ഭിന്നശേഷിക്കാരെ സംരംഭകരാക്കിയ കലക്റ്റര്‍ ബ്രോ !

ഭിന്നശേഷിക്കാരെ സംരംഭകരാക്കിയ കലക്റ്റര്‍ ബ്രോ !

തമിഴ്‌നാട്ടിലെ തൂത്തുകുടി ജില്ലാ കലക്ടര്‍ സന്ദീപ് നന്ദൂരി ഇന്ന് ഒരു നാടിന്റെ മുഴുവന്‍ അഭിമാനമാണ്. അധികാരം കയ്യിലുണ്ടാവുകയും അത് ശരിയായ വിധത്തില്‍ വിനിയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ മികച്ച അധികാരിയാകുന്നത്. തമിഴ്‌നാട്ടിലെ തൂത്തുകുടി ജില്ലാ കലക്ടര്‍ സന്ദീപ് നന്ദൂരി വ്യത്യസ്തനാകുന്നതും ഇവിടെയാണ്. ജോലി തേടിയലഞ്ഞ 12 ഓളം ഭിന്നശേഷിക്കാരായ ആളുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്, പരിശീലനം നല്‍കി സംരംഭകത്വത്തിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ് സന്ദീപ് നന്ദൂരി. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ അവര്‍ക്ക് സ്വാശ്രയത്വം നേടിക്കൊടുക്കേണ്ടത് തന്റെ കൂടി ഉത്തരവാദിത്വമായിക്കണ്ട സന്ദീപ്, കഫേ ഏബിള്‍ എന്ന പേരില്‍ ഒരു റെസ്റ്റോറന്റിന് രൂപം നല്‍കിക്കൊണ്ടാണ് ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കിയത്. പൂര്‍ണമായും ഭിന്നശേഷിയുള്ള ആളുകളാല്‍ നടത്തപ്പെടുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ റെസ്റ്റോറന്റാണ് കഫേ ഏബിള്‍. പ്രവര്‍ത്തനം ആരംഭിച്ച് വളരെ ചുരുക്കം സമയത്തിനുള്ളില്‍ തൂത്തുക്കിടിയിലെ ജനങ്ങള്‍ക്കിടയില്‍ ഒരു സ്ഥാനം നേടിയെടുത്ത കഫേ എബിളിലൂടെ മികച്ച ഒരു മാതൃകയാണ് സന്ദീപ് നന്ദൂരി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. ”എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിച്ചെന്ന് വരില്ല, എന്നാല്‍ സംരംഭകത്വത്തിലേക്ക് വഴിനടത്താനായാല്‍ അവര്‍ക്ക് തൊഴിലാളി എന്നതിന് പകരം തൊഴില്‍ ദാതാവായി മാറാന്‍ കഴിയും” സന്ദീപ് നന്ദൂരിയുടെ ഈ വാക്കുകള്‍ വാതില്‍ തുറക്കുന്നത് സംരംഭകത്വത്തിന്റെ വിശാലമായ ലോകത്തേക്കാണ്.

സന്ദീപ് നന്ദൂരി

സ്വന്തം കാലില്‍ നില്‍ക്കുക, സ്വന്തമായി വരുമാനം കണ്ടെത്തുക, ഉള്ളത്‌കൊണ്ട് സന്തോഷമായി കുടുംബത്തോടൊപ്പം കഴിയുക…ഒരു ജോലി തേടിപ്പുറപ്പെടുന്ന ഏതൊരു വ്യക്തിക്കും മനസിലുണ്ടാവുക ഇത്തരം ചില ചിന്തകളായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ ചിന്തിക്കാന്‍ പോലും അവസരമില്ലാത്ത ഒരു വിഭാഗം ആളുകളെ സംരംഭകത്വത്തിന്റെ പുതിയലോകത്തേക്ക് കൈ പിടിച്ചു നടത്തിയതിലൂടെയാണ് തമിഴ്‌നാട്ടിലെ തൂത്തുകുടി ജില്ലാ കലക്ടര്‍ സന്ദീപ് നന്ദൂരി വ്യത്യസ്തനാകുന്നത്. തൂത്തുക്കുടിയില്‍ കലക്റ്ററായി ചാര്‍ജെടുത്ത കാലം മുതല്‍ക്ക് സന്ദീപ് നന്ദൂരിക്ക് ജോലിക്കായുള്ള നിരവധി അപേക്ഷകള്‍ ലഭിക്കുമായിരുന്നു. അതില്‍ പലതും ഭിന്നശേഷിക്കാരായ വ്യക്തികളുടെതായിരുന്നു. ശാരീരികമായ വൈഷമ്യങ്ങള്‍ നിരവധിയുള്ളതിനാല്‍ ഏത് വിധേനയും തങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഒരു ജോലി തരപ്പെടുത്തിത്തരാമെന്നായിരിക്കും അതിന്റെയെല്ലാം ഉള്ളടക്കം. ആവശ്യം സത്യസന്ധമാണെങ്കിലും വന്നു ചോദിക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുക എന്നത് അസാദ്യമായ കാര്യമായിരുന്നു. എന്നാല്‍ അക്കാര്യം പറഞ്ഞുകൊണ്ട് ജോലി തേടി വന്നവരെ നിരാശരായി മടക്കിവിടാന്‍ സന്ദീപ് നന്ദൂരി ഒരുക്കമായിരുന്നില്ല. ഭിന്നശേഷിക്കാരായ ആളുകള്‍ക്കായി തനിക്ക് എന്ത് ചെയ്യാനാകും എന്ന സന്ദീപ് നന്ദൂരിയുടെ അന്വേഷണത്തിന്റെ ഫലമാണ് തൂത്തുക്കുടിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന കഫേ ഏബിള്‍ എന്ന റെസ്റ്റോറന്റ്. ഭിന്നശേഷിക്കാരായവര്‍ നടത്തുന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ റെസ്റ്റോറന്റ് ആണ് കഫേ ഏബിള്‍.

ചക്രകസേരകള്‍ കണ്ട് കണ്‍നിറഞ്ഞതില്‍ നിന്നുമുള്ള ആശയം

അധികാരം കയ്യില്‍ ഉണ്ടായിരിക്കുന്നത്‌കൊണ്ട് മാത്രം ഒരു വ്യക്തി മികച്ച ഭരണകര്‍ത്താവോ അധികാരിയോ ആയി മരുന്നില്ല. കൃത്യമായ അവസരങ്ങളില്‍ മികച്ച തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കി വിജയിക്കുന്നതിലൂടെ മാത്രമേ ഒരു വ്യക്തി മികച്ച ഭരണകര്‍ത്താവാകുന്നുള്ളൂ. ആ നിലക്ക് തൂത്തുക്കുടിയിലെ ജന്നാണ് മനസ്സ് നിറഞ്ഞു അംഗീകരിച്ച ഒരു ഭരണകര്‍ത്താവാണ് സന്ദീപ് നന്ദൂരി ഐഎഎസ്. തൂത്തുക്കുടിയില്‍ കലക്റ്ററായി ചാര്‍ജെടുത്ത നാള്‍ മുതല്‍ക്ക് തൂത്തുക്കുടിയുടെ എല്ലാവിധ വികസന പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത കാലത്തായി ലഭിച്ചുകൊണ്ടിരുന്ന ഭിന്നശേഷിക്കാരായ ആളുകളുടെ ജോലിക്കായുള്ള അപേക്ഷകളില്‍ നിന്നുമാണ് വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് തൂത്തുക്കുടിയെ നയിക്കാന്‍ അദ്ദേഹത്തിനായത്. ഭിന്നശേഷിക്കാരായ ആളുകള്‍ നല്‍കിയ അപേക്ഷകള്‍ പരിശോധിച്ച സന്ദീപ് നന്ദൂരിക്ക് ഒരു കാര്യം വ്യക്തമായി, അവരുടെ കൂട്ടത്തില്‍ വിദ്യാസമ്പന്നരായ നിരവധിയാളുകളുണ്ട്. എന്നാല്‍ ചക്രക്കസേരകളില്‍ ജീവിതം കുടുങ്ങിപ്പോയാല്‍ സ്വന്തമായി അധ്വാനിക്കാനോ വരുമാനം കണ്ടെത്താനോ കഴിയാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ളവരുടെ ആകെ പ്രതീക്ഷ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായവും ജോലിയുമാണ്.

എന്നാല്‍ തനിക്ക് ലഭിച്ച അപേക്ഷകളുടെ എണ്ണം പരിശോധിച്ചപ്പോള്‍ സന്ദീപ് നന്ദൂരിക്ക് ഒരു കാര്യം മനസിലായി, ഇത്രയധികം ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുക എന്നത് അസാധ്യമാണ്.എന്നാല്‍ പറയത്തക്ക വരുമാനമൊന്നും ഇല്ലാത്ത ഇക്കൂട്ടരുടെ ജീവിതത്തിലെ ദുരവസ്ഥ കണ്ടില്ലെന്നു നടിക്കാനും വയ്യ. ഈയവസ്ഥയില്‍ ഭിന്നശേഷിക്കാര്‍ക്കായി എന്ത് ചെയ്യാനാകും എന്ന ചോദ്യം വന്നെത്തിയത് റെസ്റ്റോറന്റ് എന്ന ആശയത്തിലായിരുന്നു. ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഒരു റെസ്റ്റോറന്റിന്റെ നടത്തിപ്പ് ഭിന്നശേഷിക്കാരായ ആളുകളെ ഏല്‍പ്പിക്കുക എന്നതായിരുന്നു സന്ദീപ് നന്ദൂരിയുടെ മനസിലെ ചിന്ത. എന്നാല്‍ ഇത് പ്രവര്‍ത്തികമാക്കണമെങ്കില്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു പദ്ധതിയുടെ വിജയസാധ്യതയെപ്പറ്റി പഠിക്കുകയാണ് ആദ്യം ചെയ്തത്. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ഒറ്റക്ക് നടത്താന്‍ കഴിയുമോ എന്നതായിരുന്നു ആദ്യത്തെ സംശയം. ചില ഭിന്നശേഷിയുള്ള വ്യക്തികളെ നേരിട്ട് കണ്ട് മനസിലാക്കുകയും അവരോടു കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തതോടെ റെസ്റ്റോറന്റ് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതാണെന്ന് കലക്റ്റര്‍ക്ക് തോന്നി.

ഭിന്നശേഷിക്കാരെ കണ്ടെത്തി കൊണ്ട് തുടക്കം

ജോലിക്കായി തന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ഭിന്നശേഷിക്കാരായ ആളുകളുടെ അപേക്ഷകള്‍ പരിശോധിച്ച് 12 ആളുകളെ തെരെഞ്ഞെടുത്തു.ഹെഡ് ഷെഫ്, ജ്യൂസ് മാസ്റ്റര്‍, ടീ മാസ്റ്റര്‍, ബില്ലിങ് ക്ലര്‍ക്ക് എന്നിങ്ങനെ പല തസ്തികകളികയായിരുന്നു നിയമനം. എങ്ങനെ ഒരു റെസ്റ്റോറന്റ് മികച്ച രീതിയില്‍ നടത്തിക്കൊണ്ട പോകാം എന്നത് സംബന്ധിച്ച ഇവര്‍ക്ക് മികച്ച പരിശീലനം നല്‍കുക എന്നതായിരുന്നു അടുത്തപടി. രാജപാളയത്തെ ഓസ്‌കാര്‍ ഹോട്ടല്‍ മാനേജ്‌മെന്റുമായി ചേര്‍ന്ന് ഇവരെ 45 ദിവസത്തെ കുക്കിങ്, കേറ്ററിങ്, ബേക്കിങ് പരിശീലന ക്ലാസിന് ചേര്‍ത്തു. എല്ലാക്കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയത് കലക്റ്റര്‍ തന്നെയായിരുന്നു. സ്ഥിര വരുമ്മണം ലഭിക്കുന്ന ഒരു വഴി തുറക്കുന്നു എന്ന് കേട്ടപ്പോഴേ ഭിന്നശേഷിക്കാരായ വ്യക്തികള്‍ സന്ദീപ് നന്ദൂരിയുടെ പദ്ധതികള്‍ക്ക് കയ്യടിച്ചു. ഉപഭോക്താക്കളോട് പെരുമാറേണ്ട വിധം, സാമ്പത്തികം കൈകാര്യം ചെയ്യല്‍, ഒരു അടിയന്തിര സാഹചര്യം എങ്ങനെ നേരിടണം തുടങ്ങിയ കാര്യങ്ങള്‍ രാജപാളയത്തെ ഓസ്‌കാര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിപ്പിച്ചു. ഇത്തരത്തില്‍ എങ്ങനെ ഒരു റെസ്റ്റോറന്റ് മികച്ച രീതിയില്‍ നടത്താം എന്നതില്‍ പൂര്‍ണ പരിശീലനം നേടിയ ശേഷമാണ് കഫേക്ക് തുടക്കമായത്

ഫണ്ടിംഗുമായി കോര്‍പ്പറേറ്റുകളും

ഭിന്നശേഷിക്കാരാ ആളുകളെ സഹായിക്കുന്നതിനും സാമ്പത്തിക ഭദ്രത നേടിക്കൊടുക്കുന്നതിനുമായി ഇത്തരത്തില്‍ വ്യത്യസ്തമായ ഒരാശയം സന്ദീപ് നന്ദൂരി മുന്നോട്ട് വച്ചപ്പോള്‍ തൂത്തുക്കുടിയിലെ മുന്‍നിര കോര്‍പ്പറേറ്റുകളും കൂടെ നിന്നു. മൂന്നു സ്വകാര്യ കമ്പനികളുടെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടും ജില്ലാ ഭരണകൂടത്തിന്റെ സഹായവും കൊണ്ട് കളക്ട്രേറ്റിന്റെ പരിസരത്ത് തന്നെയായി കഫേ തുടങ്ങുന്നതിന് സ്ഥലം കണ്ടെത്തി. ഭിന്നശേഷിക്കാരായ ആളുകള്‍ നടത്തുന്ന സംരംഭത്തിന് കഫേ ഏബിള്‍ എന്ന പേര് നിര്‍ദേശിച്ചതും കലക്റ്റര്‍ തന്നെയാണ്. കളക്ട്രേറ്റ് പരിസരത്ത് കഫേ ഏബിള്‍ നടത്തുന്നതിനായി പ്രത്യേക വാടകയൊന്നും ഈടാക്കുന്നില്ല. ഹെഡ് ഷെഫ്, ജ്യൂസ് മാസ്റ്റര്‍, ടീ മാസ്റ്റര്‍, ബില്ലിങ് ക്ലര്‍ക്ക് അങ്ങനെ എല്ലാ ജോലികളും ചെയ്യുന്നത് ഭിന്നശേഷിക്കാര്‍ തന്നെ. ഇവരുടെ കൂട്ടത്തില്‍ അപകടത്തില്‍ കാലുകള്‍ നഷ്ടപ്പെട്ടവരും പോളിയോ ബാധിച്ചവരും ജന്മനാ അംഗവൈകല്യമുള്ളവരുമെല്ലാം ഉണ്ട്.

കഫേ എബിളിന്റെ കെട്ടിടം ഉയര്‍ന്നതും ഇരിപ്പിടവും മറ്റും തട്ടാറായതുമെല്ലാം നോക്കി നില്‍ക്കുന്ന സമയത്തിനുള്ളിലാണ്. പാചകത്തില്‍ പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തതിനാല്‍ മികച്ച ആഹാരം വാഗ്ദാനം ചെയ്തുകൊണ്ടാണ് കഫേ ഏബിള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ആധുനിക സൗകര്യങ്ങളുമായി

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കിച്ചന്‍, ബേക്കിങ് സൗകര്യങ്ങളാണ് കഫേ ഏബിളില്‍ കലക്റ്റര്‍ ബ്രോ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് കഫെ ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ പ്രഭാത ഭക്ഷണവും, ഉച്ചയൂണും രാത്രിഭക്ഷണവും, ചായയും ജ്യൂസും എല്ലാം മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്. കലക്ടര്‍ തന്റെ പല യോഗങ്ങളും ഇവിടെ വച്ചു സംഘടിപ്പിച്ചു കഫേ ഏബിളിനു പരമാവധി പിന്തുണ നല്‍കുന്നു.നിലവില്‍ 25 ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും മീറ്റിംഗ് കൂടാനുമുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കളക്ട്രേറ്റില്‍ വരുന്ന ആളുകളില്‍ നിന്നുമാണ് പ്രധാന വരുമാനം. നിലവില്‍ പ്രതിദിനം 10,000 രൂപയ്ക്കടുത്തു കഫേയില്‍ വിറ്റുവരവുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന തുകയുടെ പാതി ശമ്പളത്തിനായിട്ടു ബാങ്കില്‍ നിക്ഷേപിക്കുകയും ബാക്കി തുക ഭക്ഷണമുണ്ടാക്കുന്നതിനുള്ള വസ്തുക്കള്‍ വാങ്ങാന്‍ ഉപയോഗിക്കുകയും ചെയ്യും. 12 പേര്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച ശമ്പളമാണ് മാസാമാസം എടുക്കാന്‍ കഴിയുക. ആദ്യമൊക്കെ ചെറിയ സഹായം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നു വേണ്ടി വന്നെങ്കിലും ഇപ്പോള്‍ തൊഴിലാളികള്‍ തന്നെ ഇതു മികച്ച രീതിയില്‍ നടത്തുന്നു. നൂറോളം പേര്‍ പ്രതിദിനം ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്.കൂടുതല്‍ മികച്ച വരുമാനം ലക്ഷ്യമിട്ട് കൂടുതല്‍ മികച്ച വില്‍പന നടത്താനൊരുങ്ങുകയാണ് ഇവിടുത്തെ തൊഴിലാളികള്‍.

പൂര്‍ണ സന്തോഷം, സംതൃപ്തി

കഫേ എബിളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ജീവിതം തിരിച്ച് കിട്ടിയ സന്തോഷമാണുള്ളത്. ഭിന്നശേഷിക്കാരായ തങ്ങള്‍ക്ക് ഒന്നും കഴിയില്ല എന്ന് കറുത്തിടുന്ന സ്ഥാനത്ത് ഇന്ന് തങ്ങളുടെ വീടിനെ താങ്ങി നിര്‍ത്താനാവശ്യമായ മികച്ച വരുമാനം ഇവര്‍ കണ്ടെത്തുന്നു. സിംഗപ്പൂരില്‍ ഇലക്ട്രീഷ്യനായിരുന്ന ജെസുരാജാ ഇന്ന് ഇവിടുത്തെ കട്ടിംഗ് തൊഴിലാളിയാണ്. 12 വര്‍ഷം മുന്‍പുണ്ടായ ഒരു അപകടം ജെസുരജയെ വീല്‍ചെയറിലാക്കി. തുടര്‍ന്നുള്ള ജീവിതം മറ്റുള്ളവരുടെ സഹായത്തലായിരുന്നു. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമായി അധ്വാനിച്ച് വരുമാനം കണ്ടെത്തുന്നതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. ഇനി തനിയ്ക്ക് മുന്നില്‍ ജീവിതത്തിന്റെ നല്ല നാളുകളുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഇത് കേവലം ഒരാളുടെ മാത്രം കഥയല്ല. കഫേ എബിളിന്റെ ഭാഗമായ 12 അംഗങ്ങളും ഇന്ന് സന്തോഷത്തിലാണ്. ഭിന്നശേഷിക്കാരായ തൊഴിലാളികളുടെ മനോഭാവത്തിലും വലിയ വ്യത്യാസമുണ്ടായിട്ടുണ്ടെന്നു കലക്ടര്‍ തന്നെ പറയുന്നു. പാചക പരിശീലനം നടക്കുമ്പിള്‍ ഭൂരിഭാഗത്തെ ആളുകള്‍ക്കും ഭയമായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ മാറി .കഫേ ഏബിള്‍ എന്ന സംരംഭം വിജയിപ്പിക്കണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഇവിടുത്തെ അംഗങ്ങള്‍ക്കുള്ളത്.

Categories: FK Special, Slider