വന്യജീവികളുമൊത്തുള്ള സെല്‍ഫി മൃഗങ്ങള്‍ക്കു ദോഷകരമെന്ന് റിപ്പോര്‍ട്ട്

വന്യജീവികളുമൊത്തുള്ള സെല്‍ഫി മൃഗങ്ങള്‍ക്കു ദോഷകരമെന്ന് റിപ്പോര്‍ട്ട്

ക്രൈസ്റ്റ് ചര്‍ച്ച്: കാലാവസ്ഥാ പ്രതിസന്ധിയുടെയും ആവാസവ്യവസ്ഥയുടെയും നാശനഷ്ടങ്ങളെക്കുറിച്ചു ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ന്യൂസിലാന്‍ഡില്‍ നടന്ന അന്താരാഷ്ട്ര പെന്‍ഗ്വിന്‍ കോണ്‍ഫറന്‍സ് മറ്റൊരു ഗൗരവമര്‍ഹിക്കുന്ന വിഷയത്തിലേക്ക് ശ്രദ്ധ പതിയാന്‍ കാരണമായി. വന്യജീവികളോടൊത്തു സെലിബ്രിറ്റികള്‍ സെല്‍ഫിയെടുക്കുന്ന പ്രവണതയാണു യോഗത്തില്‍ ചര്‍ച്ചയായത്. ‘നമ്മള്‍ക്കു വന്യജീവികളോടുള്ള ബഹുമാനം നഷ്ടപ്പെടുന്നു, നമ്മള്‍ക്ക് വന്യതയൊന്നും മനസ്സിലാകുന്നില്ലെന്നു തോന്നുന്നതായി’ ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിലെ വൈല്‍ഡ് ലൈഫ് മാനേജ്‌മെന്റ് പ്രോഗ്രാം ഡയറക്ടര്‍ പ്രഫസര്‍ ഫിലിപ്പ് സെഡന്‍ പറഞ്ഞു.

വന്യജീവികളോടൊത്തുള്ള സെല്‍ഫിയെടുക്കല്‍ സാധാരണയായി തീര്‍ന്നിരിക്കുകയാണ്. ഇത് ഭയപ്പെടുത്തുന്നതാണ്. ഇത് ശാരീരികവും, വൈകാരികവുമായ സമ്മര്‍ദ്ദം വന്യജീവികളില്‍ ഉണ്ടാക്കും. അവയുടെ പ്രജനനം, ഭക്ഷണം കഴിക്കല്‍ എന്നിവയ്ക്കു തടസം സൃഷ്ടിക്കും. ജനന നിരക്ക് കുറയാനും കാരണമാകും. ഇതെല്ലാം വന്യജീവികളെ ദ്രോഹിക്കുന്നതിനു തുല്യമാണ്- പ്രഫസര്‍ സെഡന്‍ പറഞ്ഞു. 2014നും 2017നുമിടയില്‍ ഇന്‍സ്റ്റാഗ്രാമില്‍ വന്യജീവികളുമൊത്തുള്ള സെല്‍ഫി ചിത്രം പോസ്റ്റ് ചെയ്യുന്നതില്‍ 29 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നു വേള്‍ഡ് ആനിമല്‍ പ്രൊട്ടക്ഷനിലെ ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. ഇത്തരം ചിത്രങ്ങളില്‍ 40 ശതമാനവും മൃഗങ്ങളെ ദ്രോഹിക്കുന്നതു പോലുള്ളവയായിരുന്നു. അതായത്, വന്യജീവികളുമായി അനുചിതമായി ഇടപെടുകയോ, അവയെ കെട്ടിപ്പിടിക്കുകയോ, പിടിക്കുകയോ ചെയ്യുന്ന രീതിയിലുള്ള സെല്‍ഫി ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സെല്‍ഫി ചിത്രങ്ങളെടുക്കുന്നത് കുഴപ്പമില്ല. പക്ഷേ, അത് മൃഗങ്ങളും മനുഷ്യരും തമ്മില്‍ യാതൊരു വിധ ബന്ധങ്ങളുമുള്ളവയായിരിക്കരുത്. മൃഗങ്ങളെ തടവിലാക്കി കൊണ്ടും, ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സെല്‍ഫി ഹാനികരമാണ്. സെലിബ്രിറ്റികളാണു വന്യജീവികളുമൊത്തുള്ള സെല്‍ഫി ജനകീയമാക്കുന്നതിനു പിന്നില്‍. സമീപകാലത്ത് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ക്വാക്കാസുമൊത്ത് (പൂച്ചയുടെ അത്ര വലുപ്പം വരുന്ന സസ്യഭുക്കായ ഒരു ഓസ്‌ട്രേലിയന്‍ ജീവി) പോസ് ചെയ്യുന്നൊരു സെല്‍ഫി ചിത്രം നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ കടുവയുമൊത്തും, കിം കാദര്‍ശിയാന്‍ ആനയുമൊത്തും, ടെയ്‌ലര്‍ സ്വിഫ്റ്റ് കംഗാരുവുമൊത്തും സെല്‍ഫി ചിത്രത്തിനായി പോസ് ചെയ്തിരുന്നു.

Comments

comments

Categories: FK News