അതിശക്തമാകുന്നു ഇന്ത്യ-റഷ്യ ബന്ധം

അതിശക്തമാകുന്നു ഇന്ത്യ-റഷ്യ ബന്ധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനം ഇന്ത്യയുടെ ആഗോള പ്രതിച്ഛായയ്ക്ക് മിഴിവേകുന്നതായി. കശ്മീര്‍ ഉള്‍പ്പടെയുള്ള തന്ത്രപ്രധാന വിഷയങ്ങളില്‍ റഷ്യയുടെ പിന്തുണ ശ്രദ്ധേയമാണ് താനും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദേശകാര്യത്തിലുള്ള നിപുണത പ്രശസ്തമാണ്. വിവിധ വിഷയങ്ങളില്‍ ആഗോള പിന്തുണ നേടിയെടുക്കുന്നതില്‍ ഇന്ത്യയെ അത് സഹായിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ റഷ്യന്‍ സന്ദര്‍ശനത്തിലും പ്രതിഫലിച്ചത് ആ നയതന്ത്രചാതുര്യം തന്നെയാണ്. ആഭ്യന്തര കാര്യങ്ങളില്‍ ഒരു ബാഹ്യശക്തയും ഇടപെടേണ്ടതില്ലെന്ന വഌഡിമിര്‍ പുടിന്റെയും നരേന്ദ്ര മോദിയുടെയും സംയുക്ത പ്രസ്താവന മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അതിഗംഭീരമായി മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ വരെയുള്ള കാര്യങ്ങള്‍ കൃത്യമായി നിര്‍വചിക്കുന്നു ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളത. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് ഉറച്ച പിന്തുണ നല്‍കിയ റഷ്യയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ഭാരതത്തിന്റെ ആഭ്യന്തര കാര്യമാണ് കശ്മീരെന്നാണ് റഷ്യയുടെ യുക്തിഭദ്രമായ നിലപാട്.

ഇന്ത്യ-റഷ്യ വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത തന്ത്രങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. റഷ്യന്‍ സൈനിക ഉപകരണങ്ങളുടെ സ്‌പെയര്‍ പാര്‍ട്ടുകളുടെ നിര്‍മാണത്തിലെ സഹകരണം സംബന്ധിച്ച് ഇരു സര്‍ക്കാരുകളും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ ശ്രദ്ധേയമാണ്. ഇതനുസരിച്ച് റഷ്യന്‍ സൈനിക ഉപകരണങ്ങള്‍ക്കുള്ള ഘടകങ്ങള്‍ ‘ഇന്ത്യയില്‍ നിര്‍മിക്കൂ’ (മേക്ക് ഇന്‍ ഇന്ത്യ) പദ്ധതിയുടെ ഭാഗമായി ഇവിടെയുണ്ടാക്കാം. മോദിയുടെ സ്വപ്‌ന പദ്ധതിക്ക് വലിയ കുതിപ്പേകാന്‍ പോന്ന വാര്‍ത്തയാണിത്. ഇന്ത്യക്ക് മുന്നില്‍ വലിയൊരു ആഗോള സാധ്യത തുറക്കപ്പെടുകയും ചെയ്യുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ ദൃശ്യ, ശ്രാവ്യമേഖലകളിലെ സംയുക്ത നിര്‍മാണത്തിനുള്ള സഹകരണം സംബന്ധിച്ച കരാറും ഒപ്പിട്ടുണ്ട്. റോഡ്ഗതാഗത, റോഡ് വ്യവസായ മേഖലകളില്‍ ഇന്ത്യയുടെ റോഡ്ഗതാഗത ഹൈവേയ്‌സ് മന്ത്രാലയവും റഷ്യയുടെ ഗതാഗത മന്ത്രാലയവും തമ്മില്‍ ഉഭയകക്ഷി സഹകരണത്തിനും തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ തുറമുഖവും റഷ്യന്‍ ഫെഡറേഷനിലെ വഌഡിവോസ്റ്റോക്ക് തുറമുഖവും തമ്മില്‍ സമുദ്രയാന വാര്‍ത്താവിനിമയ ബന്ധം വികസിപ്പിക്കുന്നതിന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും റഷ്യന്‍ ഫെഡറേഷന്റെ ഗതാഗത മന്ത്രാലയവും തമ്മില്‍ ഒപ്പുവെച്ച കരാറാണ് മറ്റൊരു ശ്രദ്ധേയ പദ്ധതി.

എണ്ണ, വാതക മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് റഷ്യയുടെ ഊര്‍ജമന്ത്രാലയവും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയവും ചേര്‍ന്നുള്ള പരിപാടി രാജ്യത്തെ ഊര്‍ജ മേഖലയ്ക്ക് കരുത്തേകും. നിക്ഷേപ സഹപ്രവര്‍ത്തനത്തിന് ഇന്‍വെസ്റ്റ് ഇന്ത്യയും റഷ്യയുടെ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 25ഓളം കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

2025 ആകുമ്പോഴേക്കും ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 30 ബില്യണ്‍ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യം സാധ്യമാക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ പദ്ധതികളെന്നത് രാഷ്ട്രതാല്‍പ്പര്യത്തിന്റെ കൂടി വിജയമാണ്. അനിശ്ചിതത്വം നിറഞ്ഞ ആഗോള സാമ്പത്തിക, രാഷ്ട്രീയ പരിതസ്ഥിതിയില്‍ പ്രധാന ലോക ശക്തികളായ ഫ്രാന്‍സും റഷ്യയും ഇന്ത്യക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ട് എന്നത് പുതിയ ലോകക്രമത്തില്‍ ശ്രദ്ധേയമാണ്.

Categories: Editorial, Slider
Tags: India Russia