പരിഷ്‌കരിച്ച പോളോ, വെന്റോ പുറത്തിറക്കി

പരിഷ്‌കരിച്ച പോളോ, വെന്റോ പുറത്തിറക്കി

രണ്ട് മോഡലുകളിലും ഗ്ലോസി ബ്ലാക്ക് ഹണികോംബ് മെഷ് ഗ്രില്‍ നല്‍കിയതാണ് ഏറെ ശ്രദ്ധേയം

ന്യൂഡെല്‍ഹി: 2019 വര്‍ഷത്തേക്കായി ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ പരിഷ്‌കരിച്ചു. 5.82 ലക്ഷം രൂപ മുതലാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത പോളോയുടെ ഇന്ത്യ എക്‌സ് ഷോറൂം വില. അതേസമയം, 8.76 ലക്ഷം രൂപയിലാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത വെന്റോയുടെ ഇന്ത്യ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. പുതിയ ലുക്ക് നല്‍കിയാണ് ഹാച്ച്ബാക്ക്, സെഡാന്‍ എന്നിവ പരിഷ്‌കരിച്ചത്. വിപണിയില്‍ മല്‍സരം വര്‍ധിച്ചതോടെ ഫീച്ചര്‍ പട്ടികയും വിപുലീകരിച്ചു. പുതുതായി ‘സണ്‍സെറ്റ് റെഡ്’ കളര്‍ ഓപ്ഷന്‍ നല്‍കി. രണ്ട് കാറുകളുടെയും ജിടി ലൈന്‍ വേരിയന്റും അവതരിപ്പിച്ചു. രണ്ട് മോഡലുകളിലും ഗ്ലോസി ബ്ലാക്ക് ഹണികോംബ് മെഷ് ഗ്രില്‍ നല്‍കിയതാണ് ഏറെ ശ്രദ്ധേയം.

ഗ്രില്ലിന് ചുവടെ ക്രോം സ്ട്രിപ്പ്, പുതുക്കിയ ബംപര്‍, കറുത്ത ഹെഡ്‌ലാംപുകള്‍ എന്നിവ ഫേസ്‌ലിഫ്റ്റ് ചെയ്ത പോളോയില്‍ കാണാം. പോളോയുടെ ആകെ ഛായാരൂപത്തില്‍ മാറ്റമില്ല. എന്നാല്‍ അമിയോ കപ്പ് കാറുകളെ ഓര്‍ക്കുന്നവിധം പുതുതായി 10 സ്‌പോക്ക് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. മാത്രമല്ല, ഡോറുകള്‍ക്ക് താഴെക്കൂടിയുള്ള ബ്ലാക്ക് സൈഡ് സ്‌കര്‍ട്ട് ബംപറുകളിലേക്ക് നീളുന്നു. പുതിയ ഡിസൈനിലുള്ളതാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത പോളോയുടെ ടെയ്ല്‍ലൈറ്റ്. പരിഷ്‌കരിച്ച പോളോ ആണെന്ന് 3ഡി ഇഫക്റ്റിലുള്ള ടെയ്ല്‍ലൈറ്റ് കണ്ടാല്‍ എളുപ്പം മനസ്സിലാകും. പുതുതായി കറുപ്പില്‍ തീര്‍ത്ത റൂഫ് സ്‌പോയ്‌ലര്‍ കൂടി നല്‍കിയിരിക്കുന്നു.

വെന്റോയുടെ വിശേഷം പറഞ്ഞുതുടങ്ങിയാല്‍, മാറ്റങ്ങള്‍ ഏറെക്കുറേ സമാനമാണ്. ഹെഡ്‌ലാംപുകള്‍ റീസ്റ്റൈല്‍ ചെയ്തിരിക്കുന്നു. തുടര്‍ന്നും ടോപ് സ്‌പെക് മോഡലില്‍ മുഴുവനും എല്‍ഇഡി ആയിരിക്കുമെങ്കില്‍ താഴ്ന്ന വേരിയന്റുകളില്‍ പ്രൊജെക്റ്റര്‍ ലൈറ്റുകളായിരിക്കും. കൂടുതല്‍ വ്യക്തമായ ലൈനുകളോടെ പുതിയ ബംപര്‍ നല്‍കിയിരിക്കുന്നു. പുതിയ മെഷ് ഗ്രില്ലിന് സമാനമാണ് പുതിയ എയര്‍ഡാം. തിരശ്ചീനമായ ഫോഗ് ലാംപുകള്‍ക്ക് പുതുതായി കറുത്ത ഹൗസിംഗ് നല്‍കിയിരിക്കുന്നു. പ്രൊഫൈല്‍ കാഴ്ച്ചയില്‍ വലിയ മാറ്റങ്ങളില്ല. പുതിയ പോളോയില്‍ നല്‍കിയതുപോലെ, പുതുതായി മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍ നല്‍കി.

ഇന്റീരിയര്‍ കാര്യങ്ങളിലേക്ക് കടന്നാല്‍, രണ്ട് കാറുകളുടെയും ഡാഷ്‌ബോര്‍ഡ് ലേഔട്ടില്‍ മാറ്റമില്ല. എന്നാല്‍ കണക്റ്റിവിറ്റിക്കായി ഇപ്പോള്‍ ഹൈലൈന്‍ വേരിയന്റിലും അതിനുമുകളിലുമായി ‘ഫോക്‌സ്‌വാഗണ്‍ കണക്റ്റ്’ സ്റ്റാന്‍ഡേഡായി നല്‍കി. ഡോംഗിള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ് ‘ഫോക്‌സ്‌വാഗണ്‍ കണക്റ്റ്’ സിസ്റ്റം. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായി കണക്റ്റ് ചെയ്യാന്‍ കഴിയും. ഏത് ഫോക്‌സ്‌വാഗണ്‍ കാറിലും ഉപയോഗിക്കാം.

പോളോ ജിടി വേരിയന്റിലെ 1.2 ലിറ്റര്‍ ടിഎസ്‌ഐ, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 104 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 1.5 ലിറ്റര്‍ ടിഡിഐ, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 108 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമാണ് പെട്രോള്‍ എന്‍ജിന്റെ കൂട്ട്. അതേസമയം, 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഡീസല്‍ എന്‍ജിനുമായി സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. 75 ബിഎച്ച്പി, 95 എന്‍എം ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിന്‍, 89 ബിഎച്ച്പി, 230 എന്‍എം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് പോളോ ഉപയോഗിക്കുന്നത്. രണ്ട് എന്‍ജിനുകളുമായും 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു.

105 ബിഎച്ച്പി, 175 എന്‍എം ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 103 ബിഎച്ച്പി, 153 എന്‍എം പുറപ്പെടുവിക്കുന്ന 1.6 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍, 108 ബിഎച്ച്പി, 250 എന്‍എം പുറത്തെടുക്കുന്ന 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്നിവയാണ് ഫോക്‌സ്‌വാഗണ്‍ വെന്റോ ഉപയോഗിക്കുന്ന എന്‍ജിനുകള്‍.

ഫോക്‌സ്‌വാഗണിന്റെ എല്ലാ ഡീസല്‍ കാറുകള്‍ക്കും ഇപ്പോള്‍ അഞ്ച് വര്‍ഷ അടിസ്ഥാന വാറന്റി ലഭിക്കും. അതേസമയം പെട്രോള്‍ കാറുകള്‍ക്ക് ഇപ്പോഴും നാല് വര്‍ഷമാണ് അടിസ്ഥാന വാറന്റി. രണ്ട് വാറന്റികളും ഏഴ് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാം.

മോഡല്‍ പെട്രോള്‍ ഡീസല്‍

പോളോ 5.82-7.76 ലക്ഷം 7.34-9.31 ലക്ഷം

പോളോ ജിടി 9.76 ലക്ഷം 9.88 ലക്ഷം

വെന്റോ 8.76-13.17 ലക്ഷം 9.58-14.49 ലക്ഷം

വെന്റോ ജിടി ലൈന്‍ 13.17 ലക്ഷം 14.49 ലക്ഷം

Comments

comments

Categories: Auto
Tags: Polo, Vento