ക്രിപ്‌റ്റോ കറന്‍സിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ആപ്പിള്‍ എക്‌സിക്യൂട്ടീവ്

ക്രിപ്‌റ്റോ കറന്‍സിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ആപ്പിള്‍ എക്‌സിക്യൂട്ടീവ്

കാലിഫോര്‍ണിയ: ടെക് കമ്പനികളായ ഫേസ്ബുക്കും ടെലഗ്രാമും ക്രിപ്‌റ്റോ കറന്‍സിയില്‍ കാണിച്ചതു പോലെ ആപ്പിള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും തങ്ങള്‍ ഡിജിറ്റല്‍ കറന്‍സിയെ നിരീക്ഷിക്കുന്നുണ്ടെന്ന് ആപ്പിള്‍ പേ വിഭാഗം വൈസ് പ്രസിഡന്റ് ജെന്നിഫര്‍ ബെയ്‌ലി പറഞ്ഞു.

‘ ക്രിപ്‌റ്റോ കറന്‍സി രസകരമാണെന്നു ഞങ്ങള്‍ കരുതുന്നു. ഇതിന് രസകരമായ ദീര്‍ഘകാല സാധ്യതയുണ്ടെന്നു കരുതുന്നതായും’ ജെന്നിഫര്‍ ബെയ്‌ലി പറഞ്ഞു. 2020-ല്‍ ഫേസ്ബുക്ക് ക്രിപ്‌റ്റോ കറന്‍സിയായ ലിബ്ര പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെലഗ്രാം ഗ്രാം എന്ന പേരിലും ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ പോവുകയാണ്. സ്‌ക്വയര്‍ എന്ന പേയ്‌മെന്റ് പ്രോസസിംഗ് കമ്പനി ഈ വര്‍ഷം ആദ്യം ക്രിപ്‌റ്റോ എന്‍ജിനീയര്‍മാരെ ഹയര്‍ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. ആപ്പിള്‍ ഇത്രയും കാലം ക്രിപ്‌റ്റോ കറന്‍സിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. 2014-ല്‍ ആപ്പിള്‍ പേയിലൂടെയാണ് (Apple Pay) ആപ്പിള്‍ മൊബൈല്‍ പേയ്‌മെന്റ്‌സ് രംഗത്തേയ്ക്ക് പ്രവേശിച്ച കമ്പനിയാണ്. അതു കൊണ്ടു തന്നെ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കുകയാണെങ്കില്‍ മൊബൈല്‍ പേയ്‌മെന്റ്‌സിന് അത് ഗുണകരമാകുമെന്നും കമ്പനി കരുതുന്നുണ്ട്. ആപ്പിള്‍ പേ സംവിധാനം ഉപയോഗിച്ച് ഒരു മാസം 100 കോടിയോളം ഇടപാടുകള്‍ നടക്കുന്നതായിട്ടാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ധനകാര്യരംഗത്ത് ചുവടുവയ്ക്കാന്‍ ഈയടുത്ത കാലത്ത് ആപ്പിള്‍ ചെറിയ രീതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം ആപ്പിള്‍ കാര്‍ഡ് പുറത്തിറക്കുകയുമുണ്ടായി. ആപ്പിളിന്റെ ഐഫോണ്‍ ആപ്പിള്‍ വാലറ്റ് ആപ്പുമായി ബന്ധപ്പെടുത്തിയാണ് ഈ കാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഡിനു ഗോള്‍ഡ്മാന്‍ സാക്‌സ്, മാസ്റ്റര്‍ കാര്‍ഡ് എന്നീ മുന്‍നിര കമ്പനികളുടെ പിന്തുണയുണ്ട്.

Comments

comments

Categories: FK News

Related Articles