പത്ത് വര്‍ഷക്കാലത്തെ ബെസ്റ്റ് സെല്ലിംഗ് സെഡാന്‍ മാരുതി സുസുകി ഡിസയര്‍

പത്ത് വര്‍ഷക്കാലത്തെ ബെസ്റ്റ് സെല്ലിംഗ് സെഡാന്‍ മാരുതി സുസുകി ഡിസയര്‍

ഇന്ത്യയില്‍ പത്തൊമ്പത് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് മാരുതി സുസുകി ഡിസയര്‍ ഈയിടെ താണ്ടിയിരുന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ സെഡാന്‍ മാരുതി സുസുകി ഡിസയര്‍. നേരത്തെ സ്വിഫ്റ്റ് ഡിസയര്‍ എന്ന് അറിയപ്പെട്ടിരുന്ന കാറാണ് പത്ത് വര്‍ഷമായി സബ്‌കോംപാക്റ്റ്/കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റ് ഭരിക്കുന്നത്. ഇന്ത്യയില്‍ പത്തൊമ്പത് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് മാരുതി സുസുകി ഡിസയര്‍ ഈയിടെ താണ്ടിയിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന സെഡാനാണ് ഡിസയര്‍. നിലവില്‍ 61 ശതമാനമാണ് സെഗ്‌മെന്റിലെ വിപണി വിഹിതം. ഇന്ത്യയില്‍ ഓരോ രണ്ട് മിനിറ്റിലും ഒരു പുതിയ ഡിസയര്‍ വില്‍ക്കുന്നതായി മാരുതി സുസുകി അവകാശപ്പെടുന്നു.

2008 ലാണ് മാരുതി സുസുകി സ്വിഫ്റ്റ് ഡിസയര്‍ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ സബ്-4 മീറ്റര്‍ സെഡാന്‍ ആയിരുന്നില്ല. 4,160 മില്ലി മീറ്ററായിരുന്നു നീളം. എന്നാല്‍ 2012 ല്‍ രണ്ടാം തലമുറ മോഡല്‍ പുറത്തിറക്കിയപ്പോള്‍ നീളം നാല് മീറ്ററില്‍ താഴെയായി കുറച്ചു. 2015 ല്‍ ആകെ പത്ത് ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ കാറായി ഡിസയര്‍ മാറി.

കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി, കൂടുതല്‍ സുരക്ഷാ സന്നാഹത്തോടെ, അല്‍പ്പം പ്രീമിയം നിലവാരത്തോടെയാണ് പുതു തലമുറ മാരുതി സുസുകി ഡിസയര്‍ വിപണിയിലെത്തിയത്. ബെസ്റ്റ് സെല്ലിംഗ് ഡിസയര്‍ സെഡാനുകളിലൊന്നാണ് നിലവിലെ ഡിസയര്‍. ഒരു മാസം 30,000 യൂണിറ്റ് വരെ വിറ്റുപോയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെറും അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് നിലവിലെ തലമുറ ഡിസയര്‍ വിറ്റുപോയി. ബിഎസ് 6 പാലിക്കുന്ന ആദ്യ സെഡാനാണ് ഡിസയര്‍ പെട്രോള്‍.

Comments

comments

Categories: Auto