കായലില്‍ ജീവിതം കെട്ടിപ്പടുത്ത്‌ മനീഷ

കായലില്‍ ജീവിതം കെട്ടിപ്പടുത്ത്‌ മനീഷ

36 സെന്റിലായി നാല് കോട്ടേജുകള്‍ ഉളള കായല്‍ ഐലന്റ് റിട്രീറ്റ്‌ മനീഷയുടെ മൂന്നാമത്തെ സംരംഭമാണ്

ടാറിട്ട വഴികളില്ലാത്ത, നാം പണ്ടെന്നോ മറന്ന് പോയ ചെമ്മണ്‍ നാട്ടുവഴികളിലൂടെയുളള യാത്ര… അതിമനോഹരമായ സൂര്യസ്തമയം… ഇതെല്ലാമാണ് കാക്കത്തുരുത്തിനെ ലോകപ്രശസ്തമാക്കിയത്. എന്നാല്‍ കാക്കത്തുരുത്തിനെ നാഷണല്‍ ജിയോഗ്രഫിക് അടയാളപ്പെടുത്തുന്നതിന് ഏറെ മുന്‍പ് തന്നെ ഈ കൊച്ചു തുരുത്തിനെ ആഗോള തലത്തിലേക്ക് ഉയര്‍ത്തിയ മറ്റൊരാളുണ്ട്, മനീഷ പണിക്കര്‍ എന്ന സംരംഭക. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്ത് കാക്കത്തുരുത്തില്‍ ‘കായല്‍ ഐലന്‍ഡ് റിട്രീറ്റ്’ എന്ന സംരംഭത്തിലൂടെയാണ് മനീഷ ഈ തുരുത്തിലേക്ക് ലോകത്തെ ക്ഷണിച്ച് വരുത്തിയത്.

ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഏതാനും വനിതാ സംരംഭകരില്‍ ഒരാളാണ് മനീഷ പണിക്കര്‍. ഇന്ന് വളരെ ലളിതമായി പരിചയപ്പെടുത്താവുന്ന പേരാണ് മനീഷ പണിക്കര്‍ എന്നതെങ്കിലും തുടക്കത്തില്‍ ഇതൊന്നുമായിരുന്നില്ല കഥ. സംസ്ഥാനത്തെ ഭൂരിഭാഗം നവസംരംഭകരെയും പോലെ പാതി വഴിയില്‍ കാലിടറി സംരംഭകത്വ മോഹമുപേക്ഷിച്ച് വിദേശത്ത് തുടരാനാണ് മനീഷയുടെ ആദ്യ സംരംഭങ്ങള്‍ നല്‍കിയ അനുഭവം. ന്യൂയോര്‍ക്കില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ എംഎസ് എടുത്ത് ഒരു പാക്കേജിംഗ് കമ്പനിയില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു മനീഷ. നാട്ടില്‍ കായല്‍ റിട്രീറ്റ് എന്ന ഐലന്‍ഡ് റിസോര്‍ട്ട് സ്ഥാപിച്ച ശേഷം കുറച്ച് നാള്‍ ന്യൂയോര്‍ക്കിലും ബാക്കി നാട്ടിലുമായി കഴിയാനായിരുന്നു പദ്ധതി. എന്നാല്‍ കാാക്കത്തുരുത്തിന്റെ കിഴക്കെ അറ്റത്ത് മനീഷ സ്ഥാപിച്ച കായലിന്റെ മാന്ത്രികത വളരെ വേഗം മറ്റുളളവരിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. തുടങ്ങി ഒരു വര്‍ഷത്തിനുളളില്‍ തന്നെ 300ല്‍ അധികം വിദേശ വിനോദ സഞ്ചാരികളാണ് കായലില്‍ താമസത്തിനായി എത്തിയത്. 36 സെന്റിലായി നാല് കോട്ടേജുകള്‍ ഉളള കായല്‍ എന്ന റിസോര്‍ട്ട് മനീഷയുടെ മൂന്നാമത്തെ സംരംഭമാണ്.

സംസ്ഥാനത്തെ ഭൂരിഭാഗം നവസംരംഭകരെയും പോലെ പാതി വഴിയില്‍ കാലിടറി സംരംഭകത്വ മോഹമുപേക്ഷിച്ച് വിദേശത്ത് തുടരാനാണ് മനീഷയുടെ ആദ്യ സംരംഭങ്ങള്‍ നല്‍കിയ അനുഭവം.

വിജയെ കണ്ടത് മൂന്നാം സംരംഭം

ആദ്യ സംരംഭം പരാജയപ്പെട്ടപ്പോള്‍ പിന്മാറാന്‍ മനീഷ തയ്യാറല്ലായിരുന്നു. മനീഷയുടെ പഠനവും ജോലിയുമെല്ലാം ന്യൂയോര്‍ക്കിലായിരുന്നു. അവിടെ തുടരാനുളള സാഹചര്യങ്ങള്‍ തീര്‍ത്തും അനുകൂലമായിരുന്നുവെങ്കിലും സ്വന്തം നാട്ടില്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹമാണ് മനീഷയെ കേരളത്തിലേക്ക് തിരികെയെത്തിച്ചത്. യാത്ര ചെയ്യാന്‍ ഏറെ ഇഷടമായിരുന്നതിനാല്‍ ചെറിയൊരു യാത്ര അനുബന്ധ സംരംഭമായിരുന്നു പിന്നീട് തെരഞ്ഞെടുത്തത്. വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്കെത്തിച്ച് കേരളം എന്ന അനുഭവം പകര്‍ന്ന് നല്‍കുകയായിരുന്നു മനീഷ. ഒമ്പത് ദിവസങ്ങള്‍ നീളുന്ന പായ്‌ക്കേജില്‍ മൂന്ന് സ്ഥലങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി മനീഷ. യാത്രയ്ക്കിടയില്‍ യോഗ ചെയ്യാനും നാടന്‍ ഭക്ഷണമുണ്ടാക്കാനും പ്രാദേശിക ആളുകളുമായി സംവദിക്കാനുമെല്ലാം അവസരമൊരുക്കി. ഇത് മികച്ച വിജയം നേടി. അങ്ങനെ ന്യൂസിലാന്‍ഡില്‍ നിന്നും കേരളത്തിലേക്ക് സ്ഥിരമായി സഞ്ചാരികളെ കിട്ടി തുടങ്ങി. ആയിടയ്ക്കാണ് മനീഷയുടെ ശ്രദ്ധ കാക്കത്തുരുത്തില്‍ പതിയുന്നത്. ഇത്ര മനോഹരമായ സ്ഥലം വിദേശികളിലും മറ്റ് വിനോദസഞ്ചാരികളിലും ഉണ്ടാക്കുന്ന അനുഭവം തികച്ചും വ്യത്യസ്തമാമെന്ന് മനസ്സിലാക്കിയ മനീഷ കാക്കത്തുരുത്തിലേക്ക് സ്വയം ആവാഹിച്ചു.

കായലിന്റെ പിറവി

കാക്കത്തുരുത്തില്‍ കുറച്ച് സ്ഥലം പണയത്തിനെടുക്കുകയാണ് മനീഷ ചെയ്തത്. സഞ്ചാരികള്‍ ഉറപ്പായും തുരുത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഉറപ്പായതോടെ മനീഷ റിസോര്‍ട്ട് എന്ന ആശയത്തിലുറച്ച് നിന്നു. ആദ്യം സംശയത്തോടെയാണ് മനീഷയുടെ സംരംഭത്തെ എല്ലാവരും സമീപിച്ചത്. തുരുത്ത് നിവാസകള്‍ക്ക് പോലും എന്താണവിടെ ഒരു പെണ്‍കുട്ടി ചെയ്യുന്നതെന്ന സംശയമായിരുന്നു. അതേസമയം, കാക്കത്തുരുത്തിനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തുന്നതിനുളള ശ്രമത്തിലായിരുന്നു മനീഷ. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇഷ്ടപ്പെടുംവിധം തന്റെ ‘കായല്‍’ ചിട്ടപ്പെടുത്തുകയായരുന്നു മനീഷ. അവിടെയുണ്ടായിരുന്ന കെട്ടിടങ്ങള്‍ പുതുക്കി പണിയലായിരുന്നു ആദ്യ ഘട്ടം. 2014ല്‍ ആരംഭിച്ച കോട്ടേജുകളുടെ നിര്‍മാണം അത്ര എളുപ്പമായിരുന്നില്ല മനീഷയ്ക്ക്. നിര്‍മാണത്തിന് ആവശ്യമായ സാധങ്ങളെല്ലാം വഞ്ചി മാര്‍ഗമാണ് എത്തിച്ചിരുന്നത്. ആദ്യത്തെ അതിത്ഥികള്‍ എത്തുന്നതിന്റെ തലേ ദിവസം മാത്രമാണ് കായലിന്റെ പണി പൂര്‍ത്തിയാകുന്നത്. ക്രമേണ കൂടുതല്‍ ആളുകള്‍ കായലിലേക്ക് എത്തിത്തുടങ്ങി. വൈകാതെ ലോകത്തിലെ മികച്ച കോട്ടേജുകളുടെ പട്ടികയിലേക്കും കായല്‍ എത്തി. കോണ്ടി നാസ്റ്റ്, വെര്‍വ് തുടങ്ങിയ മാസികയുടെ പ്രശംസകള്‍ മനീഷയ്ക്ക് ഊര്‍ജം പകര്‍ന്നു.

ഒരു നൂറ്റാണ്ട് പിന്നിലേക്കെത്തിക്കുന്ന കായല്‍

തുരുത്തിലെ ക്ഷേത്രവും വഴികളും പ്രകൃതിയുമെല്ലാം ചേര്‍ന്ന് അതിത്ഥികളെ ഒരു നൂറ്റാണ്ട് പിന്നിലേക്ക് എത്തിക്കും. പാടങ്ങളും ബസ്സുകളും മലിനീകരണവും ഇല്ലാത്ത അന്തരീക്ഷവും മീന്‍പിടുത്തത്തിന്റെ അനുഭവങ്ങളും കുട്ടികളുടെ കളികളുമെല്ലാം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റി. ഗ്രാമത്തിന്റെ രുചി വിളിച്ച് പറയുന്ന നാടന്‍ ഭക്ഷണങ്ങളാണ് അതിത്ഥികള്‍ക്കായി ഒരുക്കിയത്. കുടുംബശ്രീ ഉല്‍പ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളാണ് പാചകത്തിന് ഉപയോഗിക്കുന്നത്. പൊക്കാളി അരിയുടെ ചോറും ചമ്മന്തിയും നാടന്‍ മീന്‍ കറിയും അപ്പവും ഇലയടയുമെല്ലാം തനി നാടനായി തന്നെ എത്തിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നത് തുരുത്ത് നിവാസിയാണ്. എരിവ് പൊതുവെ വിദേശിയര്‍ക്ക് ശീലമില്ലാത്തതിനാല്‍ എരിവല്‍പ്പം കുറച്ച് ഭക്ഷണത്തില്‍ സാലഡുകള്‍ ഉള്‍പ്പെടുത്തി ചെറുതായൊന്ന് ക്രമപ്പെടുത്തി. വിനോദസഞ്ചാരികള്‍ക്കായുളള മീന്‍ പിടുത്തവും തെങ്ങ് കയറ്റവും വഞ്ചിയാത്രയുമെല്ലാം തുരുത്ത് നിവാസികളുടെ സഹായത്തോടെയായി. അങ്ങനെ നിരവധി തുരുത്ത് നിവാസികള്‍ക്ക് കായല്‍ തൊഴില്‍ദാതാവായി.

തുരുത്തില്‍ ആവശ്യത്തിന് കുടിവെളളമോ വൈദ്യുതിയോ ഇല്ലാതിരുന്ന സമയത്താണ് മനീഷയുടെ കായല്‍ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. പിന്തുണയ്ക്കാന്‍ ആരുമില്ലാതെ മുന്നേറുകയെന്നതായിരുന്നു തുടക്കത്തില്‍ മനീഷ നേരിട്ട പ്രധാന വെല്ലുവിളി.

പ്രതിസന്ധികളുടെ കുത്തൊഴുക്ക്

വളരെ ലളിതവും ആകര്‍ഷകവുമായ കൊച്ചു റിസോര്‍ട്ടായിരുന്നു മനീഷയുടെ സ്വപ്നം. തുരുത്തിന്റെ മണവും രുചിയും ശീലങ്ങളുമെല്ലാം കായലിലേക്ക് എത്തുന്നവര്‍ക്ക് ലഭ്യമാക്കണം എന്ന നിര്‍ബന്ധം മനീഷയ്ക്കുണ്ടായിരുന്നു. മൂന്ന് ലക്ഷം രൂപയായിരുന്നു മനീഷയുടെ ബജറ്റ്. എന്നാല്‍ 10 ലക്ഷം കഴിഞ്ഞിട്ടും പണി തീര്‍ന്നില്ല. തന്റെ സമ്പാദ്യങ്ങളും സുഹൃത്തുക്കളുടെ സഹായവുമെല്ലാം ചേര്‍ത്തിട്ടും തീരാതെ വന്നതോടെ നിരാശയായി. റൂഫിംഗ് ചെയ്ത്് കൊണ്ടിരുന്ന ഘട്ടത്തില്‍ രണ്ട് മാസത്തോളം നിര്‍മാണം നിര്‍ത്തിവെക്കേണ്ടിയും വന്നു. പിന്നീട് മൂലധനം എങ്ങനെയും ഒപ്പിക്കണമെന്ന നിശ്ചയദാര്‍ഢ്യവുമായി മനീഷ ബാങ്കുകളില്‍ നിന്നും വായ്പ തേടാന്‍ തീരുമാനിച്ചു. എന്നാല്‍ സംരംഭം ഉപേക്ഷിച്ച് പോകൂ അതാകും നല്ലതെന്ന ചിത്രമാണ് ബാങ്കുകളില്‍ നിന്നും ലഭിച്ചത്. ഒന്നും രണ്ടുമല്ല പതിനെട്ട് ധനകാര്യ സ്ഥാപനങ്ങളാണ് മനീഷയുടെ വായ്പ നിരസിച്ചത്. മനീഷയ്ക്ക് തോന്നിയതുപോലെ കായലില്‍ മറ്റുളളവര്‍ക്ക് വിശ്വാസം തോന്നിയില്ല. ആ സമയം ദൈവത്തിന്റെ കരങ്ങളായി മനീഷയിലേക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എത്തി. പലിശ രഹിത വായ്പ നല്‍കി കെഎഫ്‌സി മനീഷയോടെപ്പം നിന്നത് അനുഗ്രഹമായി.

തുരുത്തില്‍ ആവശ്യത്തിന് കുടിവെളളമോ വൈദ്യുതിയോ ഇല്ലാതിരുന്ന സമയത്താണ് മനീഷയുടെ കായല്‍ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഇതിന് മുന്‍പൊരു സംരംഭം വിജയം കാണാതിരുന്നതുമെല്ലാം മനീഷയുടെ അമ്മ ഉള്‍പ്പടെയുളളവര്‍ മനീഷയെ നിരുത്സാഹപ്പെടുത്താന്‍ കാരണമായി. പിന്തുണയ്ക്കാന്‍ ആരുമില്ലാതെ മുന്നേറുകയെന്നതായിരുന്നു മനീഷ തുടക്കത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. എന്നാല്‍ നൂറ് വര്‍ഷം പിന്നിലേക്ക് അവിടെയെത്തുന്ന ഏതൊരാളെയും കാക്കത്തുരുത്ത് എത്തിക്കുമെന്നും അതില്‍ വളരെ വലിയ സാധ്യതകളുണ്ടെന്നും മനസ്സിലാക്കിയ മനീഷ പ്രതിസന്ധികള്‍ ഓരോന്നായി തരണം ചെയ്തു. ഇന്ന് മനീഷയ്‌ക്കൊപ്പം പ്രധാന സഹായിയായി അമ്മയും കൂടെയുണ്ട്. ആദ്യം നിരുത്സാഹപ്പെടുത്തിയവരുടെ പോലും അഹങ്കാരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് മനീഷ എന്ന സംരംഭക.

Categories: FK Special, Slider