യുഎസ് സമ്മര്‍ദത്തിലും തളരാതെ വാവെയ്

യുഎസ് സമ്മര്‍ദത്തിലും തളരാതെ വാവെയ്
  • ഇതിനോടകം ചൈനീസ് കമ്പനി നേടിയത് 50 5ജി വാണിജ്യ കരാറുകള്‍
  • 5ജി അടിസ്ഥാനസൗകര്യ വികസനത്തില്‍ നോക്കിയയ്ക്കും എറിക്‌സണും മുമ്പില്‍ വാവെയ്
  • അമേരിക്ക വിലക്കിയാലും വന്‍കിട ഇടപാടുകള്‍ നടത്താന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് വാവെയ് തെളിയിക്കുന്നു

ചൈനീസ് ടെലികോം കമ്പനി വാവെയ്‌ക്കെതിരെ അമേരിക്കയുടെ നീക്കങ്ങള്‍ തുടരുമ്പോഴും പുതിയ വഴിത്തിരിവുകള്‍ സ്വന്തമാക്കുകയാണ് കമ്പനി. അടുത്ത തലമുറ സാങ്കേതികവിദ്യയായ 5ജിയുടെ വിന്യാസത്തില്‍ നിന്ന് വാവെയെ വിലക്കുന്ന നടപടിയാണ് യുഎസ് സ്വീകരിക്കുന്നത്. വാവെയെ അമേരിക്ക കരിമ്പട്ടികയ്ക്ക് സമാനമായ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം കവച്ചുവെച്ച് വമ്പന്‍ കമ്പനികളുമായി കൂടുതല്‍ കരാറുകളില്‍ ഏര്‍പ്പെടുകയാണ് ചൈനീസ് ചാര കമ്പനിയെന്ന വിശേഷണമുള്ള വാവെയ്.

ലോകം 5ജി സാങ്കേതികയുഗത്തിലേക്ക് കാല് വെച്ച് തുടങ്ങുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട വലിയ പദ്ധതികളിലായിരുന്നു വാവെയ്ക്ക് കണ്ണ്. അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കുന്ന അഞ്ചാം തലമുറ സാങ്കേതികവിദ്യയാണ് 5ജി. 4ജിയെ അപേക്ഷിച്ച് കൂടതല്‍ വേഗതയിലും ഗുണമേന്മയിലും ഡാറ്റാ കൈമാറ്റം 5ജിയില്‍ സാധ്യമാകുന്നു. ഇന്‍ഡസ്ട്രി അസോസിയേഷന്‍ 3 ജിപിപി ‘5 ജി എന്‍ആര്‍’ (5 ജി ന്യൂ റേഡിയോ) സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്ന ഏത് സംവിധാനത്തിനെയും ‘5 ജി’ എന്ന് നിര്‍വചിക്കുന്നു. 5ജി അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ വൈവെയ്ക്ക് മികച്ച വൈദഗ്ധ്യമുണ്ടെങ്കിലും ജപ്പാന്‍ ഉള്‍പ്പടെയുള്ള പല വലിയ രാജ്യങ്ങളിലും വാവെയ്ക്ക് വിലക്കുണ്ട്. പിന്നില്‍ അമേരിക്ക തന്നെ.

ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ ഉത്തരവ് പ്രകാരം വാവെയ്ക്ക് അമേരിക്കയില്‍ ബിസിനസ് നടത്താന്‍ സാധിക്കില്ല. വാവെയ് ടെക്‌നോളജീസിനോ അവരുമായി ബന്ധപ്പെട്ട ഏകദേശം 70ഓളം സഹസ്ഥാപനങ്ങള്‍ക്കോ അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക വിദ്യയോ മറ്റ് ഘടകങ്ങളോ വാങ്ങണമെങ്കില്‍ യുഎസ് സര്‍ക്കാരിന്റെ അനുമതി വേണം. മാത്രമല്ല, ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഒരു കമ്പനിയുടെയും ടെലികോം ഉപകരണം അമേരിക്കയിലെ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുകയുമില്ല. വാവെയുടെ ടെലികോം ഉപകരണം അമേരിക്കന്‍ കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് ഉത്തരവിന്റെ സാരാംശം. ഇതിനാണ് താല്‍ക്കാലി ഇളവ് അനുവദിച്ചിരിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചാരകമ്പനിയാണ് വാവെയ് എന്നാണ് അമേരിക്കയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ അഭിപ്രായം. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ട്രംപിന്റെ നടപടികള്‍.

ഇന്ത്യയിലും വാവെയെ വിലക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. എന്നാല്‍ ഇത്തരമൊരു സമീപനത്തോട് ഇന്ത്യക്ക് താല്‍പ്പര്യമില്ലെന്നാണ് സൂചന. വാവെയെ കരിമ്പട്ടികയില്‍ പെടുത്തി തളര്‍ത്താനുള്ള യുഎസ് നീക്കത്തിന് കനത്ത തിരിച്ചടിയാണ് ആവര്‍ത്തിച്ച് ലഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ചൈനയില്‍ വിപണി വിഹിതത്തില്‍ വാവെയ് ഒന്നാമതെത്തിയതും അടുത്തിടെയായിരുന്നു. ഇത്ര വലിയ പ്രതിസന്ധികള്‍ക്കിടയിലും വാവെയുടെ രണ്ടാംപാദ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് വന്‍വര്‍ധനായണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായും അടുത്ത ബന്ധമുണ്ടെന്ന് യുഎസ് ആരോപിക്കുന്ന വാവെയ്‌ക്കെതിരെ ട്രംപ് നടത്തുന്ന നീക്കങ്ങള്‍ ചൈനീസ് ഉപഭോക്താക്കളെ കമ്പനിയോട് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്തത്. ചൈനീസ് ടെക് മുന്നേറ്റത്തിന്റെ ഏറ്റവും വലിയ മാതൃകയായി വാഴ്ത്തപ്പെടുന്ന വിജയകഥയാണ് വാവെയുടേത്. ചൈനീസ് സൈന്യം ചാരപ്രവൃത്തിക്ക് ഉപയോഗപ്പെടുത്തുന്ന കമ്പനിയാണ് ഇതെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ നിലപാട്.

മേയ് പകുതി മുതല്‍ കരിമ്പട്ടികയിലുള്ള വാവെയ്ക്ക് യുഎസില്‍ ബിസിനസ് നടത്താന്‍ സാധ്യമല്ല. എങ്കിലും ജൂണില്‍ അവസാനിച്ച പാദത്തില്‍ 37.3 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതിയാണ് വാവെയ് നടത്തിയത്. 31 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാനായതായി വിപണി ഗവേഷക സ്ഥാപനമായ കനാലിസ് പറയുന്നു.

വാവെയുടെ വിപണി വിഹിതത്തിലുണ്ടായത് 10 ശതമാനം വര്‍ധനയാണ്. ഇപ്പോള്‍ 38 ശതമാനം വിപണിയും കൈയാളുന്നത് ഇവരാണ്. ചൈനീസ് അനുകൂല വികാരം രാജ്യത്തുണ്ടായതാണ് വാവെയ്ക്ക് തുണയായതെന്ന് ഐഡിസി ഗവേഷണ സ്ഥാപനത്തിലെ കിറ്റി ഫോക്ക് പറയുന്നു.
ചൈനയില്‍ നിന്നുള്ള മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി കുറഞ്ഞിട്ട് പോലും വാവെയ് കുതിച്ചതിന് കാരണം അമേരിക്കയ്‌ക്കെതിരെ ജനങ്ങളില്‍ ഉടലെടുത്ത ചൈനീസ് ദേശീയവികാരമാണെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍.

5ജിയില്‍ ഒന്നാമന്‍

5ജി വിന്യാസത്തിന് ശക്തി പകരുന്ന കമ്പനികളില്‍ ഇപ്പോള്‍ വാവെയാണ് രാജാവ്. ഇതുമായി ബന്ധപ്പെട്ട 50 കരാറുകളാണ് വാവെയ്ക്ക് ലഭിച്ചത്. നോക്കിയയ്ക്കാകട്ടെ 45 കരാറുകളും. അതേസമയം എറിക്‌സണ് ലഭിച്ചിരിക്കുന്നത് 24 5ജി വാണിജ്യ കരാറുകളാണ്. ഓസ്‌ട്രേലിയയിലും 5ജിയുമായി ബന്ധപ്പെട്ട് വാവെയ്ക്ക് നിയന്ത്രണമുുണ്ട്.

സ്ഥിരതയോടെ 5ജി വികസനത്തില്‍ വാവെയ് വളരുമെന്ന് കമ്പനിയുടെ ബോര്‍ഡ് ഡയറക്റ്റര്‍മാരില്‍ ഒരാളായ വില്ല്യം സു പറഞ്ഞു. ജര്‍മനി ഇതുവരെ വാവെയെ വിലക്കിയിട്ടില്ല. അതേസമയം യുകെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുമില്ല. ബ്രിട്ടനിലെ ഏറ്റവും വലിയ മൊബീല്‍ ശൃംഖലയായ ഇഇ വാവെയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ എന്‍ജിനീയറായിരുന്ന റെന്‍ ഷെംഗ് ഫെയ് ആണ് ആര്‍മി ജീവിതത്തിനു ശേഷം 1987ല്‍ വാവെയ്ക്ക് തുടക്കമിട്ടത്. ചൈനീസ് സൈന്യം വാവെയിലൂടെ രഹസ്യം ചോര്‍ത്തുന്നതായാണ് യുഎസിന്റെ ആരോപണം.

Comments

comments

Categories: Tech
Tags: huawei