കൂടുതല്‍ പരിക്കേല്‍ക്കുക ചൈനക്ക്: ഗീത ഗോപിനാഥ്

കൂടുതല്‍ പരിക്കേല്‍ക്കുക ചൈനക്ക്: ഗീത ഗോപിനാഥ്
  • അടഞ്ഞ സമ്പദ് വ്യവസ്ഥയും ആഭ്യന്തര ഉപഭോഗവും യുഎസിന്റെ കരുത്ത്
  • വിദേശ വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്നത് ചൈനയ്ക്ക് തിരിച്ചടിയാവും
  • രണ്ടാം ശീതയുദ്ധത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ എത്തിയെന്ന് സാമ്പത്തിക വിദഗ്ധര്‍

ഈ സംഘര്‍ഷം നിലനിന്നാല്‍ നാം പ്രതീക്ഷിക്കുന്നതിലും വേഗം ആഗോള വളര്‍ച്ച പിന്നോട്ടടിക്കും. ഇത് സാമ്പത്തിക വിപണിയുടെ വികാരത്തെ പരിവര്‍ത്തനം ചെയ്യുകയും വ്യാപാര മേഖലയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയും അങ്ങനെ ആഗോള സമ്പദ് വ്യവസ്ഥാ മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യും

-ഗീത ഗോപിനാഥ്

ന്യൂഡെല്‍ഹി: ഒരു വര്‍ഷമായി തുടരുന്ന യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ കൂടുതല്‍ പരിക്കേല്‍ക്കുക ചെനയ്ക്കായിരിക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീത ഗോപിനാഥ്. വ്യാപാര യുദ്ധത്തിന്റെ തിരിച്ചടികള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ ദോഷമുണ്ടായിരിക്കുന്നത് ചൈനയ്ക്കാണെന്ന് ഐഎംഎഫിന്റെ വിലയിരുത്തലില്‍ മനസിലായെന്ന് ബ്ലൂംബെര്‍ഗ് ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗീത വ്യക്തമാക്കി. ‘യുഎസ് കുറച്ചുകൂടി അടഞ്ഞ (സംരക്ഷിത) സമ്പദ് വ്യവസ്ഥയാണെന്നതും ആഭ്യന്തര ഉപഭോഗത്തിലൂന്നിയാണ് കൂടുതലും നിലനില്‍ക്കുന്നതെന്നതും ഇതിന് കാരണമാണ്. അതേ സമയം വിദേശ വ്യാപാരത്തെയാണ് ചൈന കൂടുതല്‍ ആശ്രയിക്കുന്നത് ,’ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ വ്യക്തമാക്കി.

വര്‍ധിച്ചുകൊണ്ടിരിക്കുന്ന യുഎസ്-ചൈന വ്യാപാര സംഘര്‍ഷം, ആഗോള വളര്‍ച്ചയ്ക്ക് മേല്‍ നിഴല്‍ വീഴ്ത്തിയിട്ടുണ്ടെന്നും മാന്ദ്യത്തിന് കാരണമായിട്ടുണ്ടെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ‘ഈ സംഘര്‍ഷം നിലനിന്നാല്‍ നാം പ്രതീക്ഷിക്കുന്നതിലും വേഗം ആഗോള വളര്‍ച്ച പിന്നോട്ടടിക്കും. ഇത് സാമ്പത്തിക വിപണിയുടെ വികാരത്തെ പരിവര്‍ത്തനം ചെയ്യുകയും വ്യാപാര മേഖലയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയും അങ്ങനെ ആഗോള സമ്പദ് വ്യവസ്ഥാ മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യും,’ അവര്‍ പ്രതികരിച്ചു. വ്യാപാര സംഘര്‍ഷം തുടര്‍ന്നാല്‍ ഇരു രാഷ്ട്രങ്ങളുടെയും സമ്പദ് വ്യവസ്ഥകളെ ബാധിക്കുമെങ്കിലും ചൈനയ്ക്കാവും കൂടുതല്‍ നഷ്ടമുണ്ടാവുകയെന്ന് 2018 ഒക്‌റ്റോബറിലും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വ്യാപാര യുദ്ധം വഷളായതോടെ നിരവധി കമ്പനികള്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. യുഎസ് നികുതി വര്‍ധന താങ്ങാനാവാതെ നിരവധി ഏഷ്യന്‍ കമ്പനികള്‍ തങ്ങളുടെ മാതൃരാജ്യത്തേക്ക് ഉല്‍പ്പാദന കേന്ദ്രങ്ങളെ പറിച്ചു നടുകയാണ്. ജപ്പാനിലെയും തായ്‌വാനിലെയും ഇലക്ട്രോണിക്‌സ്, മെഷീനറി കമ്പനികള്‍ പിന്‍മാറ്റം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിലേക്ക് ചുവടുമാറ്റാനുള്ള സാധ്യതകള്‍ അന്‍പതോളം കമ്പനികള്‍ അന്വേഷിച്ചു വരുന്നുണ്ട്.

രണ്ടാം ശീതയുദ്ധത്തിന്റെ ആരംഭം

യുഎസ്-ചൈന വ്യാപാര സംഘര്‍ഷം ഒരു രണ്ടാം ശീതയുദ്ധത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ എത്തിക്കഴിഞ്ഞെന്ന് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന ഗവേഷകനായ നിയാല്‍ ഫെര്‍ഗൂസനാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. വ്യാപാര കരാറിലൂടെ യുഎസ്-ചൈന ബന്ധം മെച്ചപ്പെടുത്താന്‍ പ്രസിഡന്റ് ട്രംപ് ഇനി ശ്രമിച്ചാല്‍ ആ ഉദ്യമം വിജയം കാണാന്‍ സാധ്യത കുറവാണെന്നും ഫെര്‍ഗൂസന്‍ നിരീക്ഷിക്കുന്നു. വ്യാപാരവുമായി മാത്രം ബന്ധപ്പെട്ടതല്ല യുഎസ്-ചൈന സംഘര്‍ഷമെന്നും സാങ്കേതിക വിദ്യയും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളുമടക്കം വിവിധ മുഖങ്ങള്‍ അതിനുണ്ടെന്നും കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വ്യാപാര യുദ്ധത്തിലൂടെ ട്രംപ് തുടങ്ങിവെച്ച സംഘര്‍ഷം പിന്നീട് മറ്റ് മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. ആഴത്തിലുള്ള ഭിന്നത യാഥാര്‍ഥ്യമായിക്കഴിഞ്ഞെന്നും എളുപ്പമൊന്നും പരിഹരിക്കപ്പെടില്ലെന്നും അലയന്‍സിലെ സാമ്പത്തിക വിദഗ്ധനായ മൊഹമ്മദ് എല്‍-എരിയാന്‍ പറഞ്ഞു.

Categories: FK News, Slider