എംജി ഹെക്ടര്‍ ബുക്കിംഗ് ഒക്‌റ്റോബറില്‍ പുനരാരംഭിക്കും

എംജി ഹെക്ടര്‍ ബുക്കിംഗ് ഒക്‌റ്റോബറില്‍ പുനരാരംഭിക്കും

ഉല്‍സവ സീസണില്‍ ഹെക്ടര്‍ എസ്‌യുവി ബുക്ക് ചെയ്യാനെത്തുന്നവരെ നിരാശപ്പെടുത്തരുതെന്ന് എംജി മോട്ടോര്‍ ഇന്ത്യ കരുതുന്നു. ഉല്‍സവ സീസണില്‍ ബുക്കിംഗ് നിഷേധിക്കുന്നത് ശരിയല്ല

ന്യൂഡെല്‍ഹി: ഹെക്ടര്‍ എസ്‌യുവിയുടെ ബുക്കിംഗ് ഒക്‌റ്റോബറില്‍ പുനരാരംഭിക്കുന്ന കാര്യം എംജി മോട്ടോര്‍ ഇന്ത്യ ആലോചിക്കുന്നു. ഉല്‍സവ സീസണില്‍ ഡീലര്‍ഷിപ്പുകളിലെത്തുന്ന ഉപയോക്താക്കളെ നിരാശരാക്കരുത് എന്നാണ് എംജി മോട്ടോര്‍ ഇന്ത്യ കരുതുന്നത്. ഉല്‍സവ സീസണില്‍ ബുക്കിംഗ് നിഷേധിക്കുന്നത് ശരിയല്ലെന്ന് കമ്പനിക്ക് അറിയാം. ഹെക്ടര്‍ എസ്‌യുവിയുടെ ബുക്കിംഗ് 28,000 കടന്നതോടെയാണ് താല്‍ക്കാലികമായി ബുക്കിംഗ് നിര്‍ത്തിവെച്ചത്. ഇന്ത്യന്‍ വാഹന വിപണിയിലെ തളര്‍ച്ച നവാഗതരായ എംജി മോട്ടോര്‍, കിയ മോട്ടോഴ്‌സ് എന്നിവരെ തീരെ ബാധിച്ചിട്ടില്ല.

ഒക്‌റ്റോബറിനുള്ളില്‍ ബുക്കിംഗ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രാജീവ് ഛാബ ഒരു മാധ്യമത്തോട് പറഞ്ഞു. നിരവധി പേരാണ് ഇപ്പോഴും തങ്ങളുമായി ബന്ധപ്പെടുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ അവകാശപ്പെട്ടു. ബുക്കിംഗ് ആഗ്രഹിക്കുന്നവര്‍ക്കായി താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി. ബുക്കിംഗ് സ്വീകരിക്കാതെ വെയ്റ്റിംഗ് ലിസ്റ്റില്‍ പേര് ചേര്‍ക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, എപ്പോഴാണോ ബുക്കിംഗ് വീണ്ടും ആരംഭിക്കുന്നത്, അപ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റ് ബുക്കിംഗ് ലിസ്റ്റാക്കി മാറ്റുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി. ഇതിനകം 16,000 പേരാണ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളതെന്ന് രാജീവ് ഛാബ പറഞ്ഞു.

ഹെക്ടര്‍ എസ്‌യുവി ബുക്ക് ചെയ്യാനെത്തുന്നവരെ നിരാശപ്പെടുത്തരുതെന്ന് കമ്പനി കരുതുന്നു. അതിനാല്‍ നിലവിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനാണ് എംജി മോട്ടോര്‍ ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്നത്. നിലവില്‍ ഒരു ഷിഫ്റ്റ് പ്രവര്‍ത്തിപ്പിച്ച് 3000 യൂണിറ്റ് ഹെക്ടര്‍ എസ്‌യുവികളാണ് നിര്‍മ്മിക്കുന്നത്. നവംബര്‍ മുതല്‍ രണ്ടാമത്തെ ഷിഫ്റ്റ് ആരംഭിക്കുന്നതിന്റെ സാധ്യതകളാണ് ആരായുന്നത്. ഇതിന് മുന്നോടിയായി വാഹനഘടകങ്ങളും പാര്‍ട്ടുകളും വിതരണം ചെയ്യുന്ന വിവിധ കമ്പനികളുമായി സംസാരിച്ചുവരികയാണെന്ന് രാജീവ് ഛാബ പറഞ്ഞു. ചില പാര്‍ട്ടുകള്‍ ഇറക്കുമതി ചെയ്യുന്നതും പരിഗണിക്കുന്നു. രണ്ടാമത്തെ ഷിഫ്റ്റിനായി കൂടുതല്‍ പേരെ ജോലിക്ക് എടുക്കും.

ഹെക്ടര്‍ എസ്‌യുവിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എത്തുന്നവരെ ഏതുവിധത്തില്‍ പിടിച്ചുനിര്‍ത്താം എന്നതാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ മുന്നിലുള്ള ഇപ്പോഴത്തെ വലിയ വെല്ലുവിളി. ഇതുവരെ രണ്ടായിരത്തില്‍ കൂടുതല്‍ ഹെക്ടര്‍ എസ്‌യുവികള്‍ ഡെലിവറി ചെയ്തുകഴിഞ്ഞു. സെപ്റ്റംബറില്‍ 3,000 യൂണിറ്റ് കൂടി കൈമാറാന്‍ കഴിയുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

Comments

comments

Categories: Auto