കമ്പനി നടത്തിപ്പിലല്ല , പെര്‍ഫോമന്‍സിലാണ് കാര്യം

കമ്പനി നടത്തിപ്പിലല്ല , പെര്‍ഫോമന്‍സിലാണ് കാര്യം

ഒരു സംരംഭകനാകുക എന്ന ലക്ഷ്യത്തോടെ കാമ്പസുകള്‍ വിട്ടിറങ്ങുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. സംരംഭകത്വം എന്ന ആശയം അത്രമേല്‍ ശക്തമായി ജനമനസുകളില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് ഇതര്‍ത്ഥമാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ പാഷനോട് കൂടിയല്ല സംരംഭകത്വത്തിലേക്ക് കടക്കുന്നതെങ്കില്‍ നഷ്ടമായിരിക്കും ഫലം. കാരണം സംരംഭകത്വമെന്നാല്‍ കേവലം ബിസിനസ് നടത്തിപ്പ് മാത്രമല്ല, അതൊരു പാഷനാണ്. മാനേജ്‌മെന്റ് മികവിന്റെ പിന്‍ബലത്തിലാണ് സംരംഭങ്ങള്‍ വിജയിക്കുന്നത്. ആയതിനാല്‍ കമ്പനി മാനേജ്‌മെന്റില്‍ നിങ്ങള്‍ക്കുള്ള മികവ് എത്രത്തോളമാണ് എന്നതിനെ ആസ്പദമാക്കിയായിരിക്കും സ്വാത്പന്നത്തിന്റെ വിജയം. ഒന്നിനെ പത്താക്കുക എന്ന പോലെ ഉള്ള സമ്പത്തിനെ ഇരട്ടിപ്പിക്കാനുള്ള മാനേജ്‌മെന്റ് തന്ത്രം ആദ്യം അറിഞ്ഞിരിക്കണം. ബിസിനസിന് ഉയര്‍ന്ന വാല്വേഷനുണ്ടെങ്കില്‍ അത് കമ്പനി ഉടമകളെ വിവിധ തരത്തില്‍ സഹായിക്കും. അതിനാല്‍ സ്ഥാപനത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതിലായിരിക്കണം ഒരു സംരംഭകന്റെ പ്രാഥമിക ശ്രദ്ധ.

എന്താണ് ഒരു സ്ഥാപനത്തിന്റെ മൂല്യം എന്നത്‌കൊണ്ട് പ്രാഥമികമായും ഉദ്ദേശിക്കുന്നത്? ഒട്ടേറെക്കാലമായി സംരംഭകരംഗത്ത് സജീവമായ വ്യക്തികള്‍ക്ക് പോലും ഏറെ ആശങ്കകള്‍ ജനിപ്പിക്കുന്ന ചോദ്യമാണത്. ഓഹരി വിപണിയില്‍ ഒരു സ്ഥാപനത്തിന് ലഭിക്കുന്ന മൂല്യം മാത്രമല്ല സംരംഭത്തിന്റെ മൂല്യം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെയും സ്ഥാപനത്തിലൂടെ ജോലി ലഭിച്ചിരിക്കുന്ന ആളുകളുടെയും സ്ഥാപനം സമൂഹത്തിനു ചെയ്യുന്ന സേവനത്തിന്റെയും സാമ്പത്തിക ഭദ്രതയുടേയുമെല്ലാം ആകെത്തുകയാണ് ഒരു സ്ഥാപനത്തിന്റെ മൂല്യം എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്ഥാപനത്തില്‍ വരുത്തുന്ന ചില ചെറിയ മാറ്റങ്ങള്‍കൊണ്ട് സ്ഥാപനത്തിന്റെ മൂല്യം പൂര്‍ണമായി ഉയര്‍ത്താന്‍ കഴിയുമെങ്കില്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ മനസുള്ള സംരംഭകര്‍ക്കാണ് ഇപ്പോള്‍ സാധ്യതകളേറെയും. സ്ഥാപനത്തിന്റെ തുടര്‍നടത്തിപ്പിനാവശ്യമായ ഫണ്ട് ലഭിക്കണമെങ്കിലും സ്ഥാപനത്തിന്റെ മൂല്യം വര്‍ധിപ്പിച്ചേ മതിയാകൂ.കാരണം, ഏതൊരു ഫണ്ട് സമാഹരണ പദ്ധതിയിലും ഓഹരി വില്‍ക്കുന്നത് വാല്വേഷനെ അടിസ്ഥാനപ്പെടുത്തിയാണ്. സ്ഥാപനത്തിന്റെ മൂല്യം കുറവാണെങ്കില്‍ അത് തുടര്‍നടത്തിപ്പിനെയും ബാധിക്കും. അതിനാലാണ് പെര്‍ഫോമന്‍സിലും മാനേജ്‌മെന്റിലുമാണ് കമ്പനിയുടെ വിജയമെന്ന് പറയുന്നത്. ബിസിനസിലെ മൂല്യം ഉയര്‍ത്താനും പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കാനും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. സ്റ്റേറ്റ്‌മെന്റുകള്‍ കൃത്യമായി വിശകലനം ചെയ്യുക

സ്ഥാപനത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതില്‍ കൃത്യമായ വരവ് ചെലവ് കണക്കുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. കൃത്യതയോടെ ഓഡിറ്റ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം.
എന്തൊക്കെ കാര്യങ്ങളാണ് നിങ്ങളുടെ വരുമാനത്തിലേക്ക് കൂടുതല്‍ സംഭാവന ചെയ്യുക എന്നുതിരിച്ചറിയുക. വരുമാനത്തിന്റെ എല്ലാ ഘടകങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കണം. ഏതു സെഗ്മെന്റാണ് ലാഭത്തിലേക്ക് കൂടുതല്‍ സംഭാവന ചെയ്യുക എന്ന് മനസിലാക്കി ആ മേഖലയുടെ വികസനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക. ബിസിനസില്‍ ഇമോഷനുകള്‍ക്ക് സ്ഥാനമില്ലെന്ന് മനസിലാക്കുക. അനാവശ്യ ചെലവുകള്‍ പരമാവധി കുറച്ച് കൂടുതല്‍ മാര്‍ജിന്‍ നേടുക. ലാഭം കൂട്ടാനുള്ള പദ്ധതികള്‍ നടപ്പാക്കുക.

2. മൂല്യനിര്‍ണയത്തില്‍ വീഴ്ച്ചവേണ്ട

സ്ഥാപനം ചെറുതോ വലുതോ ഇടത്തരമോ ആകട്ടെ, ഇടയ്ക്കിടെ മൂല്യനിര്‍ണയം നടത്തുന്നതില്‍ വീഴ്ച പാടില്ല. ആസ്‌നെറ്റ് അസറ്റ് മെത്തേഡ്, ഡിസ്‌കൗണ്ടഡ് കാഷ് ഫ്‌ളോ മെത്തേഡ് എന്നിങ്ങനെ അന്തര്‍ദേശീയമായി അംഗീകരിച്ചിട്ടുള്ള വിവിധ രീതികളിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ മൂല്യനിര്‍ണയം നടത്തി കമ്പനിയുടെ പെര്‍ഫോമന്‍സ് വിലായിരിത്താവുന്നതാണ്.ഡിസ്‌കൗണ്ടഡ് കാഷ് ഫ്‌ളോ മെത്തേഡ് ആണെങ്കില്‍ കാഷ് പ്രൊഫിറ്റ്‌സായിരിക്കും പരിഗണിക്കുക. അപ്പോള്‍ കാഷ് ഫ്‌ളോ എങ്ങനെ ഉയര്‍ത്താമെന്ന് തിരിച്ചറിയുക. അനാവശ്യമായി പണം വിനിയോഗിക്കപ്പെടുന്ന വഴികള്‍ തിരിച്ചറിയുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്യുക. മൂല്യനിര്‍ണയം നടത്തുന്നത് സ്ഥാപനത്തിന്റെ വളര്‍ച്ചാപുരോഗതി വിലയിരുത്താനാണ് എന്ന് മനസിലാക്കുക.

3. ആസ്തി വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധിക്കാം

ഏതൊരു സ്ഥാപനത്തിന്റെയും വിജയം ആസ്തിയുടെ വര്ധനവിനെ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ ആസ്തി വര്‍ധിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക.ബാധ്യത കുറക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ ബിസിനസ് വളരും. സമ്പദ്‌വ്യവസ്ഥയുടെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആസ്തി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ബിസിനസില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുക.

4. വാല്വേഷനിലെ വെല്ലുവിളികള്‍ നേരിടണം

അടിക്കടി ബിസിനസ് മൂല്യനിര്‍ണയം നടത്തണമെന്ന് പറയുമെങ്കിലും ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി മൂല്യനിര്‍ണയം സഹായിക്കും. എന്നാല്‍ ബിസിനസ് മൂല്യനിര്‍ണയത്തെപ്പറ്റി കുറിച്ച് നിക്ഷേപകനെ പറഞ്ഞു മനസിലാക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് വാല്വേഷനിലെ പ്രധാന വെല്ലുവിളി. . കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍, ഇന്‍ഡസ്ട്രിയിലെ ചലനങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ മൂല്യനിര്ണയത്തെ ബാധിക്കുന്നു. മൂല്യനിര്‍ണയത്തിനു കൃത്യമായ ഒരു ഇടവേള സൂക്ഷിക്കുന്നത് ഫലം ചെയ്യും.

5. വീഴ്ചകളും നേട്ടങ്ങളും തിരിച്ചറിയുക

സ്വയം തിരിച്ചറിയുക എന്നതാണ് മത്സരാധിഷ്ഠിത ലോകത്ത് വേരുറപ്പിക്കുന്നതിനുള്ള പ്രധാന മാര്‍ഗം.സ്ഥാപനത്തിന്റെ ഉടമ എന്ന നിലക്ക് നാം ചെയ്യുന്ന ബിസിനസിന്റെ നേട്ടങ്ങളും കൊട്ടങ്ങളും നമ്മുടെ വീഴ്ചകളും ശക്തികേന്ദ്രങ്ങളും എന്തൊക്കെയാണെന്ന് തിരിച്ചറിയുക. ഏതൊരു സ്ഥാപനത്തിനും ഒരു യുഎസ്പി ഉണ്ടായിരിക്കും. ഇത് തിരിച്ചറിയുക എന്നതാണ് പ്രധാനം.ബിസിനസില്‍ പുതിയ അവസരങ്ങള്‍ വരുമ്പോള്‍ അത് ശരിയായി വിനിയോഗിക്കാന്‍ ഇത്തരത്തിലുള്ള തിരിച്ചറിവുകള്‍ സഹായിക്കും.

6. പ്രൊജക്ഷനുകള്‍ പാടില്ല

എന്താണോ നമ്മുടെ സ്ഥാപനം, ആ രീതിയില്‍ത്തന്നെ അതിനെ അവതരിപ്പിക്കണം.എന്നുകരുതി ഓഹരി വിപണിയിലേക്ക് കടക്കും മുന്‍പോ നിക്ഷേപകന്‍ കണ്ടെത്തുംമുന്‍പോ മുന്നൊരുക്കങ്ങള്‍ ഒന്നും പാടില്ലെന്നല്ല. കമ്പനിയും നിക്ഷേപകനും തമ്മില്‍ സംസാരിച്ച് ഒരു തീരുമാനത്തിലെത്തിയ ശേഷമായിരിക്കും ഇടപാടുകള്‍ തീര്‍പ്പാക്കുക. അതിനാല്‍ നല്ല രീതിയില്‍ ആത്മാര്‍ത്ഥതയോടെ സ്ഥാപനത്തെ മറ്റൊരാള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറാകുക. അതുപോലെ തന്നെ കമ്പനിയെ സംബന്ധിച്ച എല്ലാ രേഖകളും കൃത്യമായിരിക്കണം. ആ ചുമതല സംരംഭകന്‍ തന്നെ ഏറ്റെടുക്കുകയും വേണം

Categories: Top Stories

Related Articles