കര്‍ഷക പെന്‍ഷന്‍ പദ്ധതി 12 മുതല്‍

കര്‍ഷക പെന്‍ഷന്‍ പദ്ധതി 12 മുതല്‍

60 വയസ് പൂര്‍ത്തിയാവുന്ന ചെറുകിട കര്‍ഷകര്‍ക്ക് മാസം 3,000 രൂപ പെന്‍ഷന്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷക പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി കിസാന്‍ മന്‍-ധന്‍ യോജന ഈ മാസം 12 ന് റാഞ്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തില്‍ ഒരു ദശലക്ഷത്തിലധികം കര്‍ഷകരാകും പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിയില്‍ അംഗമാകുന്ന 18-40 ഇടയില്‍ പ്രായമുള്ള മാര്‍ജിനല്‍ (ഒരു ഹെക്റ്റര്‍ വരെ കൃഷിയുള്ള), ചെറുകിട (ഒരു ഹെക്റ്ററിലധികം കൃഷിയുള്ള) കര്‍ഷകര്‍ക്ക് 60 വയസ് തികയുമ്പോള്‍ പ്രതിമാസം 3,000 രൂപയുടെ പെന്‍ഷന്‍ ലഭിക്കും.

പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എല്‍ഐസി) പദ്ധതിയുടെ ഇന്‍ഷുറന്‍സ് പങ്കാളികള്‍. കഴിഞ്ഞ മാസം ഒന്‍പത് മുതലാണ് വാര്‍ദ്ധക്യത്തില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുന്ന പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. പ്രായത്തിനനുസരിച്ച് പ്രതിമാസം 55 മുതല്‍ 200 രൂപ വരെയാണ് പെന്‍ഷന്‍ സ്‌കീമിലേക്ക് കര്‍ഷകര്‍ അടയ്‌ക്കേണ്ടത്. കര്‍ഷകരുടെ പങ്കിന് തത്തുല്യമായ തുക കേന്ദ്രസര്‍ക്കാരും ഫണ്ടിലേക്ക് സംഭാവന ചെയ്യും. നേരത്തെ കര്‍ഷകക്ഷേമം മുന്‍നിര്‍ത്തി പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന മിനിമം വരുമാന പദ്ധതി പ്രധാനമന്ത്രി അവതരിപ്പിച്ചിരുന്നു. വര്‍ഷം തോറും 6,000 രൂപയാണ് പദ്ധതി വഴി കര്‍ഷകര്‍ക്ക് ലഭിക്കുന്ന ധനസഹായം.

Categories: FK News, Slider