കല്‍പ്പന സരോജ് ; തളര്‍ന്നിട്ടും തളരാത്ത ഫീനിക്‌സ് പക്ഷി

കല്‍പ്പന സരോജ് ; തളര്‍ന്നിട്ടും തളരാത്ത ഫീനിക്‌സ് പക്ഷി

ചിലരങ്ങനെയാണ്, അത്രപെട്ടെന്നൊന്നും പരാജയം സമ്മതിച്ചു തരില്ല. ഒടുവില്‍ വിജയകൊക്കൊടി പാറിക്കുമ്പോള്‍ ചങ്കിടിപ്പ് കൂട്ടുന്ന നിരവധി സാഹചര്യങ്ങളിലൂടെ ഒരു പോറല്‍ പോലുമേല്‍ക്കാതെ അവര്‍ കടന്നുപോയത് കാണാം. മുംബൈ സ്വദേശിയായ കല്‍പന സരോജ് അത്തരത്തില്‍ ഒരു വ്യക്തിയാണ്. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈ നഗരത്തിലെ ചേരിപ്രദേശത്ത് വിവാഹമോചിതയായി, സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന കല്‍പന സരോജ് ഇന്ന് ഇന്ത്യയിലെ മുന്‍നിര വ്യവസായികളില്‍ ഒരാളാണ്. ഒന്നുമില്ലായ്മയില്‍ നിന്നുമാണ് കല്‍പന അക്ഷരാര്‍ത്ഥത്തില്‍ 2000 കോടി രൂപയുടെ ആസ്തിയുള്ള കമാനി ട്യൂബ്‌സ് എന്ന സംരംഭം കെട്ടിപ്പടുത്തത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലാണെന്നതും മൂലധനമായി വിനിയോഗിക്കാന്‍ കയ്യില്‍ അഞ്ച് പൈസ ഇല്ലെന്നതും കല്‍പനയുടെ സ്വപ്‌നങ്ങള്‍ക്ക് തടസ്സമായില്ല. സ്വയം കണ്ടെത്തിയ വഴികളിലൂടെ സഞ്ചരിച്ച കല്‍പന തന്റെ 21 ആം വയസിലാണ് സംരംഭകത്വത്തിലേക്ക് കടക്കുന്നത്.വിജയിക്കണം എന്ന തീവ്രമായ ആഗ്രഹത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനാകും എന്നതിന് ഉദാഹരണമാണ് കല്‍പന സരോജിന്റെ ജീവിതം

ഒരിക്കല്‍ മുംബൈ സെന്റ് സേവിയേഴ്‌സ് കോളെജില്‍ നടന്ന ഒരു മോട്ടിവേഷണല്‍ ക്ലാസില്‍ വച്ച് പ്രാസംഗികന്‍ ഇച്ഛാശക്തി കൈമുതലാക്കി ഒന്നുമില്ലായ്മയില്‍ നിന്നും 2000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ഇരു വനിതയുടെ കഥ പറഞ്ഞു. ദളിത് കുടുംബാംഗമായ ആ വനിതക്ക് എടുത്ത് പറയത്തക്ക വിദ്യാഭ്യാസമോ നൈപുണ്യമോ ഒന്നുമുണ്ടായിരുന്നില്ല. വളരെ ചെറിയ പ്രായത്തില്‍ വിവാഹിതയാകുകയും ശാരീരികവും മാനസീകവുമായ പീഢനങ്ങളെത്തുടര്‍ന്ന് വിവാഹമോചിതയായി ദിവസക്കൂലിക്ക് ജോലിതേടിപ്പോകുകയും ചെയ്ത ആ വനിതയുടെ കഥ വിദ്യാര്‍ത്ഥികളെ ഒന്നടങ്കം പ്രചോദിപ്പിച്ചു. ആയിരക്കണക്കിന് തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരാളായി ദിവസം 2 രൂപ വേതനത്തില്‍ ജോലി നോക്കിക്കൊണ്ടിരുന്ന സ്ഥാനത്ത് കോടികളുടെ ബിസിനസ് നിയന്ത്രിക്കുന്ന ഒരു വനിതയാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ വിജയിക്കണം എന്ന വാശി മാത്രമാണുള്ളത്. വിദേശിയായ ഒരു ബിസിനസ് ഐക്കണിന്റെ ജീവിതകഥ കേള്‍ക്കുന്ന കേള്‍ക്കുന്ന ജിഞ്ജാസയോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രസ്തുത സംരംഭകയുടെ ജീവിതകഥകേട്ടത്. എന്നാല്‍ ദുഃഖം കൊടുത്ത് സന്തോഷം വാങ്ങിയ ആ സംരംഭക മുംബൈക്കാരി തന്നെയായ കല്‍പന സരോജാണെന്നറിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ഞെട്ടി.

അതെ, കേള്‍ക്കുന്ന ആരിലും അല്‍പം അമ്പരപ്പും ആവേശവും ഉണ്ടാക്കാന്‍ മാത്രം പ്രാപ്തമാണ് കല്‍പന സരോജ് എന്ന സംരംഭകയുടെ കഥ. മഹാരാഷ്ട്രയിലെ റോപ്പര്‍ഘട ഗ്രാമത്തില്‍ ഒരു ദളിത് കുടുംബത്തിലെ അംഗമായി ജനിച്ച കല്‍പനയുടെ ബാല്യവും കൗമാരവുമെല്ലാം ദാരിദ്യ്രത്തിന്റെ നടുവിലായിരുന്നു. കുടുംബത്ത് എടുത്തുപറയത്തക്ക സ്വത്തോ വരുമാനമോ ഉണ്ടായിരുന്നില്ല. പിതാവ് പൊലീസ് സേനയിലെ ഒരു കോണ്‍സ്റ്റബിള്‍ ആയിരുന്നെങ്കിലും വരുമാനം തുച്ഛമായിരുന്നു. മൂന്നു സഹോദരിമാരും രണ്ടു സഹോദരന്മാരും അടങ്ങുന്ന കല്‍പനയുടെ കുടുംബത്തെ പോറ്റുന്നതിനായി പിതാവ് ഏറെ കഷ്ട്ടപ്പെട്ടു. ദാരിദ്യ്രത്തിന്റെ നടുവിലും ഏറെ വേദന നല്‍കിയത് ദളിത് വിഭാഗത്തില്‍ ജനിച്ചു എന്നതിന്റെ പേരില്‍ നേരിട്ട അപമാനമാണ്. പഠനത്തില്‍ കല്‍പന ഏറെ മിടുക്കിയായിരുന്നു. എന്നാല്‍ ദളിത് ആണെന്ന പേരില്‍ സ്‌കൂളിലും ഏറെ അവഗണന നേരിട്ടു. അധ്യാപകരും സഹപാഠികളും കല്‍പനയെ അകറ്റി നിര്‍ത്തി. സഹോദരങ്ങള്‍ വളരെ മുന്നേ തന്നെ പഠിപ്പ് നിര്‍ത്തിയിരുന്നു. ഏതെങ്കിലും വിധത്തില്‍ പഠനം പൂര്‍ത്തിയാകാന്‍ ആഗ്രഹിച്ച കല്‍പനക്ക് ബാല്യവിവാഹം തിരിച്ചടിയായി. ആ നാട്ടില്‍ ദളിത് വിഭാഗക്കാരെല്ലാം വളരെ ചെറിയ പ്രായത്തില്‍ത്തന്നെ വിവാഹിതരാകുമായിരുന്നു. ഈ നിയമത്തിന്റെ ഭാഗമായി പന്ത്രണ്ടാം വയസ്സില്‍ കല്‍പനയുടെ വിവാഹവും ഉറപ്പിച്ചു. അതോടെ പഠനം ആറാം ക്ലാസില്‍ നിന്നു.

പഠനം എന്തായാലും നഷ്ടമായി, നല്ലൊരു ജീവിതമെങ്കിലും ലഭിക്കട്ടെ എന്ന പ്രതീക്ഷയോടെ ഭര്‍തൃവീട്ടിലെത്തിയ കല്‍പനയുടെ അവസ്ഥ ദുരന്ത പൂരിതമായിരുന്നു. . വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് മുംബൈയിലെ ഒരു ചേരിപ്രദേശത്ത് താമസിക്കേണ്ടി വന്ന കല്‍പനക്ക് ശാരീരികമായും മാനസികമായും വലിയ വേദനകളാണ് സഹിക്കേണ്ടി വന്നത്. ഭര്‍ത്താവിന്റെ ക്രൂരമായ പീഡനങ്ങള്‍ നിശബ്ദമായി സഹിക്കാന്‍ മാത്രമേ ആ പന്ത്രണ്ടുകാരിക്ക് കഴിയുമായിരുന്നുള്ളൂ.ആരോടും ഒന്നും പറയാതെ വേദന സഹിച്ചു കഴിഞ്ഞു കൂടിയ കല്‍പനയെ കണ്ടില്ലെന്നു നടിക്കാന്‍ പിതാവിന് കഴിയുമായിരുന്നില്ല. അദ്ദേഹം തന്റെ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. താമസിയാതെ വിവാഹമോചനം നേടുകയും ചെയ്തു. ആറു മാസം മാത്രമാണ് ആ വിവാഹബന്ധം നിലനിന്നത്. ബന്ധം വേണ്ടെന്ന് വച്ച് എത്തിയ കല്‍പനയെ നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തി. ആര്‍ക്കും അവള്‍ അനുഭവിച്ച വേദനകള്‍ അറിയേണ്ടകാര്യമില്ലായിരുന്നു. ഒറ്റപ്പെടുത്തല്‍ താങ്ങാനാവാതെ വിഷം കുടിച്ച് അവള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്നാല്‍ ചികില്‍സയിലൂടെ ജീവിതത്തിലേക്കു മടങ്ങി. ഇനി ഒരിക്കലും പിന്തിരിഞ്ഞു നോക്കില്ലെന്ന് കല്‍പന തീരുമാനിച്ചത് അവിടെ വച്ചാണ്.

പതിനാറാമത്തെ വയസില്‍ ജോലി തേടി മുംബൈയിലുള്ള അമ്മാവന്റെ അടുത്തെത്തി.അദ്ദേഹത്തിന്റെ സഹായത്തോടെ ഒരു വസ്ത്ര നിര്‍മാണശാലയില്‍ രണ്ടു രൂപ ദിവസക്കൂലിയില്‍ തുന്നല്‍ ജോലി ലഭിച്ചു. കിട്ടുന്ന ഓരോ സാഹചര്യത്തിലൂടെയും കല്‍പന പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരുന്നു. ടെക്‌സ്‌റ്റൈല്‍ ഫാക്റ്ററിയില്‍ ജോലിക്കിടെ തയ്യല്‍ മെഷീന്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ധയായി. കഠിന പരിശ്രമത്താല്‍ വസ്ത്രങ്ങള്‍ നിര്‍മിച്ചു പണം നേടാന്‍ തുടങ്ങി.അത്യാവശ്യം വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ കുടുംബത്തെ പിന്തുണക്കാന്‍ ആരംഭിച്ചു. പിതാവ് ജോലിയില്‍ നിന്നും വിരമിച്ചതോടെ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തു. രോഗം വന്ന് ഒരു സഹോദരി മരണപ്പെട്ടു. ചികില്‍സിക്കാനുള്ള പണമുണ്ടായിരുന്നെങ്കില്‍ തന്റെ സഹോദരിയെ രക്ഷപ്പെടുത്താനാകുമായിരുന്നു എന്ന ചിന്തയില്‍ നിന്നുമാണ് പണമുണ്ടാക്കാനായി ബിസിനസ് തുടങ്ങുന്നത്.

സംരംഭകത്വത്തിലേക്ക്

ജോലി ചെയ്ത് വരുമനമുണ്ടാക്കുക എന്നതിനപ്പുറം സംരംഭകത്വത്തിലേക്ക് കടക്കുന്നത് 21–ാം വയസിലാണ്. തനിക്ക് ചുറ്റുമുള്ള സംരംഭങ്ങളുടെ ഗതി നിരീക്ഷിച്ച കല്‍പനക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങുന്നതിനുള്ള ഊര്‍ജ്ജം ലഭിച്ചു. അങ്ങനെ , 21–ാം വയസില്‍ 50,000 രൂപ ലോണെടുത്ത് ഫര്‍ണിച്ചര്‍ വ്യാപാരം തുടങ്ങി. എന്നാല്‍ ഒരു സംരംഭം കൊണ്ടൊന്നും മതിയാക്കുന്നു സ്വഭാവക്കാരിയായിരുന്നില്ല കല്‍പന.ഫര്‍ണിച്ചര്‍ ബിസിനസിന് പുറമേ പിന്നീട് ബ്യൂട്ടി പാര്‍ലറും റിയല്‍ എസ്റ്റേറ്റ് ബിസിനസും തുടങ്ങി. ഏകദേശം 20 വര്‍ഷക്കാലം ബിസിനസുകള്‍ നന്നായി മുന്നോട്ട് പോയി. ഇതിനിടക്ക് സിനിമ നിര്‍മാണത്തിലും കല്‍പന തന്റെ കഴിവ് തെളിയിച്ചു.

2001 ലാണ് കമാനി ട്യൂബ്‌സ് എന്ന കമ്പനി സാമ്പത്തികമായി തകര്‍ന്നടിഞ്ഞ വിവരം കല്‍പന അറിയുന്നത്. എങ്കില്‍പ്പിന്നെ അത് ഏറ്റെടുത്ത നടത്തി വിജയിപ്പിക്കണം എന്ന വാശിയായി. ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ ചെയ്യാനും കഴിഞ്ഞു എന്നിടത്താണ് കല്‍പനയുടെ വിജയം. ഒരു ദളിത് വനിത വ്യാപാര രംഗത്ത് ചുവടുറപ്പിച്ചപ്പോള്‍ നിരവധി എതിര്‍പ്പുകളും ആക്രമണങ്ങളുമുണ്ടായി. എന്നാല്‍ അവയെയെല്ലാം ഇച്ഛാശക്തികൊണ്ട് നേരിടാന്‍ കല്‍പനക്ക് കഴിഞ്ഞു. 2013 ല്‍ പത്മശ്രീ ബഹുമതി നല്‍കി രാഷ്ട്രം കല്‍പനയെ ആദരിച്ചു എന്നത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ മനസിലാക്കണം കല്‍പനയുടെ നിശ്ചയദാര്‍ഢ്യം എത്രയെന്ന്.

സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തീകരിക്കാത്ത കല്‍പന ഇന്ന് ലോകമെമ്പാടും നിരവധി വേദികളില്‍ മാനേജ്‌മെന്റ് ക്ലാസുകളും പ്രചോദന പ്രഭാഷണങ്ങളും നടത്തുന്നു. സംരംഭകരംഗത്ത് വേറിട്ട വഴിതെളിയിച്ച കല്‍പന ഭാരത സര്‍ക്കാരിനു കീഴിലുള്ള ഭാരതീയ മഹിളാ ബാങ്കിന്റെ ഡയറക്ടറാണ്. എന്നെക്കൊണ്ട് ഒന്നും കഴിയില്ലെന്ന് പറഞ്ഞു പിന്തിരിയുന്നിടത്ത് നിന്ന് വായിച്ച തുടങ്ങണം കല്‍പനയുടെ സംരംഭകയാത്രയുടെ കയറ്റങ്ങളും ഇറക്കങ്ങളും ഒടുവില്‍ അവര്‍ നേടിയ ജയവും.

Categories: FK Special, Slider