ഇവോലെറ്റ് ബ്രാന്‍ഡില്‍ നാല് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി റിസാല മോട്ടോഴ്‌സ്

ഇവോലെറ്റ് ബ്രാന്‍ഡില്‍ നാല് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി റിസാല മോട്ടോഴ്‌സ്

വാരിയര്‍ എന്ന പേരിലാണ് ഇലക്ട്രിക് ക്വാഡ് ബൈക്ക് അവതരിപ്പിച്ചത്. പോളോ പോണി, പോളോ, ഡെര്‍ബി എന്നിവയാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ന്യൂഡെല്‍ഹി: റിസാല ഇലക്ട്രിക് മോട്ടോഴ്‌സ് ഇന്ത്യയില്‍ ഇവോലെറ്റ് എന്ന ഇലക്ട്രിക് വാഹന ബ്രാന്‍ഡ് അവതരിപ്പിച്ചു. ഇലക്ട്രിക് ക്വാഡ് ബൈക്ക്, മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവ പുറത്തിറക്കി ഇവോലെറ്റ് ഇന്ത്യയില്‍ പ്രയാണമാരംഭിച്ചു. വാരിയര്‍ എന്ന പേരിലാണ് ഇലക്ട്രിക് ക്വാഡ് ബൈക്ക് അവതരിപ്പിച്ചത്. പോളോ പോണി, പോളോ, ഡെര്‍ബി എന്നിവയാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍. ബാറ്ററിക്ക് മൂന്ന് വര്‍ഷവും ഇലക്ട്രിക് മോട്ടോറിന് പതിനെട്ട് മാസവും വാറന്റി വാഗ്ദാനം ചെയ്യുന്നു. വിവിധ മോഡലുകള്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനും കമ്പനി പ്രഖ്യാപിച്ചു. വാഹനങ്ങളിലെ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിന് എട്ട് മണിക്കൂര്‍ വേണം. മൂന്ന് മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഫാസ്റ്റ് ചാര്‍ജര്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

വാട്ടര്‍പ്രൂഫ് ബിഎല്‍ഡിസി (ബ്രഷ്‌ലെസ് ഡിസി) മോട്ടോര്‍ ഉപയോഗിക്കുന്ന ഡെര്‍ബി ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 60 വോള്‍ട്ട്/30 ആംപിയര്‍ അവര്‍ വിആര്‍എല്‍എ (വാല്‍വ് റെഗുലേറ്റഡ് ലെഡ് ആസിഡ്) ബാറ്ററി ഉപയോഗിക്കുന്ന ഡെര്‍ബി ഇഇസഡ് സ്‌കൂട്ടറിന് 46,499 രൂപയും 60 വോള്‍ട്ട്/30 ആംപിയര്‍ അവര്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഡെര്‍ബി ക്ലാസിക് സ്‌കൂട്ടറിന് 59,999 രൂപയുമാണ് വില.

പോളോ പോണി ഇലക്ട്രിക് സ്‌കൂട്ടറും രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 48 വോള്‍ട്ട്/24 ആംപിയര്‍ അവര്‍ വിആര്‍എല്‍എ ബാറ്ററി ഉപയോഗിക്കുന്ന പോളോ പോണി ഇഇസഡ് സ്‌കൂട്ടറിന് 39,499 രൂപയും 48 വോള്‍ട്ട്/24 ആംപിയര്‍ അവര്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന പോളോ പോണി ക്ലാസിക് സ്‌കൂട്ടറിന് 49,499 രൂപയുമാണ് വില.

പോളോ ഇലക്ട്രിക് സ്‌കൂട്ടറും രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. 48 വോള്‍ട്ട്/24 ആംപിയര്‍ അവര്‍ വിആര്‍എല്‍എ ബാറ്ററി ഉപയോഗിക്കുന്ന പോളോ ഇഇസഡ് സ്‌കൂട്ടറിന് 44,499 രൂപയും 48 വോള്‍ട്ട്/24 ആംപിയര്‍ അവര്‍ ലിഥിയം അയണ്‍ ബാറ്ററി ഉപയോഗിക്കുന്ന പോളോ ക്ലാസിക് സ്‌കൂട്ടറിന് 54,499 രൂപയുമാണ് വില.

ഡെര്‍ബി, പോളോ പോണി, പോളോ എന്നീ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും റേഞ്ച് 60 കിലോമീറ്ററാണ്. ടോപ് സ്പീഡ് മണിക്കൂറില്‍ 25 കിലോമീറ്റര്‍. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ വാരിയര്‍ ഇലക്ട്രിക് ക്വാഡ് ബൈക്കില്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 60 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഇന്ത്യയിലെ ആദ്യ ഓള്‍ ഇലക്ട്രിക് ക്വാഡ് ബൈക്കാണ് ഇവോലെറ്റ് വാരിയര്‍. വാരിയര്‍ ബൈക്കിലെ ബിഎല്‍ഡിസി വാട്ടര്‍പ്രൂഫ് ഇലക്ട്രിക് മോട്ടോര്‍ പരമാവധി 3,000 വാട്ട് കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. റിവേഴ്‌സില്‍ മണിക്കൂറില്‍ 20 കിലോമീറ്ററാണ് പരമാവധി വേഗം. ഏത് ഭൂപ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന വാരിയര്‍ എന്ന ക്വാഡ് ബൈക്കിന് 1.40 ലക്ഷം രൂപയാണ് വില.

ഹരിയാണയിലെ ബിലാസ്പുരിലാണ് ഇവോലെറ്റ് ബ്രാന്‍ഡിന്റെ പ്ലാന്റ് സ്ഥിതിചെയ്യുന്നത്. ഒരു ലക്ഷം ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്നതാണ് പ്ലാന്റ്. തുടക്കത്തില്‍ രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര, ഡെല്‍ഹി-എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നീ വിപണികളാണ് ലക്ഷ്യം വെയ്ക്കുന്നത്. ഫാല്‍ക്കണ്‍ എന്ന ഇലക്ട്രിക് സ്ട്രീറ്റ് ബൈക്ക്, റാപ്റ്റര്‍ എന്ന ഇലക്ട്രിക് മാക്‌സി സ്‌കൂട്ടര്‍, ഹോക് എന്ന ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ബൈക്ക് എന്നീ ഭാവി മോഡലുകളും ഇവോലെറ്റ് ബ്രാന്‍ഡ് പ്രഖ്യാപിച്ചു. ലാന്‍സേഴ്‌സ് എന്ന ഇലക്ട്രിക് ബസ് പ്രദര്‍ശിപ്പിച്ചു.

Comments

comments

Categories: Auto
Tags: Evolet