പിഐഎഫ് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യാനെ സൗദി അരാംകോ ചെയര്‍മാനായി നിയമിച്ചു

പിഐഎഫ് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യാനെ സൗദി അരാംകോ ചെയര്‍മാനായി നിയമിച്ചു
  • ഖാലിദ് അല്‍ ഫാലിക്ക് പകരക്കാരനായാണ് നിയമനം
  • ഐപിഒ തയാറെടുപ്പുകളുടെ ഭാഗമാണ് നിയമനമെന്ന് വിശദീകരണം
  • പിന്‍ഗാമിയെ അഭിനന്ദിച്ച് ഫാലി

റിയാദ് ഊര്‍ജ മന്ത്രാലയത്തിലെ പരിഷ്‌കരണങ്ങള്‍ക്ക് പിന്നാലെ സൗദി അരാംകോ തലപ്പത്തും അഴിച്ചുപണി. സൗദി അറേബ്യയുടെ സൊവറീന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫ് (പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) മേധാവി യാസിര്‍ അല്‍ റുമയ്യാനെ സൗദി അരാംകോ ചെയര്‍മാനായി നിയമിച്ചു. ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിക്ക് പകരക്കാരനായാണ് റുമയ്യാനെ നിയമിച്ചിരിക്കുന്നത്. അരാംകോയെ ഊര്‍ജ മന്ത്രാലയത്തില്‍ നിന്നും വേര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിയമനം.

അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട തയാറെടുപ്പുകളുടെ ഭാഗമാണ് പുതിയ ചെയര്‍മാന്റെ നിയമനമെന്ന് സൗദി ഉദ്യോഗസ്ഥ വൃത്തങ്ങള്‍ സൂചന നല്‍കി. നിലവില്‍ അരാംകോ ബോര്‍ഡംഗമാണ് യാസിര്‍ അല്‍ റുമയ്യാന്‍. പിന്‍ഗാമിക്ക് അല്‍ഫാലി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് കമ്പനിയെ ഒരുക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഈ നിയമനമെന്നും ഫാലി പറഞ്ഞു.

ഏതാണ്ട് 320 ബില്യണ്‍ (1.2 ട്രില്യണ്‍) ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാന്‍ എന്ന നിലയിലുള്ള മികച്ച പ്രകടനമാണ് റുമയ്യാനെ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയുടെ തലപ്പത്തേക്ക് എത്തിച്ചത്. നിര്‍ജീവമായി കിടന്നിരുന്ന പിഐഎഫിനെ ആഗോള ടെക് സ്റ്റാര്‍ട്ടപ്പുകളിലെ ഏറ്റവും വലിയ നിക്ഷേപകര്‍ എന്ന നിലയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് റുമയ്യാന്റെ മികവിനുള്ള തെളിവാണ്. ഇന്ന് ആഗോള തലത്തില്‍ അറിയപ്പെടുന്ന മുന്‍നിര സ്റ്റാര്‍ട്ടപ്പുകളിലെല്ലാം പിഐഎഫിന് ഓഹരി പങ്കാളിത്തമുണ്ട്. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല, ആപ്പ് അധിഷ്ഠിത ടാക്‌സി സേവന കമ്പനിയായ യുബര്‍ ടെക്‌നോളജീസ് എന്നിവ അതിന് ഉദാഹരണങ്ങളാണ്. മാത്രമല്ല സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ 100 ബില്യണ്‍ ഡോളറിന്റെ ടെക്‌നോളജി ഫണ്ടില്‍ 45 ബില്യണ്‍ ഡോളറാണ് പിഐഎഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അരാംകോയുടെ മുന്‍ നേതൃത്വത്തില്‍ സൗദിയിലെ ഉന്നതാധികാരികള്‍ക്കുണ്ടായിരുന്ന അതൃപ്തി കൂടിയാണ് പുതിയ നിയമനത്തിലൂടെ മറനീക്കി പുറത്തുവരുന്നത്. അല്‍ ഫാലിയുടെ നയങ്ങള്‍ സൗദിയുടെ വികസന പദ്ധതികള്‍ക്ക് തിരിച്ചടിയായെന്നാണ് അധികാരികള്‍ വിശ്വസിക്കപ്പെടുന്നത്. അരാംകോയെ പ്രതീക്ഷിച്ച മൂല്യത്തിലേക്ക് എത്തിക്കാന്‍ കഴിയാത്തതും രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ക്ക് അനുകൂലമായി ഇന്ധനവിപണിയുടെ പ്രകടനം എത്താതിരുന്നതും ഫാലിക്ക് തിരിച്ചടിയായി. ആഗോള എണ്ണവിലയെ സൗദി ബജറ്റിന് അനുകൂലമാക്കി മാറ്റാന്‍ അല്‍ ഫാലിക്ക് കഴിഞ്ഞിരുന്നില്ല. എണ്ണവിലയും അരാംകോയുടെ ഐപിഒയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന പൊതുധാരണ നിക്ഷേപകര്‍ക്കിടയില്‍ ഉണ്ട്. അതിനാല്‍ തങ്ങള്‍ ആഗ്രഹിക്കുന്ന മൂല്യത്തിലേക്ക് അരാംകോയെ എത്തിക്കണമെങ്കില്‍ എണ്ണവില കൂടണമെന്ന് അധികാരികള്‍ കരുതുന്നു. ഈ ഉദ്ദേശ്യത്തോടെയാണ് ഊര്‍ജ മന്ത്രാലയത്തിലും അരാംകോയിലും സൗദി അറേബ്യ അഴിച്ചുപണികള്‍ നടത്തുന്നത്.

2016ല്‍ ഖാലിദ് അല്‍ ഫാലി ഊര്‍ജമന്ത്രിയായി അധികാരമേറ്റ ശേഷം സൗദിയുടെ ഊര്‍ജ നയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. അമേരിക്കയില്‍ ഷെയില്‍ എണ്ണ സമൃദ്ധമായി ഉല്‍പ്പാദിപ്പിക്കപ്പെടുകയും എണ്ണവില തകര്‍ന്നടികയും ചെയ്ത സാഹചര്യത്തിലായിരുന്നു ഫാലിയുടെ നയ പരിഷ്‌കാരങ്ങള്‍. എട്ട് വര്‍ഷത്തിനിടെ ആദ്യമായി 2017 ജനുവരി മുതല്‍ എണ്ണയുല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനമെടുത്തത് ഫാലിയുടെ നേതൃത്വത്തിലാണ്. ഒപെക് അംഗമല്ലാത്ത റഷ്യയെ പോലുള്ള മറ്റ് വന്‍കിട എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളെയും എണ്ണയുല്‍പ്പാദനം കുറയ്ക്കുകയെന്ന തീരുമാനത്തിലെത്തിക്കാന്‍ ഫാലിക്ക് കഴിഞ്ഞു.

എന്നാല്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചിട്ടും വിപണി സന്തുലനാവസ്ഥയില്‍ എത്തിയില്ല. എന്നിട്ടും ഉല്‍പ്പാദന നിയന്ത്രണം തുടരാനാണ് ഫാലി വീണ്ടും ഒപെക് രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടത്. ലോകത്തിലെ ആകെ എണ്ണയുല്‍പ്പാദത്തിന്റെ 60 ശതമാനത്തോളമാണ് ഒപെക് കരാറിന്റെ ഭാഗമായി പരിമിതപ്പെടുത്തിയത്. 2020 മാര്‍ച്ച് വരെ എണ്ണ ഉല്‍പ്പാദനത്തിലെ ഈ നിയന്ത്രണം തുടരാനാണ് നിലവിലെ ധാരണ.

വെള്ളിയാഴ്ച ഊര്‍ജ മന്ത്രാലയത്തില്‍ നിന്നും വ്യവസായ, ഖനന വകുപ്പുകള്‍ എടുത്തുമാറ്റുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ദീര്‍ഘകാലമായി താന്‍ ചുമതല വഹിച്ചിരുന്ന പല വകുപ്പുകളുടെയും അധികാരം ഫാലിക്ക് നഷ്ടമായി. വ്യവസായപ്രമുഖനായ ബന്ദര്‍ അല്‍ഹോറെയ്ഫഉ് ആണ് വ്യവസായ, ധാതു ഉറവിട മന്ത്രാലയത്തിന്റെ പുതിയ മേധാവി. അടുത്ത സാമ്പത്തിക വര്‍ഷം മുതലായിരിക്കും ഇദ്ദേഹം മന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കുക.

Comments

comments

Categories: Arabia