ടെക് ഭീമന്മാരുമായി ഇടപെടാന്‍ നയതന്ത്ര പ്രതിനിധിയെ നിയമിച്ച് ഡെന്മാര്‍ക്ക്

ടെക് ഭീമന്മാരുമായി ഇടപെടാന്‍ നയതന്ത്ര പ്രതിനിധിയെ നിയമിച്ച് ഡെന്മാര്‍ക്ക്

സാങ്കേതിക മുന്നേറ്റം ടെക് ഭീമന്മാര്‍ക്ക് വലിയ അധികാരങ്ങള്‍ കൂടിയാണു സമ്മാനിച്ചിരിക്കുന്നത്. പോളിസി മേക്കര്‍ എന്ന തലത്തിലേക്കു മാറിയിരിക്കുകയാണ് പല സോഷ്യല്‍ മീഡിയ കമ്പനികളും. ടെക് കമ്പനികളുടെ ശക്തി തിരിച്ചറിഞ്ഞ് അവരെ കൈകാര്യം ചെയ്യാന്‍ പല രാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചിരിക്കുകയാണ്. ഫ്രാന്‍സ് ഡിജിറ്റല്‍ അഫയേഴ്‌സ് അംബാസഡര്‍ തസ്തിക രൂപീകരിച്ചു. ഓസ്‌ട്രേലിയയും, ബ്രിട്ടനും, ജര്‍മനിയും ഇത്തരത്തില്‍ പുതിയ തസ്തിക രൂപീകരിച്ചു. എന്നാല്‍ ഡെന്മാര്‍ക്ക് ആകട്ടെ, ടെക് കമ്പനികളെ കൈകാര്യം ചെയ്യാനായി ഒരു നയതന്ത്ര പ്രതിനിധിയെ തന്നെ നിയമിച്ചിരിക്കുകയാണ്

ഗൂഗിളും, ഫേസ്ബുക്കും, മൈക്രോസോഫ്റ്റും ഉള്‍പ്പെടുന്ന ടെക് ഭീമന്മാരെ ഒരു സൂപ്പര്‍ പവര്‍ രാജ്യമായി കണക്കാക്കുക. എന്നിട്ട് ആ സൂപ്പര്‍ പവര്‍ രാജ്യവുമായി ഇടപെടാന്‍ ഒരു നയതന്ത്ര പ്രതിനിധിയെ നിയമിക്കുക. ഇതാണ് ഇപ്പോള്‍ ഡെന്‍മാര്‍ക്ക് എന്ന യൂറോപ്യന്‍ രാജ്യം ചെയ്തിരിക്കുന്നത്. കാസ്പര്‍ ക്ലിംഗ് എന്ന 46-കാരനായ നയതന്ത്ര പ്രതിനിധിയെ ഡെന്‍മാര്‍ക്ക് ടെക്‌നോളജി ഇന്‍ഡസ്ട്രിയുമായി ഇടപെടാനുള്ള അംബാസഡറായി നിയമിച്ചു. ഐടി ഇന്‍ഡസ്ട്രിയുമായുള്ള ബന്ധം നിലനിര്‍ത്താനും, ഇടപെടാനും ഒരു നയതന്ത്ര പ്രതിനിധിയെ നിയമിക്കുന്ന ആദ്യ രാജ്യം കൂടിയാണു ഡെന്‍മാര്‍ക്ക്. 2017-ലാണു ഡെന്‍മാര്‍ക്ക് ആദ്യമായി ഈ തസ്തിക സൃഷ്ടിച്ചത്. തുടര്‍ന്നു കാസ്പര്‍ ക്ലിംഗിനെ നിയമിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലും, കൊസോവോയിലും നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് കാസ്പര്‍.

ടെക് ഭീമന്മാര്‍ക്ക് ജനങ്ങളുടെ ജീവിതത്തില്‍ അഭൂതപൂര്‍വമായ സ്വാധീനം ചെലുത്താന്‍ ഇന്നു സാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു ഡെന്മാര്‍ക്കിന്റെ തീരുമാനം. പുതിയ സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവം കാരണം നമ്മളുടെ മൂല്യങ്ങള്‍, നമ്മളുടെ ഭരണഘടനാ സ്ഥാപനങ്ങള്‍, നമ്മളുടെ ജനാധിപത്യം, മനുഷ്യാവകാശം എന്നിവ ഇപ്പോള്‍ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നു കാസ്പര്‍ ക്ലിംഗ് പറയുന്നു. ഇന്നു ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ വാണിജ്യതാല്‍പര്യമുള്ള കമ്പനികളില്‍നിന്നും വിദേശനയം രൂപീകരിക്കുന്നവര്‍ എന്ന തലത്തിലേക്കു മാറിയിരിക്കുകയാണെന്നും ക്ലിംഗ് പറയുന്നു.

ഫേസ്ബുക്കിന്റെ പ്രധാന കാര്യാലയം സ്ഥിതി ചെയ്യുന്ന സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയേക്കാള്‍ ചെറുതാണു ഡെന്‍മാര്‍ക്കിന്റെ 5.8 ദശലക്ഷം ജനസംഖ്യ. ഫേസ്ബുക്കിന്റെ 2.4 ബില്യന്‍ ആഗോള ഉപയോക്താക്കളുടെ 0.3 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണു സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ ഡെന്‍മാര്‍ക്കില്‍ താമസിക്കുന്നത്. ആപ്പിളിന്റെ വാര്‍ഷിക വിറ്റുവരവ് ഡെന്‍മാര്‍ക്കിന്റെ ജിഡിപിയുടേതിനു തുല്യമാണ്. ഇത്തരം ഘടകങ്ങള്‍ ഡെന്മാര്‍ക്ക് പോലുള്ള ചെറു രാഷ്ട്രങ്ങള്‍ക്കു മേല്‍ രാഷ്ട്രീയ സ്വാധീനമായി മാറ്റാന്‍ ഐടി ഭീമന്മാര്‍ക്കു കഴിയും. അതിനാല്‍ അവ കൈകാര്യം ചെയ്യാനാണു നയതന്ത്ര പ്രാതിനിധ്യം ഡെന്‍മാര്‍ക്ക് ഉറപ്പാക്കിയത്. നയതന്ത്ര പ്രതിനിധിയെ നിയമിച്ചിട്ടു പോലും ഫേസ്ബുക്കിന്റെ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനെയോ ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചെയെയോ ആപ്പിളിന്റെ സിഇഒ ടിം കുക്കിനെയോ സന്ദര്‍ശിക്കാന്‍ ഇതുവരെ ഡെന്‍മാര്‍ക്കിന്റെ നയതന്ത്ര പ്രതിനിധിയായ കാസ്പര്‍ ക്ലിംഗിനു സാധിച്ചിട്ടില്ല. ഇവരോടൊക്കെ ഇടപെടുന്നത് പുതിയൊരു ലോകശക്തിയോട് ഇടപെടുന്നതു പോലെയാണെന്നു ഡെന്‍മാര്‍ക്ക് പറയുന്നു. ഇപ്പോള്‍ ടെക് വ്യവസായലോകവുമായി ഇടപെടാന്‍ നയതന്ത്ര പ്രതിനിധിയെ ഡെന്‍മാര്‍ക്ക് നിയമിച്ചതിലൂടെ ടെക് ഇന്‍ഡസ്ട്രിക്കു ജനാധിപത്യ രീതിയിലുള്ള തങ്ങളെ പോലുള്ള ഭരണകൂടം അതിരുകള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ കൂടിയാണ്. സാങ്കേതികവിദ്യ തങ്ങളുടെ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ തുടര്‍ന്നു മല്ലയുദ്ധം നടത്തുന്ന, അതിനെ നേരിടാന്‍ കഴിയാത്തതില്‍ നിരാശരായി കഴിയുന്ന നിരവധി ചെറുരാജ്യങ്ങളുടെ പ്രതീകമാണു ഡെന്‍മാര്‍ക്ക്. സോഷ്യല്‍ മീഡിയയുടെ ഉയര്‍ച്ച ഉള്‍പ്പെടുന്ന സാങ്കേതിക മുന്നേറ്റം പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങള്‍ക്കു സമ്മാനിക്കുന്ന വെല്ലുവിളികള്‍ക്കു കാരണമാകുന്നത് എങ്ങനെയെന്നു ഡെന്‍മാര്‍ക്കിന് അറിയാം. അതില്‍ ഡെന്‍മാര്‍ക്കിലെ ഉദ്യോഗസ്ഥര്‍ പ്രത്യേകിച്ചും ആശങ്കാകുലരുമാണ്. തെറ്റായതും രാഷ്ട്രീയമായി വിഭജിക്കുന്നതുമായ ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതും, സ്വകാര്യതയെക്കുറിച്ചും, ഡാറ്റ കൈവശമാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന സേവനങ്ങളെക്കുറിച്ചും, സൈബര്‍ സുരക്ഷയെക്കുറിച്ചും, അമേരിക്കന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ അമേരിക്കയ്ക്കു പുറത്തുള്ള രാജ്യങ്ങള്‍ക്കു നല്‍കുന്ന കുറഞ്ഞ നികുതികളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്.

ടെക്‌നോളജി രംഗത്തെ ഭീമന്മാരുടെയും ഈ ടെക് ഭീമന്മാര്‍ക്കു മേല്‍ കൂടുതല്‍ അധികാരം പുലര്‍ത്തുന്ന വലിയ രാജ്യങ്ങളുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ ഡെന്‍മാര്‍ക്ക് പോലുള്ള ചെറിയ രാജ്യങ്ങള്‍ക്കു പുതുവഴികള്‍ ആവശ്യമായി വന്നിരിക്കുകയാണ്. കാസ്പര്‍ ക്ലിംഗ് എന്ന നയതന്ത്ര പ്രതിനിധിയുടെ പുതിയ നിയമനം കാണിക്കുന്നത് ഡെന്‍മാര്‍ക്ക് പുതുവഴികളിലൂടെയുള്ള സഞ്ചാരം ആരംഭിച്ചിരിക്കുന്നു എന്നാണ്. പുതിയ തസ്തികയില്‍ നിയമനം ലഭിച്ചു കഴിഞ്ഞ ആദ്യ നാളുകളില്‍ ടെക്‌നോളജി ലോകവുമായി ബന്ധപ്പെടാന്‍ കാസ്പര്‍ ക്ലിംഗ് ഒരുപാട ബുദ്ധിമുട്ടിയിരുന്നു. വലിയ ടെക് കമ്പനികളുടെ സീനിയര്‍ എക്‌സിക്യൂട്ടീവുമാരില്‍ പലരും ഒരു കൂടിക്കാഴ്ചയ്ക്ക് അനുമതി തന്നത് ഒമ്പത് മാസത്തോളം ബന്ധപ്പെട്ടതിനു ശേഷമായിരുന്നെന്നു ക്ലിംഗ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ ഭാഗത്തുനിന്നും നല്ല പ്രതികരമാണ് ലഭിക്കുന്നതെന്നും ക്ലിംഗ് പറയുന്നു. അതേസമയം ഐടി കമ്പനികളുമായി ഇടപെടാന്‍ മാത്രമായി പുതിയ നയതന്ത്ര പ്രതിനിധിയെ നിയമിച്ച ഡെന്‍മാര്‍ക്കിന്റെ തീരുമാനത്തിനെതിരേ ചില രാജ്യങ്ങള്‍ വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തു. വന്‍കിട ഐടി കമ്പനികള്‍ക്ക് ഒരു പരമാധികാര രാഷ്ട്രത്തിനുള്ളതു പോലുള്ള (sovereign state) സമാനമായ പദവി നല്‍കുന്ന ഡെന്മാര്‍ക്കിന്റെ തീരുമാനം അനുചിതമല്ലെന്നാണു വിമര്‍ശകര്‍ പറയുന്നത്.

ടെക്‌പ്ലോമസി (Techplomacy)

ടെക്‌നോളജിയും ഡിപ്ലോമസിയും കൂടിച്ചേരുന്നതാണു ടെക്‌പ്ലോമസി. പല പരമ്പരാഗത നയതന്ത്ര പ്രതിനിധികളും സാമ്പത്തിക വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതായത്, അവര്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിനു നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍. എന്നാല്‍ ഡെന്മാര്‍ക്കിന്റെ ടെക്‌നോളജി അംബാസഡറായ കാസ്പര്‍ ക്ലിംഗിന്റേതു വ്യത്യസ്തമായ ജോലിയാണ്. ഡെന്മാര്‍ക്ക് കമ്പനികള്‍ക്കു നിക്ഷേപ അവസരങ്ങള്‍ അല്ലെങ്കില്‍ കയറ്റുമതി അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനല്ല കാസ്പര്‍ ക്ലിംഗ് പ്രാധാന്യം കൊടുക്കുന്നത്. പകരം സാങ്കേതികവിദ്യ എങ്ങനെയാണു തെരഞ്ഞെടുപ്പ് പ്രക്രിയകളെയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തുന്നത്. എങ്ങനെയാണ് ഇന്റര്‍നെറ്റിലെ തീവ്രവാദം പോലുള്ള നിയമവിരുദ്ധമായ ഉള്ളടക്കം ജനാധിപത്യ രാജ്യങ്ങള്‍ക്കു വലിയ പ്രശ്‌നമാകുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഒരു നിര്‍ദ്ദിഷ്ട രാജ്യത്തിന്റെ പ്രതിനിധിയെന്നതിനു പകരം, ക്ലിംഗിന്റെ ഉത്തരവാദിത്വങ്ങള്‍ ആഗോളമുഖമുള്ളതാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനൊപ്പം എല്ലാ ടെക് കമ്പനികളും പാലിക്കേണ്ട ഒരു അന്തര്‍ദേശീയ ധാര്‍മിക നീതിശാസ്ത്രം (international code of ethics) സൃഷ്ടിക്കാനും ക്ലിംഗ് ശ്രമിക്കുകയാണ്. കോര്‍പറേറ്റ് എയര്‍ലൈന്‍ കമ്പനിക്ക് ലാഭമുണ്ടാക്കാനായി സമീപകാലത്ത് യുകെയില്‍ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അധാര്‍മികമായി ചെയ്ത പ്രവൃത്തി ഉദാഹരണമാണെന്നു ക്ലിംഗ് പറയുന്നു. ചില എയര്‍ലൈന്‍ കമ്പനികള്‍ യാത്ര ചെയ്യാനായി സീറ്റ് അനുവദിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അടുത്ത് ഇരിക്കാന്‍ വിധം സീറ്റ് ലഭിച്ചിട്ടില്ലെന്ന് ഉറപ്പാക്കുന്ന അല്‍ഗോരിതം സ്ഥാപിക്കാറുണ്ട്. അടുത്തിരുന്നു യാത്ര ചെയ്യാനുള്ള സീറ്റ് ലഭിക്കാനായി അധികം പണമടയ്ക്കാന്‍ ഇതോടെ അവര്‍ തയാറാകും. ഇതിലൂടെ എയര്‍ലൈന്‍ കമ്പനികള്‍ അധിക ലാഭം നേടുകയും ചെയ്യും. ഇത്തരം അധാര്‍മിക പ്രവണതകള്‍ക്കായി ടെക്‌നോളജിയെ ദുരുപയോഗിക്കുന്നുണ്ട്. ടെക് ലോകത്തെ ഇത്തരം ദുഷ് പ്രവണതകള്‍ നിയന്ത്രിക്കാന്‍ താന്‍ ശ്രമിക്കുമെന്നു ക്ലിംഗ് പറഞ്ഞു.

Comments

comments

Categories: Top Stories