ജപ്പാനില്‍ ആണവനിലയങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ജപ്പാനില്‍ ആണവനിലയങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ലോകത്ത് 450-ാളം ആണവ റിയാക്ടറുകളുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഏഷ്യയില്‍ ആണവോര്‍ജ്ജ ഉല്‍പാദനത്തില്‍ തുടര്‍ച്ചയായി ആറാം വര്‍ഷവും വര്‍ധനയും രേഖപ്പെടുത്തിയിരിക്കുന്നു. ആഗോള വൈദ്യുതി ആവശ്യത്തിന്റെ പത്ത് ശതമാനത്തിലധികം നിറവേറ്റുന്നത് ആണവോര്‍ജ്ജത്തിലൂടെയാണെന്ന് വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്‍ പറയുന്നു. പക്ഷേ, 2011-ലെ ഫുകുഷിമ ആണവ ദുരന്തത്തോടെ ജപ്പാനും, ജര്‍മനിയുമൊക്കെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്.

ജപ്പാനില്‍ ധാതുക്കളുടെയും (minerals), ഊര്‍ജ്ജത്തിന്റെയും (energy) കുറവ് അഥവാ ദൗര്‍ലഭ്യം ഇരുപതാം നൂറ്റാണ്ടിലെ അവരുടെ രാഷ്ട്രീയത്തിലും ചരിത്രത്തിലും ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, മേല്‍ സൂചിപ്പിച്ച വസ്തുക്കളുടെ ദൗര്‍ലഭ്യവും കാരണം 90 ശതമാനം ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി ജപ്പാന്‍ വിദേശരാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധമേല്‍പ്പിച്ച മുറിവില്‍നിന്നും ഉയര്‍ത്തെണീറ്റ് വ്യാവസായിക അടിത്തറ വിപുലപ്പെടുത്തിയ ജപ്പാന്‍ പശ്ചിമേഷ്യയില്‍നിന്നും ഇറക്കുമതി ചെയ്ത എണ്ണയെയായിരുന്നു കൂടുതലായും ആശ്രയിച്ചിരുന്നത്. എന്നാല്‍ 1973ല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ വലിയ പ്രതിസന്ധിയുണ്ടായി. ഇതേ തുടര്‍ന്ന് ആണവോര്‍ജ്ജത്തെ ആശ്രയിക്കാന്‍ ജപ്പാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എണ്ണ ഇറക്കുമതിയെ അമിതമായി ആശ്രയിക്കേണ്ടതില്ലെന്നും ജപ്പാന്‍ തീരുമാനിച്ചു. 1966-ലായിരുന്നു ജപ്പാനില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ആണവനിലയം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് 1973-ല്‍ ജപ്പാന്‍ ന്യൂക്ലിയര്‍ എനര്‍ജിക്ക് തന്ത്രപരമായ മുന്‍ഗണന നല്‍കുകയും ചെയ്തു.

ആണവദുരന്തമേറ്റുവാങ്ങിയവര്‍

ആണവദുരന്തങ്ങള്‍ ഏറ്റവുമധികം ഏറ്റുവാങ്ങിയവരാണു ജപ്പാന്‍കാര്‍. ഒരു പക്ഷേ ലോകത്തില്‍ ജപ്പാന്‍കാരെ പോലെ ആണവദുരന്തത്തിന് ഇരയാവര്‍ മറ്റാരുമുണ്ടാവില്ല. രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം ഒരു ലക്ഷത്തിലേറെ വരുന്ന ജപ്പാന്‍കാരുടെ മരണത്തിനിടയാക്കി. 2011 മാര്‍ച്ചിലുണ്ടായ സുനാമിയെ തുടര്‍ന്നു ഫുകുഷിമയിലെ ആണവ റിയാക്ടര്‍ അപകടത്തില്‍ 19,000 പേര്‍ക്കു ജീവഹാനിയുമുണ്ടായി. ആണവോര്‍ജ്ജം ജപ്പാന്റെ വ്യാവസായികവല്‍കരണത്തില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 2011-ല്‍ ഫുകുഷിമ ദുരന്തമുണ്ടാകുന്നതിനു മുമ്പ് വരെ ജപ്പാന് ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനവും ഉല്‍പ്പാദിപ്പിച്ചിരുന്നത് ആണവ റിയാക്ടറില്‍നിന്നായിരുന്നു. 2017-ാടെ ഇത് 40 ശതമാനമാക്കി ഉയര്‍ത്താനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍നിന്നും പിന്മാറാന്‍ ജപ്പാന്‍ തീരുമാനിച്ചിരിക്കുന്നു. ആണവനിലയങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം ജപ്പാന്‍ ഈ കഴിഞ്ഞ ദിവസമെടുത്തിരിക്കുകയാണ്. 2030-ാടെ ജപ്പാന് ആവശ്യമുള്ള വൈദ്യുതിയുടെ 20 ശതമാനം മാത്രമായിരിക്കും ആണവ നിലയങ്ങളില്‍നിന്നും ഉല്‍പ്പാദിപ്പിക്കുക. ഇപ്പോള്‍ 37 റിയാക്ടറുകളാണു ജപ്പാനില്‍ പ്രവര്‍ത്തിക്കുന്നത്.

പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ ആണവനിലയങ്ങള്‍ക്ക് നിര്‍ദേശം

ആണവനിലയമില്ലാത്തൊരു കാലഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ തയാറെടുക്കുകയാണ് ജപ്പാന്‍. തിങ്കളാഴ്ച (സെപ്റ്റംബര്‍ രണ്ടാം തീയതി) ജപ്പാന്റെ ആണവ നയരൂപീകരണ സമിതി ഇതു സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് അംഗീകരിക്കുകയുണ്ടായി. സുരക്ഷ സംബന്ധിച്ച ആശങ്കകളും ചെലവും കുറയ്ക്കുന്നതിനു മുന്‍കൂട്ടി പദ്ധതി തയാറാക്കാന്‍ പ്ലാന്റ് നടത്തിപ്പുകാരോട് ജപ്പാന്‍ ആറ്റോമിക എനര്‍ജി കമ്മിഷന്‍ (ജെഎഇസി) ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളുടെ സമയവും ബില്യന്‍ കണക്കിനു യെന്‍ (ജപ്പാന്റെ നാണയം) ചെലവും വേണ്ടി വരുന്ന ദൗത്യമാണിത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജപ്പാനിലെ 24 ആണവ റിയാക്ടറുകള്‍ അഥവാ ജപ്പാന്റെ മൊത്തം ആണവനിലയങ്ങളുടെ 40 ശതമാനമാണു ഡീ കമ്മീഷന്‍ ചെയ്യാന്‍ പോകുന്നത്. ഇതില്‍ 2011-ലെ ഭൂകമ്പവും സുനാമിയും മൂലം സാരമായ കേടുപാടുകള്‍ സംഭവിച്ച ഫുകുഷിമ ഡെയ്ച്ചി പ്ലാന്റിലെ നാല് റിയാക്ടറുകളും ഉള്‍പ്പെടും. ആണവനിലയങ്ങള്‍ ഡീ കമ്മീഷന്‍ ചെയ്യുന്ന രീതി യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നും പഠിക്കണമെന്നു ജപ്പാന്‍ ആറ്റോമിക എനര്‍ജി കമ്മിഷന്‍, ആണവ നിലയങ്ങളുടെ ഓപ്പറേറ്റര്‍മാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. പ്രത്യേകിച്ചു ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും. ആണവനിലയങ്ങള്‍ ഡീ കമ്മീഷന്‍ ചെയ്യാനുള്ള തീരുമാനമെടുത്തെങ്കിലും ജപ്പാനില്‍ ഇതുവരെ ഏതെങ്കിലും ആണവ റിയാക്ടറുകളുടെ ഡീ കമ്മീഷനിംഗ് പൂര്‍ത്തിയാക്കിയിട്ടില്ല. കൂടാതെ റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ അന്തിമമായി നീക്കം ചെയ്യുന്നതിനെ കുറിച്ചു കൃത്യമായ പദ്ധതികളുമില്ല. ഒരു സാധാരണ ആണവ റിയാക്ടറിന്റെ ഡീ കമ്മീഷനിംഗിന് ഏകദേശം 60 ബില്യന്‍ യെന്‍ ചെലവാകുമെന്നാണു കരുതുന്നത്. പത്ത് വര്‍ഷത്തിലേറെ സമയവുമെടുക്കും. 2011-ലെ ഫുകുഷിമ അപകടത്തിനു മുമ്പ് ജപ്പാനില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള 60 ആണവ റിയാക്ടറുകളുണ്ടായിരുന്നു.ഇവയായിരുന്നു ജപ്പാന് ആവശ്യമുള്ള ഊര്‍ജ്ജത്തിന്റെ കാല്‍ ശതമാനം ലഭ്യമാക്കിയിരുന്നത്. ഫുകുഷിമ അപകടത്തിനു ശേഷം ആകെ ഒന്‍പത് റിയാക്ടറുകള്‍ മാത്രമാണു വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതും. ഈ ഒന്‍പത് റിയാക്ടറുകളാണ് രാജ്യത്ത് ആവശ്യമുള്ള ഊര്‍ജ്ജത്തിന്റെ മൂന്ന് ശതമാനം ലഭ്യമാക്കുന്നത്. 19 ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ആണവോര്‍ജ്ജം വലിയ തോതില്‍ വേണമെന്നു സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആണവനിലയങ്ങളുടെ പരിശോധനയ്ക്കായി ന്യൂക്ലിയര്‍ റെഗുലേറ്റര്‍മാര്‍ അഥവാ ആണവനിലയങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന അധികാരികള്‍ കൂടുതല്‍ സമയം പരിശോധനകള്‍ക്കായി ചെലവഴിക്കുന്നതിനാല്‍ പ്രവര്‍ത്തനം നിറുത്തിവച്ചിരിക്കുന്ന ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വളരെ സാവധാനത്തിലാണ്. ഇതിനു പുറമേ ആണവ വിരുദ്ധ വികാരം പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ഘടകങ്ങള്‍ ആണവ പ്ലാന്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ആണവ മാലിന്യങ്ങളുടെ സംഭരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കെതിരേയും ശക്തമായ പ്രതിരോധമാണ് ഉയര്‍ന്നുവരുന്നത്.

ഡീ കമ്മീഷനിംഗ്

ആണവ നിലയങ്ങളുടെ ഡീ കമ്മീഷനിംഗ് അഥവാ പ്രവര്‍ത്തനം അവസാനിപ്പിക്കല്‍ പ്ലാന്റ് നിര്‍മിക്കുന്നതു പോലെ തന്നെ ആയാസകരമാണ്. ഡീ കമ്മീഷനിംഗ് ചെയ്ത ആണവ നിലയങ്ങളില്‍നിന്നും റേഡിയോ ആക്ടീവ് മാലിന്യം നീക്കം ചെയ്യേണ്ടതുണ്ട്. റേഡിയോ ആക്ടീവ് മാലിന്യം നീക്കം ചെയ്യുക എന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാവാന്‍ സാധ്യതയുള്ള പ്രക്രിയയാണ്. അതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത് ആവശ്യമായ കഴിവുകളും സാങ്കേതികവിദ്യയും ആര്‍ജ്ജിച്ചവരാണ്. ഇതിനായി ആളുകളെ പരിശീലിപ്പിക്കുകയും വേണം. ആണവനിലയം പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികള്‍ മാത്രമല്ല, ഇക്കാര്യത്തില്‍ സര്‍ക്കാരും മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. ഡീ കമ്മീഷനിംഗ് ചെലവേറിയതുമാണെന്നതാണു മറ്റൊരു കാര്യം. ഫുകുഷിമയിലെ നമ്പര്‍.1 പ്ലാന്റിന്റെ ഡീ കമ്മീഷനിംഗിന് പ്രതീക്ഷിക്കുന്ന ചെലവ് എട്ട് ട്രില്യന്‍ ജാപ്പനീസ് യെന്നാണ്. നമ്പര്‍.2 പ്ലാന്റിന്റെ ഡീ കമ്മീഷനിംഗിന് പ്രതീക്ഷിക്കുന്ന ചെലവ് 400 ബില്യന്‍ ജാപ്പനീസ് യെന്നും. 2011-ല്‍ ഫുകുഷിമ അപകടത്തിനു ശേഷം ആണവ റിയാക്ടറുകളുടെ ആയുസ് 40 വര്‍ഷമായി ജപ്പാന്‍ പരിമിതപ്പെടുത്തിയിരുന്നു. ജപ്പാനില്‍ ആണവനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്രധാന കമ്പനികള്‍ ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനി ഹോള്‍ഡിംഗ്‌സ് (ടെപ്‌കോ), ഹിറ്റാച്ചി, തോഷിബ, ചുബു ഇലക്ട്രിക് പവര്‍ എന്നിവയാണ്.

ആണവോര്‍ജ്ജത്തിന് ഗുണങ്ങളേറെ

ആണവ റിയാക്ടറുകള്‍ സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ ആശങ്കയുണര്‍ത്തുന്നുണ്ടെങ്കിലും ആണവ റിയാക്ടറില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ആണവോര്‍ജ്ജം പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നത് കല്‍ക്കരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. ലോക രാജ്യങ്ങളില്‍ ഭൂരിഭാഗവും ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി കല്‍ക്കരിയെയാണ് ആശ്രയിക്കുന്നത്. ആണവോര്‍ജ്ജത്തെയും ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്നതിലൂടെ ഓരോ വര്‍ഷവും രണ്ട് ബില്യന്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നത് ഒഴിവാക്കാനാകുന്നുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ലോകത്തിന്റെ വിവിധയിടങ്ങളിലായി ഇനി പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്നത് 50-ാളം റിയാക്ടറുകളാണ്. ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 2025-ാടെ പ്രതിവര്‍ഷം അന്തരീക്ഷത്തിലേക്ക് ചുരുങ്ങിയത് 450 മില്യന്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാനാകുമെന്നും പറയപ്പെടുന്നു. 2019-ല്‍ അഞ്ച് റിയാക്ടറുകള്‍ പ്രവര്‍ത്തനത്തിന്റെ 50 വര്‍ഷം പിന്നിടുകയാണ്. ഇന്ന് പ്രവര്‍ത്തനത്തിലുള്ള ഭൂരിഭാഗം റിയാക്ടറുകളും 60-80 വര്‍ഷം പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

Comments

comments

Categories: Top Stories