ഓണമുണ്ണാന്‍ തമിഴ്‌നാട്ടില്‍ നിന്നും ഇലയെത്തണം

ഓണമുണ്ണാന്‍ തമിഴ്‌നാട്ടില്‍ നിന്നും ഇലയെത്തണം

വാഴയില വില കുത്തനെ ഉയരത്തിലേക്ക്

കൊച്ചി: വാഴയിലയിലെ ഊണ് എന്നും മലയാളിയുടെ ബലഹീനതയാണ്, വിശേഷ ദിനങ്ങളില്‍ വാഴയില ഊണ് നിര്‍ബന്ധവും. ഓണമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്കാദ്യമെത്തുന്നത് ചോറും കറികളും പപ്പടവും പായസവും കൂട്ടി വാഴയിലയില്‍ കഴിക്കുന്ന തിരുവോണ സദ്യയാണ്. ഓണ ദിവസം വീടുകളില്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒന്നിച്ചൊരു സദ്യ. തിരുവോണ സദ്യയ്ക്കുളള വിഭവങ്ങള്‍ തയ്യാറായാകുന്നതോടെ സ്വന്തം പറമ്പിലെ വാഴകളില്‍ നിന്നും നല്ല ഉഗ്രന്‍ ഇലകള്‍ വെട്ടിയെടുത്താണ് നാം ഓണം ഉണ്ടിരുന്നത്. എന്നാലിന്ന് പല വീടുകളിലും വാഴ പോലുമില്ല.

വീട്ടില്‍ വാഴയില്ലെങ്കിലും ഓണ സദ്യ വാഴയിലയില്‍ തന്നെയാകണം. വീട്ടില്‍ വാഴയില്ലെങ്കില്‍ പിന്നെന്ത് ചെയ്യും? അയല്‍ വീട്ടില്‍ നിന്നും വെട്ടണം. എന്നാലിന്ന് അയല്‍ സംസ്ഥാനത്ത് നിന്നുമാണ് നമുക്ക് ഓണമുണ്ണാന്‍ ഇലകള്‍ എത്തുന്നത്. നൂറ് കൂട്ടം വിഭവങ്ങള്‍ ഉണ്ടെങ്കിലും തൂശനിലയിട്ട് വിളമ്പിയാലെ സദ്യ ഉഷാറാകൂ എന്നാണ് പഴമൊഴി.

സംസ്ഥാനത്ത് വളരെ കുറച്ച് വാഴയില കര്‍ഷകര്‍ ഉണ്ടെങ്കിലും വാഴകള്‍ പലതും വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും നാശം വന്നു. അത്തം മുതല്‍ ആരംഭിക്കുന്ന ഓണാഘോഷങ്ങള്‍ക്ക് വലിയ അളവില്‍ വാഴയില ആവശ്യമായി വരുന്നുണ്ട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വാഴയില എത്തുന്നത്. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗള്‍ഫ് നാടുകളിലും സജീവമായി നടക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കും മേട്ടുപാളയത്ത് നിന്നാണ് തൂശനിലകള്‍ എത്തിക്കുന്നത്.

നിലവില്‍ രണ്ട് രൂപയാണ് ഒരു വാഴയിലയുടെ വില. മുന്‍ ഓണകാലത്ത്് ആറ് രൂപ മുതല്‍ ഇര വരെയായി വില വര്‍ധിച്ചിട്ടുണ്ട്. നൂറിന്റെ കെട്ടുകളാക്കിയാണ് വില്‍പ്പന. തിരുവോണമാകുന്നതോടെ വില ഇനിയും ഉയരും. ഇനി തിരുവോണമുണ്ണാന്‍ പേപ്പര്‍ വാഴയില ആശ്രയിക്കേണ്ടി വരുമോ എന്നും കാത്തിരുന്ന് കാണണം.

കടല്‍ കടന്ന് വാഴയില

ലോകത്ത് ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും അധികം വാഴ കൃഷി ചെയ്യുന്നത്. എന്നാല്‍ വാഴ ഇല കയറ്റുമതിയില്‍ മുമ്പന്‍ ഇന്ത്യ തന്നെ. മലയാളികളുടെ ഗൃഹാതുരത്വമാണ് വാഴയിലയെ വിദേശത്തും പ്രിയങ്കരിയാക്കിയത്. വാഴയില കയറ്റുമതിയിലൂടെ വന്‍ നേട്ടം കൊയ്യാമെങ്കിലും മികച്ച വാഴയിലകള്‍ കിട്ടാനായി ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. 100 വാഴ ഇല വെട്ടിയാല്‍ വളരെ കുറച്ച് എണ്ണത്തിന് മാത്രമാണ് കയറ്റുമതി ചെയ്യാനുള്ള ഗുണനിലവാരമുണ്ടാകൂ. എന്നാലും വിദേശ മലയാളികളുടെ ആവശ്യം കണക്കിലെടുത്ത് ഓണ സീസണ്‍ ആകുന്നതോടെ വന്‍ തോതില്‍ വാഴ ഇല കയറ്റുമതി ചെയ്യുന്നുണ്ട്. വാഴയിലയിലെ ാെണ സദ്യ കൂടിയുണ്ടെങ്കിലേ മലയാളികളുടെ ഓണം പൂര്‍ണമാകൂ..

ഇലവാഴ കൃഷി ചെയ്യാം

കേരളത്തില്‍ ഇലവാഴ കൃഷിക്കാര്‍ സാധാരണയായി അധികമാരും ചെയ്യാറില്ല. പാലക്കാട് വടകരപ്പതി സ്വദേശിയായ മനോജ് ഇലവാഴകൃഷിയില്‍ നേട്ടം കൊയ്തിരുന്നു. ഞാലിപ്പൂവനാണ് സാധാരണയായി ഇല കൃഷിക്കായി നടുന്നത്. വളരെ മയമുളളതും വീതിയുളളതുമായ ഞാലിപ്പൂവന്‍ അധികം ഉയരത്തില്‍ വളരില്ലെന്നതും ഇലവാഴ കൃഷിക്ക് പ്രിയങ്കരമാക്കി. വെളളത്തിന്റെ ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളും പ്രതിസന്ധി സൃഷിടിക്കുന്നുണ്ടെങ്കിലും എല്ലാ പ്രശ്നങ്ങള്‍ക്കും അപ്പപ്പോള്‍ പരിഹാരം കണ്ടെത്തി വേണം മുന്നേറാന്‍. ഒരു ദിവസം ഇടവിട്ട് ഇല മുറിക്കാം. രണ്ട് ദിവസത്തിലൊരിക്കല്‍ നിര്‍ബന്ധമായും ഇല മുറിച്ചിരിക്കണം. ഒരിക്കല്‍ ഇല മുറിച്ചാല്‍ കുറഞ്ഞത് ഏഴ് ദിവസം വേണ്ടി വരും പുതിയ ഇല വരാന്‍. ഒരു വര്‍ഷം കഴിയുമ്പോള്‍ വാഴയില്‍ വരുന്ന കുലകള്‍ വെട്ടി കളയാം.

വാഴക്കുലയ്ക്കായി കൃഷി നടത്തുന്നവരില്‍ നിന്ന് വാഴയില ശേഖരിച്ച് വിപണിയിലെത്തിക്കുന്നവരുമുണ്ട്. ഇതിനായി വാഴക്കണ്ണ് നടുമ്പോള്‍ തന്നെ വില പറഞ്ഞ് ഉറപ്പിച്ച് അഡ്വാന്‍സ് നല്‍കും. വാഴ നട്ട് ആറ് മാസം കഴിയുമ്പോഴായിരിക്കും ആറോ-ഏഴോ ഇലകള്‍ വളര്‍ന്നു വരിക. ഇതോടെ ഇലവെട്ടി തുടങ്ങും. തളിരിലയും കൂമ്പും വെട്ടാന്‍ പാടില്ല. ഒരു വാഴയില്‍ നിന്ന് നാല് ഇലകള്‍ വരേയും ഒരിലയില്‍ നിന്ന് മൂന്ന് കഷ്ണങ്ങള്‍ വരെ ലഭിക്കും.

Categories: FK Special, Slider
Tags: Banana leaf, Onam