പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കില്ല

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കില്ല
  • ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഇവികള്‍ക്ക് സമാനമായി ജിഎസ്ടി നിരക്കിളവ് പരിഗണനയില്‍
  • ബിഎസ്6 ലേക്ക് മാറിയതിന്റെ അധിക ചെലവിന് പരിഹാരമായി നികുതി താഴ്ത്തിയേക്കും
  • അധിക പിഴ ചുമത്താന്‍ താല്‍പ്പര്യമില്ല; എല്ലാവരും ഗതാഗത നിയമം പാലിക്കണമെന്നും മന്ത്രി

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ക്കും വാഹന നിര്‍മാതാക്കള്‍ക്കും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അതേ സമയം അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയും മലിനീകരണവും കുറയ്ക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓട്ടോമൊബീല്‍ മേഖലയിലെ ലോബി ഗ്രൂപ്പായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ച്ചേഴ്‌സിന്റെ (എസ്‌ഐഎഎം) 59 ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഗതാഗത മന്ത്രി.

ജിഎസ്ടി കുറയ്ക്കണം

ആഭ്യന്തര വാഹന വിപണിയിലെ മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയിലെ ആവശ്യകത വര്‍ധിപ്പിക്കുന്നതിനായി ഓട്ടോമൊബീല്‍ ജിഎസ്ടി താല്‍കാലികമായി കുറയ്ക്കാന്‍ ധനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. മലിനീകരണ വിമുക്ത വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറച്ചിരുന്നു. ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഇതേ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കും. ബിഎസ്4 ല്‍ നിന്ന് ബിഎസ്6 ലേക്ക് നിലവാരം വര്‍ധിപ്പിച്ചപ്പോള്‍ അധിക ചെലവുകള്‍ വന്നിട്ടുണ്ടെന്നും ഇത് പരിഹരിക്കാന്‍ നികുതി ഇളവുകള്‍ വേണമെന്നുമാണ് വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം തീര്‍ച്ചയായും ധനമന്ത്രിയോട് സംസാരിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.

ഫൈനടക്കണോ, നിയമം അനുസരിച്ചൂടേ?

സാധാരണക്കാരുടെ മേല്‍ അധിക പിഴ ചുമത്താന്‍ സര്‍ക്കാരിന് ആഗ്രഹമില്ലെന്നും എല്ലാവരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി നിതിന്‍ ഗഡ്കരി. പരിഷ്‌കരിച്ച ഗതാഗത പിഴത്തുക രാജ്യവ്യാപകമായി വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രതികരണം. ‘പ്രതിവര്‍ഷം അഞ്ച് ലക്ഷം റോഡ് അപകടങ്ങളാണ് രാജ്യത്തുണ്ടാവുന്നത്. കൊല്ലപ്പെടുന്നവരില്‍ 65 ശതമാനവും 18 നും 35 നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണ്ടേ? നിയമത്തോട് ഭയവും ആദരവും വേണം,’ ഗഡ്കരി പറഞ്ഞു. എണ്ണ ഇറക്കുമതി, അന്തരീക്ഷ മലിനീകരണം, റോഡ് അപകടങ്ങള്‍ എന്നീ മൂന്ന് വെല്ലുവിളികളാണ് ഗതാഗത മേഖല നേരിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണ ഇറക്കുമതി ചെലവ് ഏഴ് ലക്ഷം കോടി രൂപ കവിഞ്ഞു. മലിനീകരണത്തിന് ഏറെ കുറ്റപ്പെടുത്തപ്പെടുന്നുണ്ടെങ്കിലും വാഹന മേഖല മാത്രമല്ല മലിനീകരണത്തിന് കാരണം.

Categories: FK News, Slider