ടണില്‍ 7,000 ത്തിലധികം ആളുകളില്‍ സര്‍വേ നടത്തിയാണ് സംഘടന നിര്‍ണായക നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. ഇവരെല്ലാം 25 വയസ്സിന് താഴെയുള്ളവരും മുമ്പ് മാനസികരോഗ ചികിത്സ തേടാന്‍ ശ്രമിച്ചവരുമായിരുന്നു. ഇവരുടെ മാനസികാവസ്ഥയിലേക്കു നയിച്ച ഘടകങ്ങള്‍, ചികിത്സക്ക് സമീപിക്കാന്‍ സാധ്യതയുള്ളവര്‍, രാജ്യത്ത് മാനസികരോഗത്തിന് എത്രത്തോളം പിന്തുണ ലഭിക്കുമെന്ന് വിശ്വസിക്കുന്നു, സ്വയം മനസ്വാസ്ഥ്യം പരിപാലിക്കുന്നതില്‍ എങ്ങനെ ആത്മവിശ്വാസം തോന്നുന്നു തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു. മൂന്നില്‍ രണ്ട് ഭാഗവും തങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ മാനസികരോഗത്തിന് ചികിത്സ കണ്ടെത്താനായില്ലെന്ന് അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്ത 78 ശതമാനം പേരും തങ്ങള്‍ക്ക് സഹായം കണ്ടെത്താനാകാത്തതിനാല്‍ നേരിട്ട് കണ്ടെത്തേണ്ടി വന്നുവെന്ന് അഭിപ്രായപ്പെട്ടു.

ഈ ഉയര്‍ന്ന സ്ഥിതിവിവരക്കണക്ക് ഉണ്ടായിരുന്നിട്ടും, ചോദ്യം ചെയ്യപ്പെട്ട 17 ശതമാനം ചെറുപ്പക്കാര്‍ മാത്രമാണ് തങ്ങളുടെ രോഗാവസ്ഥ സ്വന്തമായി കൈകാര്യം ചെയ്യുന്നതില്‍ ആത്മവിശ്വാസമുണ്ടായതായി അഭിപ്രായപ്പെട്ടത്. ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെട്ട ആദ്യ ഘട്ടത്തില്‍ അവര്‍ക്കു തീരെ പിന്തുണ ലഭിക്കാറില്ലെന്ന് പഠന ഫലങ്ങള്‍ കാണിക്കുന്നു. ഇത് വൈകിപ്പിക്കുന്നതിന്റെ ആഘാതം വിനാശകരമാണെന്ന് അറിയാമെന്ന അവര്‍ പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് മാനസികരോഗത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ശരിയായ സഹായം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. യൂത്ത് ക്ലബ്ബുകളിലൂടെയോ പ്രാദേശിക സന്നദ്ധസംഘടനകളിലൂടെയോ നല്‍കുവാന്‍ കഴിയുന്ന പ്രാദേശിക പിന്തുണ അതിജീവനത്തിന് വളരെയേറെ സഹായകരമായിരിക്കും. എന്നാല്‍ ഇത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ നേടാനാകൂവെന്നതാണു സത്യം.

വിദഗ്ധചികിത്സയ്ക്കായി കാത്തിരിക്കുന്നതിനു പകരം എത്രയും വേഗം സഹായം പ്രാപ്യമാക്കുന്നതാണ് ഏറ്റവും ഉചിതം. സ്‌കൂളിലോ കോളേജിലോ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സമ്മര്‍ദമാണ് ചെറുപ്പക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതെന്നാണ് കൂടുതല്‍ പേരും പ്രതികരിച്ചത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 77 ശതമാനം പേര്‍ അങ്ങനെ പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 69 ശതമാനം ആളുകള്‍ കുടുംബ പ്രശ്നങ്ങളും 62 ശതമാനം ആളുകള്‍ തങ്ങളുടെ രൂപത്തെക്കുറിച്ചും ചിന്തിച്ച് അസ്വസ്ഥതപ്പെടുന്നവരാണ്. സഹായത്തിനായി സുഹൃത്തുക്കളെ ആശ്രയിച്ചതായി ഏഴില്‍ ഒന്നു പേര്‍ പറഞ്ഞു. 63 ശതമാനം പേര്‍ മാതാപിതാക്കളുടെ സഹായം തേടിയപ്പോള്‍ ഇന്റര്‍നെറ്റിലേക്ക് തിരിഞ്ഞത് 53 ശതമാനമാണ്.
മാനസികപ്രശ്‌നങ്ങള്‍ നേരിടുന്ന ചെറുപ്പക്കാര്‍ക്ക് എത്രയും വേഗം ചികിത്സ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള തന്ത്രം സ്വീകരിക്കാന്‍ സര്‍ക്കാരിനെ ഈ പഠനം പ്രേരിപ്പിക്കുന്നു.

സ്‌കൂളില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു മാനസിക പിന്തുണ നല്‍കാനുള്ള പദ്ധതികളാവിഷ്‌കരിക്കണം. യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളെ അഭിസംബോധന ചെയ്യാനും സര്‍ക്കാര്‍ നടപടിയെടുക്കണം. പഠനസമ്മര്‍ദ്ദവും ജീവിതത്തില്‍ ആഘാതം നേരിടുന്ന കുട്ടികളെ എങ്ങനെ പിന്തുണയ്ക്കാമെന്ന് പരിശോധിക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.

Comments

comments

Categories: Health